മ്മയുടെ സ്‌നേഹം ലഭിക്കാതെ പോയ കട്ടെടുക്കപ്പെട്ട ജീവിതമാണ് ഇംഗ്ലീഷ് കവിയും എഴുത്തുകാരനുമായ ലെം സിസ്സെയുടേത്. ദത്തെടുത്ത കുടുംബം 12ാം വയസ്സില്‍ ഉപേക്ഷിക്കുമ്പോള്‍ തന്റെ പേര് ലെം ആണെന്ന തിരിച്ചറിവുപോലുമുണ്ടായിരുന്നില്ല ആ ബാലന്. അമ്മയായും അച്ഛനായും കുടുംബമായും ലെമ്മിനെ സാന്ത്വനിപ്പിച്ചതും ജീവിക്കാന്‍ പ്രേരിപ്പിച്ചതും കവിതയും സാഹിത്യവുമായിരുന്നു. സര്‍ക്കാരിന്റെ തന്നെ തെറ്റായ നടപടിക്രമങ്ങളുടെ രക്തസാക്ഷിത്വമായിരുന്നു ലെമ്മിന് നഷ്ടപ്പെട്ട കുടുംബ ജീവിതം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പ്രകടമല്ലാത്ത വംശവെറിയെ അതിജീവിച്ച ജീവിതം. 21ാം വയസ്സില്‍ തന്റെ ആദ്യ കവിതാ സമാഹാരം ഇറക്കിയ ലെം ഇന്ന് ഒട്ടേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ലോകം അറിയപ്പെടുന്ന ഇംഗ്ലീഷ് സാഹിത്യകാരനാണ്. ബുക്കര്‍ പ്രൈസ് ജൂറിയിലെ അംഗവും മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ചാന്‍സലറുമാണ്.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ ലെം സിസ്സെ സംസാരിക്കുന്നു.

സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടെയായിരുന്നു കുട്ടിക്കാലമെങ്കില്‍ താങ്കളുടെ ജീവിതാനുഭവങ്ങള്‍ ഇത്രയധികം തീവ്രമാവില്ലായിരുന്നു. ഇത്രയധികം തീവ്രമായ ജീവിതാനുഭവങ്ങള്‍ കൊണ്ട് പാകപ്പെട്ട എഴുത്തുകള്‍ പിറക്കില്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?  

ഇന്ന് ഞാനെന്തായിത്തീര്‍ന്നോ അത് എനിക്ക് ഇതുവരെ സംഭവിച്ചതിനെ ആശ്രയിച്ചല്ല ഇരിക്കുന്നത്.അതിഭീകരമായ ചില കാര്യങ്ങളെ ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട് പ്രത്യേകിച്ച് എന്റെ കുട്ടിക്കാലത്ത്. പക്ഷെ ഇന്ന് ഞാന്‍ യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ ചാന്‍സലറാണ്. എഴുത്തുകാരനാണ്. കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ നേരിട്ട ദുരനുഭവങ്ങള്‍ കാരണം ആയിത്തീര്‍ന്നതല്ല ഇവയൊന്നും തന്നെ. എന്റെ അനുഭവങ്ങളെ കുറിച്ച് എഴുതാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാന്‍ എഴുത്തുകാരനായത് ആ അനുഭവങ്ങള്‍ കൊണ്ട് മാത്രമല്ല. സ്വന്തം അച്ഛനും അമ്മയ്ക്കുമൊപ്പം ജീവിച്ചിരുന്നാലും ഇല്ലെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ പോയി നന്നായി പഠിക്കാന്‍ അവസരം കിട്ടിയിരുന്നാലും ഇല്ലെങ്കിലും ഒരെഴുത്തുകാരന്‍ തന്നെ ആയിത്തീരുമായിരുന്നു ഞാന്‍. അതാണ് എന്റെ വിശ്വാസം. കുട്ടിക്കാലത്തെ കലുഷിത ജീവിതത്തിനിടയില്‍ നിന്ന് പുറത്തു കടക്കാന്‍ ഭാഗ്യവശാല്‍  സാഹിത്യവാസനയും സര്‍ഗ്ഗാത്മകതയും എന്നെ സഹായിക്കുകയായിരുന്നു

വളര്‍ത്തിയവരല്ല യഥാര്‍ത്ഥ മാതാപിതാക്കള്‍ എന്ന് തിരിച്ചറിഞ്ഞ ആ നിമിഷം എന്തായിരുന്നു മനസ്സില്‍?

