ഓണത്തെക്കുറിച്ച് മുക്തകണ്ഠം പാടിയത് മഹാകവി പി.യാണ്. എന്നാൽ, നൂറു പൊന്നോണങ്ങൾ ആസ്വദിക്കാൻ ''വാക്കുകളുടെ ആ മഹാബലി'' ജീവിച്ചിരുന്നില്ല. അതിനുള്ള ഭാഗ്യം കിട്ടിയത് മറ്റൊരു കുഞ്ഞിരാമൻ നായർക്ക് -ഗുരു ചേമഞ്ചേരി എന്ന അരങ്ങിന്റെ അദ്ഭുതത്തിന്. ''കളിയച്ഛൻ'' എഴുതിയ, സാധിക്കാതെപോയ ആ സൗഭാഗ്യം അസ്സൽ 'കളിയച്ച'നായ ഈ കലാകാരനു കൈവന്നു! താൻ പിന്നിട്ട നൂറു പൊന്നോണങ്ങളെ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായർ ഓർക്കുന്നു...

പൂവായ പൂവെല്ലാം പിള്ളേരു പറിച്ചു പൂവാംകുരുന്നില ഞാനും പറിച്ചു...കുഞ്ഞിരാമൻ നായരുടെ മനസ്സിൽ ഓർമകളുടെ തിരുവോണമാണ്. കുഞ്ഞുനാളിലെന്നോ കേട്ട വരികൾ ഈ നൂറാം വയസ്സിലും ഓർത്തെടുത്ത് ഇടറാത്ത ശബ്ദത്തിൽ അദ്ദേഹം ഈണമിട്ട് പാടുമ്പോൾ അറിയാതെ കൈകൾ കൂപ്പിപ്പോവുന്നു. നൂറു പൊന്നോണങ്ങൾ കണ്ട നാട്യാചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ തന്റെ ഓർമകളുടെ ചെപ്പുതുറക്കുമ്പോൾ നടന്നുതീർത്ത വഴികളിൽ ഒരു നൂറ്റാണ്ടിന്റെ നിറവും സുഗന്ധവും നിറയുന്നു.

നൂറാം വയസ്സിലും ഭാരമേറിയ ഉടുത്തുകെട്ടും കിരീടവുമായി കഥകളി വേദിയിലെത്തി വിസ്മയം സൃഷ്ടിച്ച ഈ ഗുരുനാഥന്റെ ഓണസ്മരണകൾക്കും പത്തരമാറ്റ് തെളിച്ചം.

''ഓണം നമ്മുടെ മനസിനകത്താണ്. അതുകൊണ്ട് കുഞ്ഞുനാളിൽ അനുഭവിച്ച അതേ ആഹ്റാദംതന്നെയാണ് ഇന്നും'', കുഞ്ഞുങ്ങൾക്കുമാത്രം കഴിയുന്ന അകളങ്കമന്ദഹാസത്തോടെ ഗുരു പറയുന്നു. ആഘോഷങ്ങളിലും ചര്യകളിലും മാറ്റങ്ങളുണ്ടായി ട്ടുണ്ടാവാം. എങ്കിലും ഓണം ഓണം തന്നെ, അല്ലേ?

ഇദ്ദേഹത്തിന്റെ മനസ്സിൽ ഓണം ഓർമകളായി പെയ്യുകയാണ്- കണ്ണീരായും ചിരിയായും. രണ്ടരവയസ്സിൽ അമ്മ മരിച്ചതുകൊണ്ട് അച്ഛന്റെ വീട്ടി ലായിരുന്നു പാർപ്പ്. മിക്കവാറും ഓണങ്ങളെല്ലാം അച്ഛന്റെ വീട്ടിൽത്തന്നെ. അഞ്ചാംവയസു തൊട്ടുള്ള ഓണങ്ങൾ ഓർമയിലുണ്ട്. കഴുത്തിൽ പൂക്കൊട്ടയുംതൂക്കി പൂതേടി പറമ്പുകൾ തോറും അലഞ്ഞുനടന്നത് ഇന്നലെയാണെന്നു തോന്നുന്നു. തുമ്പ, അരിപ്പൂ, മുക്കൂറ്റി, കാക്കപ്പൂ- ഇത്രയും പൂക്കളായിരുന്നു പ്രധാനം. ''എല്ലാം ഇത്തിരിപ്പോന്ന പൂക്കൾ. എത്ര ചെറിയവയ്ക്കും പ്രാധാന്യം ലഭിക്കുന്ന പോയ കാലത്തിന്റെ നന്മയാണത്!''

