ച്ചകേട്ട് മുറിയ്ക്ക് പുറത്തേക്ക് ഓടുന്നതിനിടയില്‍ അബദ്ധത്തില്‍ കതകിന്റെ കൊളുത്തില്‍ കുരുങ്ങി റാന്‍ഡിയുടെ ബര്‍മുഡ പാടേ കീറി. വാഷ്ബേസിനു മുന്നില്‍ കൊഞ്ചിനെപ്പോലെ വളഞ്ഞുനിന്ന് വാളുവെക്കുകയായിരുന്നു സെറ.

ഏതോ ഉര്‍ദു ഗസലിന്റെ ഈരടികള്‍ ഈണത്തില്‍ മൂളിക്കൊണ്ട് അടുത്ത വീട്ടിലെ പയ്യന്‍ മുന്‍വശത്തെ വീഥിയിലൂടെ വളര്‍ത്തുനായയെ അനുഗമിച്ചു. വിഭാര്യനായ ഒരു മരംകൊത്തി മുറ്റത്തെ മച്ചിത്തെങ്ങില്‍ അള്ളിപ്പിടിച്ചിരുന്ന് ടക് ടക് ശബ്ദമുണ്ടാക്കി. കാര്‍പോര്‍ച്ചിനോട് ചേര്‍ന്നു സ്ഥാപിച്ചിരിക്കുന്ന വലിയ കൂടിനുള്ളിലെ സ്‌നേഹപ്പക്ഷികള്‍ തലപുറത്തേക്കിട്ട് കണ്ണുകളുരുട്ടി.

ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ പേരിലുള്ള പള്ളിയില്‍ ആറുമണി മുഴങ്ങിയതും റാന്‍ഡിയുടെ ലിവിങ്ങ്‌റൂമിലെ തേക്കില്‍തീര്‍ത്ത വലിയ ക്ലോക്കിന്റെ പെന്‍ഡുലം ശക്തമായി ആടിയതും ഒരുമിച്ചായിരുന്നു. അപ്പോഴാണ് അയാള്‍ക്ക് ആ സത്യം ഓര്‍മ്മവന്നത്... അടിയില്‍ ഒരു നൂല്‍ബന്ധം പോലുമില്ലല്ലോയെന്ന്

പൊത്തിപ്പിടിച്ചോണ്ട് റാന്‍ഡി മുറിയിലേക്ക് തിരിഞ്ഞോടി. റാന്‍ഡി അവിടെ അലക്കിയ ബര്‍മുഡ തപ്പുന്നു... സെറ ഇവിടെ വാളുവെക്കുന്നു
ബര്‍മുഡ തപ്പുന്നു... വാളുവെക്കുന്നു
ബര്‍മുഡ തപ്പുന്നു... വാളുവെക്കുന്നു

സായിപ്പും മദാമ്മയും മറീനാബീച്ചില്‍ അര്‍ധനഗ്‌നരായി വെയില്‍ കായുന്ന ചിത്രമുള്ള പുതിയ ബര്‍മുഡ തന്നെ കയ്യില്‍ തടയണമെന്നായിരുന്നു റാന്‍ഡിയുടെ ഒരേയൊരു പ്രാര്‍ഥന.
'ഞാനൊരു അച്ഛനാവാന്‍ പോണൂ...'
'ഞാനൊരു അച്ഛനാവാന്‍ പോണൂ...'

ഇങ്ങനെ വിളിച്ചുകൂവിക്കൊണ്ട് സിനിമാ സ്‌റ്റൈലില്‍ സെറയെ തോളിലിട്ട് ഈ ലെയ്ന്‍ മുഴുവന്‍ വലംവെക്കണമെന്നായിരുന്നു റാന്‍ഡിയുടെ മനസ്സിലെ അപ്പോഴത്തെ ആഗ്രഹം. അതേസമയം വാഷ്ബേസിനു മുന്നിലെ സമചതുരക്കണ്ണാടിയില്‍ മുഖം നോക്കി സെറ സ്വയം ശപിക്കുകയായിരുന്നു...
'മഷ്റൂം ടിക്കയാണത്രേ മഷ്റൂം ടിക്ക... ഇങ്ങേര്‍ടെ ഒടുക്കത്തെ ഒരു കുക്കിങ്ങ് എക്‌സ്‌പെരിമെന്റ്'.

സന്ന്യാസ് പെരുന്തയില്‍