രു പിറന്നാൾ കൂടി പിന്നിട്ടപ്പോൾ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് വയസ്സ് നൂറ്റി അഞ്ച്. കഴിഞ്ഞ ജൂൺ ഇരുപത്തിയാറിനായിരുന്നു അത്. കൊയിലാണ്ടിക്കടുത്തുള്ള ചേമഞ്ചേരിയിലെ ചേലിയയിലെ ഗുരുവിന്റെ വീട്ടിൽ രാവിലെ എത്തുമ്പോൾ നിറഞ്ഞ സ്വാഗതമോതി മകൻ പവിത്രൻ നായരും കുടുംബവും: ''അച്ഛൻ ഇപ്പോൾ എഴുന്നേറ്റതേ ഉള്ളൂ.'' കേരള സാംസ്കാരിക ചരിത്രത്തിലെ ഇതിഹാസ തുല്യമായ ഒരു ജീവിതം കൺതുറക്കുകയാണ് മുന്നിൽ! കഥകളിയിലൂടെ വന്ന് ആയിരക്കണക്കിന് നൃത്തനാടകങ്ങളിലൂടെ അരങ്ങുവാണ കലാജീവിതം. നമ്മുടെ ക്ലാസിക്കൽ നൃത്ത പാരമ്പര്യത്തെ നാടോടി നൃത്ത കലകളുമായി ഇഴചേർത്ത് ഒരു ജനപ്രിയ നാട്യസംസ്കാരം രൂപപ്പെടുത്തുന്നതിൽ ആശാൻ വഹിച്ച പങ്ക് വലുതായിരുന്നു. കലയിലും വ്യക്തി ജീവിതത്തിലും എണ്ണിയാൽ തീരാത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ ഒരാൾ നൂറ്റി അഞ്ചാം വയസ്സിൽ ഈ മഹാമാരിക്കാലത്തെയും മുറിച്ച് തുഴയുകയാണ്. 2016-ൽ നൂറാം പിറന്നാളിന് ആശാൻ കൃഷ്ണനായി അരങ്ങിലും വാർത്തയിലും നിറഞ്ഞിരുന്നു.

ഗുരുവിന്റെ നൂറ്റി ഒന്നാം പിറന്നാളിന് പത്മശ്രീയുടെ തിളക്കമുണ്ടായിരുന്നു. ഇത്തവണ (ഒക്ടോബറിലെ ഒരു ഞായറാഴ്ച്ച) ചെന്നപ്പോൾ ആശാൻവീൽചെയറിലായിരുന്നു. ഒരു പതിറ്റാണ്ടിനിടെ കണ്ട ശ്രദ്ധേയമായ മാറ്റം അതായിരുന്നു. എന്നാൽ ആ മുഖപ്രസാദത്തിനോ ഓർമ്മശക്തിക്കോ ചുറുചുറുക്കിനോ മങ്ങലേറ്റിട്ടില്ല. ശബ്ദമോ സംഭാഷണമോ ഇടറിയിട്ടില്ല. കോവിഡ് കാലം ആശാൻ നൽകിയ ഒരു സ്വകാര്യമായ ആനന്ദം വേറെ. മുംബൈയിൽ സ്ഥിരതാമസക്കാരായ മകനും കുടുംബവും ഈ മഹാമാരി കാലത്ത് കൂടെ ഉണ്ട്! എന്തിനും മുത്തച്ഛന് കൂട്ടായി കൊച്ചുമക്കൾ അമൃതയും ചിൻമയും. ഡിഫൻസിൽ നിന്ന് വിരമിച്ച സിവിലിയൻ ഓഫീസർ പവിത്രൻ നായർ അച്ഛന് നൽകിയ സമ്മാനമാണ് കലാലയം എന്ന ഈ വീട്. കലാജീവിതം കൊണ്ട് സ്വന്തമായി ഒന്നും ഉണ്ടാക്കാത്ത ആശാന് നാട് നൽകിയ ഉപഹാരങ്ങളും കീർത്തിമുദ്രകളും സൂക്ഷിക്കാൻ ഒരിടം. ആശാന്റെ ജീവിതയാത്രയെ സാർത്ഥകമാക്കുന്ന ഒരു മ്യൂസിയമായി 2017-ൽ കലാലയം ഒരുങ്ങി. മകനും കുടുംബവും നാട്ടിലെത്തുമ്പോൾ ആശാന്റെ താമസം ഈ വീട്ടിൽ. അവർ തിരികെ പോകുമ്പോൾ തൊട്ടടുത്തുള്ള മരുമകൻ ശങ്കരൻ മാഷുടെ കൂടെ.

ടി.വിയിലൂടെയും പത്രത്തിലൂടെയും ലോകത്തിലെ സകല കാര്യങ്ങളും അറിയുന്ന ആശാൻ കോവിഡ് കാലത്ത് ഒരു സങ്കടം മാത്രം. ആളുകളെയൊന്നും അരികെ കാണാൻ പറ്റുന്നില്ല. യാത്ര ചെയ്യാനാകാത്തതിന്റെ വിഷമം വേറെ. എന്നാൽ ''ഇതും കടന്നു പോകും'' എന്ന് ആശാൻ പറയുന്നു.