നന്നേ പുലർച്ചെ തൊടിയിലെത്തിയില്ലെങ്കിൽ ഇതെല്ലാം മറ്റുകുട്ടികൾ പറിച്ചുപോവും. പൂപറിച്ചുവന്ന് കുളിച്ച് ഈറനണിഞ്ഞ് പൂക്കളമിടും. ചെമ്പര ത്തിപ്പൂക്കൾ കൊണ്ട് കുടകളുണ്ടാക്കി ചുറ്റും കുത്തും. അതിനുശേഷമേ പ്രാതൽ കഴിക്കുള്ളൂ -നിറംമങ്ങാത്ത ഓർമകളുടെ ഓണത്തിലേക്ക് ഗുരു നടക്കുകയാണ്.

കഥകളിയും നൃത്തവും കുട്ടികളെ അഭ്യസിപ്പിക്കാൻ തുടങ്ങിയശേഷം ഓണത്തോടനുബന്ധിച്ചുള്ള പല കലാപരിപാടികളിലും പങ്കെടുക്കേണ്ടി വന്നു. കലാകാരന്റെ ഓണം അരങ്ങത്താണല്ലോ...

പുലരുന്നെന്നും പൊന്നോണം
മാമലനാട്ടിൻ പൊന്നോണം
നാടുമുഴുക്കെ പെന്നോണം
കനകംവിരിയും തിരുവോണം

ഗുരു ഓർമയിൽ മുഴുകി പാടുകയാണ്. തലശ്ശേരിയിൽ കലാലയം നടത്തുന്നകാലത്ത് ആകാശവാണിക്ക് ഓണപരിപാടി വേണമെന്ന ആവശ്യമായി തിക്കോടിയനും രാഘവൻ ഭാഗവതരും വന്നത് ഇന്നലെയെന്നപോലെ ഗുരു ഓർക്കുന്നു. അന്നു തയ്യാറാക്കിയ ഓണപ്പാട്ടാണിത്. തറവാട്ടിൽ അമ്മാവന്മാരുടെ ഉൽസാഹത്തിൽ അരങ്ങേറിയിരുന്ന കോൽക്കളിയുടെ ചടുലതാളം. കൊയ്തുകഴിഞ്ഞ് ഉഴുതുമറിച്ച വയലിൽ കാളപ്പൂട്ട് മൽസരത്തിന്റെ വീറും വാശിയും... അന്നത്തെ ഓണക്കാലം നൂറുവർഷം പഴക്കമുള്ള ഹൃദയത്തിൽ ഇന്നും മിടിച്ചുകൊണ്ടിരിക്കുന്നു. ഓണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ മാസങ്ങൾക്കുമുമ്പേ തുടങ്ങും. നല്ല ചക്കയും വാഴക്കുലയും മാങ്ങയും നെല്ലും പുടവകളുമെല്ലാം ഓണക്കാലത്തേക്ക് കരുതിവെയ്ക്കും. ഓണസദ്യ ആ ഒരുക്കങ്ങളുടെയെല്ലാം ക്ലൈമാക്സായിരുന്നു. അധ്വാനിച്ചുണ്ടാക്കിയ ഓണമായിരുന്നു അന്നത്തേത്- ഗൃഹാതുരതയോടെ ഗുരു ഓർമകളടുക്കുന്നു.

