തിരുവനന്തപുരം: ബി.ജെ.പി. ഇപ്പോള്‍ രൂപപ്പെടുത്തി കൊണ്ടിരിക്കുന്ന ഇന്ത്യ നാണക്കേടിന്റെ ഇന്ത്യയാണെന്ന്  കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. പറഞ്ഞു. തിരുവനന്തപുരത്ത് കനകക്കുന്നില്‍ മാതൃഭൂമി അക്ഷരോത്സവത്തില്‍ വ്യാഴാഴ്ച രാവിലെ മുഖ്യപ്രഭാഷണത്തിനു ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
 
ബി.ജെ.പി. സര്‍ക്കാര്‍ ഇന്ത്യന്‍ സമൂഹത്തെ ധ്രുവീകരിക്കുകയാണെന്നും ഇത് വല്ലാതെ ഭീതിയുണര്‍ത്തുന്നുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ''ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുമ്പോഴത്തെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ. ഇന്ത്യയുടെ സ്വഭാവഘടന മാറ്റുന്നതിനും ഇന്ത്യന്‍ സമൂഹത്തില്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകള്‍ വിതയ്ക്കുന്നതിനും ബി.ജെ.പി. കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. ഇത്തരമൊരു ഇന്ത്യയ്ക്കു വേണ്ടിയല്ല നമ്മള്‍ ജീവിക്കുന്നതും പോരാടുന്നതും.'' തരൂര്‍ പറഞ്ഞു

അഭിമുഖത്തില്‍ നിന്ന്:

ഹു ഈസ് ആന്‍ ഇന്ത്യന്‍ എന്ന പ്രഭാഷണത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിലുടനീളം അലയടിക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് താങ്കള്‍ പറയുകയുണ്ടായി. ഈ പ്രക്ഷോഭങ്ങളില്‍ താങ്കളും ശക്തമായി പങ്കെടുക്കുന്നുണ്ട്. പക്ഷേ, താങ്കളുടെ പാര്‍ട്ടി, കോണ്‍ഗ്രസ്  ഇതില്‍നിന്നു പിന്നാക്കം പോവുകയാണോ?

കേരളത്തില്‍ കോണ്‍ഗ്രസ് ശക്തമായി മുന്‍നിരയിലുണ്ട്. ഇതൊരു ജനകീയ പോരാട്ടമായി തുടരുന്നതാണ് നല്ലത്. ഒരു പാര്‍ട്ടി നയിക്കുന്നതിനേക്കാള്‍ ജനങ്ങള്‍ ഒന്നടങ്കം പങ്കെടുക്കുന്ന പ്രക്ഷോഭമാണ് ഈ ഘട്ടത്തില്‍ വേണ്ടത്. ഇത്തരം പ്രക്ഷോഭങ്ങളാണ് ബി.ജെ.പിയെ ഉലയ്ക്കുക.

കോണ്‍ഗ്രസിനുള്ളില്‍ ഇതെച്ചൊല്ലി ഒരു ആശയസമരം നടക്കുന്നുണ്ടോ? ജയ്റാം രമേഷ് പറയുന്നത് സി.എ.എയെ മുന്‍നിര്‍ത്തിയല്ല, സാമ്പത്തിക പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ് സമരം നടത്തേണ്ടതെന്നാണ്?

ജയ്റാം പറയുന്നതില്‍ കാര്യമുണ്ട്. എല്ലാ വിഭാഗങ്ങളേയും ഒന്നിപ്പിച്ച് നിര്‍ത്തി സാമ്പത്തിക പ്രതിസന്ധിക്കെതിരെ സമരം നടത്തേണ്ടതായുണ്ട്. പക്ഷേ, സി.എ.എയ്‌ക്കെതിരെയുള്ള സമരം മുസ്ലിങ്ങളുടെ മാത്രം സമരമാകുന്നതില്‍ എനിക്ക് യോജിപ്പില്ല. അങ്ങിനെ വിട്ടുകൊടുക്കേണ്ട സമരമല്ലിത്. വാസ്തവത്തില്‍ ബി.ജെ.പി. ആഗ്രഹിക്കുന്നത് അത്തരമൊരു പരിണാമമായിരിക്കും. സി.എ.എ. ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരെയാണ്. എല്ലാവരേയും ഒന്നിപ്പിച്ചു നിര്‍ത്തുകയാണ് ഭരണഘടനയുടെ ലക്ഷ്യം. ബി.ജെ.പി. അതട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍വ്വതോന്മുഖമായ സമരം തന്നെയാണ് വേണ്ടത്.

