മുപ്പത്തി മുക്കോടി
മുത്തപ്പായികളേയെന്നൊരു
വിളി.
അയാൾ
കാണായ പാടത്ത് തേവി,
പാട്ടുകൾ ചീറ്റി,
വയലായവയലിൽ കൊയ്ത്,
കൊരല് കത്തിച്ച്,
ഇറങ്ങി വരും.
ഉയിര് കറയ്ക്കും.
വിയർത്ത് മണക്കും.
കള്ള് നക്കും.
കാണണേ...കേക്കണേ...
പൊന്നുപടച്ചമ്പരാനേയെന്നൊരു
മുക്ര.
ഒരു ചീറൽ.
ഒരു ആന്തൽ.
ഒരു തൊടൽ.
ഒരേ വെയിലത്ത്
നൃത്തം വെച്ച പെണ്ണുങ്ങൾ,
ഒരേ മഴയത്ത് തുപ്പിയ തോടുകൾ,
ഒരേ കാറ്റത്ത് പെറ്റ കിടാങ്ങൾ
ഓടി വരണ്
ഉറയണ് തുള്ളണ്
പാറ്റണ്
അയാളുടെ നെറുകും തലയിൽ,
ഭൂമിയിൽ,
പള്ളയിൽ.
കൊല്ലിയിൽ.
ഞങ്ങടെ ചേറിൽ.
അയാൾ
ദേശത്തൂടെ പാഞ്ഞ് കേറുന്നു.
അതിരുകൾ കത്തിക്കുന്നു.
വീടുകൾ തോറും അലയുന്നു.
അന്നം പങ്കിടുന്നു.
മലയുച്ചിയിൽ നഗ്നനായ്
മുരളുന്നു.
വിടരുന്നു.
കൊഴിയുന്നു.
രാത്രി വെട്ടിയിട്ട
പായേലഴിഞ്ഞു പോയ മുണ്ട് പരതുമ്പോൾ,
പല്ല് തേക്കാൻ
ഉമിക്കരിതൂക്കാത്രം തപ്പുമ്പോൾ,
വീടിന്റെ
പടിഞ്ഞാറ്റേലെ
ജനവാതിലിലൂടെ
ഒരു ഞെരക്കം.
ഒരു വെട്ടം.
ഒരു ദേശം.
അയാൾ

Content Highlights: World Poetry Day Poem by Rahul Manappattu oru Deshathil Sooryan Jeevichathupole Oral