മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അശുതോഷ് അംആദ്മി പാര്‍ട്ടിയുടെ തുടക്കകാലം മുതല്‍ പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചു. 2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാന്ദ്‌നി ചൗക് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും അശുതോഷ് പരാജയപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കപില്‍ സിബലിനെക്കാളും വോട്ട് അശുതോഷ് നേടിയിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 2018ല്‍ അദ്ദേഹം പാര്‍ട്ടി വിട്ടു. അശുതോഷിന്റെ രാജി പ്രഖ്യപനത്തോട് കെജ്രിവാള്‍ പ്രതികരിച്ചത് ഈ ജന്മത്തില്‍ നിങ്ങളുടെ രാജി സ്വീകരിക്കാന്‍ എനിക്ക് സാധിക്കില്ലെന്നായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ്, സി.എ.എ, കശ്മീര്‍ വിഷയങ്ങളില്‍ അദ്ദേഹം മാതൃഭൂമിഡോട്ട്‌കോമിനോട് പ്രതികരിക്കുന്നു.

മാധ്യമപ്രവര്‍ത്തകനായ താങ്കള്‍ എ.എ.പിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. പിന്നീട് അത് ഉപേക്ഷിക്കാനുണ്ടായ കാരണം?

മാധ്യമപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനം തന്നെയാണ്. മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുമ്പോഴും കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടായിരുന്നു. എ.എ.പി രൂപവത്കരിച്ചപ്പോള്‍ അതിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായും സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കണമെന്ന കാഴ്ചപ്പാടിലുമാണ് അതിന്റെ ഭാഗമായത്. എന്നാല്‍ ഞാന്‍ നിരാശനായിരുന്നു. അം ആദ്മി പാര്‍ട്ടിയും മറ്റ് പാര്‍ട്ടികളെപ്പോലെ തന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. 2018ല്‍ രാജിവെച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തനം തുടര്‍ന്നു.

ഡല്‍ഹി വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്.

ഡല്‍ഹിയില്‍ എ.എ.പി അധികാരത്തില്‍ തിരിച്ചുവരുമെന്നാണ് ഞാന്‍ കരുതുന്നത്. എത്ര സീറ്റ് കിട്ടുമെന്ന്  എനിക്ക് പറയാനാവില്ല. പക്ഷെ കെജ്രിവാളിനെ പരാജയപ്പെടുത്താന്‍ നരേന്ദ്ര മോദിക്ക് സാധിക്കില്ല. കെജ്രിവാളിന്റെ നേതൃത്വവും എഎപി സര്‍ക്കാരിന്റെ പ്രവര്‍ത്തനവും കോണ്‍ഗ്രസിന്റെ പതനവും ഡല്‍ഹി എഎപിയ്ക്ക് അനുകൂലമാവാനുള്ള കാരണങ്ങളാകും. സമീപകാല തിരഞ്ഞെടുപ്പുകള്‍ പ്രാദേശികതലങ്ങളില്‍ ബി.ജെ.പിയുടെ സംഘടനാസംവിധാനത്തിലെ ന്യൂനതകള്‍ വ്യക്തമാക്കുന്നുണ്ട്.

ഈ ഡല്‍ഹി തിരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. തങ്ങള്‍ അജയ്യരാണൈന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് ശേഷമാണ് കഴിഞ്ഞ തവണ ഡല്‍ഹിയില്‍ എഎപി വിജയം നേടുന്നത്. ഇത്തവണയും എഎപിയ്ക്ക് വിജയം നേടാനായാല്‍ അത് വലിയ നേട്ടമാകും. ബി.ജെ.പി വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് ശക്തിപകരും. പ്രതിപക്ഷത്തിന്റെ യോജിപ്പിലേക്ക് നയിക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെക്കുറിച്ച്?

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങള്‍ക്ക് തന്നെ എതിരാണ് സി.എ.എ. ഒരു തരത്തിലുള്ള വിവേചനവും പാടില്ലെന്നാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. സ്വന്തം പൗരന്മാരെ മതത്തിന്റെ പേരില്‍ വിഭജിക്കാനായി ഭരണകൂടം നിയമമുണ്ടാക്കുന്നത് ഇതാദ്യമായാവും. തീര്‍ത്തും ഭരണഘടനവിരുദ്ധമായ ഈ നിയമത്തെ ചെറുത്ത് തോല്‍പ്പിക്കണം.

സി.എ.എ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മികച്ച നീക്കമായാണ് ഞാന്‍ ഇതിനെ നോക്കിക്കാണുന്നത്. നിയമപരമായി കേരളത്തില്‍ സി.എ.എ നടപ്പിലാക്കാതിരിക്കാന്‍ കേരള സര്‍ക്കാരിന് കഴിയില്ലായിരിക്കാം, പക്ഷെ ഇത്തരത്തിലൊരു ജനവിരുദ്ധ നിയമം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരായ ശക്തമായ രാഷ്ട്രീയ നീക്കമായി അത് മാറി. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഡല്‍ഹി സര്‍ക്കാരുകളും എ.എ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സി.എ.എ വിരുദ്ധ മുന്നേറ്റത്തിന്റെ ഭാഗമാണെന്നത് പ്രതീക്ഷ നല്‍കുന്നു.

കശ്മീരിലെ സാഹചര്യം ഇപ്പോള്‍ എന്താണ്?

കശ്മീരിനെക്കുറിച്ച് ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും സംസാരിക്കുന്നില്ല എന്നത് സങ്കടകരമാണ്. കശ്മീരിലെ അവസ്ഥ ഇപ്പോഴും വളരെ മോശമാണ്. ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങളാല്‍ ജനങ്ങളുടെ ജീവിതം ദുസ്സഹമാണ്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ അവര്‍ക്ക് ഇപ്പോഴും നിഷേധിക്കുകയാണ്. സ്വതന്ത്രമായി സഞ്ചരിക്കാനാകുന്നില്ല. കശ്മീര്‍ വിഷയം പിന്നീട് അന്താരാഷ്ട്രവത്കരിക്കപ്പെട്ടു. നയതന്ത്രപരമായും കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിന് പരാജയം സംഭവിച്ചു.

Content Highlights: former AAP leader Ashutosh interview MBIFL 2020