"നിങ്ങള്‍ മലയാളികള്‍ എത്ര ഭാഗ്യവാന്മാര്‍. നിങ്ങള്‍ക്ക് വേണ്ടുവോളം ബീഫ് കഴിക്കാം, മദ്യപിക്കാം വേണ്ടി വന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യാം. ഇതൊക്കെ നോക്കുമ്പോള്‍ ഞങ്ങള്‍ അഹമ്മദാബാദുകാര്‍ വേറെ രാജ്യത്താണെന്നു തോന്നും". പറഞ്ഞു തുടങ്ങുകയാണ് രാജ്യത്തെ വനിതാ സ്റ്റാന്‍ഡ് അപ് കൊമേഡിയന്മാരില്‍ ഏറെ ആരാധകരുള്ള, ജന്മം കൊണ്ട് ദക്ഷിണേന്ത്യക്കാരിയും ഇപ്പോള്‍ കര്‍മം കൊണ്ട് ഗുജറാത്തിയുമായ പ്രീതി ദാസ്. പ്രീതിയുടെ അഭിപ്രായത്തെ ശരിവയ്ക്കുകയാണ് സഹപ്രവര്‍ത്തകരായ വസീം ഹബീബും ഷെഫാലിയും.

മൂന്നാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സ്റ്റാന്‍ഡ് അപ് കോമഡിയുമായി എത്തിയതാണ് പ്രീതിയും സംഘവും. പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ന്യൂനപക്ഷക്കാരെയും സ്റ്റാന്‍ഡ് അപ് കോമഡിയുടെ ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അഹമ്മദാബാദില്‍ പ്രീതിയും സംഘവും തുടക്കമിട്ട മഹിളാമഞ്ച് എന്ന പ്രസ്ഥാനത്തെക്കുറിച്ച് മൂവരും സംസാരിക്കാനിരുന്നതും ഏറെ പ്രതീക്ഷകളോടെ.

ഇന്നും പുരുഷാധിപത്യം തുടരുന്ന മേഖലയാണ് സ്റ്റാന്‍ഡ് അപ് കോമഡിയുടേത് എന്ന് പറയുന്ന പ്രീതി ആ വേര്‍തിരിവ്, ചെല്ലുന്ന വേദികളിലും അനുഭവപ്പെടാറുണ്ടെന്നും വ്യക്തമാക്കുന്നു. അഭിപ്രായങ്ങള്‍ തുറന്നു പറയാനും നിലപാടുകള്‍ എടുക്കാനും അഹമ്മദാബാദ് പോലുളള സ്ഥലത്ത് തങ്ങള്‍ക്ക് സാധ്യമല്ലെന്ന് പറയുന്ന പ്രീതി സര്‍ക്കാരിനെ കുത്തുന്ന തങ്ങളുടെ ഹാസ്യങ്ങള്‍ക്ക് അവിടെ വിലക്കാണെന്നും വെളിപ്പെടുത്തുന്നു. 

"പുരുഷാധിപത്യം ഏറെയുള്ള മേഖലയാണിത് അതിന്‍റെ വെല്ലുവിളികളും ഉണ്ട്. അതിന് പല കാരണങ്ങളുണ്ട്,. ഇന്നത്തെ കാലത്തും സ്ത്രീകള്‍ വെറും മന്ദബുദ്ധികളാണെന്നും അവര്‍ക്ക് അഭിപ്രായം പറയാനുള്ള അറിവോ അവകാശമോ ഇല്ലെന്നുമുള്ള  തോന്നലുകള്‍ വച്ചുപുലര്‍ത്തുന്നവരുണ്ട്. സാധാരണ എല്ലായിടങ്ങളിലും കാണുന്ന ഇത്തരം വേര്‍തിരിവ് ഇവിടെയുമുണ്ട്. മൈക്ക് എന്ന് വച്ചാല്‍ അധികാരമാണ്. സ്റ്റാന്‍ഡ് അപ് എന്ന് വച്ചാല്‍ തലച്ചോറുള്ള ഹാസ്യവും. എന്നാല്‍ ബുദ്ധിയും അധികാരവും ഇന്നും സ്ത്രീകളുമായി ബന്ധപ്പെടുത്താത്ത കാര്യം തന്നെയാണ്. പലയിടത്തും പരിപാടി അവതരിപ്പിക്കുമ്പോള്‍ നീയൊരു സ്ത്രീയല്ലേ എന്നിട്ടാണോ ഇങ്ങനെയെല്ലാം പറയുന്നതെന്ന ചോദ്യം ഞാന്‍ നേരിട്ടിട്ടുണ്ട്. അതെത്ര വലിയ അപമാനമാണ്. നമ്മളെ കലാകാരന്മാരായാണ് വിലയിരുത്തേണ്ടത് അല്ലാതെ സ്ത്രീയോ പുരുഷനോ എന്ന നിലയിലല്ല".പ്രീതി വ്യക്തമാക്കുന്നു

