ഞ്ചുവർഷം മുമ്പൊരുനാൾ കോയമ്പത്തൂരിലെ ആയുർവേദ ചികിത്സാലയത്തിലിരിക്കെ ഒരു പുസ്തകത്തിന്റെ പുറംചട്ട എന്നെ വല്ലാതെ ആകർഷിച്ചു. ദിവ്യപ്രഭയോടു കൂടിയ, തിളങ്ങുന്ന കണ്ണുകളുള്ള പ്രായംചെന്ന ഒരു കലാകാരന്റെ മുഖചിത്രം. അതാരാണെന്ന് ചികിത്സാലയം മാനേജിങ് ഡയറക്ടറും സഹോദരതുല്യനുമായ ഡോ. കൃഷ്ണകുമാറിനോട് ഞാൻ ചോദിച്ചു. തൊണ്ണൂറ്റൊമ്പതു വയസ്സിലും അരങ്ങിൽ കഥകളി അവതരിപ്പിക്കുന്ന ആചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായരാണതെന്ന് അദ്ദേഹം പറഞ്ഞു.

ആ പുസ്തകം വായിച്ചുകേൾക്കാൻ ആഗ്രഹമുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ചികിത്സാലയത്തിലെ പ്രധാന രക്ഷാധികാരികളിലൊരാളായ ബിന്ദുവിനെ അതിനായി അദ്ദേഹം നിയോഗിച്ചു. ദിവസവും ഉച്ചഭക്ഷണ സമയത്ത് അര മണിക്കൂർ ആയിരുന്നു വായന. അനീഷ് കുട്ടൻ എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകമായിരുന്നു അത്. ഡോ. കൃഷ്ണകുമാറിനെക്കുറിച്ചും അനീഷ് കുട്ടൻ ഒരു പുസ്തകം എഴുതിയിട്ടുണ്ടായിരുന്നു. തൊണ്ണൂറ്റൊമ്പതാം വയസ്സിലും യുവാവിന്റെ പ്രസരിപ്പോടെ കളിയരങ്ങിൽ ഗുരുവായും നടനായും നിറഞ്ഞാടുന്ന ചേമഞ്ചേരിയുടെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്നതായിരുന്നു ആ പുസ്തകം. കഥകളിയുടെ ഉപാസകനായ ആ കലാകാരനെ പരിചയപ്പെടുത്തിയ മാതൃഭൂമിക്ക് നന്ദി.

ഇന്ത്യയിലാദ്യമായി ചെന്നൈയ്ക്കടുത്ത് ഭരത മുനിക്കായി ഭരത ഇളങ്കോ ഫൗണ്ടേഷൻ ഫോർ എഷ്യൻ കൾച്ചർ (ബി.ഐ.എഫ്.എ. സി.) എന്ന പേരിൽ ഞങ്ങളൊരു സ്മൃതി ക്ഷേത്രം ഒരുക്കിയിട്ടുണ്ട്. ഇതിനോടു ചേർന്ന് നൃത്തകലയുടെ ഒരു മ്യൂസിയവും സജ്ജമാക്കി. ഞാനായിരുന്നു അതിന്റെ മാനേജിങ് ട്രസ്റ്റി. ഡോ. കൃഷ്ണകുമാർ സ്ഥാപക ട്രസ്റ്റിയുമായിരുന്നു. 'ഭരത പുത്ര' എന്ന പേരിൽ ബി.ഐ.എഫ്.എ.സി. യുടെ ആദ്യ പുരസ്കാരം ആശാൻ ചേമഞ്ചേരിക്ക് നൽകി ആദരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പുരസ്കാരം ഏറ്റുവാങ്ങാൻ ആശാന് ചെന്നൈയിലെത്താനാകുമോ എന്ന് ഞാൻ അനീഷ് കുട്ടനോട് ചോദിച്ചു. അല്ലെങ്കിൽ കേരളത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി പുരസ്കാരം കൈമാറാമെന്നും പറഞ്ഞു. അദ്ദേഹം ചെന്നൈക്കു വരാൻ തയ്യാറായി.

അദ്ദേഹത്തെ ചെന്നൈയിൽ സ്വീകരിക്കാനായത് ജീവിതത്തിലെ മഹത്തായ നിമിഷമായി ഞാൻ കരുതുന്നു. ഒരു സിംഹത്തെപ്പോലെ അദ്ദേഹം വേദിയിലേക്കെത്തിയത് ഞങ്ങളെയെല്ലാം ആശ്ചര്യപ്പെടുത്തി. പുരസ്കാരം സ്വീകരിച്ചശേഷം അതു തലയിൽവെച്ച് അദ്ദേഹം ഞങ്ങൾക്കായി നൃത്തവും കലാശവും അവതരിപ്പിച്ചു. പുരസ്കാരം സ്വീകരിക്കുന്ന സമയത്തെ പരമ്പരാഗത രീതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം ശാസ്ത്ര സർവകലാശാലയിലെ എം. എഫ്.എ. (ഭരതനാട്യം) വിദ്യാർഥികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം മുഖ്യാതിഥിയായി. അദ്ദേഹം തങ്ങളുടെ ഇടയിൽ എത്തിയത് അനുഗ്രഹമായാണ് വിദ്യാർഥികളും ഞങ്ങളും കണ്ടത്.

chemancheri kunhiraman nair book

നൂറു വയസ്സു തികയും മുമ്പ് പദ്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഞങ്ങൾ ഭരതമുനിയുടെ പേരിലുള്ള പുരസ്കാരം നൽകിയ വിവരമറിഞ്ഞശേഷം മുംബൈയിലെ ഷണ്മുഖാനന്ദ സഭയും അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. നടനും നർത്തകനുമായ വിനീത് ഇരുപതു വർഷത്തോളം എന്റെ ശിഷ്യനായിരുന്നു. വിനീതിന് ആദ്യം പരിശീലനം നൽകിയത് ആശാനായിരുന്നുവെന്നത് എനിക്കും അഭിമാനനിമിഷമാണ്. നൃത്ത്യോദയയിലെയും ബി.ഐ. എഫ്.എ.സി.യിലെയും എല്ലാ അംഗങ്ങളും അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നു. അദ്ദേഹം എന്നും എനിക്കും നൃത്തരംഗത്തെ കലാകാരന്മാർക്കും വലിയ പ്രചോദനമായിരിക്കും. യഥാർഥ കലാകാരന് പ്രായം ഒരു പ്രശ്നമല്ലെന്നതിന്റെ തെളിവായിരുന്നു അദ്ദേഹം. കലയോടുള്ള അദ്ദേഹത്തിന്റെ ഭക്തിയും വിധേയത്വജീവിതവും എക്കാലത്തും അനുകരണീയമായ മൂല്യങ്ങളായിരിക്കും.

Content highlights :indian dancer padma subrahmanyam remembering chemancheri kunhiraman nair