ജീവിതത്തിലിന്നോളം ഞാന്‍ നേരില്‍ ടെന്നീസ് കളി കണ്ടിട്ടില്ല. ആ നിലയ്ക്ക് മലയാളസാഹിത്യത്തില്‍ ടെന്നീസ് കളി അധിഷ്ഠിതമായി ഉണ്ടായിട്ടുള്ള ഏക കഥ 'ഗബ്രിയേലാ സബാറ്റിനി ജീവിതം എഴുതുമ്പോള്‍' രചിക്കുവാന്‍ കഴിഞ്ഞത് എഴുത്തുവഴികളിലെ സുകൃതങ്ങളില്‍ തന്നെയൊന്നാണ്. ഏതാണ്ട് എഴുപതുകള്‍ മുതല്‍ 2002 വരെയുള്ള ലോക ടെന്നീസിന്റെ ഭൂമികയെ പശ്ചാത്തലമാക്കിയാണ് ആ കഥ രചിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ റോജര്‍ ഫെഡററിന്റെ ഉദയത്തിന് മുമ്പു വരെ.

കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു യുവാവിന്റെ സ്വഗതാഖ്യാനത്തിലൂടെയാണ് കഥ ചുരുള്‍ നിവരുന്നത്. കൊച്ചുനാളിലെ പോളിയോ ബാധിതനായ ഇയാളുടെ ജീവിതം വീടിനുള്ളില്‍ തളയ്ക്കപ്പെടുന്നു. തികച്ചും വിരസവും നിരാശാബാധിതനുമായ ഇയാളുടെ ജീവിതത്തിലേക്ക് ചേച്ചിയുടെ ഭര്‍ത്താവായ രാജീവന്‍ കടന്നു വരുന്നതോടെയാണ് ടെന്നീസ് എന്ന സ്വപ്നഭൂമികയും അവനിലേക്ക് എത്തുന്നത്. 

gabriyela sabatini jeevitham ezhuthumpolഒരു ടെന്നീസ് പ്രേമിയായ, നഗരവാസിയായ രാജീവേട്ടനില്‍ നിന്ന് ആഖ്യാതാവും ടെന്നീസിനെ അറിഞ്ഞു തുടങ്ങി, പിന്നെ ടെലിവിഷന്‍ സംപ്രേക്ഷണത്തിലൂടെ ആഖ്യാതാവ് അന്താരാഷ്ട്ര ടെന്നീസ് മത്സരങ്ങള്‍ ആത്മാവില്‍ അനുഭവിക്കുന്നു. ബോര്‍ഗ്, മക്കന്റോ, കോണേഴ്സ് ത്രയത്തില്‍ നിന്നാരംഭിക്കുന്ന ഈ ടെന്നീസ് പ്രണയം കാലങ്ങളിലൂടെ അന്താരാഷ്ട്ര ടെന്നീസില്‍ സംഭവിക്കുന്ന മാറ്റങ്ങളെയത്രയും ഉള്‍ക്കൊള്ളുന്നുണ്ട്. വിവിധ താരങ്ങള്‍ അവനില്‍ വിവിധ അനുഭവങ്ങള്‍ കൊണ്ടാടുന്നു. 

എന്നാല്‍ പോകെ പോകെ തുടക്കത്തിലെ പ്രചോദനത്തിന്റെയും ആവേശത്തിന്റെയും ടെന്നീസ് താരങ്ങളും പോരാട്ടങ്ങളും തികഞ്ഞ ശാസ്ത്ര കൃത്യതയുടെയും യാന്ത്രികതയുടെയും താരങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും വഴിമാറുന്നതായി അനുഭവപ്പെടുന്നു. ഒപ്പം അവന് ചുറ്റുമുള്ള ലോകവും ചരിത്രവുമെല്ലാം തണുത്തുറഞ്ഞ മടുപ്പിലേക്ക് കൂപ്പുകുത്തുന്നത് പോലെയാകും അവന് തോന്നുന്നത്. 