എന്നെ ദത്തെടുത്തു വളര്‍ത്തിയ ഗ്രീന്‍വുഡ്‌സിനൊപ്പമായിരുന്നു ഞാന്‍. എനിക്ക് 12 വയസ്സാവുന്നതുവരെ അവരായിരുന്നു എന്റെ കുടുംബം. അതിനു ശേഷം അവരെന്നെ ശിശുഭവനത്തിലാക്കി. ഇനിയൊരിക്കലും എന്നോട് സംസാരിക്കില്ലെന്നും ഇനിയൊരിക്കലും എന്നെക്കാണാന്‍ വരില്ലെന്നും അവരെന്നോട് പറഞ്ഞു. ഒരു വര്‍ഷത്തോളം ഞാനാ ശിശുഭവനത്തിലുണ്ടായിരുന്നു. അവരൊരിക്കലും തിരിച്ചു വരില്ലെന്ന് പതിയെയാണ് ഞാനറിഞ്ഞത്. അതെനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. അവരെന്നെ ഉപേക്ഷിച്ചതില്‍ എനിക്ക് അരിശമുണ്ടായിരുന്നെങ്കിലും എന്റെ കുടുംബത്തെ കാണാന്‍ ഞാന്‍ കൊതിച്ചു.

ഇവിടെ ഇന്ത്യയിലും കേരളത്തിലും കുട്ടികളെ വിദേശികള്‍ക്ക് കൈമാറാറില്ല. അത് നിയമവിരുദ്ധമാണ് ഇന്ത്യയില്‍. എത്യോപ്യക്കാരിയായ അമ്മയുടെ കുഞ്ഞിനെ ബ്രിട്ടനിലെ കുടുംബം ദത്തെടുക്കുകയായിരുന്നില്ലേ താങ്കളുടെ കാര്യത്തില്‍ സംഭവിച്ചത്?

എന്റെ അമ്മയില്‍ നിന്ന് അവരെന്നെ മോഷ്ടിക്കുകയായിരുന്നു. പഠനം പൂര്‍ത്തീകരിക്കുന്നതുവരെ എന്നെ നോക്കാനേല്‍പിച്ചതായിരുന്നു എന്റെ അമ്മ. ഇംഗ്ലണ്ടില്‍ ശിഷ്ടകാലം ജീവിക്കണമെന്ന് ഒരു ഉദ്ദേശവും അമ്മയ്ക്കില്ലായിരുന്നു. അമ്മ എന്നെ ഏല്‍പിച്ചവര്‍ ഒരു കുടുംബത്തിനു എന്നെ ദത്തു നല്‍കി. ദത്തെടുക്കാന്‍ കഴിയില്ല പകരം കുട്ടിയെ നോക്കിക്കൊള്ളാമെന്ന് അവരേറ്റു. കാരണം ഇംഗ്ലണ്ടില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നുണ്ടെങ്കില്‍ അമ്മയുടെ ഒപ്പ് ആവശ്യമുണ്ട്. എന്റെ അമ്മയ്ക്ക് എന്നെ ആവശ്യമുണ്ടെന്ന് എന്റെ മാതാപിതാക്കളോട് പറയാതെയാണ് ഞാന്‍ ദത്തെടുക്കപ്പെട്ടത്. അവരെന്നെ 12വര്‍ഷക്കാലം അവരോടൊപ്പം നിര്‍ത്തി. പിന്നീട് പല പല സ്ഥാപനങ്ങളിലാക്കപ്പെട്ടു. സര്‍ക്കാര്‍ അവരുടെ കൈകഴുകി. അവര്‍ എന്റെ പേരും അസ്തിത്വവും മാറ്റി. അമ്മയുടെ സ്‌നേഹം കിട്ടാതെയാണ് ഞാന്‍ വളര്‍ന്നത്. ഒരു കുടുംബത്തിന്റെയും തണലു നല്‍കാതെ അവരെന്നെ ഉപേക്ഷിച്ചു. എന്നെ അനാഥനാക്കിക്കൊണ്ട് അവര്‍ പൊടുന്നനെ അപ്രത്യക്ഷരായി.

വെള്ളക്കാരായ കുടുംബമാണല്ലോ എടുത്തു വളര്‍ത്തിയത്. വംശീയതയായിരുന്നോ ഉപേക്ഷിക്കാനുള്ള കാരണം?

ഒരുപാട് വംശീയ വേര്‍തിരിവുകള്‍ നേരിടേണ്ടി വന്നു. അവരെന്റെ പേര് ലെം എന്നത് മാറ്റി ആംഗ്ലിക്കന്‍ പേരായ നോര്‍മന്‍ എന്നിട്ടു. എന്റെ പേര് വരെ അവരെന്നില്‍ നിന്നകറ്റി. 18 വയസ്സാകുന്നതുവരെ സ്വന്തം പേര് എന്താണെന്നു പോലും അറിയില്ലാതിരുന്ന അവസ്ഥ ചിന്തിച്ചു നോക്കൂ. അതാണെനിക്ക് സംഭവിച്ചത്. എനിക്കെല്ലാത്തിനോടും ദേഷ്യമായിരുന്നു. ഈ സിസ്റ്റത്തിനോടും വംശീയതയോടും എന്നെ എന്റെ അമ്മയില്‍ നിന്നകറ്റിയ രാജ്യത്തോടും എല്ലാറ്റിനോടും. എനിക്കാരുമില്ലായിരുന്നു. ക്രിസ്മസ് ആഘോഷങ്ങളില്ലായിരുന്നു. പിറന്നാളാഘോഷങ്ങളില്ലായിരുന്നു. 

