വിശാലവും വ്യത്യസ്തവുമായ ആശയങ്ങളുടെ സംഗമകേന്ദ്രമാണ് സാഹിത്യോത്സവങ്ങള്‍. സംവാദങ്ങളിലൂടെ വേറിട്ട നിലപാടുകള്‍ പ്രകാശിക്കുന്ന തുറസ്സുകള്‍. ജനവരി 30 മുതല്‍ ഫെബ്രുവരി രണ്ട് വരെ തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന എഴുത്തുകാരായ മനു എസ്. പിള്ളയും ആനി സെയ്ദിയും സമകാലിക രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ പരിതോവസ്ഥകളെക്കുറിച്ച് പ്രതികരിക്കുന്നു.

ഇന്ത്യയുടെ സവിശേഷ പരിസരത്തില്‍ നിന്നുകൊണ്ട് ഇക്കഴിഞ്ഞ പതിറ്റാണ്ടിനെ താങ്കള്‍ എങ്ങിനെ കാണുന്നു?

ആനി സെയ്ദി : വിഷമകരവും വിശാലവുമായ ചോദ്യമാണിത്. എന്തുമാത്രം വേഗത്തിലാണ് മാറ്റങ്ങളുണ്ടാവുന്നത്. ഓരോ മാസവും മാറ്റങ്ങളാണ്. ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം പത്തുകൊല്ലം എന്നു പറയുന്നത് ഒരേ സമയം ദീര്‍ഘവും ഹ്രസ്വവുമാണ്. എഴുത്തുകാരി, പത്രപ്രവര്‍ത്തക എന്നീ നിലകളില്‍ പരിമിതമായ കാഴ്ചപ്പാടാണ് എനിക്കുള്ളത്. ചിലപ്പോള്‍ ഒരു വന്‍നഗരത്തിലെ അന്തേവാസി എന്ന നിലയിലുള്ള പ്രതികരണമാവാം അത്. ഒരു പൗരനെന്ന നിലയില്‍ കഴിഞ്ഞ പതിറ്റാണ്ട് അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് എനിക്ക് പറയാന്‍ കഴിയും. സമ്പദ്മേഖലയുടെ തിളക്കം മങ്ങിയിട്ടുണ്ട്. 2004-ലെ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം ഉന്നത വര്‍ഗ്ഗക്കാരുടെ ബൂട്ടുകളിലും കണ്ണാടികളിലും മേശമേലും മാത്രമായിരുന്നു എന്ന് നമുക്കറിയാം. 2011 മുതല്‍ സമൂഹത്തില്‍ ക്രോധവും അങ്കലാപ്പും നിരാശയും വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയമായി, വലതുപക്ഷ, മത യാഥാസ്ഥിതികരായാലും മദ്ധ്യവര്‍ത്തികളായാലും അരാഷ്ട്രീയ വാദികളായാലും നമ്മുടെ തിരഞ്ഞെടുപ്പുകള്‍ പുനര്‍ വിചിന്തനം നടത്തുന്നതിനും വീണ്ടും വിലയിരുത്തുന്നതിനും നമ്മള്‍ നിര്‍ബ്ബന്ധിതരായിട്ടുണ്ട്. നമ്മുടെ ചായ്വുകളും വാദങ്ങളും കൂടുതല്‍ കൂടുതല്‍ ശക്തമാവുകയാണ്.
സാംസ്‌കാരികമായി, പ്രത്യേകിച്ച് ബഹുജന മാദ്ധ്യമങ്ങളുടെ ഭാഗത്തുനിന്ന് നോക്കിയാല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പണത്തിന്റെ വന്‍ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവരും സ്വതന്ത്രമായി ചിന്തിക്കുന്നവരും ഇപ്പോള്‍ വന്‍ സമ്മര്‍ദ്ധമാണ് നേരിടുന്നത്.