ഗുജറാത്തിലെ മുർദാബാദ് സ്വദേശിയാണ് വസീം ഹബീബ്. തൻെറ ബിസിനസ് പാർണറായ ഷിഫാലി വഴിയാണ് വസീം മഹിളാ മഞ്ചിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി മഹിളാമഞ്ചിനൊപ്പം പ്രവര്‍ത്തിക്കുന്ന വസീമിന് പറയാനുള്ളത് താനുള്‍പ്പെടുന്ന ന്യൂനപക്ഷവിഭാഗത്തിന്റെ ശബ്ദമാകണമെന്നാണ് .

"എല്ലാവരെയും പോലെ ഞങ്ങളും മനുഷ്യരാണ്. ചിന്തകളും, ജീവിതവും, സ്വപ്‌നങ്ങളുമുള്ള മനുഷ്യര്‍. ടി.വിയും മറ്റ് മാധ്യമങ്ങളും പറയുന്നത് മാത്രമേ ആളുകള്‍ കണ്ടിട്ടും കേട്ടിട്ടുമുള്ളൂ. ഒരു മുസ്ലീം പോലും എന്റെ ജീവിതം ഇങ്ങനെയാണ് എന്ന് പറയുന്നില്ല, ഇനി ഉണ്ടെങ്കില്‍ തന്നെ അവര്‍ രാഷ്ട്രീയമായി മാത്രം സംസാരിക്കുന്നവരായിരിക്കും. അങ്ങനെയല്ലാത്ത ഒത്തിരിപ്പേരുണ്ട്‌ എന്റെ ചുറ്റിനും. ഹൃദയം തുറന്നു സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍, രാഷ്ട്രീയത്തിന്റെ കാപട്യങ്ങളില്ലാത്ത മുസ്ലീങ്ങള്‍ അങ്ങനെയുള്ളവരുടെ ശബ്ദമാകണമെന്നാണ് എന്റെ ആഗ്രഹം.

 ഞങ്ങള്‍ പൈസയോ പ്രശസ്തിയോ ആഗ്രഹിച്ചല്ല ഇതിലേക്ക് വന്നത്, കുറച്ചുപേരിലെങ്കിലും നല്ല ആശയങ്ങള്‍ വളര്‍ത്തുക എന്നത് മാത്രമാണ് ഉദ്ദേശം. അതിപ്പോള്‍ നാല് പേരാണെങ്കിലും, അതൊരു വലിയ കാര്യമാണ്. നിരവധി തവണ വേദികളില്‍ നിന്നും ഞങ്ങളെ ഇറക്കിവിട്ടിട്ടുണ്ട്, ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്, വര്‍ഗപരമായ അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഒന്നിലും തളരില്ല എന്ന ഉറച്ച വിശ്വാസമുണ്ട്, ഇതെല്ലാം സ്വാഭാവികമാണ്. ഞങ്ങളെ കൊണ്ട് പറ്റുന്നത് വരെ ആളുകള്‍ക്കിടയില്‍ നല്ല ആശയങ്ങള്‍ ഞങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കും. അവരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.

എല്ലാവര്‍ക്കും പേടിയാണ്, ഞാന്‍ പോയി എന്തെങ്കിലും പറഞ്ഞാല്‍ അത് വസീം പറഞ്ഞു എന്നതിനെക്കാളുപരി ഒരു മുസ്ലീം പറഞ്ഞു എന്ന രീതിയിലെ കാണുകയുള്ളൂ. പക്ഷേ ഒരിക്കല്‍ പോലും ഇത് നിര്‍ത്തണമെന്ന് എനിക്ക് തോന്നിയിട്ടില്ല. രണ്ട് വിഭാഗങ്ങളെയും ഒരേപോലെ ബോധവാന്മാരാക്കേണ്ടതുണ്ട്. അവര്‍ ഈ രീതിയില്‍ മുന്നോട്ടു വരാനോ അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനോ മടിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം അവരുടെ സാഹചര്യമാണ്. ഭയമാണ്. അവര്‍ ജീവിക്കുന്നത് ഗുജറാത്തിലായത് കൊണ്ടാണ്. അവരുടെ അഭിപ്രായപ്രകടനത്തിന് അവര്‍ നല്‍കേണ്ടി വരുന്ന വില ചിലപ്പോള്‍ വളരെ വലുതായിരിക്കും. അതുകൊണ്ട് ഇതൊരു തരത്തില്‍ പറഞ്ഞാല്‍ അവരില്‍ ഒരു അവബോധം സൃഷ്ടിക്കല്‍ കൂടിയാണ്, അതുപോലെ തന്നെ എനിക്കും ഇതിലൂടെ ഒത്തിരി പഠിക്കാന്‍ പറ്റും ഒപ്പം കൂടുതല്‍ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലാനും കഴിയും". വസീമിന്‍റെ വാക്കുകളില്‍ പ്രതീക്ഷ.

