കാണാം.. പൊല്‍പ്പായ മനയിലെ കല്യാണവരകള്‍

ഫോട്ടോയും വീഡിയോയും വിവാഹാഘോഷത്തിന്റെ അനിവാര്യഘടകമായിത്തീര്‍ന്ന ഇക്കാലത്ത് തന്റെ രേഖാചിത്രങ്ങളിലൂടെ ഒരു നമ്പൂതിരി വിവാഹം പകര്‍ത്തുകയാണ് ആര്‍ട്ടിസ്റ്റ് മദനന്‍. . ആയനിയൂണും ആയിരം തിരി തെറുക്കലും അപ്പം തട്ടിപ്പറിച്ചു കൊണ്ടുള്ള കുഞ്ഞുങ്ങളുടെ ഓട്ടവുമൊക്കെയായി നിരവധി ചടങ്ങുകളുണ്ട് നമ്പൂതിരി കല്യാണത്തിന്. അവ ആര്‍ട്ടിസ്റ്റ് മദനന്റെ വരകളിലൂടെ തെളിയുന്നു.

"മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയില്‍ പുലാമന്തോളിനടുത്ത് വളപുരത്ത് തൂതപുഴയോരത്തുനിന്ന് അല്‍പ്പം വിട്ടുമാറിയാണ് പൊല്‍പ്പായ മന.ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ മൂലഗൃഹം. എന്റെ സുഹൃത്ത് ഡോ വിനോദ് ഭട്ടതിരിപ്പാടിന്റെ(സൈബര്‍ ഫോറന്‍സ്‌ക് വിദഗ്ധന്‍) മകള്‍ ഇന്ദു ചഞ്ചലും തൃശ്ശൂര്‍ കിരാങ്ങാട്ടുമനയിലെ ഉണ്ണിക്കൃഷ്ണനും തമ്മിലുള്ള വിവാഹചിത്രങ്ങളാണ് ഞാന്‍ വരച്ചത്"-മദനന്‍
പൊല്‍പ്പായ മനയുടെ മറ്റൊരു കാഴ്ച
മറ്റു നമ്പൂതിരി കുടുംബങ്ങളുടേതില്‍നിന്ന് വ്യത്യസ്തമായി അഷ്ടഗൃഹത്തില്‍ ആഢ്യന്മാരായ നമ്പൂതിരിമാരുടെ ആയനിയൂണ് ചടങ്ങുകള്‍ തുടങ്ങുന്നത് പതിനാറ് വിളക്ക് എന്ന ചടങ്ങോടെയാണ്. ഒരു മണിക്കൂര്‍ നീളുന്ന ഈ ചടങ്ങ് ആ കുടുംബത്തിലെ ഒരു അന്തര്‍ജനമാണ് ചെയ്യേണ്ടത്. നമ്പൂതിരികുലത്തില്‍ ഇത് ചെയ്യാനറിയുന്ന മൂന്നോ നാലോ അന്തര്‍ജ്ജനങ്ങള്‍ മാത്രമേ ഇന്നുള്ളു. ചടങ്ങുകളുടെ ഭാഗമായി അരിമാവ് കൊണ്ട് അണിയുന്നു.
അരിമാവു കൊണ്ട് അണിഞ്ഞ് നെല്ലു കൊണ്ട് മതിലിട്ടതില്‍ പതിനാറുവിളക്കും തേവരെയും വച്ചത് ശരിയാണോ എന്ന് പരിശോധിക്കുന്ന വധുവിന്റെ അമ്മയുടെ അമ്മ
പതിനാറു വിളക്കു വച്ചതിനു മുന്നില്‍ വധുവിനെ ഇരുത്തി ചടങ്ങിന് ഒരുക്കം പൂര്‍ത്തിയാക്കുന്നു
പരദേവതകള്‍ക്ക് വധു അട നിവേദിക്കുന്നു
പതിനാറുവിളക്കിനും നിവേദ്യത്തിനും മുന്‍പ് വധു കുളി്ക്കുമെങ്കിലും വീണ്ടും ഒരു കുളിയുണ്ട്. വധു കുളിയ്ക്കുക എന്നതിനേക്കാള്‍ വധുവിനെ കുളിപ്പിയ്ക്കുക എന്നതാണ് ശരി. വധുവിന്റെ അമ്മ പൂവട്ടയില്‍ എണ്ണ എടുത്ത് വാല്‍ക്കണ്ണാടിയുടെ വാല്‍ കൊണ്ട് മകളുടെ തലയില്‍ വീഴ്ത്തികൊടുക്കണം. അവിടെ വന്നിട്ടുള്ള മംഗല്ല്യവതികളായ മറ്റു അന്തര്‍ജ്ജനങ്ങളുടെയും തലയില്‍ എണ്ണ വീഴ്ത്തികൊടുക്കണം. പിന്നെ ഈ അന്തര്‍ജ്ജനങ്ങളെല്ലാം കൂടി അഷ്ടമംഗല്ല്യവും വിളക്കും എടുത്ത് വധുവിനെ കുളത്തിലേയ്ക്ക് കൊണ്ടു പോകും. അടിയാത്തി വധുവിനെ എണ്ണ തേപ്പിച്ച് കുളിപ്പിയ്ക്കണം. മറ്റു അന്തര്‍ജ്ജനങ്ങള്‍ കൂടെ കുളിയ്ക്കണം.
