തിരുവനന്തപുരം :  പ്രതിപക്ഷം ഭാവനാത്മകമായി ചിന്തിക്കണമെന്ന് പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണ അഭിപ്രായപ്പെട്ടു. ബിജെപിയോട് നമുക്ക്  വിയോജിപ്പുണ്ട്. പക്ഷേ, അവര്‍ അവരുടെ വാദമുഖങ്ങള്‍ വിജയകരമായി അവതരിപ്പിക്കുന്നുണ്ട്. ഇതിനെ നേരിടുന്നതിന് പ്രതിപക്ഷത്തിനാവുന്നില്ല എന്നത് തീര്‍ച്ചയായും ആശങ്കയുളവാക്കുന്നുണ്ട്. ടി എം കൃഷ്ണയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് :

താങ്കളുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനം ചെന്നൈയില്‍ കലാക്ഷേത്രയില്‍ ഫെബ്രുവരി രണ്ടിന് നടക്കേണ്ടതായിരുന്നു. പക്ഷേ, പുസ്തകത്തിന്റെ ഉള്ളടക്കം പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി കലാക്ഷേത്ര അധികൃതര്‍ പ്രകാശനം അവിടെ നടത്താനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. എന്താണ് താങ്കളുടെ പ്രതികരണം.

എന്റെ പുതിയ പുസ്തകം ' സെബാസ്റ്റ്യനും മക്കളും ' മൃദംഗ നിര്‍മ്മാതാക്കളുടെ ജീവിതമാണ് അടയാളപ്പെടുത്തുന്നത്. അതിനോട് പലര്‍ക്കും താല്‍പര്യമുണ്ടാവില്ല. പക്ഷേ, അതിനെ മാറ്റിനിര്‍ത്തുകയല്ല അതിനോട് സംവദിക്കാനാണ് ശ്രമമുണ്ടാവേണ്ടത്. ഈ അവസരം നഷ്ടപ്പെടുത്തുകയാണ് കലാക്ഷേത്ര ചെയ്തിരിക്കുന്നത്. സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്നവരോട് സംസാരിക്കുന്നതിനുള്ള അവസരമാണത്. നമ്മള്‍ ഇന്നനുഭവിക്കുന്ന പല ആനുകൂല്യങ്ങളും ഈ മനുഷ്യരാണ് നമുക്ക് തന്നിരിക്കുന്നത്. അവരെ അറിയേണ്ട എന്ന് കലാക്ഷേത്ര പറയുമ്പോള്‍ അത് നിരാകരണവും നിഷേധവുമാണ്. എന്നെ സംബന്ധിച്ചിടത്തോളം പുസ്തക പ്രകാശനത്തിന്റെ വേദി മാത്രമാണ് മാറുന്നത്. അന്നേ ദിവസം തന്നെ ചെന്നൈയില്‍ ഏഷ്യന്‍ കോളേജ് ഒഫ് ജേര്‍ണലിസം കാമ്പസില്‍ പുസ്തക പ്രകാശനം നടക്കും.

ഭയമാണോ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്?

ഭീതി തീര്‍ച്ചയായുമുണ്ട്. വ്യക്തികള്‍ പേടിയുടെ പിടിയിലാണ്. സ്ഥാപനങ്ങള്‍ ഭീതിയിലകപ്പെട്ടിരിക്കുന്നു. വെറുതെ എന്തിനാണ് പ്രശ്നമുണ്ടാക്കുന്നതെന്ന ചിന്തയാണ് നമ്മളില്‍ പലരെയും നയിക്കുന്നത്.  ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യില്ല എന്നതാണ് ഈ അവസ്ഥയുടെ ഫലം.

നിലവിലുള്ള സാഹചര്യം അടിയന്തരാവസ്ഥയുമായി തുലനം ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, അടിയന്തരാവസ്ഥ അധികാരം നിലനിര്‍ത്തുന്നതിനുള്ള  ഇന്ദിരാഗാന്ധിയുടെ വ്യക്തിപരമായ അജണ്ടയായിരുന്നു.  ഇന്നിപ്പോള്‍ മോദി സര്‍ക്കാരിന് പ്രത്യയശാസ്ത്രപരമായൊരു കൃത്യമായ അജണ്ടയുണ്ട്. വലിയൊരു ജനവിഭാഗത്തിന്റെ പിന്തുണയുണ്ട്. ഈ വൈരുദ്ധ്യം താങ്കള്‍ എങ്ങിനെയാണ് കാണുന്നത്?

