പൂക്കാത്ത കാടുകളുടെ
കുന്നിറങ്ങി ചെന്നു നീർന്നത്
വർഷങ്ങൾക്കു മുമ്പുള്ള
ഒരു വേനൽക്കാലത്തിലേക്കാണ്.
വെയിലു ചാഞ്ഞു വീണ
വീടിന്റെ ചുവരിൽ
രണ്ട് നിഴലുകളപ്പോൾ
ഒരു ചെടി നടുകയായിരുന്നു.
ഏറ്റക്കുറച്ചിലുകളുടെ
'മൺവെട്ടി..', 'വെള്ളം...'എന്നീ
നിർത്തിപ്പാടലുകൾക്കൊപ്പം
മണ്ണിലൊട്ടിയൊരു തഴമ്പിച്ച വിരൽ
അടുത്തുള്ള കറിവേപ്പിൻ
തൈയ്യിന്റെ നെറുകന്തലയോളം
പൊക്കത്തിൽ നീണ്ടു കൂർത്തു.
കേട്ടപാതി
ഒരു മൺവെട്ടിയുടേയോ
ഒരു പാത്രം വെള്ളത്തിന്റേയോ
കനത്തിൽ,
നനഞ്ഞ മണ്ണിലോട്ട്
കൂടുതൽ കുഴിഞ്ഞു പോയ
ചെരിപ്പിടാത്ത കുഞ്ഞു കാലുകൾ
സ്വയം പറിച്ചെടുത്തോടി വന്നു.
പെട്ടെന്ന്,
നരച്ച വെയിലിന്റെ പിറക് പറ്റി
നിഴലുകൾ വീടൊഴിയാനും
വീടിന്റെ ചുവരുകളിടിയാനും
തുടങ്ങി.
ഉച്ചത്തിലൊരു കൊളുത്തിളകാനും
ജനൽച്ചില്ലുകൾ ഉടഞ്ഞു വീഴാനും
തുടങ്ങി.
ചുരുണ്ടു കേറിയ ഇരുട്ടിൽ
മുറിഞ്ഞു വീണ മരത്തിന്റെ
ശബ്ദം പോലൊന്ന് കേട്ട്
ഞെട്ടി ഞാൻ ജനലു തുറന്നു.
മരിച്ചു പോയ മരങ്ങളുടെ
ശവയാത്ര പോകുന്നത്
ശ്വാസമടക്കി കണ്ടു.
കാഴ്ചകളുടെ മറവേലിക്കപ്പുറത്ത്
അടുത്ത പകലെത്തും വരെ
വീശിയേക്കാവുന്ന
തണുത്ത കാറ്റിനെ കാത്ത്,
മണം കൊണ്ട് അടയാളപ്പെടുത്തി
ഓരോ മരത്തെയും മുറുക്കെ
അടച്ചു വെച്ച മന്ത്രപ്പെട്ടിക്ക് കുറുകേ
വീണ്ടും മുഖമമർത്തി കിടന്നു.

Content Highlights:World Poetry Day Poem Marananandaram Written by Ardra Akshari