ഗുരു കുട്ടിക്കാലത്ത് കഥകളിയാണ് പഠിച്ചത്. പിന്നീടാണ് നൃത്തത്തിലേക്ക് തിരിഞ്ഞത്. അതിൽ പുതിയ പരീക്ഷണങ്ങൾ നിരന്തരം നടത്തുമായിരുന്നു. നമ്മുടെ പഴയ നൃത്തനാടകങ്ങളിലൊക്കെ പരീക്ഷണങ്ങൾ നടത്തി. അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട ഒരു ഗുണം വിനയമാണ്. നമ്മൾ അദ്ദേഹത്തിന്റെ കാൽത്തൊട്ട് വണങ്ങാൻ പോലും അദ്ദേഹം സമ്മതിക്കില്ല. നമ്മൾ അറിയാതെ ചിലപ്പോൾ നമ്മുടെ കാൽത്തൊട്ട് വണങ്ങിയെന്നും വരും,മകനാകാനുള്ള പ്രായമേ ഉള്ളൂവെങ്കിലും. ഭയങ്കരമായ എളിമയുടെ പര്യായമാണ് അദ്ദേഹം. അത്രയും എളിമയുള്ള ഒരു കലാകാരനെ വേറെ ഞാൻ കണ്ടിട്ടില്ല. കലാരംഗത്തുള്ള എല്ലാവരോടും അദ്ദേഹം ഇങ്ങനെയാണ്. അത് എത്രപ്രായം കുറഞ്ഞവരോടായാലും. എല്ലാവരെയും നന്നായി പ്രോത്സാഹിപ്പിക്കും. മുപ്പത്തഞ്ച് വർഷത്തെ പഴക്കമുണ്ട് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്.

കൃഷ്ണ വേഷമായിരുന്നു അദ്ദേഹം കൂടുതൽ കൈകാര്യം ചെയ്തിരുന്നത്. നല്ല കുസൃതിത്തരവും കൗതുകവുമുള്ള കൃഷ്ണനായിരുന്നു അദ്ദേഹത്തിന്റെ ചെറുപ്രായത്തിലെ വേഷങ്ങൾ. പ്രായമായപ്പോൾ അതിന് വ്യത്യാസം വന്നെങ്കിലും കൃഷ്ണവേഷങ്ങൾ പ്രസന്നമായിരുന്നു. നമ്മുടെ സങ്കൽപത്തിനനുസരിച്ചുള്ള കൃഷ്ണനായിരുന്നു അദ്ദേഹത്തിന്റേത്. അങ്ങനെ കൃസൃതിത്തരങ്ങളുള്ള വേഷമിടാൻ അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു.

അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്ടമാണ്. ഇങ്ങനെയൊരാളെ ഇനി കിട്ടില്ല, ആ പെരുമാറ്റം, വിനയം ഒന്നും. നമ്മുടെ മനസ്സിൽ അദ്ദേഹം സ്ഥാനം പിടിച്ചിരുന്നു. ആ ചുറുചുറുക്കാണ് അദ്ദേഹത്തെ കൃഷ്ണനാക്കി മാറ്റിയത്.

Content Highlights: Kottakkal Keshavan condolences for the death of Guru Chemancheri