ബാഗ് പാക്ക് ചെയ്തു കഴിഞ്ഞു. ഇനി ഒന്നും ഒഴിഞ്ഞുപോയിട്ടില്ലായെന്നു ഒന്നുകൂടി ഓര്‍മിച്ചു ഉറപ്പുവരുത്തി. ഇനിയൊരു തിരിച്ചുവരവുണ്ടാക്കില്ല. അവള്‍ പറഞ്ഞപോലെ ഞങ്ങളുടെ വീട്ടുകാരും ബന്ധുക്കളും ഒരിക്കലും ഞങ്ങളുടെ ബന്ധം അംഗീകരിക്കുകയില്ല. അതുകൊണ്ട് ഇവിടം വിടുകയാണ് ഏക പോംവഴി.

ഫാമിലി ടൂര്‍ കഴിഞ്ഞു അവള്‍ ഇന്നെത്തും. പെട്ടെന്നായിരുന്നു അവളുടെ അച്ഛന്‍ ഒരു ടൂര്‍ പ്ലാന്‍ ചെയ്തതും. നിര്‍ബന്ധിച്ച് അവളെ കൊണ്ടുപോയതും. അതുകൊണ്ട് കഴിഞ്ഞ ആഴച മുഴുവന്‍ കോണ്‍ടാക്ട് ചെയ്യാന്‍ കഴിഞ്ഞില്ല.

പക്ഷെ അവളുടെ അച്ഛന്‍ ഇന്നലെ രാത്രി വിളിച്ച് രണ്ടു മണിക്കൂറോളം സംസാരിച്ചിരുന്നു. എനിക്കങ്ങോട്ട് ഒന്നും സംസാരിക്കാന്‍ അനുവാദമില്ലായിരുന്നു. അയാളുടെ സംസാരത്തില്‍ മകളോടുള്ള സ്‌നേഹത്തെക്കാള്‍ എന്നോടുള്ള ദേഷ്യം മുന്നിട്ടു നിന്നു.

ടൂര്‍ പോകുന്നതിന്റെ തലേദിവസം എന്റെ പിറന്നാള്‍ ആയിരുന്നു. അന്നവള്‍ വാങ്ങിച്ചുതന്ന കറുപ്പില്‍ വെള്ളപ്പൂക്കളുള്ള ഷര്‍ട്ട് ധരിക്കാന്‍ മറന്നില്ല. അവളും അന്ന് അതെ കളറില്‍ ഒരു ചൂരിദാര്‍ വാങ്ങിയിരുന്നു. അതുതന്നെ  ഇന്ന് ധരിക്കുമെന്നു എനിക്കുറപ്പായിരുന്നു.

സിം കാര്‍ഡ് വിളിച്ചു ബ്ലോക്ക് ചെയ്തു. മെമ്മറി കാര്‍ഡ് പൊട്ടിച്ച് ക്ലോസെറ്റിലിട്ടു. അവളുടേതോ എന്റേതോ ആയി ഇനി ഒന്നും ആ റൂമില്‍ അവശേഷിക്കുന്നില്ല. ഗൃഹനാഥന്റെ മുഖം കുത്തിവരച്ചു വികൃതമാക്കിയ ഒരു ഫാമിലി ഫോട്ടോ ബാഗിന്റെ വശത്തെ പോക്കറ്റില്‍ അലസമായിക്കിടന്നു.

പുറത്തിറങ്ങി ഡോര്‍ പൂട്ടി താക്കോല്‍ ചെടിച്ചട്ടിയിലിട്ടു. വീടിന്റെ പുതുകൂടിയുള്ള സിമെന്റ് ഗോവണിയിറങ്ങി മുറ്റത്തെത്തി. താഴത്തെ നിലയില്‍ താമസിക്കുന്ന വീട്ടുടമസ്ഥനെ കാണാന്‍ നിന്നില്ല. ഗേറ്റ് തുറന്നു പുറത്തു കടന്നു.

അവിടെ നിന്നു മുകളിലെ നിലയിലേക്ക് നോക്കിയപ്പോള്‍ അവള്‍ കതകില്‍ തട്ടി എന്നെ വിളിക്കുന്നതു കണ്ടു, ജനല്‍പ്പഴുതിലൂടെ തൂങ്ങിയാടുന്ന എന്റെ കാലുകളും. അവളുടെ നിലവിളിയ്ക്ക് കാതോര്‍ക്കാതെ ഞാന്‍ വേഗം നടന്നു. അപ്പോള്‍ ആകാശത്ത് ഒരു പുതുനക്ഷത്രം തെളിഞ്ഞു കത്തി.

ഘനശ്യാം .കെ