മറ്റെവിടെ നിന്നും തങ്ങള്‍ക്ക് കിട്ടാത്ത സ്വീകരണം കേരളത്തില്‍ നിന്നും ലഭിച്ച സന്തോഷം പങ്കുവയ്ക്കുന്ന ഷെഫാലി അഹമ്മദാബാദില്‍ തങ്ങളുടെ  നിലനില്‍പ്പ് അത്ര സുഖകരമല്ലെന്ന ആശങ്കയും പങ്കുവയ്ക്കുന്നു

രാഷ്ട്രീയം വിഷയമാകുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടാണ്. ആളുകള്‍ അത് എങ്ങനെ സ്വീകരിക്കുമെന്നത് പ്രവചിക്കാന്‍ കഴിയില്ല. കേരളത്തില്‍ പറയുന്ന അതേ കാര്യം ഡല്‍ഹിയില്‍ ചിലപ്പോള്‍ സ്വീകാര്യമായിരിക്കില്ല. ഡല്‍ഹിയില്‍ പരിപാടിക്കിടെ വേദിയില്‍ നിന്ന് തന്നെ ഇറക്കിവിട്ട സന്ദര്‍ഭങ്ങളുണ്ട്, അതേസമയം ഗുജറാത്തില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം ചില്ലപ്പോള്‍ അത് കേട്ട് ആസ്വദിക്കുമായിരിക്കും എന്നാല്‍ കേരളത്തില്‍ ഞങ്ങള്‍ക്ക് കിട്ടിയത് വലിയ കയ്യടിയാണ്. അശ്ലീല തമാശകളുടെ കാര്യവും അങ്ങനെത്തന്നെ. ഡല്‍ഹിയില്‍വെച്ച് അശ്ലീല തമാശകള്‍ക്ക് കയ്യടിച്ച അതേ ആള്‍ക്കൂട്ടമാണ് രാഷ്ട്രീയ വിഷയത്തിലേക്ക് വന്നപ്പോള്‍ ഞങ്ങളെ വേദിയില്‍ നിന്നും ഇറക്കിവിട്ടത്. ആളുകളുടെ ആസ്വാദനരീതികള്‍ വ്യതസ്തമാണ്.  അതുകൊണ്ട് കയ്യടികള്‍ പോലും ചില സമയത്ത് നമ്മളുടെ ധൈര്യം കെടുത്തും എന്നാല്‍ ചില സമയത്ത് അത് നമ്മളെ ക്രിയാത്മകമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

പക്ഷേ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, സംസാരിക്കുന്നത് നമ്മളാണ് അവര്‍ കേള്‍വിക്കാര്‍ മാത്രമാണ് എന്ന തിരിച്ചറിവ് നമ്മളില്‍ എപ്പോഴുമുണ്ടാകണം. നിങ്ങള്‍ അവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനൊരു കാരണമുണ്ട്, എപ്പോഴാണെങ്കിലും ആര്‍ക്കെങ്കിലുമൊക്കെ നിങ്ങള്‍ പറയുന്ന തമാശ ആസ്വദിക്കാന്‍ പറ്റിയിട്ടുണ്ട്. എന്ത് കാര്യമാണെങ്കിലും അത് തുറന്നു പറയാനുള്ള ധൈര്യം നമ്മള്‍ കാണിക്കണം, എല്ലാ സമയത്തും നമ്മള്‍ പറയുന്ന എല്ലാ തമാശകളും ആളുകളില്‍ പ്രവര്‍ത്തികണമെന്നില്ല, എന്നാല്‍ ചിലപ്പോള്‍ അത് ആളുകള്‍ ഇഷ്ടപ്പെടും. കേള്‍ക്കുന്ന ആളുടെ സന്ദര്‍ഭവും സാഹചര്യവും അനുസരിച്ചിരിക്കും നമ്മള്‍ക്ക് കിട്ടുന്ന ഓരോ പ്രതികരണവും. ഷെഫാലി വ്യക്തമാക്കുന്നു

Content Highlights : Interview With Standup comedians Preeti Das Shefali Pandey Vasim Samadji MBIFL 2020