മനു എസ്. പിള്ള: ഇതിനു മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വേഗത്തിലാണ് മാറ്റങ്ങളുണ്ടാവുന്നതെന്നതില്‍ സംശയമില്ല. സാങ്കേതികവിദ്യയും ഇന്റര്‍നെറ്റും നോക്കാം : ഉദാഹരണത്തിന് സാമൂഹ്യ മാദ്ധ്യമങ്ങള്‍ - വിനോദത്തിനുള്ള ഇടങ്ങളായി തുടങ്ങിയ ഇവ എത്ര പെട്ടെന്നാണ് രാഷ്ട്രീയത്തിലേക്കും ജനാധിപത്യത്തിലേക്കും പരിണമിച്ച് പടര്‍ന്നത്. ട്വിറ്ററും ഫെയ്സ്ബുക്കും ലാഭം മുഖ്യലക്ഷ്യമായിട്ടുള്ള സ്വകാര്യ കമ്പനികളാണ്. ഇപ്പോള്‍ ഈ മാദ്ധ്യമങ്ങള്‍ തിരഞ്ഞെടുപ്പുകളില്‍ വന്‍സ്വാധീനമാണ് ചെലുത്തുന്നത്. വ്യാജവാര്‍ത്തകളുടെയും തെറ്റിദ്ധാരണകളുടെയും കുത്തൊഴുക്കാണ് ഈ മാദ്ധ്യമങ്ങളില്‍. വിയോജിപ്പും അഭിപ്രായങ്ങളും അതിവേഗത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ആള്‍ക്കൂട്ടങ്ങള്‍ ഇവിടെയുണ്ട്. അധികാരത്തിന്റെ കാര്യത്തില്‍ ഇവര്‍ പ്രാദേശിക അതിര്‍ത്തികള്‍ ഭേദിക്കുന്നവരാണ്. പക്ഷേ, ഇവരെ നിയന്ത്രിക്കുകയോ ഉത്തരവാദികളാക്കുകയോ എളുപ്പമല്ല.
മറ്റൊരു വലിയ മാറ്റം ജനസംഖ്യാ ശാസ്ത്രത്തിലാണ്. ഒരു പതിറ്റാണ്ടു മുമ്പു വരെ നമ്മുടെ പ്രവര്‍ത്തനോന്മുഖരായ  ചെറുപ്പക്കാര്‍ കൊണ്ടുവരുന്ന നേട്ടങ്ങളെക്കുറിച്ചാണ് നമ്മള്‍ സംസാരിച്ചിരുന്നത്. പക്േഷ, ഇന്നിപ്പോള്‍ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ ഉയര്‍ത്തുന്ന ജനസംഖ്യാപരമായ അപകട സാദ്ധ്യത വളരെ വലുതാണ്. ഇവരുടെ ഉത്കണ്ഠകളും ആശങ്കകളും അകറ്റുന്നതിന് മതപരവും സാംസ്‌കാരികവുമായ വ്യതിയാനങ്ങള്‍ തീര്‍ക്കനാണ് അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ശ്രമിക്കുന്നത്.
ശക്തരായ ഭരണാധികാരികളുടെ സാന്നിദ്ധ്യമാണ് മൂന്നാമത്തേത്. ഹെപ്പര്‍ നാഷണലിസത്തിന്റെ  വരാവാണിത്. സാമ്പത്തിക മേഖല മാന്ദ്യത്തിലാവുകയും ആഗോളവത്കരണം അസമത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമ്പോഴുണ്ടാവുന്ന എതിര്‍പ്പുകള്‍ കൃത്യമായി പ്രയോജനപ്പെടുത്തി അധികാരം പിടിച്ചെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഈ പരിസരത്തില്‍ ജനാധിപത്യം തിരഞ്ഞെടുപ്പുകള്‍ മാത്രമാവുന്നു. ഏകാധിപത്യം തടയുന്നതിനുള്ള സംവിധാനങ്ങള്‍ ദുര്‍ബ്ബലമാക്കപ്പെടുന്നു. മൊത്തം ഇരുട്ടാണെന്നോ എല്ലാം കഴിഞ്ഞെന്നോ ഇതിനര്‍ത്ഥമില്ല. ഇന്ത്യയില്‍ ഫെഡറലിസം ശക്തമാവുന്നുണ്ട്. സംസ്ഥാനങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി കേന്ദ്രത്തോട് കാര്യമായ ചെറുത്തുനില്‍പ് നടത്തുന്നുണ്ട്. ഹൈപ്പര്‍നാഷണലിസം(അതിദേശീയത) ഉള്ളപ്പോള്‍ തന്നെ ബഹുസ്വരതയ്ക്കു വേണ്ടിയുള്ള ഇടപെടലുകളും ശക്തമാവുന്നുണ്ട്. ഇന്റര്‍നെറ്റ് ഭരണകൂടത്തിന്റെ ആയുധമാവുമ്പോള്‍തന്നെ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന്റെയും വേദിയാവുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ നോക്കുക. ഇന്‍സ്റ്റഗ്രാം ഇവയില്‍ വഹിക്കുന്ന പങ്ക് വലുതാണ്. ഇമേജ് അടിസ്ഥാനമാക്കിയുള്ള വേദിയാണിത്. ഇമേജുകള്‍ എന്തുമത്രം ശക്തമാണെന്ന് നമുക്കറിയാം. മൊത്തത്തില്‍ ദേശീയ - അന്തര്‍ദേശീയ തലങ്ങളില്‍ ഒരു തരം മഥനം നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ അസ്ഥിരത ഇപ്പോഴുണ്ട്.  പക്ഷേ, തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചം തീര്‍ച്ചയായുമുണ്ട്. ഇന്ത്യയിലെ ചെറുപ്പക്കാരില്‍ എനിക്ക് വിശ്വാസമുണ്ട്.

