ന്ന്.
ചാത്തൻ പോയത്,
മാട്ടം പിടിച്ചോണ്ട്
വെള്ളമെടുക്കാൻ പോയ
ചാത്തൻ കാവിയുടുത്ത്
കടൽ നീന്തി അക്കരെ
പോയത് കെട്ടിയവൾ
കൊള്ളാഞ്ഞിട്ട് ആണെന്നെ
ഇവിടത്തുകാർക്ക് അറിയുള്ളൂ.
കടലിനക്കരെ നിന്ന്
നീലപച്ച ഭൂപടത്തിലെ
പടിഞ്ഞാറെ വീട്ടിലേക്ക്
കല്ലേറുനടത്തുന്നത് അവന്റെ
ചത്ത പ്രേതമാണെന്ന്
കെട്ടിയവൾ കരുതി.
അന്നൊരിക്കൽ,
കഞ്ഞി തിളപ്പിക്കാൻ
കുടിവെള്ളലോറിക്ക്
ക്യൂ നിൽക്കുവായിരുന്നു
കെട്ടിയവൾ.
കഞ്ഞിക്ക് നേരം തെറ്റിയതിന്
പിള്ളേരെയും പെറ്റ തള്ളനേം
തല്ലി പുലയാട്ട് പാടി
മാട്ടമെടുത്ത് നടന്നുനടന്ന്
വെട്ടൻപ്ലാവിന്റെ ചോട്ടിൽ
എത്തിയപ്പോൾ ചാത്തൻ
കുത്തിയിരുന്നു.
പെട്ടെന്നുണ്ടായ
അന്നേരത്തെ വെളിപാടിൽ
കയ്യിലെ മാട്ടം വലിച്ചെറിഞ്ഞ്
വീട്ടിലോട്ട് ഓടിയെത്തി.
ഒറ്റവാക്ക് മൊഴിയാണ്ട്
കള്ളിമുണ്ടു മാറ്റി കാവി ഉടുത്തു
നേരം തെറ്റാണ്ട് കഞ്ഞികുടിക്കാൻ
തിരിഞ്ഞു നോക്കാതെ
വീട്ടിന്നു ഇറങ്ങുമ്പോൾ
ചാത്തന്റെ കഥകൾ തീരുന്നു.
രണ്ട്.
കെട്ടിയവൾ ചെയ്തത്,
വെള്ളം തൊടാണ്ട് പിള്ളേര്
തൊണ്ട വറ്റി ഉറങ്ങിയപ്പോൾ
നട്ടപ്രാന്ത് കേറി
അവൾ ഇറങ്ങി പോയില്ല.
ഉറക്കം കിട്ടാത്ത
ഒരു വെളുപ്പാൻ കാലത്ത്
മുഷിഞ്ഞ തുണി മാറിയിട്ട്
മുടി ഉച്ചിയിൽ കെട്ടി
ചാത്തന്റെ പെട്ടിന്നൊരു
കാവിമുണ്ട് വാരിച്ചുറ്റി
തൂമ്പയെടുത്ത് മണ്ണിന്റെ
ഉള്ളങ്ങളിലേക്ക് അവൾ
കിനിഞ്ഞിറങ്ങി.
ആ കാഴ്ച കണ്ടവരാകമാനം
ആണില്ലാത്ത വെഷമം
തീർക്കുന്ന പെഴച്ചവളെന്നു
അടക്കം പറഞ്ഞതൊന്നും
അവൾ കേട്ടില്ല .
പത്താം പകലിന്റെ
നട്ടുച്ച വെയിലിൽ
ആൾ പൊക്കത്തിലെത്തിയ
കുഴിയിൽ നിന്നൊരു
നനവൂറി വന്നു.
അന്നേരം വെള്ളം കണ്ടു
തുള്ളിയ പിള്ളേരുടെ
വിളികേട്ട് നാട്ടാരെല്ലാം
ഓടിക്കൂടി.
അരയ്ക്കൊപ്പമെത്തിയ
നീരിന്റെ ഉയർപ്പിൻ
മേളത്തിൽ
കുഴിയിൽ നിന്നവൾ
പൊങ്ങി വന്നതും.
കണ്ടവരൊക്ക
വാ തുറന്നു നിന്നു.
ആരെയും കൂസാതെ
മോന്തയിൽ യാതൊന്നും
തെളിക്കാതെ.
കുടത്തിൽ വെള്ളംകോരി
ചെളി കഴുകി
കാവി തെളിച്ച്
ഉമ്മറതിണ്ണയിലവൾ
ചമ്രം പടിഞ്ഞിരുന്നു.
ഇറങ്ങി
പോവാത്തവളുടെ
കുത്തിയിരുപ്പിൽ
ചാത്തൻ നിവാസിൽ
ഒരു 'പെൺബുദ്ധൻ'
ജനിക്കുന്നതും,
അവളുടെ കഥ
തുടങ്ങുന്നതും
ഇങ്ങനെയാണ്...

Content Highlights: World Poetry Day poem by VidyaBaburaj Irangippovathavalude Suvishesham