മഴയുടെ തകര്‍ത്തു പെയുന്ന ആരവത്തിലാണ് അയാള്‍ നിദ്രയുടെ അഗാധ ഗര്‍ത്തത്തിലാഴ്ന്നു പോയത്. കാതടപ്പിച്ച് മുരുണ്ടു ചിതറിയ ഇടികുടുക്കത്തില്‍ പുതപ്പിന്റെ സുരക്ഷിത നിഗൂഡതയിലേക്ക് അയാള്‍ കൂടുതല്‍ ആണ്ടിറങ്ങിപ്പോയി. ജനല്‍ പാളികളുടെ സ്വകാര്യതയിലൂടെ ആ മിന്നല്‍ എത്തിനോട്ടം നടത്തുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നെ അയാള്‍ കണ്ണുകള്‍ മുറുക്കിയടച്ചു ഉറങ്ങി.

തെക്കുപുറത്തെ നേര്‍ത്ത നീര്‍ച്ചാലിലേക്ക് തോട്ടിലെ കുത്തൊഴുക്കിന്റെ പതപ്പില്‍ നിന്നും ഊളിയിട്ട മുഷിക്കൂട്ടം ജാഥയായി എത്തുന്നത് ആ ഉറക്കത്തിലും അയാള്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടായിരുന്നു. നാളെ നേരം പുലരുമ്പോള്‍ തന്നെ കുടവും വടിയുമായി ചെന്ന് കുറച്ചധികം മുഷികളെയെങ്കിലും പിടിച്ചെടുക്കണമെന്ന് അയാള്‍ മനസിലുറപ്പിച്ചു. ഗോപാലേട്ടനും കണ്ണനും തങ്കച്ചനുമൊക്കെ രാവിലേതന്നെ പാത്രങ്ങളുമായി എത്തുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു.

ഇനിയിപ്പോള്‍ മഴയത്ത് ചാലിലൂടെ തോട്ടിലേക്ക് ഒഴുകിയെത്തുന്ന പഞ്ചാര മണല്‍ വെട്ടിയെടുക്കാന്‍ രാവിലെ തന്നെ മത്സരമായിരിക്കും. ചൂണ്ടയിടലുകാരും വലവീശുകാരും നീന്തി തുടിക്കുന്നവരും എല്ലാവരും ചേര്‍ന്നുള്ള ആ മഴ ആഘോഷം അയാളില്‍ കുളിരു കോരിയിട്ടു.

നാളെ പുലര്‍ച്ചെ കിഴക്കേ പറമ്പില്‍ മഴയില്‍ കുളിച്ചു നില്‍ക്കുന്ന വാഴയിലകള്‍ക്ക് ഒരു പ്രത്യേക ശേലുതന്നെ ആയിരിക്കും. എത്രെണ്ണം ചരിഞ്ഞിട്ടുണ്ടാവുമോ ആവോ... ചാഞ്ഞ് വൈദ്യുത കമ്പിയില്‍ മുട്ടി നില്‍ക്കുന്ന മാവിന്റെ ചില്ലയിലെ മിന്നുന്ന പിരിപിരുപ്പ് ശബ്ദം അയാളില്‍ ചെറിയ ഭയം ഉണ്ടാക്കാതിരുന്നില്ല..

പടിവാതിലില്‍ ചെറിയ ചാലൊരുക്കി കൊടുത്തില്ലെങ്കില്‍ മുറ്റത്ത് വെള്ളം കെട്ടിനില്‍ക്കുമെന്ന ഓര്‍മ്മ പൊടുന്നന്നെ അയാളെ ഉറക്കത്തില്‍ നിന്നുയര്‍ത്തി. പതിവില്ലാത്ത മൂടിക്കെട്ടിയ പ്രകാശത്തിലേക്കു കണ്ണുതുറന്ന അയാള്‍ ആകാശം മുട്ടെ ഉയരത്തില്‍ പണിനടക്കുന്ന ബഹുനില കെട്ടിടത്തിന്റെ യാഥര്‍ത്ത്യത്തിലേക്ക് മിഴിച്ചു നോക്കി.

അറബ് നാടിന്റെ ആ കെട്ടിട കൂമ്പാരത്തില്‍, വാഴയും മാവും ചാലും തോടും അയാളില്‍ വല്ലാതെ ശൂന്യതാബോധമുണ്ടാക്കി.

എന്തൊരു ഉറക്കമാണിത് എത്ര സമയമാ ഉറങ്ങി തീര്‍ത്തതെന്ന് വല്ല ബോധ്യവുമുണ്ടോ? നീണ്ട ഉറക്കിത്തിന്റെ ഓര്‍മ്മപ്പെടുത്തലെത്തിയിരിക്കുന്നു.

സമയകാല ബോധത്തിലേക്ക് പൊടുന്നനെ എത്തിപ്പെടുമ്പോള്‍ ആസ്വദിച്ചൊരുറക്കം അയാളില്‍ നേരിയ ചിരി ഉണര്‍ത്തി. അറബ് നാടുകള്‍ക്ക് പരിചിതല്ലാത്ത മഴ അപ്പോഴും തകര്‍ത്തു പെയ്തുകൊണ്ടിരുന്നു.

ജോജോ, ആലപ്പുഴ