ഭരണകൂടവും ജാതിശക്തികളും പീഡിപ്പിച്ച തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ അടുത്തിടെ സ്‌ഫോടനാത്മകമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. താന്‍ കടന്നുവന്ന പീഡനപര്‍വ്വത്തിനുശേഷം ഇപ്പോള്‍ എന്തെഴുതുമ്പോഴും സ്വയം ഒരു പ്രീസെന്‍സറിങ് നടത്തേണ്ടിവരുന്നുവെന്നാണ് പെരുമാള്‍ മുരുകന്‍ പറഞ്ഞത്. രാജ്യത്തെ അന്തരിക്ഷത്തില്‍ ഭീതി വല്ലാതെയുണ്ട്. അസഹിഷ്ണുതയും വെറുപ്പും പേടിച്ച് താങ്കള്‍ക്ക് എന്തെങ്കിലും തിരുത്തിയെഴുതേണ്ടി വന്നിട്ടുണ്ടോ?

ആനി: പേടി കാരണം ഞാന്‍ വലുതായിട്ടൊന്നുംതന്നെ തിരുത്തിയിട്ടില്ല. പക്ഷേ, പ്രത്യാഘാതങ്ങള്‍ പേടിച്ച് പലതും എഴുതാതിരിക്കുകയും പ്രസിദ്ധീകരിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. പെരുമാള്‍ മുരുകന്റെ അനുഭവങ്ങള്‍ ഭയപ്പെടുത്തുന്നവയാണ്.  ധബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടതും നമ്മള്‍ ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്. 
സ്വാഭാവികമായും ഇവയെല്ലാം ചേര്‍ന്ന് നമ്മുടെ ഭാവനയ്ക്ക് മേലും നമ്മള്‍ എഴുതാന്‍ തിരഞ്ഞെടുക്കുന്ന ആശയങ്ങളുടെ മേലും ഭീതിദമായ ആഘാതമുണ്ടാക്കുന്നുണ്ട്. ഇന്ത്യന്‍ മിത്തോളജിയെക്കുറിച്ചും രാജത്വത്തെക്കുറിച്ചും എഴുതുന്നതിന് പത്തു കൊല്ലം മുമ്പ് എനിക്ക് ഒരു മടിയുമുണ്ടാവുമായിരുന്നില്ല.പക്ഷേ, ഇന്നിപ്പോള്‍ പല ആശയങ്ങളും ഞാന്‍ സ്വയം മാറ്റിവെയ്ക്കുന്നു. അവ പൂര്‍ത്തിയാക്കാന്‍ പറ്റുമോയെന്ന് നമുക്കറിയില്ല.
മറ്റുള്ളവരുമായി പങ്കുവെയ്ക്കാനാവുന്നില്ലെങ്കില്‍ എഴുത്ത് അപൂര്‍ണ്ണമാണ്. ചില കാര്യങ്ങള്‍ പറയാന്‍ പാടില്ലാത്തതാണെന്ന ധാരണയുള്ളപ്പോള്‍ എഴുത്ത് വിഷമകരമാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഇഷ്ടമില്ലാത്തവരുണ്ടെന്നും നിങ്ങളെ കേള്‍ക്കുന്നതിനേക്കാള്‍ നിങ്ങളെ അവര്‍ കൊല്ലാനാണ് കൂടുതല്‍ സാദ്ധ്യതയുള്ളതെന്നും അറിയുന്നത് എഴുത്തുകാരെ വല്ലാതെ ഉലയ്ക്കുമെന്നതില്‍ സംശയമില്ല.
 