ഭൂരിപക്ഷ സമുദായം കോണ്‍ഗ്രസ് നയത്തിനെതിരെ നിലപാടെടുക്കുമോയെന്ന പേടി കോണ്‍ഗ്രസിനുണ്ടോ? വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷഹിതം തിരിച്ചടിച്ചേക്കുമോയെന്ന പേടി?

ഓരോ സംസ്ഥാനത്തിലും സവിശേഷ സാഹചര്യമാണുള്ളത്. കേരളത്തില്‍ സി.എ.എയ്ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ സമരമുഖത്താണ്. ഇവിടെ അതില്‍നിന്നും പിന്നാക്കം പോവുന്ന പ്രശ്നമില്ല. ദേശീയതലത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കേണ്ടി വരും. ഈ പ്രക്ഷോഭങ്ങള്‍ ശക്തമാക്കുന്നതിലൂടെ എന്‍.പി.ആറും എന്‍.ആര്‍.സിയും നടപ്പാക്കുന്നതില്‍നിന്ന് മോദി സര്‍ക്കാരിനെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യമുണ്ടെന്നതും നമ്മള്‍ കാണാതിരിക്കരുത്.

കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ പറയുന്നത് പാര്‍ലമെന്റ് പാസ്സാക്കിയ നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ബാദ്ധ്യസ്ഥമാണെന്നാണ്. പക്ഷേ, അധാര്‍മ്മികമായ ഒരു നിയമം പാര്‍ലമെന്റ് പാസ്സാക്കിയാല്‍ അതിനെ എതിര്‍ക്കാന്‍ പൗരസമൂഹത്തിന് ബാദ്ധ്യതയുണ്ടെന്നാണ് ന്യൂറംബര്‍ഗ് വിചാരണ നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് പ്രഭാത് പട്നായിക്കിനെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്?

സി.എ.എയുടെ അധാര്‍മ്മികതയാണ് കോടതിയില്‍ ചോദ്യം ചെയ്തിട്ടുള്ളത്. കബില്‍ സിബല്‍ പറയുന്നത് തള്ളിക്കളയേണ്ട കാര്യമില്ല. സി.എ.എയുടെ നിയമവശമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സി.എ.എ. കോടതി എങ്ങിനെ വ്യാഖ്യാനിക്കുന്നുവെന്നത് സുപ്രധാനമാണ്. അധാര്‍മ്മിക നിയമങ്ങള്‍ പൗരസമൂഹം ഏറ്റെടുക്കേണ്ടതില്ലെന്നുള്ളത് ശരിയാണ്. ബി.ജെ.പി. സര്‍ക്കാര്‍ അധാര്‍മ്മികതയുടെ വഴിയേയാണ് സഞ്ചരിക്കുന്നതെന്നതിലും സംശയമില്ല.

അടിയന്തരാവസ്ഥയില്‍ ജനാധിപത്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അടിയന്തരാവസ്ഥ ഇന്ദിരാഗാന്ധിയുടെ വ്യക്തിപരമായ അജണ്ടയായിരുന്നു. അധികാരം നിലനിര്‍ത്തുക എന്ന വ്യക്തിപരമായ അജണ്ടയാണ് ഇന്ദിരയെ നയിച്ചത്. ഇന്നിപ്പോള്‍ പ്േകഷ, ശക്തമായൊരു  പ്രത്യയശാസ്ത്രത്തിന്റെയും വലിയൊരു വിഭാഗം ജനങ്ങളുടെയും പിന്തുണ മോദി സര്‍ക്കാരിനുണ്ട്. തുരങ്കത്തിന്റെ അറ്റത്ത് താങ്കള്‍ വെളിച്ചം കാണുന്നുണ്ടോ?

