ടിച്ചുയർത്തിയ പന്തല്ല
താഴെ വീണ പന്ത്.
ആ പന്തിന്റെ
ഉയർച്ചയ്ക്ക് മുൻപും
വീഴ്ചയ്ക്ക് പിൻപുമുള്ള
നിശ്ചലതകൾക്കിടയിലുണ്ട്
ഒരു യാത്രാവിവരണം.
അലമാരയിലുള്ള പന്ത്
ചാടിച്ചത്തവനെ പോലെ
ഭൂഗുരുത്വത്തിലേക്ക് കൊഴിഞ്ഞ ഒരു തൂവലല്ല.
ജനാലയ്ക്കലെ കിളിയെ പോലെ,
പന്ത് അതിന്റെ
സ്ഥിതികോർജ്ജത്തിൽത്തന്നെ പറക്കലറിയുന്നു,
കൈകളെ കാത്തിരിക്കുന്നു.
ആ പന്തിന്റെ പറന്നുയരലിൽ
അച്ചുതണ്ടിലെ ഉന്മത്തമായ ഭ്രമണത്തിൽ
ത്രസിക്കുന്നുണ്ട്
ഉയർച്ചയുടെ ഏകാന്ത ഭയങ്ങൾ.
ആ പന്തിന്റെ പതനത്തിൽ,
ആരോ ക്യാച്ചെടുത്തവസാനിപ്പിക്കുന്ന
ചില കളി ജീവിതങ്ങളുടെ വിരാമ നിമിഷങ്ങൾ.
പറന്നും വീണും
ജഡത്വത്തിലേക്ക് തിരിച്ചെത്തുന്ന പന്തിനറിയാം
മടങ്ങിയെത്തുന്ന പ്രവാസി തൊഴിലാളിയെ,
ഉൽക്കയുടെ അനാദിയായ തറഞ്ഞിരിപ്പുകളെ,
കോഴിച്ചിറകുകളുടെ ഒപ്പമെത്താനുള്ള ശ്രമങ്ങളെ.

Content Highlights: World Poetry Day Adichyarthiya Panthinte chayachitram Poam by Adithya Shankar