മനു: സെന്‍സറിങ് നടക്കുന്നുണ്ട്. എന്റെ രണ്ടാം പുസ്തകം 'കലാപകാരികളായ സുല്‍ത്താന്മാര്‍' പൂര്‍ത്തിയാക്കിയപ്പോള്‍ ഞാന്‍ അതിന്റെ പ്രതി ചില പണ്ഡിതന്മാര്‍ക്ക് അച്ചുകൊടുത്തു. പുസ്തകാവലിയില്‍ ഞാന്‍ പരാമര്‍ശിച്ച ഒരു  പേരുകണ്ട് ഒരു പണ്ഡിതന്‍ ഈ വിവാദപരമായ പേര് കൊടുക്കണമോ എന്ന് ചോദിച്ചു. അദ്ദേഹം എന്റെ സുരക്ഷയിലുള്ള ആശങ്ക നിമിത്തമാണ് ഇങ്ങനെ ചോദിച്ചത്. ഇപ്പോഴല്ലെങ്കില്‍ ചിലപ്പോള്‍ ഒരു പത്തിരുപത് കൊല്ലം കഴിഞ്ഞ് ഈ പരാമര്‍ശം ഉപയോഗിച്ച് എന്നെ നിശ്ശബ്ദനാക്കാന്‍ ശ്രമമുണ്ടായേക്കുമെന്നാണ് അദ്ദേഹം ആശങ്കാകുലനായത്. നായര്‍ സ്ത്രീകളെ ശശി തരൂര്‍ അപമാനിച്ചെന്ന് പറഞ്ഞുണ്ടാക്കിയ കോലാഹലം ഓര്‍ക്കുക. 30 വര്‍ഷം പഴക്കമുള്ള ഒരു നോവലില്‍ ഒരു സാങ്കല്‍പിക കഥാപാത്രം നടത്തിയ പരാമര്‍ശമാണ് തരൂര്‍ നടത്തിയ അവഹേളനമായി ചിത്രീകരിക്കപ്പെട്ടത്.
പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റിയപ്പോള്‍ ഒന്നോ രണ്ടോ വാക്യങ്ങള്‍ ഞാന്‍ മാറ്റിയെഴുതിയിട്ടുണ്ട്. പ്രസാധകരുടെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും. അവര്‍ക്ക് അവരുടെ ബിസിനസ് നോക്കണം. ഈ  സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ (അവയെല്ലാം തന്നെ കൃത്യമായ വസ്തുതകളുടെ പിന്‍ബലമുള്ളതാണ്.) പറയുക എന്നത് ഒരു തരം നൂലിന്മേല്‍ നടപ്പാണ്. വലിയൊരു വിഭാഗം ആളുകളോട് സംവദിക്കാന്‍ അവസരം കിട്ടുന്നവരാണ് നമ്മള്‍. ഈ അവസരം അതുകൊണ്ടുതന്നെ നന്നായി ഉപയോഗിക്കാന്‍ നമുക്കാവണം.പക്ഷേ, അതത്ര എളുപ്പമല്ല. പെരുമാള്‍ മുരുകന് സംഭവിച്ചതുപോലെ അപ്പുറത്തുള്ളവര്‍ വെറുതെ എതിര്‍ക്കുക മാത്രമല്ല ശാരീരികമായി ആക്രമിക്കാനും തയ്യാറാവും. പക്ഷേ, ഞാന്‍ നിരാശനല്ല. എല്ലാക്കാലത്തും വലിയ മനസ്സിന്റെ ഉടമകള്‍ , വലിയ എഴുത്തുകാര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.  ഇന്നിപ്പോള്‍ അവരെയാണ്, അവരുടെ സൃഷ്ടികളെയാണ് അല്ലാതെ അവരെ ആക്രമിക്കാന്‍ ചെന്ന അക്രമികളെയല്ല നമ്മള്‍ ഓര്‍ക്കുന്നത്.

പൗരസമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ചലച്ചിത്രനടി ദീപിക പദുക്കോണും അവരുടെ ചില സഹപ്രവര്‍ത്തകരും സധൈര്യം നിലകൊണ്ടത് വിമോചിപ്പിക്കുന്ന കാഴ്ചയായിരുന്നു. പക്ഷേ, നമ്മുടെ പല വന്‍നിര താരങ്ങളും കലാകാരന്മാരും ഇതിലൊന്നും ഇടപെടാതെ സ്വന്തം കാര്യം നോക്കിപ്പോവുകയാണ്. എന്താണ് താങ്കള്‍ക്ക് പറയാനുള്ളത് ?

