നിലാവത്തിരുന്ന് പാരിജാതത്തളിരുകൊണ്ട് പുതപ്പു തുന്നിത്തരുന്ന
ഒരുവനുണ്ട്.
തീർത്തും അപരിചിതമായ ഒരു
നഗരത്തിന്റെ ഏതോ ചെരുവിലിരുന്ന്
അയാളെന്റെ കുപ്പായക്കുടുക്കുകളിൽ
നക്ഷത്രങ്ങളെ കൊളുത്തിയിടുന്നു.
കണ്ണുകളിൽ സർപ്പസുഗന്ധി നട്ടു വയ്ക്കുന്നു
രാത്രിയിരുട്ടത്ത് മുടിയഴിച്ച് ചമ്പകമണത്തെക്കുടിച്ച് ഉന്മത്തനാവുന്നു.
വിളറിയ ഒരു വെളുപ്പാൻ കാലത്തിലേയ്ക്ക്
എന്റെ കൈപിടിച്ചു കേറുന്നു.
ഉണങ്ങിവറ്റിയ എന്റെ മുലക്കണ്ണുഷ്ണിക്കുന്നു.
ഇനിയും ശമിക്കാത്ത എന്റെ
പ്രിയപ്പെട്ട
മുറിവേ എന്ന്
അയാൾക്കൊഴിച്ചിട്ട
തണുത്ത മുറിയിലേയ്ക്ക് എന്റെ പ്രേമം
ആഭിചാരപ്പെടുന്നു.
ധ്യാനാത്മകമായ ഒരു
മൗനത്തിലേയ്ക്ക് ഞാനവനെ പരിഭാഷപ്പെടുത്തുന്നു.

പുരാതന ലിപിയിലെഴുതിയ
പ്രണയപുസ്തകങ്ങൾക്കിടയിൽ ഞങ്ങളിരിക്കുന്നു.
എനിയ്ക്കയാളെ ശ്വസിക്കാം.
തളിർത്തും വരണ്ടും വിണ്ടും
വേനൽച്ചാലുകളുള്ള എന്റെ
ഉടൽപ്പാളികളിലേയ്ക്ക് അയാളൊരു
ഭൂതകാലപ്പച്ച പടർത്തിവിടുന്നു.
ഭ്രമിച്ചു ഭ്രമിച്ചെനിയ്ക്ക് ഉയിരുവേവുന്നു.
എന്റെ കറുത്ത മൂക്കുത്തിവട്ടത്തിലേയ്ക്ക്
ഭ്രാന്തുപൂക്കുന്നതയാൾ കാണുന്നു.
പൂർവകാലത്തിലേയ്ക്ക്
ഞാൻ ആലസ്യപ്പെടുന്നു.
പ്രിയപ്പെട്ട മനുഷ്യാ,
നിന്റെയെത്ര വസന്തങ്ങളിൽ കിടന്നാണ് എന്റെ
പ്രണയ ഞാവലിങ്ങനെ മധുരിച്ചെരിയുന്നത്.
എത്രയെത്ര ഇലപൊഴിഞ്ഞാണ്
ഹൃദയത്തിലൊരു പച്ചമരം വേരുപിണയുന്നത് - ഞാനൊരു കാടാവുന്നത്

Content Highlights: World Poetry Day Priyappetta Manushya Poem Written by LikhithaDas