കുര

ഒറ്റക്കുരയിൽ
നായ
പൊട്ടിച്ചിതറി
നിലാവിൽ
കുറെ
കൂർത്ത പല്ലുകൾ മാത്രം
തെറ്റിത്തിളങ്ങി

വാള
കയത്തിൽ
ഒരു ഇരുണ്ട മീൻനീക്കം
വാളയാണ്

മഴമൂളി
ചെവിചേർത്താൽ
പുഴയൊഴുകുന്നത് കേൾക്കാവുന്ന
ഈ മുളന്തണ്ടിന്റെ പേര്
മഴമൂളി

മുള്ളൻപന്നി
ഇന്നലെ
രാത്രിമുറ്റത്ത്
മുള്ളൻപന്നി വന്നു
ഇന്ന് രാവിലെ
വെയിലത്ത്
നീളമുള്ള മുള്ള് കണ്ടു

എന്റെ ആത്മഹത്യാക്കുറിപ്പ്
പ്രിയ മിത്രമേ,
ഈ കപടലോകത്തിൽ
ആത്മാർഥമായ കാപട്യമില്ലാതെ
പിടിച്ചുനിൽക്കാനാവില്ല
അതുകൊണ്ട്
ഞാൻ 'ആത്മഹത്യ' ചെയ്യാൻ
തീരുമാനിച്ചു
ഈ കപട ജീവിതത്തിലേക്കു തന്നെ

കൊച്ചകളുടെ നദി
ഡിസംബറിനും
ജനുവരിക്കും ഇടയിലെ
കുളിരുമൂടിയ ചാലിലൂടെ
കൊച്ചകളുടെ
ചെറുനദി ഒഴുകുന്നു

പറക്കുന്ന ഓന്ത്
തെങ്ങിൽ നിന്ന്
തെങ്ങിലേക്ക്
പറക്കുന്നു
ഓന്ത്

ചുറ്റൽ
വലിയ പൂമ്പാറ്റയോ
ചെറിയ കടവാതിലോ
മുറിയിൽ
ചുറ്റിപ്പറക്കുന്ന
നനഞ്ഞ നിഴൽ

ജനുവരി
ജനുവരി ഒരു മധുരനാരങ്ങ
അധികം പഴുക്കാത്ത
പുളിമധുരമുള്ള
ഒരു കുടക് നാരങ്ങ

തോന്നൽജലം
അലയലയായി
മരുമലയിലേക്ക്
പടരുന്നു
ജലം
എന്ന
തോന്നൽ

Content Highlights: World Poetry Day Ten Poems by Artist K. Shareef