ഴയ നഗരത്തിന്റെ നിശാചക്രവർത്തിനി.
ലാജവന്തി!
തെരുവിന്റെ തുലവുകൾക്കു മീതെ
പൂത്തുലഞ്ഞ വസന്തവൃക്ഷം...
പ്രണയത്തിന്റെ കരകാണാക്കടൽ...
ചുങ്കക്കാരും പാപികളും പുണ്യവാളന്മാരും
ആ സ്നേഹക്കടലിൽ ആവോളം നീന്തിത്തുടിച്ചു.
വർത്തകർ, അവളുടെ താലത്തിലേക്ക്
വരാഹനുകൾ വാരിച്ചൊരിഞ്ഞു.
ഊടാടിനടക്കുന്ന ഗായകരും സ്നേഹയാചകരും
ആ പാദാംബുജത്തിൽ ചുംബനമർപ്പിച്ചു.
എത്ര പകർന്നാലു,മൊഴിയാത്ത മധുഭാജനം!
വിജാഗിരികൾ ഇളകിയാടുന്ന അരമനവാതിലുകൾ
എന്നേരവും മലർക്കെ തുറന്നുകിടന്നു.
*******
കാറ്റ്, കാട്ടുപിച്ചിത്തഴപ്പുകളെ കുഴച്ചുമറിക്കുന്ന
ഒരു വേനൽപ്രഭാതത്തിൽ,
എല്ലാവരേയും ഹതാശരാക്കിക്കൊണ്ട്
നഗരാതിർത്തിക്കപ്പുറത്തെ ജലപ്പരപ്പിൽ
അതാ, അവളുടെ നിശ്ചേതനഗാത്രം!
ഓളങ്ങൾ ചാഞ്ചാടുന്ന ജലശയ്യമേൽ
പാതിയിൽ വെച്ചവസാനിപ്പിച്ചൊരു മന്ദസ്മേരവുമായ്,
തിരശ്ചീനയായ് സ്വസ്ഥം ശയിപ്പതുണ്ടവൾ...
ദാഹാർത്തന്, തന്റെ തളിർത്ത ചൊടികളും,
വിശക്കുന്നവന് സമൃദ്ധശരീരവും
ഉദാരമായ് പങ്കിട്ടുകൊടുത്തവൾ...
പരാജിതനെയും തിരസ്കൃതനെയും
വക്ഷസ്സോടു ചേർത്തണച്ചവൾ...
*******
ഇവൾ നമ്മുടെ മിശിഹ!
ഈ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ!
തകർന്ന ഹൃദയത്തോടെ കവി ഉദ്ഘോഷിച്ചു
*******
'ഹാ, എന്റെ അനശ്വരയായ ഒഫീലിയ!'
ചിന്തകൻ, വിറയാർന്ന വിരൽത്തുമ്പാൽ
താമരയിലയിൽ മൃത്യുലിഖിതം കോറിയിട്ടു.
തന്ത്രിവാദ്യക്കാരൻ, ആറ്റിറമ്പിലെ
ഇളംവയലറ്റ് പൂങ്കുലകളിറുത്തെടുത്ത്,
പുഷ്പകിരീടം മെനഞ്ഞ് ആ ശിരസ്സിലണിയിച്ചു.
ആമ്പലുകൾക്കും ധവളപുഷ്പങ്ങൾക്കുമൊപ്പം
വിടർന്നുലഞ്ഞ മറ്റൊരു ജലപുഷ്പമായ് ലാജവന്തി!
ആ തുറന്ന മിഴികളിൽ, നീലിച്ച ആകാശവും
കെട്ടഴിഞ്ഞുപാറുന്ന മുകിലുകളും പ്രതിഫലിച്ചു.
ആയിരം കരിനാഗക്കുഞ്ഞുങ്ങളായ്ച്ചിതറിയ മുടിയിഴ!
*******
അവളുടെ മാറിടത്തിന്റെ താഴ്​വാരത്തിലും
അടിവയറിന്റെ സ്നിഗ്ധതയിലും
ചെറുമീനുകൾ ഉരുമ്മിനടന്നു.
വേലിയേറ്റത്തിന്റെ ആരോഹണത്തിൽ
തിരകൾ ഇരമ്പത്തോടെ ആർത്തുവന്ന്
അവൾക്കുനേരെ കരങ്ങൾ നീട്ടി.
അങ്ങനെ കടലോളം സ്നേഹം പകർന്നവളേ
കടൽ തന്നെ ഏറ്റുവാങ്ങി:
വമ്പിച്ച ആമോദത്തോടെ, ശബ്ദഘോഷങ്ങളോടെ
സമുദ്രഗർഭത്തിന്റെ ആഴങ്ങളിലേക്ക്,
ഇളംചൂടാർന്ന അത്യഗാധതയിലേക്ക്..

Content Highlights: World Poetry Day Poem Lajavanthi Written by Poet Rose Mary