ആദ്യമായി ഒരു പത്താന്‍കാരനെക്കുറിച്ച് വായച്ചത് എപ്പോഴാണ്? വര്‍ഷങ്ങള്‍ക്ക് മുമ്പ്, രബീന്ദ്രനാഥ ടാഗോറിന്റെ 'കാബൂളിവാല' എന്ന കഥയിലാണ് അങ്ങിനെയൊരാളെ ആദ്യമായി കണ്ടുമുട്ടിയത്. പര്‍വ്വതങ്ങളാല്‍ച്ചുറ്റപ്പെട്ട ഒരു വിദൂരദേശത്ത്‌നിന്ന്, ഉണക്കമുന്തിരിയുമായി കൊല്‍ക്കത്തയിലെ വീട്ടുമുറ്റങ്ങളില്‍ എത്തുന്ന ആജാനബാഹു. അയാളും മിനിയും തമ്മിലുള്ള അടുപ്പം. അയാളുടെ മുഷിഞ്ഞ വസ്ത്രത്തിനുള്ളില്‍ കാത്തുവച്ചിരുന്ന സ്വന്തം മകളുടെ ചിത്രം... കരഞ്ഞുകൊണ്ടല്ലാതെ അന്നും ഇന്നും ആ കഥ വായിച്ചുതീരില്ല. ഗോത്രവര്‍ഗ്ഗമെന്നും പരസ്പരം പോരടിക്കുന്നവരെന്നും മുദ്രകുത്തപ്പെട്ട ഒരു വംശത്തെക്കുറിച്ച്, സ്‌നേഹത്തില്‍ച്ചാലിച്ചെടുത്ത കഥ. ലോകപൗരനായ ടാഗോറിന് മാത്രമേ അങ്ങിനെയൊന്ന് സങ്കല്‍പ്പിക്കാന്‍ സാധിക്കൂ.

ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കാനെത്തിയ മുന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായിയെ കണ്ടും കേട്ടും ഇരുന്നപ്പോള്‍ വീണ്ടും കാബൂളിവാലയെ ഓര്‍ത്തു. കര്‍സായി അത്രമാത്രം വാക്കുകളില്‍ തെളിഞ്ഞു; ഇന്ത്യയോടുള്ള സ്‌നേഹത്തിന്റെ കെട്ടഴിച്ചു; വിദ്യാര്‍ത്ഥിയായി സിംലയിലെ മലനിരകളില്‍ അലഞ്ഞ നാളുകള്‍ ഓര്‍ത്തു;മിര്‍സാ ഗാലിബിനേയും കാളിദാസനേയും ടാഗോറിനേയും വാക്കുകളാല്‍ വണങ്ങി. ഹിന്ദി സിനിമാഗാനങ്ങള്‍ മൂളി;തന്റെ രാജ്യത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ തിരുത്തി.

അഫ്ഗാനിസ്ഥാനിലെ ഒരു ചെറുഗ്രാമത്തില്‍ ജനിച്ച കര്‍സായി ഇന്ത്യയില്‍, സിംലയില്‍ വിദ്യാര്‍ത്ഥിയായി ജീവിച്ച കാലത്തെക്കുറിച്ച് ഹൃദ്യമായാണ്  സംസാരിച്ചത്. ആ ദിനങ്ങളെക്കുറിച്ച് പറയുമ്പോള്‍ എത്രയോ പോരാട്ട ഭൂമികളിലൂടെ കടന്നുപോന്ന, എത്രയോ വധശ്രമങ്ങളെ അതിജീവിച്ച ഒരാളുടെ ഭാവമായിരുന്നില്ല കര്‍സായിയ്ക്ക്. മറിച്ച്, സ്വാസ്ഥ്യം നിറഞ്ഞതും കാവ്യാത്മകവുമായ ഒരു കാലത്തെ ഉള്ളില്‍ സൂക്ഷിക്കുന്ന പ്രണയിയുടെ മുഖമായിരുന്നു.