ആനി: എഴുത്തുകാര്‍ മറ്റെവിടെയെങ്കിലും നോക്കി നില്‍ക്കുകയാണോ? എനിക്കറിയാവുന്ന സമകാലികരായ മിക്കവാറും എഴുത്തുകാര്‍ തുറന്നുപറയുന്നവരാണ്. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും മുന്‍നിര്‍ത്തിയുള്ള  സംവാദങ്ങളില്‍ ഇടപെടുന്നവരാണിവര്‍. പ്രമുഖ സിനിമാ താരങ്ങള്‍, സംഗീതജ്ഞര്‍, ഗായകര്‍ എന്നിവരില്‍ മിക്കവരും നിശ്ശബ്ദത പാലിക്കുന്നുണ്ടെന്നത് സങ്കടകരമാണ്. സാമ്പത്തിക നഷ്ടത്തെക്കുറിച്ചുള്ള പേടിയാവാം ഇവരെ പിന്നോട്ട് വലിക്കുന്നത്. ജോലി വരും പോകും എന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോവുന്നു.വിജയം താല്‍ക്കാലികമാണ്. കലാകാരന്മാരെപ്പോലെ ഇത് നന്നായി അറിയാവുന്നവര്‍ വേറെയില്ല. പരമാധികാര ജനാധിപത്യ റിപ്പബ്ളിക് ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യവും സമത്വവുമാണ് അത്രയെളുപ്പത്തില്‍ വരുകയും പോവുകയും ചെയ്യാത്തത്. നമ്മുടെ ഉള്ളിന്റെയുള്ളിലുള്ള ഈ രാജ്യത്തിനുവേണ്ടിയാണ് നമ്മള്‍ പൊരുതേണ്ടത്. ഉള്ളിലെ രാജ്യവും പുറത്തുള്ള രാജ്യവും തമ്മില്‍ ചിലപ്പോള്‍ ഇടകലരുന്നുണ്ടെന്ന തിരിച്ചറിവിലാണിത്. എല്ലാവരുടെയും കാര്യത്തില്‍ ഇതിങ്ങനെയാവണമെന്നില്ല.

മനു: ഇന്നത്തെ സാഹചര്യത്തില്‍ അധികാരികളെ അലോസരപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. കുറച്ചു വര്‍ഷം മുമ്പുവരെ അധികാരത്തിലുള്ളവരെ കളിയാക്കുന്നതും വിമര്‍ശിക്കുന്നതും താരതമ്യേന എളുപ്പമായിരുന്നു. ഇന്നിപ്പോള്‍ ന്യായമായ വിമര്‍ശത്തെപ്പോലും പ്രതികാരബുദ്ധിയോടെയാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ എല്ലാം ഭാവിയില്‍ നേരെയാവും എന്ന പ്രതീക്ഷയില്‍ തലതാഴ്ത്തുകയാണ് ആളുകള്‍ എന്ന് തോന്നിപ്പോവുന്നു. ഈ ആക്രമണങ്ങള്‍ ഒരു കാര്യം വെളിപ്പെടുത്തുന്നുണ്ടെന്നത് നമ്മള്‍ മറക്കരുത്. അധികാരത്തിലിരിക്കുന്നവരുടെ ഭയവും അരക്ഷിതാവസ്ഥയുമാണത്. നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ വിയോജിപ്പിനെ നിങ്ങള്‍ ഭിഷണിയായി കാണില്ല. പക്ഷേ , വലിയ സ്ഥാനത്തിരുന്നിട്ടും തീര്‍ത്തും മോശമായാണ് നിങ്ങള്‍ പെരുമാറുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ആത്മവിശ്വാസമില്ലെന്നാണ്. നിങ്ങള്‍ക്ക് വിയോജിപ്പിലും അതിന്റെ കരുത്തിലും പേടിയുണ്ട്. ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ - രാഷ്ട്രീയ പിന്‍ബലമില്ലാതെ സ്വാഭാവികമായി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ വലിയൊരു സൂചനയാണ്. ഭാവിയില്‍ അവകാശമുള്ളവരാണ് വിദ്യാര്‍ത്ഥികള്‍. അവര്‍ പൊരുതുന്നത് നല്ലൊരു നാളേയ്ക്കു വേണ്ടിയാണ്. നമ്മുടെ ഭാവിയും അതിനെ ബന്ധപ്പെട്ടാണിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ യുവാക്കള്‍ തെരുവിലിറങ്ങുന്നത് എന്തിനു വേണ്ടിയാണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതിരിക്കുന്നത് നമ്മള്‍ നമ്മോടുതന്നെ ചെയ്യുന്ന തെറ്റാണ്.ആത്യന്തികമായി   സിനിമതാരങ്ങള്‍ നിശ്ശബ്ദത പാലിച്ചാലും അത് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നില്ല. ചെറുപ്പക്കാര്‍ക്ക് അവരുടേതായ ശബ്ദമുണ്ട് . അതില്‍ നിന്നും പുതിയ നായകര്‍ ഉയര്‍ന്നുവരും.

