തിരുവനന്തപുരം: കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ലോക ശ്രദ്ധയിലേക്കെത്തിച്ച മാധ്യമപ്രവര്‍ത്തകനാണ് ഗൗഹര്‍ ഗീലാനി. അദ്ദേഹത്തിന്റെ എഴുത്തുകള്‍ കേന്ദ്രസര്‍ക്കാരിനെ അലേസരപ്പെടുത്തിയതിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ വിസ തടഞ്ഞുവെച്ച സംഭവം. ഇന്ത്യയ്ക്ക് അകത്തും പുറത്തും അത് വലിയ വാര്‍ത്തയായി. ജര്‍മന്‍ മാധ്യമസ്ഥാപനമായ ഡച്ച് വില്ലെയില്‍ എഡിറ്ററായിരുന്നു. നിലവില്‍ ശ്രീനഗര്‍ കേന്ദ്രീകരിച്ച് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്നു. കോളമിസ്റ്റും രാഷ്ട്രീയ നിരീക്ഷകന്‍, എഴുത്തുകാരനുമായ ഗൗഹര്‍ ഗീലാനി മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

അങ്ങ് കശ്മീരില്‍ നിന്നാണ്. കശ്മീരിനെ കുറിച്ച് വളരെ ചെറിയ കാര്യങ്ങളെ പുറത്തുവരുന്നുള്ളൂ. കശ്മീരിലെ നിലവിലെ അവസ്ഥയെന്താണ്?

കശ്മീര്‍ ഇന്നൊരു തുറന്ന ജയിലാണ്. ആയിരക്കണക്കിന് പട്ടാളക്കാര്‍ ഇന്നും തെരുവിലുണ്ട്. ഇന്‍ഫോര്‍മേഷന്‍ ബ്ലാക്ക് ഹോള്‍ ആണ്. മാധ്യമങ്ങളും അവരുടെ ലക്ഷ്യങ്ങളിലുണ്ട്. ഇന്റര്‍നെറ്റ് വിലക്ക് പ്രാദേശിക മാധ്യമങ്ങളെയും ബാധിച്ചു. കശ്മീര്‍ വാര്‍ത്തകള്‍ പുറത്തു വരരുതെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഡല്‍ഹിയില്‍ നിന്നോ നോയിഡയില്‍ നിന്നോ ഉള്ളവര്‍ കശ്മീരിനെ കുറിച്ച് പറഞ്ഞോട്ടെ കശ്മീരികള്‍ പറയേണ്ട എന്നതാണ് മനോഭാവം. ഏതാണ്ട് 1.5 ലക്ഷം ആളുകള്‍ക്കാണ് ഇന്റര്‍നെറ്റ് വിലക്ക്മൂലം തൊഴില്‍ നഷ്ടപ്പെട്ടത്. ഇന്റര്‍നെറ്റിനെ ആശ്രയിച്ച് കഴിയുന്ന ടൂറിസം, ഐടി ബിസ്സിനസ്സുകളെയാണ് ഈ വിലക്കുകള്‍ കൂടുതലും ബാധിച്ചത്. കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് 18,000 കോടിയുടെ സാമ്പത്തിക നഷ്ടമാണ് നാല് മാസം കൊണ്ട് കശ്മീരില്‍ കണക്കാക്കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളെയും മാധ്യമങ്ങളെയും ഒരു പോലെ നിയന്ത്രിക്കുന്ന സ്ഥിതിവിശേഷമാണ്. പ്രാദേശിക മാധ്യമങ്ങളെ നിര്‍ഭാഗ്യവശാല്‍ നേരത്തെ തന്നെ പരസ്യം വെട്ടിക്കുറച്ച് നിശബ്ദമാക്കി. 

ഈ രീതിയില്‍ ഡല്‍ഹിയിലിരിക്കുന്ന ആ രണ്ട് ജെന്‌റില്‍മാന്‍മാര്‍ക്കൊഴികെ ആര്‍ക്കും തന്നെ ക്മീരില്‍ രാഷ്ട്രീയം പ്രവര്‍ത്തിക്കാനാവുന്നില്ല. നിര്‍ഭാഗ്യവശാല്‍ മാസങ്ങളോളം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനായില്ല. വിദ്യാഭ്യാസത്തെയും ആരോഗ്യരംഗത്തേയും വിലക്ക്് സാരമായി ബാധിച്ചു. സേവ് ഹാര്‍ട്ട് കശ്മീര്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പുണ്ട്. നെഞ്ചുവേദന വരികയാണെങ്കില്‍ വാട്‌സാപ്പ് വഴി പറഞ്ഞ് ചികിത്സ നേടി പലരും രക്ഷപ്പെട്ടിട്ടുണ്ട്. ആ സേവനങ്ങളെയൊക്കെ തന്നെ ഇന്റര്‍നെറ്റ് വിലക്ക് ബാധിച്ചു.

സുപ്രീം കോടതി വിഷയത്തിലിടപെട്ട് വിലക്ക് ഭാഗികമായി മാറ്റിയില്ലേ. അതിനുശേഷം എന്തെല്ലാം മാറ്റങ്ങളുണ്ടായി.

177 ദിവസത്തിനു ശേഷമാണ് 2ജി സ്പീഡില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കിയിരിക്കുന്നത്. അതില്‍ 200 സൈറ്റുകള്‍ മാത്രമാണ് വൈറ്റ് ലിസ്റ്റില്‍പ്പെടുത്തിയത്. ഭൂരിഭാഗം സൈറ്റുകളും വിലക്കി. മോദിയുട മന്‍കീബാത്ത് പോലും ലഭ്യമല്ല. കശ്മീരിന്റെ കാര്യത്തില്‍ സുപ്രീം കോടതി സര്‍ക്കാരിന് കുറച്ച് കൂടി അവസരവും സമയവും നല്‍കുകയാണ് ചെയ്തത്.