ഞാന്‍ ശുഭാപ്തി വിശ്വാസിയാണ്. പക്ഷേ, കണ്ണടച്ചുള്ള ശുഭാപ്തിവിശ്വാസമല്ല അത്. സമൂഹത്തില്‍ ബി.ജെ.പി. സൃഷ്ടിക്കുന്ന വിനാശകരമായ അവസ്ഥ ഞാന്‍ കാണുന്നുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിനെതിരെ വന്ന ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഭൂരിപക്ഷ വിധിക്കെതിരെ ജസ്റ്റിസ് ഖന്ന ഉയര്‍ത്തിയ വിയോജനക്കുറിപ്പ് ചരിത്രമാണ്. ഇന്നിപ്പോള്‍ അത്തരം വിയോജനക്കുറിപ്പുകള്‍ക്കുള്ള സാദ്ധ്യതപോലും മങ്ങുന്ന അന്തരിക്ഷമാണുള്ളത്. ആത്യന്തികമായി ജനങ്ങളുടെ പ്ര്േകഷാഭത്തിലാണോ താങ്കള്‍ക്ക് പ്രതീക്ഷയുള്ളത്?

എന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമാണ്. ഭരണഘടനയുടെ അന്തഃസത്ത ചോദ്യം ചെയ്യുന്ന നിയമമാണിത്. പക്ഷേ, ഞാന്‍ സുപ്രീം കോടതി ജഡ്ജിയല്ല. സുപ്രീം കോടതിയെയും ജഡ്ജിമാരെയും ബഹുമാനിക്കുന്നയാളാണ് ഞാന്‍. ചില വിധികളില്‍ അഭിപ്രായവ്യത്യാസമുണ്ടാവാം. പക്ഷേ, ഇക്കാര്യത്തില്‍ ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്.

അന്തരീക്ഷത്തില്‍ ഭീതിയുണ്ട്. ധ്രുവീകരണം തൊട്ടറിയാന്‍ പാകത്തിലായിരിക്കുന്നു. കഴിഞ്ഞ ദിവസം ചില സ്ത്രീകള്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ഒരു യുവതിയെ കടന്നാക്രമിക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. എതിര്‍ശബ്ദം കേള്‍ക്കാന്‍പോലും തയ്യാറാവാത്ത അവസ്ഥയിലേക്കാണോ സമൂഹം നീങ്ങുന്നത്?

ബി.ജെ.പിയുടെ അജണ്ടയാണിത്. ഈ ധ്രുവീകരണമാണ് അവരുടെ ലക്ഷ്യം. ഇന്ത്യയില്‍ 80 ശതമാനത്തോളം ഹിന്ദുക്കളാണ്. അവരില്‍ പകുതിപ്പേര്‍ വോട്ടുചെയ്താല്‍ സ്ഥിരമായി ജയിക്കാമെന്നാണ് അവര്‍ കരുതുന്നുത്. പക്ഷേ, ഈ അജണ്ട വിജയിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.  രണ്ടു തവണ വിജയിച്ചതുകൊണ്ട് അടുത്ത തവണ ബി.ജെ.പി. വീണ്ടും അധികാരത്തില്‍ വരുമെന്നും ഞാന്‍ കരുതുന്നില്ല. ഇന്ത്യന്‍ ജനസമൂഹം അതിനനുവദിക്കില്ല. ഇന്ത്യന്‍ ജനാധിപത്യം മോദിയെയും ബി.ജെ.പിയേയും അതിജീവിക്കും.

Content Highlights: India under BJP rule is shameless India: Shashi Tharoor