സിംലയിലേക്ക് ഡല്‍ഹിയില്‍നിന്നുള്ള തീവണ്ടിയും അവിടത്തെ മരങ്ങളും താമസിച്ച സ്ഥലങ്ങളുമെല്ലാം ഈ മനുഷ്യന്‍ വ്യക്തമായി ഓര്‍ത്തു. ഇത്തവണയും ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മിര്‍സാ ഗാലിബിന്റെ കവിതകള്‍ തേടി തെരുവുകളില്‍പ്പോയത് പറഞ്ഞ് ചിരിച്ചു. സിംലയില്‍വച്ച് കണ്ട സിനിമകള്‍ ഓരോന്നും ഓര്‍ത്തു. ചില ഗാനങ്ങള്‍ സദസ്സ് പാടിയപ്പോള്‍ കര്‍സായി സിനിമയുടെ പേര് പറഞ്ഞുകൊടുത്തു. നസീറുദ്ദീന്‍ ഷായുടെ അഭിനയത്തെ പുകഴ്ത്തി...

അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തിന് അല്‍പ്പമെങ്കിലും ചിട്ടയുണ്ടാക്കിയ ആളാണ് ഹമീദ് കര്‍സായി. തന്റെ രാജ്യത്തോടുള്ള ഈ മനുഷ്യന്റെ സ്‌നേഹം അപരിമേയമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് രാജ്യത്തെ നല്ല രീതിയില്‍ മാറ്റിമറിക്കാന്‍ സാധിച്ചത്. അഫ്ഗാനിസ്ഥാനെപ്പറ്റിയുള്ള എല്ലാ എഴുത്തുകളിലും ആവര്‍ത്തിക്കുന്ന ഒരു കാര്യമാണ് ആ രാജ്യത്തിന്റെ ഗോത്രസ്വഭാവം. പരസ്പരം പോരടിക്കുന്ന കുറേ ഗോത്രങ്ങളുടെ ഒരു സംഘാതമാണ് അഫ്ഗാനിസ്ഥാന്‍ എന്ന് എപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു. 

എന്നാല്‍ ഇത് വിദേശ മാധ്യമങ്ങളുണ്ടാക്കിയ കെട്ടുകഥയാണ് എന്ന് പറയുന്ന കര്‍സായി. എല്ലാ വലിയ രാജ്യങ്ങളെയും പോലെ അഫ്ഗാനിസ്ഥാനും ഒറ്റക്കെട്ടായ രാജ്യമാണ്. പോരടിക്കുന്നതിനേക്കാള്‍ അവര്‍ക്കിടയില്‍ സ്‌നേഹവും സാഹോദര്യവുമുണ്ട്. എന്നാല്‍ അതെഴുതാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ആപ്രിക്കോട്ടും മുന്തിരിയുമെല്ലാം വിളയുന്ന, ശുദ്ധമായ കാറ്റ് ചുറ്റിനടക്കുന്ന പ്രകൃതിസമൃദ്ധമായ ഒരു അഫ്ഗാനിസ്ഥാനുണ്ട്. ആരെങ്കിലും ഇതേവരെ അതിനെക്കുറിച്ച് എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്ന്‌ചോദിക്കുന്നു അഫ്ഗാനിസ്ഥാന്റെ ഈ മുന്‍ പ്രസിഡണ്ട്.

അമേരിക്കയുടെ ചെയ്തികളോടുള്ള കര്‍സായിയുടെ എതിര്‍പ്പ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നു.ഏറെ മാന്യമായി കര്‍സായി അമേരിക്കയെ വാക്കുകളാല്‍ ഖണ്ഡിച്ചു.താന്‍ പരിചയിച്ച രണ്ട് അമേരിക്കല്‍ പ്രസിഡണ്ട്മാരെ കര്‍സായി ഇങ്ങനെ നിര്‍വചിച്ചു:ബുഷ് ഒരു ഭൂപ്രഭുവിനെപ്പോലെ;എന്നാല്‍ ഒബാമ ഒരു സ്‌കൂള്‍ അധ്യാപകനെപ്പോലെ.ഹമീദ് കര്‍സായി വേദി വിട്ടപ്പോള്‍ പര്‍വ്വതങ്ങളിലെ കാറ്റ് പടികടന്നുപോയതുപോലെ;ടാഗോറിന്റെ കാബൂളിവാല വീട്ടില്‍നിന്ന് പോയതുപോലെ.....

