'ത്രകാലം വേണമെങ്കിലും എഴുതാതിരിക്കാം. പക്ഷേ ഒരുദിവസം പോലും വായിക്കാതിരിക്കാനെനിക്കാവില്ല.' അസമീസ് എഴുത്തുകാരിയായ ജാന്‍വി ബറുവ പറയുന്നു. നിരീക്ഷക എഴുത്തുകാരിയാണ് ജാന്‍വി. വ്യക്തിപരമായ കാരണങ്ങളാല്‍ തന്റെ മെഡിക്കല്‍ പ്രൊഫഷനോട് വിടപറഞ്ഞ് പേനയില്‍ പുതിയ ലോകം കണ്ടെത്തിയവള്‍. നോര്‍ത്ത് ഈസ്റ്റിലെ ജനങ്ങളോടുള്ള സ്‌നേഹമാണ് തന്നെകൊണ്ടു പേനയെടുപ്പിച്ചതെന്നാണ് ജാന്‍വി പറയുന്നത്.

തന്റെ എഴുത്തിനെ കുറിച്ചും, പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്താകെ പ്രതിഷേധം അലയടിക്കുമ്പോള്‍ സിഎഎയ്‌ക്കെതിരായി അസമില്‍ അരങ്ങേറുന്ന പ്രതിഷേധങ്ങളെ കുറിച്ചും, പ്രതിഷേധങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള മേല്‍ക്കൈയെ കുറിച്ചും സംസാരിക്കുകയാണ് മാതൃഭൂമി അക്ഷരോത്സവത്തിനെത്തിയ ജാന്‍വി.

പ്രക്ഷോഭങ്ങളില്‍ വിദ്യാര്‍ഥികളാണ് മുന്‍നിരയില്‍

കാലങ്ങളായി അനധികൃത കുടിയേറ്റക്കാരെ ആശങ്കയോടെയാണ് അസം കാണുന്നത്. വര്‍ഷങ്ങളുടെ പഴക്കമുണ്ട് അനധികൃത കുടിയേറ്റത്തിനെതിരെയുള്ള അസം ജനതയുടെ പോരാട്ടത്തിന്. തുടക്കം മുതല്‍ തന്നെ  അസമില്‍ പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ വിദ്യാര്‍ഥികളുണ്ട്. കാലാകാലങ്ങളായി അവരത് തുടര്‍ന്നുപോരുന്നു. സിഎഎ വന്നപ്പോഴും അവര്‍ തന്നെ ആദ്യം അണിനിരന്നു. ഭാവിയിലും എന്ത് പ്രതിഷേധമുണ്ടായാലും അസമിലെ വിദ്യാര്‍ഥികള്‍ അതില്‍ വലിയ തന്നെ പങ്കുവഹിക്കും.

കഥകളുടെ ആശയങ്ങള്‍

കലാപം അസമിനെ കലുഷിതമാക്കിക്കൊണ്ടിരിക്കുകയാണ്. എന്റെ കഥകളില്‍ പക്ഷേ ഞാനതിനല്ല പ്രധാന്യം കൊടുക്കാറുള്ളത്. എനിക്ക് താല്‍പ്പര്യമുള്ളത് ജനങ്ങളോടാണ്. ഞാന്‍ അവരെ നിരീക്ഷിക്കുന്നു. ഞാനെഴുതിയിരുന്നപ്പോള്‍ എന്റെ ജന്മനാട് പ്രക്ഷുബ്ധമായിരുന്നു. കലാപങ്ങള്‍ എന്റെ ദൈന്യംദിന ജീവിതത്തിലേക്ക് എങ്ങനെ കടന്നുവന്നുവോ അപ്രകാരം തന്നെ എന്റെ കഥകളിലേക്കും അത് പ്രവേശിച്ചു.

അസമിലെ സാഹിത്യരംഗം

വളരെയധികം ഊര്‍ജസ്വലമാണ് ഇവിടെ സാഹിത്യലോകം. ക്രിസ്ത്യന്‍ മിഷണറികളുടെ  പ്രഭാവമുള്ളതിനാല്‍ നോര്‍ത്ത് ഈസ്റ്റില്‍ ഇംഗ്ലീഷില്‍ വിദ്യാഭ്യാസം നേടുക എന്നുപറയുന്നത് ഒരു പാരമ്പര്യം പോലെ എല്ലാവരും ചെയ്തുവരുന്നുണ്ട്. നിരവധി ആളുകള്‍ ഇംഗ്ലീഷില്‍ എഴുതുകയും മണിപ്പൂരില്‍ നിന്നോ മേഘാലയയില്‍ നിന്നോ ഉള്ള ആളുകള്‍ പരസ്പരം ഇംഗ്ലീഷില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് എന്നു പറയുന്നത് ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഭാഷയാണ്. അതുകൊണ്ടുതന്നെ നോര്‍ത്ത് ഈസ്റ്റില്‍ എല്ലാ എഴുത്തുകാര്‍ക്കും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒരിടമുണ്ട്. പ്രാദേശിക എഴുത്തുകാര്‍ക്ക് ഇംഗ്ലീഷില്‍ എഴുതുന്ന എഴുത്തുകാരുടെ ഭീഷണിയുമില്ല. കാരണം അവര്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരാണ്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ വിവിധ തരത്തിലുള്ള ഇംഗ്ലീഷ് സാഹിത്യത്തെ സമ്പന്നമാക്കുന്നു

പുസ്തകങ്ങളെ കുറിച്ച്

ആദ്യ പുസ്തകം ചെറുകഥാ സമാഹാരമായ നെക്സ്റ്റ് ഡോര്‍ ആണ്. രണ്ടാമത്തെ പുസ്തകം റിബര്‍ത്ത് (പുനര്‍ജന്മം).! അതൊരിക്കലും എന്റെ മെഡിക്കല്‍ പ്രൊഫഷണല്‍ ജീവിതത്തെ കുറിച്ചല്ല. അടുത്ത പുസ്തകം അണ്ടര്‍ടൗണ്‍ ഉടന്‍ പുറത്തിറങ്ങും. ചെറുകഥകളെഴുതിയാണ് ഞാന്‍ തുടങ്ങിയത്. അവിടെ നിന്ന് നോവലിലേക്കെത്തി.

അസമും കേരളവും ഒരുപോലെ

കേരളത്തോട് വളരെയധികം ഇഷ്ടമാണ്. രണ്ട് വര്‍ഷം കൊച്ചിയില്‍ താമസിച്ചിട്ടുണ്ട്. ഭൂപ്രദേശം, പാചകരീതി, വസ്ത്രധാരണം, മറ്റ് കാര്യങ്ങള്‍ എന്നിവയില്‍ കേരളവുമായി അസ്സമിന് നല്ല സാമ്യമുണ്ട്. സമാനമായ ദിനചര്യകള്‍ പോലുമുണ്ട്. ചായ പോലെ, അതായത് അസം ടീ എന്നത് ഞങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്, അതില്ലാതെ ആര്‍ക്കും ജീവിക്കാന്‍ കഴിയില്ല.

Content Highlights: Jahnavi Barua Malayalam Interview MBIFL 2020