ജാതിനിരാസം ഭാരതീയരിൽ എന്ന വിഷയത്തിൽ, പ്രഭാഷണം കഴിഞ്ഞു, ഞാൻ തൃശൂർ ബസ്സുകാത്ത് സിമന്റുബെഞ്ചിൽ,ഇരുന്നു .. അങ്ങുദൂരെ കല്ലടിക്കോടൻ മലകളിൽനിന്നും തണുത്ത കാറ്റ്, സാന്ത്വനമായി തലോടിയെത്തി .. തൊട്ടടുത്ത സിമന്റ് ബഞ്ചിൽ നിന്നും അപരിചിതരായ രണ്ടുപേർ ഭവ്യതയോടെ തൊഴുതുനിന്നു.."

ഞാൻ കെ. കെ. വാര്യർ, ഇങ്ങോർ എം. കെ. നായർ, കാരപ്പറ്റ.. ജാതിനിരാസം സെമിനാറിൽ നമ്മളെ കണ്ടുലോ... ഇക്കാലത്തും ജാതീം  മതോം ഒന്നും  ഇല്ല്യാണ്ടാവില്ല ..ന്നാലും നമ്മളെപ്പോലെ ചെലരൊക്കെ ഒത്തു പരിശ്രമിച്ചാൽ ശ്ശി ഒക്കെ കൊറച്ചുകൊണ്ടുരാൻ തരായെന്ന് വരാം ല്ലേ. 

പൊടുന്നനെ വാര്യർ എനിക്കുനേരെ ഒരു ചോദ്യം... അപ്പൊ നമ്മള് ഏതിൽ  പെടും?  ... വാരിയർ ആകാംക്ഷയോടെ എന്നെ അടിമുടി ഉഴിഞ്ഞു നോക്കി .അവർക്ക് എന്റെ ജാതി അറിഞ്ഞേ  മതിയാകു ..

അപ്പോൾ ഞാൻ  പറഞ്ഞു... ഭാരതീയൻ...ഓ അപ്പൊ   തീയൻ  അല്ലെ?ജാതിനിരാസം  സെമിനാറിൽ പങ്കെടുത്ത ആ സുഹൃത്തുക്കൾ വടക്കോട്ടുള്ള  ബസ്സിലേക്ക്, ധൃതിയിൽ ചാടിക്കയറുന്നത് ആശ്വാസത്തോടെ ഞാൻ നോക്കിനിന്നു. ...കിഴക്കുചുരം നൂണു വരുന്ന പാണ്ടി ക്കാറ്റിന്‌ മല്ലിപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നു...

തിരുവില്വാമല ജയൻ