നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നിര്യാതനായി. നൂറ്റിയഞ്ചാം വയസ്സിലും മുദ്ര തന്നെ ജീവിതമാക്കി മാറ്റിയ 'ആശാൻ' തന്റെ നാട്യകലാവിപ്ലവത്തിലൂടെ വടക്കൻ കേരളത്തെ ഭരതനാട്യത്തിലേക്കും കഥകളിയിലേക്കും കൈ പിടിച്ചു നടത്തുകയാണ് ചെയ്തത്. പച്ചവേഷത്തിൽ ആശാനിലെ കൃഷ്ണൻ അരങ്ങുണർത്തുമ്പോൾ കഥകളിയിലേക്ക് കാണികൾ സ്വയമിറങ്ങിച്ചെല്ലുകയായിരുന്നു. ഇന്ന് രാവിലെ നാലരയ്ക്ക് ആശാൻ നിശബ്ദമായി വിടവാങ്ങി. അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ച് മകൻ പവിത്രൻ നായർ സംസാരിക്കുന്നു.

ന്ന് രാവിലെ നാലരയോടെയാണ് അദ്ദേഹം യാത്രയായത്. ഇന്നലെ രാത്രി പതിവുപോലെ ഭക്ഷണം കഴിച്ചു കിടന്നതാണ്. പതിവുചിട്ടകളൊന്നും മുടക്കാതെയാണ് ഉറങ്ങാൻ കിടന്നത്. നാലുമണിയായപ്പോൾ മൂത്രമൊഴിക്കാനെണീറ്റു. വീണ്ടും കിടന്നു. നാലരയായപ്പോഴേക്കും ശാന്തമായി മടങ്ങിയിരുന്നു. മറ്റുദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ അല്പം ക്ഷീണമുണ്ടായിരുന്നു. ശ്വാസോച്ഛാസത്തിൽ നേരിയ മാറ്റം കണ്ടപ്പോൾ മരുന്നു കൊടുത്തു. തറവാട്ടിൽ പൂജയായിരുന്നു ഇന്നലെ. അവിടെ പോകാൻ കഴിയാത്ത വിഷമം പ്രകടിപ്പിച്ചിരുന്നു. കുടുംബാംഗങ്ങളൊക്കെ വരുന്ന ദിവസമാണല്ലോ. വീൽചെയറിലായിരുന്നതിനാലും കോവിഡ് കാലമായിരുന്നതിനാലും അടുത്ത വർഷം നമുക്ക് പോകാലോ എന്നു പറഞ്ഞ് അച്ഛനെ ആശ്വസിപ്പിക്കുകയായിരുന്നു. അടുത്ത പൂജയ്ക്ക് പോകാമല്ലോ എന്നു പറഞ്ഞപ്പോൾ തല നന്നായി കുലുക്കിക്കൊണ്ട് അനുകൂലിച്ചു.

കോവിഡ് കാലത്ത് മുംബെയിൽ നിന്നും നാട്ടിലെത്തി അച്ഛനോടൊപ്പം ഒരു വർഷക്കാലം ചിലവഴിക്കാനുള്ള ഭാഗ്യമുണ്ടായി. അത് വലിയൊരു അനുഗ്രഹമായി കരുതുന്നു. അവസാനനാളുകളിൽ അദ്ദേഹത്തിനൊപ്പം സന്തോഷത്തോടെ ഇരിക്കാൻ അവസരം കിട്ടി. പേരക്കുട്ടികളുമായി സന്തോഷത്തോടെ ദിവസങ്ങൾ ചിലവഴിച്ചു. സന്ദർശകർ രണ്ടു ദിവസം മുമ്പ് വരെ വന്ന് അച്ഛനെ കാണുകയും വർത്തമാനങ്ങളും വിശേഷങ്ങളും പങ്കുവെക്കുകയും ചെയ്തു. ആരെയും അദ്ദേഹം മഹാമാരി ഭയന്ന് വിലക്കിയിരുന്നില്ല. തികച്ചും ശാന്തനായി അച്ഛൻ പോയി. അദ്ദേഹത്തിന്റെ കലാസപര്യ ബന്ധുക്കൾക്കും നാട്ടുകാർക്കും പകർന്നു നല്കാനും മറന്നില്ല.

guru chemenchery
ഗുരു ചേമഞ്ചേരിയും മകന്‍ പവിത്രന്‍നായരും കുടുംബവും
ഫോട്ടോ: മധുരാജ്‌

കൊയിലാണ്ടി നഗരസഭാഹാളിൽ ഒരു മണിയ്ക്കുശേഷം പൊതുദർശനത്തിനു വെക്കും. അതിനുശേഷം പൂക്കാട് കലാലയത്തിലും അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ സൗകര്യമൊരുക്കുന്നുണ്ട്. മൂന്നുമണിക്ക് അദ്ദേഹത്തിന്റെ കഥകളി വിദ്യാലയത്തിലും പൊതുദർശനത്തിനു വെച്ചതിനുശേഷം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ ബാക്കി ചടങ്ങുകൾ നടത്തും.

അവസാനം വരെയും മുദ്രകളായിരുന്നു വിഷയവും ചിന്തയും. ആയുഷ്കാലമത്രയും കലയ്ക്കുവേണ്ടി സമർപ്പണം നടത്തി. ആരെയും ഒന്നിനും ബുദ്ധിമുട്ടിച്ചില്ല അവസാനം വരെ. അച്ഛനെന്നതിലുപരി ഋഷിതുല്യനായാണ് അദ്ദേഹത്തെ കണ്ടത്. അതുകൊണ്ടുതന്നെ അവസാനനാളുകളിൽഒപ്പം കഴിയാൻ സാധിച്ചതാണ് ഏറ്റവും വലിയ ആശ്വാസവും ആത്മനിർവൃതിയും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, പ്രാർഥിക്കുന്നു.

Content Highlights: Pavithran Nair son of guru Chemancheri Kunhiraman Nair speaks about the death of his father