മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ മാറ്റങ്ങളില്‍ കവിതകളുടെ പങ്ക് വളരെ വലുതാണ്. യുവ എഴുത്തുകാര്‍ ഇതിലേക്ക് ചെയ്യുന്ന സംഭാവന പ്രതീക്ഷ നല്‍കാവുന്നതാണ്. പറയുന്നത്‌ കവിയും വിവര്‍ത്തകനുമായ സുദീപ്‌ സെന്‍. പുതിയ കാലത്തിലെ എഴുത്തുകളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം. തന്റെ കവിതാസമാഹാരം ആദ്യമായി മലയാളത്തിലേയ്ക്ക്‌ വിവര്‍ത്തനം ചെയ്യപ്പെടുന്നതിന്റെ ആഹ്‌ളാദത്തില്‍ കൂടിയാണ് അദ്ദേഹം. മലയാളി എഴുത്തുകാരായ ശ്യാം സുധാകരനും ചന്ദ്രമതിയും ചേര്‍ന്നാണ് 'സുദീപ്‌ സെന്‍ കവിതകള്‍'എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്. സുദീപ്‌  സെന്നുമായുള്ള അഭിമുഖത്തില്‍ നിന്ന്: 

കവിതകള്‍ക്കും വായനക്കാരുണ്ട്, മാറേണ്ടത് കവിതകളോടുള്ള ആളുകളുടെ മനോഭാവം

മറ്റ് ഏത് സാഹിത്യ രചനകളെ പോലെ കവിതകളും ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. അതില്‍ സംശയമേയില്ല. എന്നാല്‍ കഥകള്‍, നോവലുകള്‍ എന്നിവയ്ക്ക് കിട്ടുന്ന മാധ്യമ ശ്രദ്ധ കവിതകള്‍ക്ക് കിട്ടാറില്ല. ഇതിപ്പോള്‍ പിന്നെ 'ലോഞ്ചിന്റെ' കാലമാണല്ലോ. കാറും കപ്പലുമൊക്കെ ലോഞ്ച് ചെയ്യുന്നതുപോലെ സാഹിത്യരചനകളും ലോഞ്ച് ചെയ്യുന്നതാണ് പുതിയ രീതി. അതിനോട് എനിക്ക് എതിര്‍പ്പില്ല. എല്ലാവരെയും പോലെ കഥകളും നോവെല്ലകളും വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാനും. എന്റെ സുഹൃത്തുക്കളില്‍ അധികവും കവിതകളേക്കാളേറെ കഥകളെഴുതുന്നവരാണ്. 

കവിതകള്‍ ശരിക്കും മനസിന് ഉത്തമ ഔഷധമാണ്. വളരെ ശ്രദ്ധയോടെ വായിക്കുകയും കേള്‍ക്കുകയും ചെയ്താല്‍ അത് നമ്മളില്‍ ഉണ്ടാക്കുന്ന മാറ്റം ശരിക്കും അനുഭവിച്ചറിയാന്‍ കഴിയും. എന്തുകൊണ്ട് ആളുകള്‍ കവിതകളെ അനുകൂലിക്കുന്നില്ല, അല്ലെങ്കില്‍ കവിതകളെ ഉയര്‍ത്തിപ്പിടിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. ഇതെല്ലാം കഴിഞ്ഞിട്ട് കവിതകള്‍ വില്‍ക്കപ്പെടുന്നില്ല എന്ന് പരാതിപ്പെടുകയും ചെയ്യും. എന്നാല്‍ ഇത് വസ്തുതാപരമായി ശരിയല്ല. നല്ല വായന തന്നെയാണ് ശരിക്കും സാഹിത്യരചനകളുടെ വില്‍പ്പന നിശ്ചയിക്കുന്നത്. വായനയും വാണിജ്യപരമായ വില്‍പ്പനയും തമ്മില്‍ കാതങ്ങളുടെ അകലമുണ്ട്. ആ പൊതുമനോഭാവമാണ് തിരുത്തേണ്ടത്. ഏത് സാഹിത്യത്തിലും നല്ല എഴുത്തുകള്‍ എന്നും നിലനില്‍ക്കും. ഒരു പരിധി വരെ ഗൗരവമായ എഴുത്തുകള്‍ക്ക് ഗൗരവമായ ഒരു വായനാസമൂഹം എന്നുമുണ്ടാവും. അതാണ് വേണ്ടതും.

എഴുത്ത് എല്ലാവരുടെയുമാണ്

യുവ എഴുത്തുകാര്‍ ധാരാളം വളര്‍ന്നുവരുന്നുണ്ട്. അതില്‍ ഒരു പ്രതീക്ഷയുണ്ട്. 'മോഡേണ്‍ ഇംഗ്ലീഷ് പോയട്രി ബൈ യങ്ങര്‍ ഇന്ത്യന്‍സ്'എന്ന പുസ്തകത്തില്‍ അങ്ങനെ നാനാദിക്കുകളില്‍ നിന്നുള്ള യുവ എഴുത്തുകാരുടെ രചനകളും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ബംഗ്ലാ എഴുത്തുകാരന്‍ അല്ലെങ്കില്‍ മലയാളി എഴുത്തുകാരന്‍ എന്ന് പറയുന്നതിലും ഇന്ത്യന്‍ എഴുത്തുകാരന്‍ എന്ന് പറയാനാണ് എനിക്കിഷ്ടം. നമ്മള്‍ക്കിടയില്‍ വേര്‍തിരിവുകളില്ല, നമ്മളെല്ലാവരും ഇന്ത്യക്കാരാണ്, അതെന്നും അങ്ങനെ തന്നെയായിരിക്കും.