താടിവെച്ചുള്ള ഒമര്‍ അബ്ദുള്ളയുടെ ചിത്രം അടുത്തിടെ പുറത്തുവന്നിരുന്നല്ലോ. ജനത്തിന്റെ പ്രതികരണം എന്തായിരുന്നു?

ഒമര്‍ അബ്ദുള്ള, ഫാറൂഖ് എന്നിവര്‍ക്കായി കശ്മീരികളുടെ സ്‌നേഹത്തിന്റെ ഒരു പങ്കും അവശേഷിക്കുന്നില്ല. തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ കാരണത്തിന്റെ പങ്കാളികളായാണ് ജനം ഇവരെ കാണുന്നത്.

കശ്മീരി പണ്ഡിറ്റുകളുടെ ദുരിതം പറഞ്ഞാണ് ബിജെപി എല്ലായ്‌പ്പോഴും ഇതിനെ മറികടക്കാനുള്ള ന്യായീകരണം കണ്ടെത്തുന്നത്.

ഇന്‍ഡിപെന്റന്റ് കശ്മീരെന്ന ആശയം കശ്മീരി പണ്ഡിറ്റായ രാം ചന്ദ് കാക്കിന്റേതായിരുന്നു. നതാശ കോള്‍, സുവീര്‍ കോള്‍, മൂന ബാന്‍ തുടങ്ങി കശ്മീരിലെ മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അനേകം കശ്മീരി പണ്ഡിറ്റുകളുണ്ട്. അശോക് പണ്ഡിറ്റ് അനുപം ഖേറിനെപ്പോലെയുമുള്ളവരെയാണ് ചാനലുകളില്‍ നിങ്ങള്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കുവേണ്ടി സംസാരിക്കുന്നവരായി കാണുന്നത്. കശ്മീരിന്റെ കഥ കശ്മീരികളാണ് പറയേണ്ടത്. അല്ലാതെ നോയിഡയിലെ സ്റ്റുഡിയോയിലിരിക്കുന്നവരല്ല.

ഒരു കശ്മീരി മുസ്ലിമോ കശ്മീരി ക്രിസ്ത്യനോ കശ്മീരി സിഖോ കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിനെ എതിര്‍ക്കുന്നില്ല. 200ലധികം കശ്മീരി പണ്ഡിറ്റുകള്‍ കൊല ചെയ്യപ്പെട്ടിട്ടിട്ടുണ്ട്. നിര്‍ഭാഗ്യകരമാണ് അത്. അതേ സമയം ആയിരക്കണക്കിന് കശ്മീരി മുസ്ലിീങ്ങള്‍ കൊല്ലപ്പെടുകയും പെല്ലറ്റ് പ്രയോഗത്തില്‍ കാഴ്ച നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളെ ബിജെപി അവരുടെ രാഷ്ട്രീയകരുവാക്കുകയാണ്. അവരുടെ ക്ഷേമമല്ല ബിജെപി ലക്ഷ്യമിടുന്നത്. ആറു വര്‍ഷമായി ഭരണത്തിലുണ്ടായിട്ടും എന്ത് കൊണ്ട് ബിജെപി കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവന്നില്ല. 

എങ്ങനെയാണ് ജനം ഈ കാലത്തെ അതിജീവിക്കുന്നത്?

മക്കളെ സ്‌കൂളില്‍ വിടാതെയും തൊഴില്‍സ്ഥലത്ത്് പോവാതെയും  കടകള്‍ തുറക്കാതെയും മറ്റും ഒരു വിഭാഗം ജനം കേന്ദ്രനിലപാടിനോട് നിസ്സഹകരിച്ചിരുന്നു. എന്നാല്‍ ഇന്നതെല്ലാം മാറി. ഈ കാലത്തെ അതിജീവിച്ചു കൊണ്ടാണ് അവര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

ഈ അരക്ഷിതാവസ്ഥയ്‌ക്കൊപ്പം കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് കശ്മീര്‍ ജനതയെ ബാധിച്ചത്.

സംസ്ഥാനത്തിന്റെ സമ്പത്തിന്റെ ആറു ശതമാനം മാത്രമേ വിനോദസഞ്ചാരമേഖല സംഭാവനചെയ്യുന്നുള്ളൂ. ഭൂരിഭാഗവും കൃഷി ചെയ്തും കരകൗശല വസ്തുക്കള്‍ ഉണ്ടാക്കിയുമൊക്കെയാണ് ജീവിക്കുന്നത്. ആ വിഭാഗത്തിനെ ഈ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കു പുറമെ തണുപ്പ് കൂടി ബാധിച്ചതോടെ അവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലായി. മഞ്ഞുവീഴ്ച ആപ്പിള്‍ കൃഷിയുള്‍പ്പെടെയുള്ളവയെ സാരമായി ബാധിച്ചു.

സിഎഎക്കെതിരേയുള്ള പ്രക്ഷോഭങ്ങളെ എങ്ങനെ കാണുന്നു?

ജാമിയയിലെയും രാജ്യത്തെ നിരവധി ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഷേധങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരള നിയമസഭയില്‍ സിഎഎക്കെതിരേ പ്രമേയമിറക്കിയത് വലിയ മുന്നേറ്റമാണ്. പ്രതീക്ഷാ നിര്‍ഭരമാണ്.

Content Highlights: Kashmiri Journalist Gowhar Geelani Kahsmir Shutdown Omar Abdullah Kashmiri Pandits BJP