പുസ്തകം തീര്‍ന്നുപോകരുതേ എന്ന പ്രാര്‍ഥനയോടെ വായിക്കുന്ന ഒരാള്‍-അങ്ങനെയാണ് തന്നിലെ വായനക്കാരനെ കല്പറ്റ നാരായണന്‍ മനസ്സിലാക്കുന്നത്. 'ആന്തോളജി റീഡര്‍' എന്നുപറയാം. വായിച്ചുതീര്‍ന്നുപോകാത്ത പുസ്തകങ്ങളോടാണ് ഇഷ്ടം. വേഗം തീര്‍ന്നുപോകുന്ന പുസ്തകങ്ങളില്‍ താത്പര്യമില്ല. എന്റെ പുസ്തകങ്ങള്‍ വായിക്കുന്നവരും അവ വേഗം തീരരുതേ എന്നാശിക്കുന്നവരാകണമെന്നാണ് മോഹം.

ഒരുപുസ്തകം പൂര്‍ത്തിയാക്കിയശേഷം അടുത്തതിലേക്ക്. അങ്ങനെയല്ല വായന. ഒരു പുസ്തകവും അരമണിക്കൂറിലേറെ വായിക്കാന്‍ കഴിയില്ല. ഒന്ന് വായിച്ചുകൊണ്ടിരിക്കെത്തന്നെ മറ്റൊരു പുസ്തകത്തിലേക്കു ചാടും. ഒരുപക്ഷേ, ഏറ്റവുമധികം പുസ്തകങ്ങള്‍ വായിച്ചുതീര്‍ക്കാന്‍ ബാക്കിവെച്ചിട്ടുള്ളയാള്‍ ഞാനാവാം. പ്രോസിനോടാണ് ഏറ്റവും ഇഷ്ടം. പിന്നെ കവിത, തത്വചിന്ത. നോവലുകള്‍ വലിയപ്രയാസം. മുറിച്ചുമുറിച്ചു വായിക്കുന്നതിനാല്‍ തുടര്‍ച്ച ഓര്‍മിച്ചുവെക്കാന്‍ പ്രയാസം.

വളരെ സാവധാനമാണ് വായന. ഏതൊക്കെയോ ദേശങ്ങളിലൂടെ വളരെ പതുക്കെ സഞ്ചരിക്കുന്ന തീവണ്ടിയിലെ ജനലിനടുത്തിരുന്ന് പുറംകാഴ്ചകള്‍ കാണുന്നതുപോലെ സാവകാശം.
ഒരു കവിതയെങ്കിലും വായിക്കാത്ത ഒരുനാളുമില്ല. എപ്പോഴും ഒന്നിലേറെ പുസ്തകങ്ങള്‍ ഒപ്പമുണ്ടാകും. പകല്‍ എട്ടുമുതല്‍ ഒരുമണിവരെയാണ് വായനയില്‍ ഏറ്റവും ഉന്മേഷമുള്ള സമയം. അതിനിടെ വല്ലതും എഴുതണമെന്നു തോന്നിയാല്‍ അതും ചെയ്യും. വൈകീട്ട് കൊല്ലം കടപ്പുറത്തിരുന്നു വായിക്കാനും ഏറെയിഷ്ടം.

ഹരോള്‍ഡ് ഷ്വൈസറുടെ 'ഓണ്‍ വെയ്റ്റിങ്' (On Waiting- Harold Schweizer) കാത്തിരിപ്പിനെക്കുറിച്ചുള്ള അതിസൂക്ഷ്മമായ പുസ്തകമാണ്. എന്താണ് കാത്തിരിപ്പ്, ആരെയാണ് കാത്തിരിക്കുന്നത്, കാത്തിരിക്കുന്ന ഒരാള്‍ അനുഭവിക്കുന്നത് കലണ്ടര്‍ സമയം തന്നെയോ എന്നിങ്ങനെ പല തലത്തില്‍ ആലോചനയുണര്‍ത്തുന്നു ഈ പുസ്തകം. ബാര്‍ത്തിന്റെ 'എ ലവേഴ്സ് ഡിസ്‌കോഴ്സ്' (A Lover's Discourse- þRoland Barthse) പ്രണയാനുഭവത്തെക്കുറിച്ചുള്ള സൂക്ഷ്മഗ്രന്ഥമാണ്. ഒരു വിരല്‍സ്പര്‍ശം പോലും വലിയൊരു പ്രണയാനുഭവമായിത്തീരുന്നതെങ്ങനെ, ഒരാളുടെ അഭാവം ഉണ്ടാക്കുന്ന പ്രണയാനുഭവമെന്ത് എന്നിങ്ങനെ ഓരോ മുഹൂര്‍ത്തവും അതില്‍ വിവരിക്കപ്പെടുന്നു.

ജോ സരമാഗോയുടെ 'ദി നോട്ട്ബുക്ക് (The Notebook- þJoséSaramago) ബ്‌ളോഗ് കുറിപ്പുകളുടെ സമാഹാരമാണ്. സമകാലിക സംഭവങ്ങളോടുള്ള പ്രതികരണങ്ങളാണവ. വേറിട്ടമട്ടിലുള്ള നോട്ടമാണ് ഈ കുറിപ്പുകളില്‍ കാണാനാവുക. സെസ്ലോ മിലോസ് സമാഹരിച്ച 'എ ബുക്ക് ഓഫ് ലൂമിനസ് തിങ്സ്' (A Book of Luminous Things: An International Anthology of Poetry- Czselw Milosz) ലോകകവിതകളുടെ സമാഹാരമാണ്. വായനാസുഖമുള്ള, പ്രസന്നമായ കവിതകളാണ് ഇവ. ഒരുപേജില്‍ കവിയാത്തവ. ഡി.ജെ. എന്റൈറ്റ് എഡിറ്റ് ചെയ്ത 'ദി ഓക്‌സ്ഫെഡ് ബുക്ക് ഓഫ് ഡെത്ത്' (The Oxford Book of Death- D. J. Enrigth) ആണ് മറ്റൊന്ന്. ലോകത്തെവിടെയും മരണത്തെക്കുറി ച്ചെഴുതപ്പെട്ടതിന്റെ സമാഹാരമാണിത്.