ഇതൊരു പ്രതിസന്ധിയാണ്. ഇതിനെ നേരിടുന്നതിന് ഫെഡറലിസത്തിന്റെ  അന്ത:സത്ത നമ്മള്‍ തിരിച്ചുപിടിക്കേണ്ടതുണ്ട്. ബിജെപിയുടെ സംവിധാനം അതിശക്തമാണ്. അതിനെ ചെറുക്കുക എളുപ്പമല്ല. പ്രാദേശിക പാര്‍ട്ടികളുടെ കൃട്ടായ്മയ്ക്ക് മാത്രമേ ഈ ഘട്ടത്തില്‍ ഈ പ്രതിരോധത്തിന് ശക്തി പകരാനാവുകയുള്ളു. കോണ്‍ഗ്രസ് ഇക്കാര്യം തിരിച്ചറിയണം. '' There is no big daddy anymore.''

തെരുവില്‍ പ്രക്ഷോഭങ്ങളുണ്ട്. വിദ്യാര്‍ത്ഥികള്‍ , സ്ത്രീകള്‍ , സമരമുഖത്ത് വന്‍ ജനപങ്കാളിത്തമുണ്ട്. പക്ഷേ, നേതാവില്ല. ജയപ്രകാശ് നാരായണനെപ്പോലൊരു നേതാവിന്റെ വ്യക്തമായ അഭാവമുണ്ട്. പ്രതിപക്ഷം എവിടെ എന്ന ചോദ്യം തീര്‍ച്ചയായും ഉയരുന്നുണ്ട്?

പ്രതിപക്ഷത്തിന്റെ പ്രശ്നം അവര്‍ക്ക് ഭാവനയില്ലെന്നതാണ്. പ്രതിപക്ഷം ഭാവന തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. ബിജെപിക്ക് ബദലായി എന്താണ് പ്രതിപക്ഷത്തിന് നല്‍കാനുള്ളത് എന്നത് വലിയൊരു ചോദ്യമാണ്. പുരോഗമനവാദികള്‍ക്ക് , പ്രതിപക്ഷത്തിന് തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ട് തുടങ്ങാം എന്നാണ് ഞാന്‍ കരുതുന്നത്. മാപ്പ് പറയുന്നതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. ക്ഷമിക്കണം എന്നു പറയുന്നതിന് ഇന്ത്യന്‍ സമൂഹം വലിയ വിലയാണ് കല്‍പിക്കുന്നത്. പ്രത്യാശ പകരാനാവണം. ജയപ്രകാശ് നാരായണന്‌ അതു സാധിച്ചു. അതാണ് അടിയന്തരാവസ്ഥയെ തോല്‍പിച്ചത്.

ഈ ജനാധിപത്യ വിരുദ്ധതയ്ക്കെതിരെ താങ്കള്‍ താങ്കളുടേതായ നിലയില്‍ പോരാടുന്നുണ്ട്.  എങ്ങിനെയുണ്ട് ഈ ചെറുത്തുനില്‍പ്?

ഞാന്‍ പല നിലയ്ക്കും പല ആനുകൂല്യങ്ങളും മറ്റുള്ളവരേക്കാള്‍ കൂടുതലായി അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പരാതികള്‍ പറയാന്‍ ഞാന്‍ യോഗ്യനല്ല. നമ്മളേക്കാള്‍ പല നിലകളിലും പ്രശ്നങ്ങള്‍ നേരിടുന്നവര്‍ പൊരുതുന്നുണ്ട്. അവരാണ് യഥാര്‍ത്ഥ നായകര്‍. അവരോടാണ് വാസ്തവത്തില്‍ ഈ ചോദ്യം ചോദിക്കേണ്ടത്.

പ്രിവിലേജ് ഒരു പ്രശ്നമാണ്. താങ്കള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ഈ പോരാട്ടത്തെ ദുര്‍ബ്ബലമാക്കുന്നുണ്ടോ?

ആനുകൂല്യങ്ങള്‍ യാഥാര്‍ത്ഥ്യമാണ്. എനിക്ക് പണമില്ലാതായാലും ഈ പല ആനുകൂല്യങ്ങളും അപ്പോഴുമുണ്ടാവും. ബ്രാഹ്മണനെന്ന ആനുകൂല്യം, ഇംഗ്ളീഷ് സംസാരിക്കാന്‍ അറിയാമെന്ന ആനുകൂല്യം, കോളേജില്‍ പോയിട്ടുണ്ടെന്ന ആനുകൂല്യം. ഈ ആനുകൂല്യങ്ങള്‍ അവിടെത്തന്നെയുണ്ടാവും. അതംഗീകരിച്ചുകൊണ്ടുതന്നെയാണ് ഞാന്‍ ജീവിക്കുന്നത്. ആത്യന്തികമായി നമ്മള്‍ നമ്മോടു തന്നെ സത്യസന്ധരാവുക എന്നതാണ് പ്രധാനം . മറ്റുള്ളവരെ വഞ്ചിക്കാതിരിക്കുക എന്നതാണ്  മുഖ്യം.

Content HIghlights : Interview With T M Krishna, Mathrubhumi international festival of letters, MBIFL2020