Sudeep Sen book
മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സുദീപ്‌ സെന്നിന്റെ കവിതകളുടെ സമാഹാരം

അതിലൊരു ഒരുമയും സ്‌നേഹവുമുണ്ട്. പേരോ, മതമോ, നിറമോ അല്ലെങ്കില്‍ എഴുതിയ ആളുടെ വ്യക്തിത്വമോ നോക്കിയല്ല അതിലെ ഒരു സൃഷ്ടിയും തിരഞ്ഞെടുത്തിരിക്കുന്നത്. ആരേയും മാറ്റിനിര്‍ത്തിയിട്ടില്ല. ഇന്ത്യയ്ക്ക്‌  പുറത്തുനിന്നുള്ള ഇന്ത്യക്കാരായ എഴുത്തുകാര്‍ക്കും ഇതില്‍ പ്രാതിനിധ്യം ലഭിച്ചു. എനിക്ക് ലഭിച്ചതില്‍ നിന്നും ഏറ്റവും മികച്ചതെന്ന് എനിക്ക് തോന്നിയ കുറച്ച് കവിതകളാണ് ഞാന്‍ തിരഞ്ഞെടുത്തത്. 

ഷാഹിന്‍ ബാഗിലെ കവിതകളില്‍ പ്രതീക്ഷ

കവിതകള്‍ക്ക് ഞാന്‍ നേരത്തെ പറഞ്ഞതുപോലെ മനസിനെ സുഖപ്പെടുത്താനുള്ള കഴിവുണ്ട്. വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കവിതകള്‍ക്ക് സാധിക്കും. ഷാഹിന്‍ ബാഗിലും അവിടുത്തെ കാമ്പസുകളിലും സംഭവിക്കുന്നതും അങ്ങനെ ഒന്നാണ്. ഒത്തിരി കവിതകളാണ് അവിടുന്ന് പുറത്തുവരുന്നത്. പലരുടെയും കവിതകള്‍ വായിക്കപ്പെടുന്നു, അവര്‍ പാട്ടുകളായി പാടുന്നു. പഴയ പല കവിതകളും വീണ്ടും വീണ്ടും വായിക്കുന്നു, കേള്‍ക്കുന്നു. ഇത് വളരെ സന്തോഷവും ഊര്‍ജ്ജവും തരുന്ന കാര്യമാണ്. ശരിക്കും സാഹിത്യരചനകളിലൂടെ യുവതലമുറ തെരുവില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. ഇത് വലിയൊരു മാറ്റത്തിന്റെ ചെറിയൊരു തുടക്കം മാത്രമാണ്.

യുവതലമുറയ്ക്കും ഇടം കൊടുക്കണം

പുതിയ എഴുത്തുകാര്‍ പ്രത്യേകിച്ച് 20 വയസ് വരെയുള്ളവരൊക്കെ എഴുത്തിലേക്ക് കടന്നുവരുമ്പോള്‍ അവരെ വിമര്‍ശിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അവര്‍ എഴുത്തിന്റെ വിശാലമായ ലോകത്തില്‍ ചുവടുവച്ച് പഠിക്കുന്നതേയുള്ളു. അതിന്റെ ശരി തെറ്റുകളെ പറ്റി അറിയാനും അത് മനസിലാക്കി വളരാനും അവര്‍ക്ക് നമ്മള്‍ ഇടം കൊടുക്കണം. അവരില്‍ ഊര്‍ജ്ജമുണ്ട്, പ്രതീക്ഷയും. ഒന്നോ രണ്ടോ പുസ്തകങ്ങള്‍ എഴുതിയവരെക്കുറിച്ചല്ല, മറിച്ച് മൂന്നോ നാലോ പുസ്തകങ്ങള്‍ കഴിയുമ്പോള്‍ ഞാന്‍ അവരുടെ എഴുത്തിനെ വിലയിരുത്താം, ഗൗരവമായി തന്നെ. 

സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം വായനയിലും മാറ്റങ്ങളുണ്ടാക്കി

സമൂഹ മാധ്യമങ്ങള്‍ ആളുകളുടെ വായനയെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ വായനയില്‍ കുറവ് വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. വായനാരീതിയിലാണ് മാറ്റം വന്നത്. അത് പുസ്തകത്തില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറി. സംസാരങ്ങള്‍ ചുരുങ്ങി സ്‌മൈലികളിലും ഇമോജികളിലും ഒതുങ്ങാന്‍ തുടങ്ങി. ഇത് അപകടമാണ്.

ഫെയ്‌സ്ബുക്ക്‌​ എഴുത്തില്‍ പരിചയമില്ല

എനിക്ക് പരിചയമില്ലാത്ത ഒരു കാര്യമാണ് ഫെയ്‌സ്ബുക്ക്‌ എഴുത്ത്. ഇങ്ങനെ ഒരു വിഭാഗം എഴുത്തുകാരുണ്ടെന്ന് അറിയുന്നതില്‍ സന്തോഷം. എഴുത്തെന്നും എല്ലായിടത്തും ജീവിക്കും. ഞാന്‍ ശീലിച്ചിട്ടില്ലാത്ത ഒന്നാണ്. ഓണ്‍ലൈനില്‍ വായിക്കുറെണ്ടെങ്കിലും അതിലെ കൂടുതല്‍ കാര്യങ്ങളില്‍ പ്രാഗല്‍ഭ്യം കുറവാണ്. അത് വേഗതയിലും ഭംഗിയായും ചെയ്യുന്നവരോട് അസൂയ തോന്നിയിട്ടുണ്ട്. എതിര്‍പ്പില്ല, പക്ഷേ താത്പര്യം പുസ്തകങ്ങളോടാണ്.

Content Highlights: Interview with poet translator Sudeep Sen