ചേലിയയിലെ കിണറ്റിൻകര തറവാട്ടിലെ അമ്മുക്കുട്ടിയമ്മയുടെയും ചെങ്ങോട്ടുകാവിലെ മടയൻ കണ്ടി ചാത്തുക്കുട്ടിനായരുടെയും മകനായി 1916 ജൂൺ 26-ന് മിഥുന മാസത്തിലെ കാർത്തികനക്ഷത്രത്തിലാണ് കുഞ്ഞിരാമൻനായർ ജനിച്ചത്. മഹാകവി കുഞ്ഞിരാമൻ നായർക്കുശേഷം ആ പേരുള്ള മറ്റൊരാൾകൂടി മലയാളമണ്ണിൽ സർഗാത്മകതയുടെ മഹാബലി പട്ടം നേടിയെടുക്കുന്നതിന് പിന്നീടുള്ള ഈ നൂറുവർഷങ്ങൾ സാക്ഷ്യംവഹിച്ചു. മൂന്നുവയസ്സിനു മൂത്ത സഹോദരി ഉണ്ണിമാധവിയാണ് ഇദ്ദേഹത്തിന്റെ ഏക കൂടപ്പിറപ്പ്. രണ്ടരവയസ്സിൽ അമ്മയും പതിമ്മൂന്നാം വയസ്സിൽ അച്ഛനും കുഞ്ഞിരാമനു നഷ്ടമായെങ്കിലും ജീവിതത്തോട് ഒരിക്കലും വിരക്തി തോന്നിയില്ല. ആയുസ്സുമുഴുവൻ കലോപാസനയ്ക്കായി സമർപ്പിക്കുകയായിരുന്നു.

നാലാംക്ലാസുവരെ ചെങ്ങോട്ടുകാവിലെ സ്ക്കൂളിൽ പഠിച്ച കുഞ്ഞിരാമൻ കലാരംഗത്ത് ചുവടുവെയ്ക്കുന്നത് സ്കൂൾ വാർഷികത്തിലവതരിപ്പിച്ച ''സോളമന്റെ നീതി'' എന്ന നാടകത്തിലഭിനയിച്ചുകൊണ്ടാണ്. പിന്നീട് നാട്ടിലെ പ്രമാണിയായിരുന്ന വാര്യംവീട്ടിൽ കുഞ്ഞിരാമൻ കിടാവിന്റെ നേതൃത്വത്തിലുള്ള നാടകസംഘത്തോടൊപ്പം ചേർന്നു. പാലക്കാട് ഗോപാലകൃഷ്ണഭാഗവതരുടെ ശിക്ഷണത്തിൽ നാടകമഭ്യസിച്ചുതുടങ്ങി. നൂറ്റാണ്ടോളം നീളാനിരിക്കുന്ന കലോപാസനയുടെ തുടക്കം!

അന്നത്തെ നാടകങ്ങൾക്ക് രംഗസജ്ജീകരണം നിർവഹിച്ചിരുന്ന ഗോവിന്ദമേനോനാണ് പതിനഞ്ചുകാരനായ കുഞ്ഞിരാമനെ കഥകളിയിലേക്കു തിരിച്ചുവിട്ടത്. ഗോവിന്ദമേനോന്റെ ഉത്സാഹത്തിൽ കീഴ്പയ്യൂരിൽ അപ്പുക്കുട്ടിനമ്പ്യാർ നടത്തുന്ന രാധാകൃഷ്ണ കഥകളിവിദ്യാലയത്തിൽ ചേർന്നു. അവിടത്തെ ഗുരു കരുണാകരമേനോന്റെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ചുതുടങ്ങിയ കുഞ്ഞിരാമൻ വളരെവേഗം മികച്ച നടനായിമാറി. കഥകളിയിലെ വടക്കൻരീതിയായ കല്ലടിക്കോടൻ ചിട്ടയിലാണ് കഥകളി അഭ്യസിച്ചത്. കല്ലടിക്കോടൻ ചിട്ടയുടെ അവസാനകണ്ണികളിലൊരാളാണ് ഗുരു.

