വിയും സാഹിത്യ അക്കാദമി അവാർഡ് ജോതാവുമായ എം.ആർ. രേണുകുമാറിന്റെ കവിത :

ഓടിക്കളിച്ച മണ്ണിൽ
ഒരുവീട് വെക്കണം
മുന്നുമുറികളും
അടുക്കളയും തിണ്ണയുമുള്ള
ഓടിട്ട ഒരുവീട്
********
ചുവരുകൾ
ഒറ്റക്കട്ടയ്ക്ക് കെട്ടണം
ചാന്തിന് കുമ്മായം മതി
********
തിണ്ണയിലിരുന്ന് നോക്കിയാൽ പാടത്തിനപ്പുറം
തോട്ടിലൂടെ പടിഞ്ഞാട്ട്
ബോട്ടുപോകുന്നത് കാണണം.
********
തേങ്ങയും ഓലയും വീണ്
ഓടുപൊട്ടാതിരിക്കാൻ
കൊന്നത്തെങ്ങിൻ തലപ്പിനെ
കമ്പിവടംകൊണ്ട്
തെക്കോട്ട് വലിച്ചുകെട്ടണം.
********
തേക്കാത്ത ഭിത്തികൾ
തേക്കുന്നതും
ജനലുകൾക്ക് പാളികൾ
പണിയുന്നതുമോർത്ത്
മുറ്റത്തെ അലക്കുകല്ലിൽ
തലപുകച്ചിരിക്കണം.
********
എന്റെ മുറിയിൽ
പലകപാകിയ
കട്ടിൽ പണിതിടണം
അമ്മയുടെ മുറിയിലും
അച്ചന്റെ മുറിയിലും
കയറ്റുകട്ടിലുകൾ മതി.
********
എന്റെ കട്ടിലിൽ
ഞാൻ കിടക്കുമായിരിക്കും
അമ്മയുടെയും
അച്ചന്റെയും കട്ടിലുകളിൽ
അവരിനി കിടക്കില്ലല്ലോ
********
എങ്കിലും
അവർക്കുള്ള
ഇടം ഒഴിച്ചിടണം

Content highlights :World Poetry Day Malayalam Poem Ottakkatta by M.R Renukumar