മുക്കൂറ്റിപ്പൂക്കൾ എവിടെപ്പോയി?:
മഞ്ഞനിറമുള്ള ഇഷ്ടികകൾ വിരിച്ച
മുറ്റം നോക്കി ഞാൻ ഉറക്കെ ചോദിക്കുന്നു.
*********
നികത്തിയ കുളം മറുപടി പറയുന്നില്ല
പുഴയുടെ ശബ്ദമടഞ്ഞിരിക്കുന്നു
വെയിൽ ശിരസ്സിൽ കൂടം പോലെ ആഞ്ഞടിക്കുന്നു
ഞാൻ ഒരു കോടാലിയായി ഉരുവംകൊള്ളും വരെ.
*******
എന്റെ ദൈവമേ, എന്റെ ദൈവമേ,
നീ മുക്കൂറ്റിപ്പൂക്കളെ എന്ത് ചെയ്തു?
******
ആകാശം ഇറങ്ങിവന്ന് അട്ടഹസിക്കുന്നു:
നീ എന്റെ തണൽ മരങ്ങളെ എന്ത് ചെയ്തു,
എന്റെ വയലുകളെ, വനപ്പരപ്പുകളെ,
അരുവികളെ, കുരുവികളെ?
******
ഒരു കാക്ക പറന്നിറങ്ങി എന്റെ ശിരസ്സിൽ മേടുന്നു
നെറ്റിയിലൂടെ ചോരയൊലിച്ചു വീട്ടിലേയ്ക്ക്
പായുമ്പോൾ ഞാൻ ചോദിക്കുന്നു:
എന്റെ മുക്കൂറ്റിപ്പൂക്കൾ എവിടെ പോയി?
*****
വീടിരുന്നിടത്ത് വീടില്ല
കോൺക്രീറ്റിൽ പണിത ഒരു നിലവിളി മാത്രം!

Content Highlights:World Poetry Day Satchidanandan Poem Concrete