കഥകളിനടൻ മാത്രമല്ല കുഞ്ഞിരാമൻനായർ. കലാമണ്ഡലം മാധവൻ നായരുടെ കീഴിൽ ഇതര കേരളീയ നൃത്തകലകളും മദ്രാസിൽച്ചെന്ന് ബാല സരസ്വതിയുടെ കീഴിൽ ഭരതനാട്യവും പഠിച്ചിട്ടുണ്ട്. കഥകളിയും മോഹിനിയാട്ടവും കൂട്ടിയിണക്കി കുഞ്ഞിരാമൻ നായരും ഗുരു ഗോപിനാഥും ചേർന്ന് വികസിപ്പിച്ചെടുത്തതാണ് കേരളനടനം. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനു വേദികളിൽ കഥകളിയും നൃത്തനാടകങ്ങളും അവതരിപ്പിച്ച ഗുരുവിന് എണ്ണിയാലൊടുങ്ങാത്ത ശിഷ്യസമ്പത്തുമുണ്ട്. 1983-ൽ സ്ഥാപിച്ച ചേലിയയിലെ കഥകളിവിദ്യാലയത്തിലെ പ്രധാന ഗുരുനാഥൻ ഇന്നും കുഞ്ഞിരാമൻനായർ തന്നെ.

ഒരുകാലത്ത് ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് സ്ഥിരമായി അരങ്ങേറിയിരുന്ന നൃത്തസംഗീതനാടകങ്ങളിലും കുഞ്ഞിരാമൻനായർ നിറഞ്ഞുനിന്നു. നരസിംഹമായും മഹാവിഷ്ണുവായും ചക്രവർത്തിയായുമെല്ലാം രംഗത്തുവന്ന കുഞ്ഞിരാമൻനായർ നൃത്തനാടകം എന്ന കലാരൂപത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. കഥകളിനടനെന്നതിലുപരി നൃത്ത, നാട്യ ആചാര്യൻ എന്ന വിശേഷണമാണ് ഗുരുവിന് കൂടുതലിണങ്ങുക.

കളിവിളക്കിനുമുന്നിൽ കഥകളി മുദ്രകൾ പ്രകാശിപ്പിക്കുകയും ചുവടുവെയ്ക്കുകയും ചെയ്യുന്ന അതേ ആർജവത്തോടെ സർക്കസ് കൂടാരത്തിനകത്ത് നൃത്തമാടാനും കുഞ്ഞിരാമൻ നായർ മടിച്ചിരുന്നില്ല. കുറച്ചുകാലം തലശ്ശേരിയിലെ സർക്കസ് സംഘത്തിനൊപ്പം നൃത്തമവതരിപ്പിച്ചിരുന്നു. സ്കൂൾ കലോത്സവത്തിൽ കുട്ടികളെ സംഘനൃത്തവും നാടോടിനൃത്തവും പഠിപ്പിക്കാനും മുൻകൈയെടുത്തു. കഥകളിയുൾപ്പെടെയുള്ള കലാരൂപങ്ങളൊന്നും വരേണ്യവർഗത്തിന്റെ സ്വന്തമല്ലെന്നും സാർവലൗകികമാണെന്നും തന്റെ ചര്യകളിലൂടെ അദ്ദേഹം വിളംബരം ചെയ്തു. വർഷങ്ങൾക്കുമുമ്പു സംഭവിച്ച വാഹനാപകടത്തിൽ ഗുരുവിന്റെ വലതുകൈപ്പത്തി മുള കുത്തിക്കയറി തകർന്നതാണ്.. മുദ്രകൾ കാട്ടി തന്റെ സർഗാത്മകത ആവിഷ്കരിക്കേണ്ട ഒരാളുടെ കൈപ്പത്തിതന്നെ തകർന്നാലോ?