ഭാവന എന്ന ഒന്നില്ലെന്നും നമ്മള്‍ സൃഷ്ടിക്കുന്നതെല്ലാം തന്നെ ഈ ജീവിതത്തില്‍ നിന്നും നമ്മള്‍ കണ്ടെടുക്കുന്നതാണെന്നും ഫ്രഞ്ച് എഴുത്തുകാരന്‍ കാമുവാണ് പറഞ്ഞത്. വാതിലുകളില്ലാത്ത നരകം സങ്കല്‍പിക്കാന്‍ നമുക്കാവാത്തത് അതുകൊണ്ടാണെന്നും കാമു പറഞ്ഞുവെച്ചു. ഈ നിരീക്ഷണത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?

ആനി: നമ്മുടെ കൈയ്യിലുള്ളതുകൊണ്ടുതന്നെയാണ് നമ്മള്‍ സൃഷ്ടി നടത്തുന്നത്. പഴയതായാലും ഇപ്പോഴുള്ളതായാലും മിക്കവാറും എല്ലാ സങ്കല്‍പങ്ങളും  യാഥാര്‍ത്ഥ്യത്തില്‍ അടിയുറച്ചതാണ്.  'Handmaid's tale' എന്ന തന്റെ നോവലിനെക്കുറിച്ച് മാര്‍ഗരറ്റ് അറ്റ്വുഡ് എന്ന ഇംഗ്ളീഷ് എഴുത്തുകാരി പറഞ്ഞത് ഇതുവരെ ഈ ലോകത്ത് സ്ത്രീകള്‍ അനുഭവിച്ചിട്ടില്ലാത്ത ഒന്നും തന്നെ തന്റെ നോവലില്‍ ഇല്ലെന്നാണ്.
പക്ഷേ, ചിലപ്പോള്‍ ഭാവനയുടെ ചില കുതിപ്പുകള്‍ ഉയരുന്നത് അനുഭവത്തില്‍ നിന്നല്ല, സാദ്ധ്യതകളില്‍നിന്നാണ്. പൗരാണിക സാഹിത്യത്തില്‍ പറക്കും പരവതാനിയെക്കുറിച്ച് പറയുന്നത് ഇതിനുദാഹരണമാണ്. പറക്കുന്ന പരവതാനികള്‍ അന്നുണ്ടായിരുന്നില്ല. പക്ഷേ, പക്ഷികളും ഇന്നിപ്പോള്‍ വംശനാശം വന്ന മറ്റു ജിീവികളും അന്നുണ്ടായിരുന്നു. ഭാവനയാണ് ഗവേഷണങ്ങളെയും ഭ്രമാത്മകതയുടെ ലോകത്തെയും  പ്രചോദിപ്പിക്കുന്നത്. ഭാവനയില്ലെങ്കില്‍ ഭാവി  എല്ലാ ദിവസവും പോലെ സാധാരണമാവും.

മനു : ഹാ! തീര്‍ച്ചയായും ഞാന്‍ കാമുവിനോട് യോജിക്കുന്നു. ഒരു ചരിത്രവിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഒരു കാര്യം എനിക്ക് പറയാനാവും. ഒന്നും തന്നെ എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ചരിത്രത്തില്‍ നിറയെ ആവര്‍ത്തനങ്ങളുണ്ട്. ചരിത്രത്തിന്റെ നിര്‍മ്മിതിയില്‍ മനുഷ്യര്‍ക്ക് പങ്കുള്ളതുകൊണ്ടാണത്. മനുഷ്യര്‍ പലപ്പോഴും ഒരേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. അടിസ്ഥാനപരമായി ഒരേ ചോദനകളാണ് നമുക്കുള്ളത്. നമ്മള്‍ കാണുന്നത് നമ്മുടെ സവിശേഷ രീതികളിലായിരിക്കും. പക്ഷേ,  ഏറ്റവും ഭാവനാത്മകമായ ഇടം പോലും ഉടലെടുക്കുന്നത് ഈ യഥാര്‍ത്ഥ ലോകത്തുനിന്നുമാണ്.

