തിരുവനന്തപുരം: രക്തം അതിന്റെ അടയാളം അവശേഷിപ്പിക്കും. ഭരണകൂടം അതിന്റെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അപ്രത്യക്ഷമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഇഫത് ഫാത്തിമ പറയുന്നു. കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഏറ്റവും ക്രൂരവും മൂടിവയ്ക്കപ്പെടുന്നതും നിര്‍ബന്ധിത തിരോധാനങ്ങളാണ്. 'ഖൂന്‍ ദേ ബാരവ്' എന്ന ചലച്ചിത്രത്തിന്റെ സംവിധായികയും കശ്മീരില്‍ നിന്നുള്ള ഗവേഷകയുമായ ഇഫത് ഫാത്തിമ മാതൃഭൂമിയോട് സംസാരിക്കുന്നു.

കശ്മീരിലെ നിര്‍ബന്ധിത തിരോധാനങ്ങളെക്കുറിച്ച്? 

ഭീകരമായ മനുഷ്യാവകാശ ലംഘനമാണ് നിര്‍ബന്ധിത തിരോധാനം. ഇതിനെതിരെ അന്താരാഷ്ട്ര ഉടമ്പടിയുണ്ടെങ്കിലും ഫലമില്ല. ഭരണകൂടം അതിന്റെ ആയുധങ്ങളുപയോഗിച്ച് സാധാരണക്കാരെ തടങ്കലിലാക്കുന്നു. നിയമസഹായങ്ങളോ പുറം ലോകവുമായി ബന്ധപ്പെടാനുള്ള അവസരമോ അവര്‍ക്ക് ലഭിക്കുന്നില്ല. പിന്നീടവര്‍ അപ്രത്യക്ഷരാകുന്നു. തട്ടിക്കൊണ്ടുപോകലല്ലാതെ ഇതെന്താണ്? ഉത്തരവാദികള്‍ പക്ഷേ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. ആരാണ് ആ ജീവനുകള്‍ക്ക് മറുപടി പറയേണ്ടത്?  കുടുംബങ്ങള്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി കാത്തിരിക്കുന്നു. മകനോ ഭര്‍ത്താവോ അച്ഛനോ നഷ്ടപ്പെട്ട്, അവര്‍ എവിടെയെന്നുപോലുമറിയാത്ത നിരവധിപ്പേരെ നിങ്ങള്‍ക്ക് കശ്മീരില്‍ കാണാം. 

ഭീകരവാദം നുഴഞ്ഞുകയറ്റം, ആര്‍ട്ടിക്കിള്‍ 370, ഇന്റര്‍നെറ്റ് വിച്ഛേദം... ഇതിനെക്കാളെല്ലാം രൂക്ഷമായ മനുഷ്യാവകാശപ്രശ്‌നം എന്തുകൊണ്ട് കശ്മീരിന് പുറത്ത് വേണ്ടത്ര ചര്‍ച്ചയാകുന്നില്ല? 

അതിന്റെ പ്രധാന ഉത്തരവാദികള്‍ മാധ്യമങ്ങളാണ്. കശ്മീരിന്റെ കാര്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കുറ്റകരമായ അനാസ്ഥയാണ് പുലര്‍ത്തുന്നത്. നിര്‍ബന്ധിത തിരോധാനം ഒരു പുതിയ പ്രശനമല്ല. 1989 മുതല്‍ ആളുകള്‍ അപ്രത്യക്ഷമാകുന്നു. മാറി വരുന്ന സര്‍ക്കാരുകളെല്ലാം കശ്മീരികളോട് ഈ ക്രൂരത തുടരുന്നു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലി കൃത്യമായി ചെയ്യണമന്നാണ് എനിക്ക് പറയാനുള്ളത്. 

370-ാം അനുച്ഛേദം പിന്‍വലിച്ചതോടെ കശ്മീരിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

രാഷ്ട്രീയമായ സ്വയം നിര്‍ണയം - അതാണ് കശ്മീരിന്റെ പ്രശ്‌നം. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുക എന്നത് വെറും സാങ്കേതികത്വം മാത്രമാണ്. കശ്മീരിന്റെ യഥാര്‍ഥ പ്രശ്നവുമായി ഇതിന് ഏതെങ്കിലും ബന്ധമുണ്ടെന്ന് തോന്നുന്നില്ല. ഇങ്ങനെയൊരു നീക്കത്തിലൂടെ സര്‍ക്കാര്‍ സ്വന്തം ഭരണഘടനയെയും കശ്മീരികളെയും അപമാനിക്കുക മാത്രമാണ് ചെയ്തത്. 

കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് എല്ലാവരും ആവര്‍ത്തിക്കുന്നു. പക്ഷേ രാജ്യത്തെവിടെയെങ്കിലും ഭീകരാക്രമണമുണ്ടായാല്‍ മറ്റുള്ളവര്‍ രോഷം തീര്‍ക്കുന്നത് കശ്മീരികളോടാണ്. വിഭജനത്തിന് ശേഷം കശ്മീരിനോടുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപനവും ഇതുപോലെതന്നെയാണ്. ഭരണഘടനാപരമായും അല്ലാതെയും സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ കശ്മീരികളുടെ വികാരത്തെ മാനിച്ചുകൊണ്ടുള്ളതല്ല. 

കശ്മീരിന്റെ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഒരുപാട് പ്രശ്‌നങ്ങള്‍ക്കിടയിലും വികസന സൂചികയിലെ പല മാനദണ്ഡങ്ങളിലും ഗുജറാത്തിനെക്കാള്‍ മുകളിലാണ് കശ്മീരിന്റെ സ്ഥാനം. കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ പുതുതായി എന്ത് വികസനമാണ് കശ്മീരില്‍ നടപ്പാക്കാന്‍ പോകുന്നത്? മാസങ്ങളായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുള്ള, എല്ലാ മുക്കിലും മൂലയിലും പട്ടാളക്കാരെ വിന്യസിച്ചിട്ടുള്ള ഒരു പ്രദേശത്ത് വിനോദ സഞ്ചാരികള്‍ എങ്ങനെയെത്താനാണ്? 

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചശേഷം കശ്മീര്‍ - ഇന്ത്യ വൈകാരിക ബന്ധത്തെ എങ്ങനെ കാണുന്നു? 

ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നതിന് മുമ്പ് ആയിരക്കണക്കിനാളുകളെ തടവിലാക്കി. രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടെ. മാസങ്ങളായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നു. അയലത്തെ വീട്ടില്‍ നടക്കുന്നതെന്തെന്നുപോലും അറിയാനാകാത്ത അവസ്ഥയിലാണ് ആളുകള്‍. ജീവിതം ഇത്രയും അരക്ഷിതമായൊരു സാഹചര്യത്തില്‍ ഒരു ജനത ദേശീയതയെക്കുറിച്ച് ചിന്തിക്കണമെന്നുപറയുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടെന്ന് തോന്നുന്നില്ല. 

കശ്മീരി യുവാക്കള്‍ വിഘടനവാദികളോട് അടുക്കുന്നുതിനെ ആശങ്കയോടയല്ലേ കാണാനാകൂ? 

അതിന്റെ ഉത്തരവാദിത്തം ഭരണകൂടത്തിനാണ്. പൗരത്വ പ്രശ്‌നമുണ്ടായപ്പോള്‍ രാജ്യത്തിന്റെ പലകോണുകളില്‍ കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ സമാധാനപരമായി പ്രതിഷേധത്തിനിറങ്ങി. അവര്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവസരമുണ്ട്. എന്നാല്‍ കശ്മീരിലെ യുവാക്കള്‍ക്ക് മുന്നില്‍ അഹിംസാത്മകമായ സമരത്തിനുള്ള എന്ത് സാധ്യതയാണ് അവശേഷിക്കുന്നത്? സര്‍വകലാശാലകളില്ല; വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ സംഘടിക്കാനാവില്ല. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യമില്ല. അധികാരികള്‍ തന്നെയാണ് ക്രൂരതയുടെ പാഠങ്ങള്‍ കശ്മീരി യൂവാക്കളെ പഠിപ്പിക്കുന്നത്. അവര്‍ക്കുമുന്നില്‍ പ്രതികരിക്കാനുള്ള മറ്റെല്ലാ സാധ്യകളും റദ്ദ് ചെയ്യുന്നത് ഭരണകൂടമാണ്. 

നാളെ എന്തുസംഭവിക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? 

അടിച്ചമര്‍ത്തലുകള്‍ കശ്മീരിനെ സംബന്ധിച്ച് ആദ്യമല്ല. അവഗണനയിലും അരക്ഷിതാവസ്ഥയിലും അവര്‍ ജീവിച്ചുകാണിക്കുന്നു. അതിജീവിക്കാനുള്ള വാശിതന്നെയാണ് കശ്മീരികളുടെ പ്രതിരോധം. അതില്‍ എനിക്ക് പ്രതീക്ഷയുണ്ട്. 

Content Highlights: MBIFL 2020, Iffat Fatima interview