ഇനിയാണ് ആയനിയൂണ്. നിലത്തിരുന്നാണ് ഊണ്. നാക്കിലയില്‍. സ്ത്രീകളുടെ മാത്രമായ ഈ ചടങ്ങിന്റെ പ്രധാനകാര്‍മികത്വം വഹിയ്ക്കുന്ന അവിഞ്ഞിക്കാട് രഞ്ജിനി അന്തര്‍ജ്ജനം വധുവിന്റെ വലത്തു ഭാഗത്ത് ഇരുന്നു. മറ്റുള്ള അന്തര്‍ജ്ജനങ്ങളുടെ പ്രതിനിധിയായി ഒരു അന്തര്‍ജ്ജനം ഇടത്തുഭാഗത്തും. മുന്‍പില്‍ നിറപറ, വിളക്ക്, അഷ്ടമംഗല്യം തുടങ്ങിയ അലങ്കാരങ്ങള്‍. പിന്നെ അമ്മ മകളെ പുതിയ ആഭരണങ്ങള്‍ അണിയിച്ച് കറുകമാല ചൂടിച്ച് കണ്ണെഴുതിച്ച് ചന്ദനം കുറിയിടീച്ച് പാലുകൊണ്ട് തലയ്ക്ക് മുകളില്‍ ഉഴിഞ്ഞ് പാചോറ്റിമരത്തിന്റെ തണ്ട് ചൂടിയ്ക്കും. പിന്നെ നെയ്യുകൊണ്ടുഴിഞ്ഞ് നെയ്യുറുണി ചൂടിയ്ക്കും. പിന്നെ അട കൊണ്ടുഴിഞ്ഞ് അടമ്പിന്റെ തണ്ട് ചൂടിക്കും. അവില്‍ കൊണ്ടുഴിഞ്ഞ് അമല്‍പൊരിയുടെ തണ്ട് ചൂടിക്കും. അവസാനം കൈത കൊണ്ടുഴിഞ്ഞ് കൈനാറിപ്പൂ ചൂടിയ്ക്കും. പിന്നെ ആയനിയൂണു തുടങ്ങുകയായി . ചോറു വിളമ്പുന്നതിനു മുന്‍പും പിന്‍പും നെയ്യ് കൊണ്ട് ഉപസ്തരണം. പിന്നെ മറ്റു കറികള്‍. ഊണുകഴിഞ്ഞാല്‍ വധു വെണ്ണകൊണ്ട് പല്ലു തേച്ച് പാലുകൊണ്ട് വായ് കഴുകി മൈലാഞ്ചി കൊണ്ട് കൈ വൃത്തിയാക്കണം. പിന്നെ അവിടെ കൂടിയിട്ടുള്ള മംഗല്ല്യവതികളായ എല്ലാ അന്തര്‍ജ്ജനങ്ങളും കൂടി വധുവിനെ മൈലാഞ്ചിയിടീയ്ക്കണം.
വധു കിഴക്കോട്ട് തിരിഞ്ഞിരുന്ന് വാല്‍കണ്ണാടി വലത്തെ കയ്യില്‍ പിടിച്ച് ആദ്യം മൂന്നു തിരികള്‍ സ്വയം തെറുക്കണം. ബാക്കി തിരികള്‍ മംഗല്ല്യവതികളായ അന്തര്‍ജ്ജനങ്ങളും. ശ്രീകൃഷ്ണ-ശിവ-ശ്രീപാര്‍വ്വതി സ്തുതികള്‍ പാടികൊണ്ട് വേണം തിരികള്‍ തെറുക്കുവാന്‍. വധുവിന്റെ ദീര്‍ഘ്യമാംഗല്യത്തിനു മാത്രമല്ല സ്വന്തം ദീര്‍ഘമാംഗല്യത്തിനു ഇത് നല്ലതാണെന്ന വിശ്വാസമുള്ളതിനാലാണത്രെ അവിടെ കൂടിയ മംഗല്യവതികളായ അന്തര്‍ജ്ജനങ്ങളെല്ലാം വധുവിന്റെ കൂടെ തിരി തെറുക്കുന്നത്. തിരി തെറുക്കുവാന്‍ ചില നിബന്ധനകള്‍ ഉണ്ടത്രെ. കരയുള്ള ഇണവസ്ത്രം കോടി അലക്കിയത് എടുത്ത് ഇരുമ്പ് തൊടാതെ അത് മുഴുവന്‍ പാകത്തില്‍ മുറിച്ച് തിരിയുണ്ടാക്കി ദിശ തെറ്റാതെ വയ്ക്കണം. അതിന്റെ കൂടെ കോടിനൂല്‍ കൊണ്ട് ഒരു ചാണ്‍ നീളത്തിലുള്ള ആയിരം തിരിയും ഉണ്ടാക്കണം. ഇണവസ്ത്രത്തിന്റെ കര കൊണ്ട് ഈ തിരികള്‍ കൂട്ടിക്കെട്ടും. ഈ തിരിക്കെട്ട് കൊണ്ടാണ് പിറ്റേന്ന് വിവാഹത്തിന് വധുവിനെ ആയിരംതിരിയുഴിയേണ്ടത്. ഇതെല്ലാം അവിടെ കൂടിയ അന്തര്‍ജ്ജനങ്ങള്‍ കാണിച്ചു തന്നു.
ചടങ്ങുകള്‍ക്കു ശേഷമുള്ള വിശ്രമം
പൊല്‍പ്പായ മനയിലെ ചടങ്ങുകള്‍ കഴിഞ്ഞ് തൃശ്ശൂരിലെ കല്യാണ ഓഡിറ്റോറിയത്തില്‍ നടന്ന സംഗീതരാത്രി. രഞ്ജന വെണ്‍മണി,വധു ഇന്ദു ചഞ്ചല്‍, എ വി ഉമ,ശുഭ ആര്യമ്പള്ളി എന്നിവരാണ് വേദിയില്‍