തിരുവനന്തപുരം: ശക്തമായ സാമൂഹിക പ്രശ്നങ്ങളെ പ്രതിഫലിപ്പിച്ച കനപ്പെട്ട കൃതികളുടെ കര്‍ത്താവാണ് ആക്റ്റിവിസ്റ്റും ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഗീത ഹരിഹരന്റേത്. ആദ്യ നോവല്‍ ദി തൗസന്റ് ഫേസസ് ഓഫ് നൈറ്റ് 1993ലെ കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പുരസ്കാരം നേടിയിരുന്നു. രോഹിത് വെമുല വിഷയം പ്രതിപാദിപ്പിക്കുന്ന ഐ ഹാവ് ബിക്കം ദി ടൈഡ് ആണ് ഏറ്റവും പുതിയ പുസ്തകം. ഗീതാ ഹരിഹരനുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്
- താങ്കളുടെ നോവല്‍ ഐ ഹാവ് ബിക്കം ദി ടൈഡ് ജാതിവ്യവസ്ഥിതിയെ സ്പര്‍ശിക്കുന്ന പുസ്തകമാണ്. റോഹിത് വെമുല സംഭവവുമായി അത് എത്രമാത്രം കെട്ടുപിണഞ്ഞിരിക്കുന്നു
ഇന്നത്തെ ഇന്ത്യയെ കുറിച്ചുള്ളതാണ് ഈ പുസ്തകം. സമുദായത്തിന്റെ പേരിലും ജാതിയുടെ പേരിലും ലിംഗത്തിന്റെ പേരിലും ഒരുപാട് വേര്‍തിരിവുകള്‍ നമ്മുടെ സമൂഹത്തിലിന്നുണ്ട്. ഇന്നത്തെ ഇന്ത്യയെ കുറിച്ച് നാം സംസാരിക്കുമ്പോള്‍ നാം എവിടെ നിന്ന് വരുന്നു എന്നതുകൂടി പ്രധാനമാണ്. ഭരണഘടന നിങ്ങള്‍ക്കെല്ലാം തുല്യത നല്‍കുന്നുണ്ട് അതേ സമയം സമൂഹത്തില്‍ പിന്തള്ളപ്പെട്ട സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായി പല കുട്ടികളും സ്കൂളില്‍ സംവരണത്തിന്റെ ആനുകൂല്യങ്ങളില്‍ പഠിക്കുന്നുണ്ട്. പക്ഷെ അവരെല്ലാം അതേ സംവരണത്തിന്റെ പേരില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് വിവേചനം നേരിടുകയാണ്.
എന്റെ നോവല്‍ മൂന്ന് കഥകളെ കേന്ദ്രീകരിച്ചാണുള്ളത്. 12ാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു മനുഷ്യനെ നോവല്‍ രേഖപ്പെടുത്തുന്നുണ്ട്. ജാതിവിവേചനത്തെ കുറിച്ചും അതിനെതിരേയുള്ള മുന്നേറ്റങ്ങളെ കുറിച്ചും നോവല്‍ പ്രതിപാദിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജിലേക്ക് പഠനത്തിന് പ്രവേശിക്കുന്ന ദളിത് വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനങ്ങളെയും നോവല്‍ വരച്ചു കാട്ടുന്നുണ്ട്.രോഹിത് വെമുലയെ കുറിച്ചോ കല്‍ബുര്‍ഗിയെ മാത്രം കുറിച്ചോ അല്ല ഈ കഥ. പകരം ഇവരെയെല്ലാം ഓര്‍മ്മിപ്പിക്കുകയാണ് ഈ നോവല്‍ ചെയ്യുന്നത്.
ജാതി, പ്രതിരോധം, വിയോജനം; ഇന്നത്തെ ഇന്ത്യയില്‍ ഈ വാക്കുകളെ കുറിച്ച് സംസാരിക്കുന്നത് എത്രമാത്രം പ്രധാനമാണ്.
തുല്യതയ്ക്ക് വേണ്ടിയുള്ള കഠിനമായ ശ്രമം രാജ്യം നടത്താത്തിടത്തോളം കാലം ബ്രിട്ടീഷുകാരില്‍ നിന്ന് നാം നേടിയ സ്വാതന്ത്ര്യം അര്ഥവത്താവില്ല. ജാതിവിവേചനം എന്നത് ഇന്ത്യയില്‍ ഉണ്ടെന്ന് അഭിസംബോധന ചെയ്യാത്തിടത്തോളം കാലം സമ്മതിക്കാത്തിടത്തോളം കാലം നമ്മള് സ്വാതന്ത്ര്യം നേടില്ല. ഏന്റെ കുടുംബവും ഞാനും ജാതിയെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല എന്ന് ചിലര്‍ പറയാറുണ്ട്. അത് ചിലര്‍ മാത്രം അനുഭവിക്കുന്ന ആര്‍ഭാടമാണ്. നിരന്തരം ജാതി ആഴ്ന്നിറങ്ങി ജീവിതത്തെ തളര്‍ത്തിയ ഒരുപാട് പേരുണ്ട് ഇന്ത്യയില്‍. അവിടെയാണ് എഴുത്തുകാരുടെ പ്രസക്തി.
