ടവപ്പാതിയിലെ മഴ ഇടിവെട്ടി പെയ്യുന്ന സമയം. പച്ചപുതച്ച പാടത്തിന്റെ ഓരത്തുള്ള വീട്ടിലെ മൂന്നു കുട്ടിക്കുറുമ്പന്മാര്‍ വീടിന്റെ ഉമ്മറത്തിരുന്നു കടലാസു വഞ്ചി ഒഴുക്കി കളിക്കുന്നു. വയസായ മുത്തശ്ശി അകത്തെ കട്ടിലില്‍ പുതച്ചു മൂടി കിടപ്പുണ്ട്. അവരുടെ 'അമ്മ ഒരു കുട നിവര്‍ത്തി മുറ്റത്തേക്കിറങ്ങി . 

"മക്കളെ ഞാന്‍ പഞ്ചായത്ത് ഓഫീസില്‍ വരെ ഒന്ന് പോയി വരാം. മൂന്നുപേരും മഴയത്തു കളിയ്ക്കാന്‍ പോവരുത്". ബാഗില്‍നിന്ന് മൂന്നു പുളി മിട്ടായി എടുത്തു കൊടുത്തിട്ടു 'അമ്മ പറഞ്ഞു. 

അമ്മ കാഴ്ചവട്ടത്തു നിന്ന് മറഞ്ഞപ്പോ മൂവരും ഒരു പഴയ തോര്‍ത്തും എടുത്തു പറമ്പിലേക്കിറങ്ങി. നിരനിരയായി മഴ നനഞ്ഞു നില്‍ക്കുന്ന അടക്കമരങ്ങള്‍ക്കിടയില്‍ ഉള്ള തടത്തില്‍ പാടത്തു നിന്നുള്ള വെള്ളം കെട്ടി നില്‍പ്പുണ്ട്‌. അതില്‍ കുഞ്ഞു പരല്‍ മീനുകള്‍ നീന്തി തുടിക്കുന്നു. ഏറെ പണിപ്പെട്ടു അവര്‍ അഞ്ചാറു മീനുകളെ പിടി കൂടി.

ഇളയ ആള്‍ ഒരു പഴയ ഹോര്‍ലിക്‌സ് കുപ്പി സംഘടിപ്പിച്ചു മീനുകളെ അതില്‍ ഇട്ട. തിരിച്ചു വീട്ടിലെത്തി മീനുകളെ നോക്കി ഇരിപ്പായി. എടാ ഈ മീനുകള്‍ക്ക് വിശക്കുലെ?? രണ്ടാമന് സംശയം. 

ഹാ ശെരിയാ. പക്ഷെ ഇപ്പൊ നമ്മള്‍ എന്താ തിന്നാന്‍ കൊടുക്കാ. മൂത്തവന്‍. ഇളയവന് പെട്ടെന്ന് ബുദ്ധി ഉദിച്ചു. 'അമ്മ തന്ന മുട്ടായി കൊടുക്കാം. മീനിന് സന്തോഷം ആവും.'ഈ മിട്ടായി എങ്ങനെ കൊടുക്കും. മുട്ടായി കവര്‍ പൊളിച്ചു കുപ്പിയിലേക്ക് ഇട്ടു. അത് താഴ്ന്നു പോയി. മീനുകള്‍ മൈന്‍ഡ് ചെയ്യുന്നില്ല. 

മീന്‍ മുട്ടായി കണ്ടിലീന്ന തോന്നണേ. ഇളയത് പറഞ്ഞു. മൂത്തവന്‍: എന്നാ നീ ആ മുട്ടായി പുറത്തേക്കെടുത്തെ. വേറെ ഒരു വഴി ഉണ്ട്. കുപ്പിയില്‍ നിന്ന് പുറത്തെടുത്ത മിട്ടായി അവര്‍ ഒരു സിമന്റ് തിണ്ണയില്‍ വെച്ചു. അതിനു മുകളിക്കു കുപ്പി കമിഴ്ത്തി. മീനുകള്‍ എല്ലാം പുറത്തെത്തി. കുപ്പിയിലെ വെള്ളം മൊത്തം വാര്‍ന്നു പോയി. വെള്ളത്തിന് പുറത്തെത്തിയ മീന്‍ കിടന്നു പിടക്കാന്‍ തുടങ്ങി. "മുട്ടായി കിട്ടിയ സന്തോഷത്തില്‍ മീന്‍തുള്ളി ചാടണ കണ്ടാ". മൂവരും ഹാപ്പി ആയി. 

അസ്‌ന സിജി