jaipur literature festival

************************************************
'നിന്നെക്കുറിച്ചാര് പാടും 
ദേവി നിന്നെത്തിരഞ്ഞാര് കേഴും?'

എന്ന് വി.മധുസൂദനന്‍നായര്‍ ഗംഗയെക്കുറിച്ച് കവിതയെഴുതിയത് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഇപ്പോള്‍ ഗംഗയെക്കുറിച്ച് പാടാനും കേഴാനുമായി ഒരാള്‍ വന്നിരിക്കുന്നു: വിക്ടര്‍ മാലറ്റ് എന്ന പത്രപ്രവര്‍ത്തകന്‍. മാലറ്റ് എഴുതിയ 'റിവര്‍ ഓഫ് ലൈഫ്,റിവര്‍ ഓഫ് ഡെത്ത്' എന്ന പുസ്തകം ഗംഗയുടെ ചരിത്രവും വര്‍ത്തമാനവും നിറഞ്ഞതാണ്. എങ്ങിനെയാണ് ഇന്ത്യ ഗംഗയെ ആരാധിക്കുന്നത് എന്നും എങ്ങിനെയാണ് ഗംഗയെ കൊല്ലുന്നത് എന്നും മാലറ്റ് അതിമനോഹരമായി തന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു.

പുസ്തകത്തേയും ഗംഗയേയും കുറിച്ച് മാലറ്റ് ആഴത്തിലും ചിന്തനീയമായും സംസാരിച്ചു. വല്ലാത്തൊരു വൈരുദ്ധ്യം ഗംഗയുടെ കാര്യത്തില്‍ ഉണ്ട് എന്ന് മാലറ്റ് പറയുന്നു. ലോകത്ത് ഇത്രമാത്രം ആരാധിക്കപ്പെടുന്ന ഒരു നദി വേറെയുണ്ടാവില്ല; പൂജിക്കുന്ന ജലധാരയുണ്ടാവില്ല. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം നിറയെ ഗംഗയുണ്ട്. എന്നിട്ടും ഇതേ ഗംഗയിലേക്ക് മാലിന്യങ്ങള്‍ തള്ളാന്‍ ഭാരതീയന് മടിയില്ല. ഈ വൈരുദ്ധ്യത്തിന്റെ കാരണം ഗംഗയോടുള്ള ഈ നാടിന്റെ സമീപനത്തിലാണ് തിരയേണ്ടത് എന്ന് മാലറ്റ് പറയുന്നു.

ഇന്ത്യക്കാരെസംബന്ധിച്ച് ഗംഗയ്ക്ക് രണ്ട് രൂപങ്ങളുണ്ട്: ആത്മീയമായ ഗംഗയും ഭൗതികമായ ഗംഗയും. ഭൗതികമായി ഗംഗയെ മലിനമാക്കിയാലും ആത്മീയമായി അത് ശുദ്ധമായി നില്‍ക്കും എന്ന് ഭാരതീയന്‍ വിശ്വസിക്കുന്നു. ഇത് വലിയ വൈരുദ്ധ്യമാണ്. അധികരത്തിലേറുമ്പോള്‍ നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഗംഗാശുദ്ധീകരണപദ്ധതി എവിടെയുമെത്തിയിട്ടില്ല എന്നും മാലറ്റ് പറയുന്നു.

' എന്റെ കുട്ടിക്കാലത്ത് അമ്മ പറയുമായിരുന്നു തെംസ് നദിയില്‍ ഇറങ്ങരുത്. അത് മലിന ജലമാണ് എന്ന്. എന്നാല്‍ ഇന്ന് തെംസ് ശുദ്ധമായി ഒഴുകുന്ന പുഴയാണ്. വലിയ പ്രവര്‍ത്തനം ഇതിന് പിറകിലുണ്ട്. ഗംഗയും ഇങ്ങിനെ പ്രവര്‍ത്തിച്ചാലേ ശുദ്ധീകരിക്കാനാവൂ. ഇല്ലെങ്കില്‍ ഇന്ത്യക്കാര്‍ ഗംഗയെക്കൊല്ലും,ഗ ംഗ ഇന്ത്യക്കാരെയും.'അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും മധുസൂദനന്‍നായരുടെ വരികളെ ഓര്‍മ്മിപ്പിച്ചു:

നിന്നെക്കുറിച്ചാര് പാടും ദേവി
നിന്നെത്തിരഞ്ഞാര് കേഴും?