- സമൂഹത്തില്‍ ഭയം നിലനില്‍ക്കുന്നുണ്ടോ
നിങ്ങള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്നത് ഭാഗ്യമാണ്. ഭയവും വേട്ടയാടലുമുണ്ടെങ്കിലും പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും സ്വരങ്ങളും സമൂഹത്തിലുണ്ട്. കേരളം അത്തരത്തിലൊരിടമാണ്. ഷഹീന് ബാഗിലെ യുവതയെയും സ്ത്രീകളെയും നിങ്ങള്‍ കാണുന്നില്ലേ. അവിടെ പ്രതിഷേധിച്ച കുട്ടികളെ ഞാന്‍ രണ്ട് വര്‍ഷം പഠിപ്പിച്ചിട്ടുണ്ടെന്നത് ഏറെ അഭിമാനത്തോടെയാണ് ഞാന്‍ കാണുന്നത്.
- ദളിത്, യുവ മുന്നേറ്റത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്.
പ്രതിഷേധങ്ങളിലെ വൈവിധ്യം വലിയ പ്രതീക്ഷയാണ്. എല്ലാ മുന്നേറ്റങ്ങളും ഒരുവിഭാഗത്തില്‍ നിന്ന് മാത്രമുണ്ടാവണമെന്ന് ഒരേ കാര്യമൂന്നണമെന്ന് നമുക്ക് നിര്‍ബന്ധം പിടിക്കാനാവില്ല. ദളിത് മുന്നേറ്റങ്ങളും തൊഴിലാളി മുന്നേറ്റങ്ങളും സ്ത്രീ മുന്നേറ്റങ്ങളും വിവിധ ഭാഗങ്ങളിലായി അരങ്ങേറുന്നുണ്ട്. ഈ വൈവിധ്യങ്ങള്ക്കിടയിലെയും ഐക്യം തകര്‍ക്കാനാണ് തീവ്രവലതുപക്ഷം ശ്രമിക്കുന്നത്. അതുകൊണ്ട് ഈ പ്രതിരോധങ്ങളുടെ സഖ്യം രൂപപ്പെടേണ്ടതുണ്ട്. അതിന് മറ്റു ശബ്ങ്ങളെ നാം കേള്‍ക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് സ്ത്രീ മുന്നേറ്റത്തിന്റെ മാത്രം ഭാഗമായി നിലകൊള്ളാനാവില്ല. ദളിത് മുന്നേററങ്ങള്ക്കൊപ്പം നിന്നു കൊണ്ടാണ് നിങ്ങള്‍ സത്രീ മുന്നേറ്റങ്ങളും നടത്തേണ്ടത്.
- ശക്തമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന എഴുത്തുകാരി എന്ന നിലയില്‍ ഭീഷണിനേരിട്ടിരുന്നോ.
ലോകം മുഴുവനും വെറുപ്പ് പ്രരിപ്പിക്കുകയാണ്. ട്രോളുകളായും കത്തുകളായും ഇമെയിലുകളായും അവ നിങ്ങള്‍ക്ക് നിരന്തരം ലഭിക്കും.അതേസമയം നിങ്ങള്‍ എഴുത്തുകാരാണ്. തെരുവില്‍ നിന്ന് യുദ്ധം ചെയ്യുന്ന പോരാളികളല്ല. അങ്ങനെ നിങ്ങള്‍ ഭാവിച്ചിട്ട് കാര്യമില്ല. അതേസമയം എത്ര ചെറിയ ഇടങ്ങള്‍ ലഭിച്ചാലും അവിടെ നിന്ന് ഞാന്‍ സംസാരിക്കുക തന്നെ ചെയ്യും.
ആക്ടിവിസ്റ്റുകള്‍ നേരിടുന്ന, ഇന്ത്യന്‍ യുവത്വവും വിദ്യാര്‍ഥികളും നേരിടുന്ന് അടിച്ചമര്‍ത്തലുകളും വേട്ടയാടലുകളും താരതമ്യം ചെയ്യുമ്പോള്‍ ഞാനൊന്നും ഒന്നും നേരിടുന്നില്ല.
CONTENT HIGHLIGHTS: Gita Hariharan Interview, MBIFL