മുമ്പ് പറഞ്ഞത് പോലെ റോജര്‍ ഫെഡററും റാഫേല്‍ നദാലുമൊക്കം വരുന്നതിന് മുമ്പുള്ള പീറ്റ് സാംപ്രസ്- ജീം -കുറിയര്‍ കാലഘട്ടത്തില്‍ കഥ അവസാനിക്കുന്നു. അപ്പോഴാണ് ടെന്നീസിലെ ഇതിഹാ പോരാട്ട വീരന്മാരും ഗബ്രിയേലാ സബാറ്റിനി പോലുള്ള സൗന്ദര്യ റാണിമാരും ഏതാണ്ട് അപ്രത്യക്ഷമായി കഴിഞ്ഞു. 

എന്നാല്‍ ആഖ്യാതാവിന്റെ ഈ വാക്കുകളിലാണ് കഥ അവസാനിക്കുന്നത്. വിശ്വാസത്തിന്റെ കാറ്റ് വീശുകതന്നെ ചെയ്യും. - പോരാട്ടത്തിന്റെ സൂര്യന്‍ ഏതോ മലമടക്കുകളില്‍ പൊട്ടിവിടരുകയും- അത്ഭുതമെന്നേ പറയേണ്ടു ഈ കഥ പുറത്ത് വന്ന് പിറ്റേ വര്‍ഷം തന്നെ പോരാട്ടത്തിന്റെ സൂര്യന്‍ സ്വിറ്റ്സര്‍ലന്റിലെ മലമടക്കുകളില്‍ നിന്ന് ടെന്നീസ് ലോകത്തിലേക്ക് ഉദിച്ചുയര്‍ന്നു. അതേ, അയാള്‍ തന്നെ  റോജര്‍ ഫെഡറര്‍!. ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല എന്ന എന്റെ വിശ്വസം ഈ കഥ പ്രവചനാത്മകമായി ഏറ്റെടുക്കുകയായിരുന്നു.

എന്റെ ഒരുപിടി കഥകള്‍ ചേര്‍ത്ത് മാതൃഭൂമി ബുക്‌സ് ഒരു കഥാസമാഹാരം പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടു വന്ന വേളയില്‍ ആ പുസ്തകത്തിന്റെ ശീര്‍ഷകത്തെ കുറിച്ച് എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആ കഥ തന്നെ പുസ്തകത്തിന്റെ ശീര്‍ഷക കഥയായി.  

പുതിയകാല സാഹിത്യത്തില്‍ അദ്ഭുതകരാമാം വിധം എനിക്ക് വളരെ കുറച്ച് പുരസ്‌കാരങ്ങളെ ലഭിച്ചിട്ടുള്ളു. അങ്ങനെ വരുമ്പോള്‍ ഗബ്രിയേല സബാറ്റിനിക്ക് പ്രേംജി കഥാപുരസ്‌കാരം നേടാന്‍ കഴിഞ്ഞത് ഏറെ സന്തോഷകരമായി. എന്നാല്‍ പുരസ്‌കാരത്തെക്കാള്‍ ആ പുസ്തകം എനിക്ക് നേടിത്തന്ന മറ്റൊരു ആഹ്ലാദമുണ്ട്. പ്രിയപ്പെട്ട എം ടിയാണ് പ്രേംജിയുടെ നാടായ വടക്കേക്കാട് വച്ച് പുരസ്‌കാരം സമ്മാനിച്ചത്. ആ വേളയില്‍ അദ്ദേഹം പറഞ്ഞു, എത്രയോ കാലം ടെന്നീസ് എഴുതണമെന്ന മോഹം ഞാന്‍ കൊണ്ടു നടന്നതാണ്. പക്ഷേ സാധിച്ചില്ല. ഇപ്പോള്‍ വിനുവിന്റെ പുസ്തകം കാണുമ്പോള്‍ ആ വിഷമം ഇല്ലാതാകുന്നു. തീര്‍ച്ചയായും 'ഗബ്രിയേല സബാറ്റിനി ജീവിതം എഴുതുമ്പോള്‍' സുകൃതം ചെയ്ത പുസ്തകം തന്നെയാണ്.