പക്ഷേ, അന്നും ഗുരു തളർന്നില്ല. ഏറെ ക്ലേശിച്ച് അന്ന് ഡോക്ടർമാർ അദ്ദേഹത്തിന്റെ കൈപ്പത്തി തുന്നിച്ചേർത്തു. പൂർവാധികം ഭംഗിയായി ഗുരു അരങ്ങത്തെത്തുകയും ചെയ്തു. പിന്നീട് രണ്ടുതവണ വീണ് കാലിന്റെ എല്ലുകൾ പൊട്ടി. സ്റ്റീൽക്കമ്പികൾ ചേർത്തുവെച്ച് ശസ്ത്രക്രിയ നടത്തിയാണ് അന്ന് കാലുകൾ സുഖപ്പെടുത്തിയത്. ആ മനുഷ്യൻ ഈ നൂറാം വയസ്സിലും ഭാരമേറിയ ഉടുത്തുകെട്ടുകളും കിരീടവുമായി നൃത്തംചവിട്ടുന്നു! ഇന്നും വീട്ടിൽനിന്ന് വടികുത്തിയിറങ്ങി ഒറ്റയ്ക്ക് ബസുകയറി കിലോമീറ്ററുകളകലെയുള്ള വിവാഹത്തിനു പോകും. വഴിയിൽക്കാണുന്ന കുഞ്ഞുങ്ങളെ കൈയിലെടുത്ത് കൊഞ്ചിക്കും. അതെ, അന്തമില്ലാത്ത വിസ്മയമാണ് ഗുരു ചേമഞ്ചേരി.

അരങ്ങത്ത് മഹാബലിയുടെ വേഷമണിഞ്ഞിട്ടുണ്ട് ഗുരു. തനിക്കേറ്റവും ഇണങ്ങുന്ന വേഷങ്ങളിലൊന്നാണ് അതെന്നും അദ്ദേഹം പറഞ്ഞു. ''നൂറുവയസ് തികഞ്ഞ മാവേലിയാണ് അങ്ങ്'' എന്നുപറഞ്ഞപ്പോൾ വലിയൊരു പൊട്ടിച്ചിരിയായിരുന്നു ഗുരുവിന്റെ പ്രതികരണം. ''മാവേലിയപ്പൂപ്പ'ന്റെ ഫോട്ടോയെടുക്കട്ടേയെന്ന് ഫോട്ടോഗ്രാഫർ മധുരാജ് അനുവാദം ചോദിച്ചപ്പോൾ പൊടുന്നനെ വീടിന്റെ കോലായിൽ നിന്ന് അദ്ദേഹം അകത്തേക്കു പോയി. ചോദ്യം ഇഷ്ടമായില്ലെന്നുണ്ടോ, ഞങ്ങൾ പരസ്പരം നോക്കി.

അപ്പോളതാ അകത്തുനിന്നു വരുന്നു, നൂറുവയസ്സുകാരൻ മഹാബലിത്തമ്പുരാൻ! പലപ്പോഴായി കലാസ്വാദകരും ശിഷ്യൻമാരും നൽകിയ പുരസ്കാരങ്ങൾ അകത്ത് ഗുരുതന്നെ ഒരുക്കിവെച്ചിരിക്കുന്നു. അതിൽനിന്ന് ഒരു വെള്ളിക്കിരീടമെടുത്തണിഞ്ഞ് കൈയിൽ ഓലക്കുടയുമായി മുറ്റത്തിറങ്ങിയ നാട്യാചാര്യനെക്കണ്ട് ഞങ്ങൾ വിസ്മയിച്ചു. ഇത് ചരിത്രത്തിൽ ആവർത്തിക്കാൻ സാധ്യതയില്ലാത്ത അപൂർവ നിമിഷമാണ്. ഈ നിമിഷം തന്നതിന് കാലത്തിനു നന്ദി.

മധുരാജ് വർധിതവീര്യനായി തന്റെ ക്യാമറ കൈയിലെടുത്തു. ഓണപ്പൂക്കൾ പൊട്ടിവിരിയും പോലെ ഫ്ലാഷിന്റെ പൂക്കൾ വിരിയാൻ തുടങ്ങി. അപ്പോൾ സംശയമായി, ഗുരു തന്നെയാണോ മഹാബലി? നൂറുവയസ്സ് തികഞ്ഞെങ്കിലും കൊച്ചുകുഞ്ഞുങ്ങൾക്കു മുന്നിൽപ്പോലും വിനയത്തോടെ കൈകൾകൂപ്പി ശിരസ്സുകുനിക്കുന്ന കലാകേരളത്തിന്റെ മഹാബലി?

കടപ്പാട്: മാതൃഭൂമി വാരാന്തപ്പതിപ്പ്

Content Highlights: In Memory of Guru Chemancheri Kunjiraman Nair