രാവിലെ ഉണർന്നാൽ ഉടൻ ഒരു ചായ. കുളി കഴിഞ്ഞ് ചെറിയ വ്യായാമം. ശ്വസനക്രിയ. പിന്നെ അരമണിക്കൂറിലേറെ നീളുന്ന ധ്യാനം.ഇതല്ലാം ഗുരുവിന് രാവിലെ മുടങ്ങാത്ത ചിട്ടകളാണ്. പ്രാർത്ഥന എന്നാൽ സർവ്വേശ്വരനോടുള്ള ഒരു സംവാദം കൂടിയാണ്. നിശ്ശബ്ദ ഭാഷണങ്ങൾ, കഥകളി മുദ്രകൾ...അങ്ങിനെ പലതും ചേർന്ന് അരങ്ങിലെന്ന പോലെ ഭാവബന്ധുരമായ മറ്റൊരു ആവിഷ്കാരം. ചിലപ്പോഴത് ഒരു മണിക്കൂറിലേറെ നീളും. പത്തുമണിക്ക് മുന്നേ പ്രാതൽ. ദോശക്ക് സാമ്പാർ, ചട്ണി. പുട്ട്, കടല അല്ലെങ്കിൽ ഇഷ്ടു. ഇഡലി, സാമ്പാർ, ചട്ണി ഇവയെല്ലാം ഇഷ്ടവിഭവങ്ങളാണ്. എല്ലാം ആസ്വദിച്ച് കഴിക്കും. വിഭവം എന്തായാലും കൂടെ ഒരു ചെറുപഴം പഥ്യം. ''അച്ഛന് ഒന്നിനും ശാഠ്യം ഇല്ല. എങ്കിലും എന്തെങ്കിലും ഒന്നു കുറഞ്ഞാൽ അത് അടുത്ത ദിവസം അറിയും. ഇന്നലെ പഴം കണ്ടില്ലല്ലോ എന്ന് പറയുക നാളെ ആയിരിക്കും;'' മകന്റെ രസകരമായ ഒരു കമന്റ്.

പ്രാതൽ കഴിഞ്ഞാൽ പിന്നെ ഷേവിങ്ങ്. ഡ്രസ്സിങ്ങ്. നേത്രസാദകം. കണ്ണാടി പോലും നോക്കാതെയുള്ള ആശാന്റെ ക്ഷൗരം പ്രസിദ്ധമാണ്. പിന്നെ കുറച്ചുനേരം ടിവിയിലെ പരിപാടി കാണും. ഭക്തിസംബന്ധമായ പരിപാടികൾക്കാണ് മുൻതൂക്കം. എല്ലാ കളികളും ഇഷ്ടമാണ് ഗുരുവിന്. ക്രിക്കറ്റും ഫുട്ബോളും നന്നായി ആസ്വദിക്കും. ടി,വി, സീരിയലും സിനിമയും കാണും. തമാശസീനുകൾ കണ്ട് പൊട്ടിച്ചിരിക്കും. ഉച്ചയൂണ് വരെ പത്രപാരായ ണമാണ്. മാതൃഭൂമി അരിച്ചുപെറുക്കും.

ഇടയ്ക്ക് വീട്ടിലേക്ക് കയറി വരുന്ന സന്ദർശകരെ കാണുമ്പോൾ ആ മുഖത്ത് വിരിയുന്നത് സന്തോഷം. അവരോടൊപ്പം ഫോട്ടോ എടുക്കാനും ഉൽസാഹം. ഉച്ചക്ക് രണ്ടിനു മുമ്പേ ഊണ്. ചോറിന് സാമ്പാറും കാളനും (മോരൊഴിച്ചത്) ഇഷ്ടവിഭവങ്ങൾ. രസം, പപ്പടം, പുളിയിഞ്ചി എല്ലാം ഇഷ്ടം. ഉച്ച ഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം ടി.വിക്കു മുന്നിൽ. കുറച്ച് കിടക്കും. കിടന്ന് കഴിഞ്ഞാൽ ചിലപ്പോൾ ആ പഴയ ലോകത്തിലേക്ക് ഒരു സഞ്ചാരമുണ്ട്. അവിടെ വച്ചാണ് ഗുരു തന്റെ പഴയ ആളുകളെ കണ്ടുമുട്ടുന്നത്. അവിടെയും കാണാം അംഗ്യങ്ങളും കഥകളി മുദ്രകളും. വൈകിട്ട് അഞ്ചരയോടെ ചായ കഴിഞ്ഞ് കോലായിൽ കുറെ നേരം ഇരിക്കും. വൈകിട്ട് വിളക്കു വച്ചാൽ പ്രാർത്ഥന. പിന്നെ ടി.വിക്ക് മുന്നിൽ കുറച്ചു നേരം. രാത്രി എട്ടിനു മുന്നേ അത്താഴം. കഞ്ഞിയോടൊപ്പം കപ്പ,ചെറുപയർ, കാളൻ, പപ്പടം, പുളിയിഞ്ചി എല്ലാം ഇഷ്ടം. രാത്രി പത്തിന് മുമ്പേ ഉറക്കം.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് 

Content Highlights: Mathrubhumi Chief Photographer Madhuraj Writes about a day of Guru Chemancheri Kunhiraman Nair