ഇന്ത്യ എന്ന ആശയത്തിനു നേര്‍ക്ക് ഗുരുതരമായ ഭീഷണികളുയരുന്നുണ്ട്. ഈ നിര്‍ണ്ണായക സമയത്ത് സാഹിത്യ മേളകള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്?

ആനി: സാഹിത്യമേളകള്‍ ചെറിയ സംഭവങ്ങളാണ്. സ്പോണ്‍സര്‍ഷിപ്പുകളെ ആശ്രയിച്ചാണ് ഇവയില്‍ പലതും നിലനില്‍ക്കുന്നത്. ഇവ നല്‍കുന്ന സ്ഥാപനങ്ങള്‍ ഇതൊക്കെ എപ്പോള്‍ വേണമെങ്കിലും പിന്‍വലിച്ചേക്കാം. അവിശ്വസനീയമാം വിധം പുസ്തകപ്രേമികളുള്ള രാജ്യമാണ് ഇന്ത്യ. നമ്മളില്‍ ഭൂരിപക്ഷം പേരും കൂടുതല്‍ നല്ലൊരു ഭാവിക്കുള്ള ഉപകരണമായാണ് പുസ്തകങ്ങളെ കാണുന്നത്. നവീനവും സങ്കീര്‍ണ്ണവുമാര്‍ന്ന ആശയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പക്ഷേ, പലപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. സാഹിത്യമേളകളില്‍ കുറച്ചു ദിവസത്തേക്കാണെങ്കിലും ഇതിനുള്ള അവസരമുണ്ട്.  സാഹിത്യത്തിന്റെ  ലക്ഷ്യം നിറവേറണമെങ്കില്‍ ഓരോ ഗ്രാമത്തിലും സ്വതന്ത്ര വായനശാലകള്‍ക്ക് നമ്മള്‍ രൂപം നല്‍കണം.

മനു: സാഹിത്യവും സംഗീതവും കലയും വിജ്ഞാനത്തിനും രസത്തിനും വേണ്ടി മാത്രമുള്ളതല്ല. ചിന്തയുടെ മാദ്ധ്യമങ്ങള്‍ കൂടിയാണത്. എല്ലാ ക്രൂര ഭരണകൂടങ്ങളും സര്‍ഗ്ഗാത്മക ശേഷിയുള്ളവരെ പീഡിപ്പിച്ചിട്ടുണ്ട്. ഒരു ആശയം അത്രയേറെ കരുത്തുള്ളതാണ്. അതതിന്റെ ആദിമ സൃഷ്ടാവിനെപ്പോലും അത് മറികടന്നുപോയെന്നിരിക്കും. നമുക്കിടയിലുള്ള ചില മഹാരഥന്മാരെ വായനക്കാരുമായി, ശ്രോതാക്കളുമായി നേര്‍ക്കു നേര്‍കൊണ്ടുവരുന്നുവെന്നതാണ് സാഹിത്യമേളകളുടെ ഒരു ഗുണം. തങ്ങളുടെ ആശയങ്ങള്‍ നേര്‍ക്ക് നേര്‍ സംവദിച്ച് വലിയൊരു വിഭാഗം ജനങ്ങളെ പ്രചോദിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയും. തനിമയും ചിന്തയും  പ്രതിരോധത്തിലാവുന്ന ഒരു കാലത്ത് സാഹിത്യമേളകള്‍ പോലെ തുറന്നാഘോഷിക്കാന്‍ കഴിയുന്ന മറ്റേതു വേദിയാണുള്ളത്?

പ്രശസ്ത  മലയാളി എഴുത്തുകാരന്‍ സക്കറിയ അടുത്തിടെ ഇംഗ്ളീഷില്‍ ഒരു നോവലെഴുതുകയുണ്ടായി. പ്രാദേശിക ഭാഷകളിലെ എഴുത്തുകാരുടെ ചിന്താമണ്ഡലങ്ങളില്‍ സംഭവിക്കുന്ന ഗൗരവതരമാര്‍ന്ന പുനര്‍വിചിന്തനത്തിന്റെ സൂചനയാണോ ഇത്? ഇന്ത്യന്‍ സാഹിത്യത്തില്‍ ഘടനാപരമായ മാറ്റത്തിന് കാരണമായേക്കാവുന്ന ശക്തമായൊരു സംഘര്‍ഷം ഇതിന്റെ അടിയിലുണ്ടോ?