അമ്മയെ 21ാം വയസ്സില്‍ കണ്ടുമുട്ടിയ നിമിഷം ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടോ?

എന്നെ കണ്ടപ്പോള്‍ അമ്മ സ്തബ്ധയായി. കണ്ണുനീര്‍ പൊടിഞ്ഞു ആ കണ്ണുകളില്‍. മകനെ വേണമെന്ന് കരഞ്ഞ് പറഞ്ഞുകൊണ്ടുള്ള കത്ത് വരെ പിന്നീട് ഞാന്‍ കണ്ടെത്തി. ഓരോന്നും സര്‍ക്കാര്‍ സംവിധാനങ്ങളോട്‌ തന്റെ മകനെ വിട്ടുതരണമെന്ന് കേണപേക്ഷിച്ചുകൊണ്ടുള്ള കത്തുകളായിരുന്നു. അമ്മയാരാണെന്നുള്ള അന്വേഷണത്തില്‍ എന്റെ അപേക്ഷകള്‍ക്കെല്ലാം സര്‍ക്കാരില്‍ നിന്നെനിക്ക് ഉത്തരം കിട്ടി. ആ ഫയലുകള്‍ എല്ലാത്തിനുള്ള ഉത്തരങ്ങളും നല്‍കി. അമ്മയില്‍ നിന്ന് എന്നെ സര്‍ക്കാര്‍ മോഷ്ടിച്ചതുമെല്ലാം ആ രേഖകളിലുണ്ടായിരുന്നു. സര്‍ക്കാരിനെ ഞാന്‍ കോടതി കയറ്റി. ആ നിയമ പോരാട്ടത്തില്‍ ഞാന്‍ വിജയിക്കുക തന്നെ ചെയ്തു. എത്യോപ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റായിരുന്നു അച്ഛനെന്ന് പിന്നീട് ഞാനറിഞ്ഞു. അമ്മ എന്നെ പ്രസവിച്ച ശേഷം എന്നെ സാമൂഹിക പ്രവര്‍ത്തകനെ ഏല്‍പിച്ച് പഠിക്കാനായി ഇംഗ്ലണ്ടില്‍ പോയി. പഠന ശേഷം അമ്മ എന്നെ തിരികെ ആവശ്യപ്പെട്ടിട്ടും അവരാരും നല്‍കിയില്ല. പിന്നീട് അമ്മ വിവാഹിതയായി. എത്യോപയിലെ ഭരണകേന്ദ്രത്തിലുള്ളയാളെയാണ് വിവാഹം കഴിച്ചത്. അമ്മയുടെ മക്കളെല്ലാം അമേരിക്കയിലും മറ്റും ഉന്നത കോളേജുകളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

എഴുതിയ കവിതകളേക്കാളുപരി ബാല്യകാലത്തെ കുറിച്ച് ചോദിക്കുന്നത് അസ്വസ്ഥനാക്കുന്നുണ്ടോ?

ഈ കഥകളെല്ലാം എനിക്ക് പ്രധാനപ്പെട്ടതാണ്. ഒരോ തവണ ഈ കഥകള്‍ ആവര്‍ത്തിക്കുമ്പോഴും പറയുമ്പോഴും. അത് ജീവനുള്ള കഥകളായനുഭവപ്പെടുകയാണ്. അതിലൂടെ ഞാന്‍ വീണ്ടും വീണ്ടും ജീവിക്കുകയാണ്. ലെം എന്ന എന്റെ പേരിന്റെ അര്‍ഥം പോലും വൈ (എന്ത് കൊണ്ട്) എന്നാണല്ലോ.

കവിതയെന്നത് താങ്കളെ സംബന്ധിച്ച് ഓര്‍മ്മകളില്‍ അഭയം തേടലും അവയെ വീണ്ടെടുക്കലുമാണോ?

രാഷ്ട്രീയമായും വൈകാരികമായുമുള്ള അഭയം തേടലാണത്. എന്റെ രക്ഷകനാണ് കവിത. എനിക്കാരുമില്ലാതിരുന്ന കാലത്ത് ഞാന്‍ ലോകത്തെ കണ്ടത് എഴുത്തിലൂടെയാണ്.

എഴുതുമ്പോള്‍ കരയാറുണ്ടോ?

ഞാന്‍ എഴുതിയത് വായിക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരാറുണ്ട്. അത് ത്രിഡി മെമ്മറിയാണ്. നിങ്ങളാ പഴയകാലത്തേക്ക് വീണ്ടും പോവുകയാണ്. എനിക്കെന്നോട് തന്നെ സിംപതി തോന്നുകയാണ്.

Content Highlights: Interview with lemn sissay