ആനി: സക്കറിയ തന്റെ ഇംഗ്ളിഷ് നോവലിനെക്കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടിരുന്നു. ഇത്തരത്തിലുള്ള ഒരു മാറ്റം അദ്ദേഹം ഉദ്ദേശിച്ചതായി ഞാന്‍ കരുതുന്നില്ല. ഈയൊരു  പ്രത്യേക കഥ ഇംഗ്ളിഷില്‍ പറയുന്നതാവും നല്ലതെന്നേ സക്കറിയ കരുതിയിരിക്കുയുള്ളു. ഇംഗ്ളീഷ് മീഡിയം സ്‌കുളുകളില്‍ പഠിച്ചിറങ്ങുന്ന വലിയൊരു തലമുറ ഇന്നുണ്ട്. ഇവരില്‍ മിക്കവരും ഇംഗ്ളീഷിലോ ഹിന്ദിയിലോ മറ്റ് ഇന്ത്യന്‍ ഭാഷകളിലോ ഒന്നും തന്നെ കാര്യമായി വായിക്കാത്തവരാണ്. അവര്‍ അവരുടെ സ്വന്തം ഭാഷയും ശൈലിയും കണ്ടെത്താന്‍ പാടുപെടുന്നുണ്ടാവും , ഇംഗ്ളീഷിലായിരിക്കും പലപ്പോഴും അവരുടെ വായന, കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹിത്യവുമായും ചിലപ്പോള്‍ അവര്‍ മല്‍പ്പിടിത്തം നടത്തുന്നുണ്ടാവാം. എഴുത്തുകാര്‍  തിരഞ്ഞെടുക്കുന്ന ഭാഷയെച്ചൊല്ലി നമ്മള്‍ അസവസ്ഥരാവേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. വെല്ലുവിളി ഒരു വായനാസമൂഹത്തെ കെട്ടിപ്പടുക്കുന്നതിലാണ്, എല്ലാ ഭാഷകളിലും കൂടുതല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിലാണ്.

മനു: ആഗോള അധികാരമുള്ള ഭാഷകളിലൊന്നാണ് ഇംഗ്ളീഷ്. പക്ഷേ, വെല്ലുവിളികളില്ലാത്ത ഒരു ഭാഷയല്ല ഇന്നിപ്പോള്‍ ഇംഗ്ളിഷ്. അതിവിടെയുണ്ടാവില്ല എന്നല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. നമ്മുടെ സ്വന്തം നാട്ടുഭാഷകളിലുള്ള പല നോവലുകളും ഇംഗ്ളീഷിലുള്ള പല വിഖ്യാതനോവലുകളെയും അതിശയിപ്പിക്കുന്നവയാണ്. മൊഴിമാറ്റുന്നവര്‍ ഇന്നിപ്പോള്‍ സാംസ്‌കാരികമായി വലിയ ഔന്നത്യം ആര്‍ജ്ജിച്ചിട്ടുണ്ട്. കെ.ആര്‍. മീരയുടെയും ജെ. ദേവിക (നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച ബുദ്ധിജിവികളിലൊരാള്‍ ) യുടെയും കൂട്ടുകെട്ട് നോക്കുക.  ആത്യന്തികമായി നമുക്കെന്താണ് പറയാനുള്ളതെന്നതാണ് പ്രധാനം. നമുക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഭാഷയാണ് മാദ്ധ്യമം. പറയുന്നതില്‍ കാമ്പുണ്ടെങ്കില്‍ അതേതു ഭാഷയിലായാലും മൊഴിമാറ്റപ്പെടും മനസ്സിലാക്കപ്പെടും  സ്വീകരിക്കപ്പെടും ആഘോഷിക്കപ്പെടും. പ്രസാധനം കൂടുതല്‍ നീതിപൂര്‍വ്വകമാവുകയാണ്.  ഇംഗ്ളീഷ് പുസ്തകങ്ങള്‍ക്ക് മലയാളത്തില്‍  ആവശ്യക്കാരുണ്ടെന്നതുപോലെ മലയാളം പുസ്തകങ്ങള്‍ ആഗ്രഹിക്കുന്നവര്‍  ഇംഗ്ളീഷ് ലോകത്തുമുണ്ട്.

Content Highlights: Manu S Pillai and Annie Zaidi Interview