ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ജീവിതം പറയുന്ന പുസ്തകമാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് ജീവിതരസങ്ങൾ. അനീഷ് കുട്ടൻ തയ്യാറാക്കിയ പുസ്തകത്തിൽ ഗുരുവിന്റെ കലായാത്രകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വിശദമാക്കുന്നു. പുസ്തകത്തിൽ നിന്നും ഒരു ഭാഗം വായിക്കാം.

2010 ജൂലായ് 28,
മിഥുനമാസത്തിലെ കാർത്തിക നക്ഷത്രദിനം,
സമയം വൈകീട്ട് 5.30.
ചേലിയ കഥകളി വിദ്യാലയത്തിലെ അരങ്ങ്.
കുചേലവൃത്തം കഥകളിയാണ് അവതരിപ്പിക്കാൻ പോകുന്നത്. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിന് സഹായത്തിനായി പത്നിയുടെ നിർബന്ധത്തിനു വഴങ്ങി കുചേലൻ സതീർഥ്യനായ ഭഗവാൻ കൃഷ്ണനെ കാണാൻ ദ്വാരകയിലേക്ക് പുറപ്പെടുകയാണ്.
രംഗപടം മാറുമ്പോൾ, മട്ടുപ്പാവിൽ രുക്മിണീസമേതനായി ഇരിക്കുകയാണ് ഭഗവാൻ കൃഷ്ണൻ. സദസ്സിന് പിന്നിലായി ദൂരെയായി കുചേലനെ കണ്ടതും കൃഷ്ണൻ വേദിയിൽനിന്നും ചാടിയിറങ്ങി. കാണികൾക്ക് ഇടയിലൂടെ ഓടി കുചേലനരികിലെത്തുന്നു. വൻസദസ്സ് അല്ലെങ്കിലും കാണികൾ എല്ലാവരും അത് അദ്ഭുതത്തോടും അതിലുപരി, അമ്പരപ്പോടുംകൂടി പ്രാർഥനയോടെ.

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരാണ് അരങ്ങത്ത്. ആൾക്ക് അന്ന് 94 വയസ്സ് പൂർത്തിയാവുന്നു. തന്നെ കഥകളി പഠിപ്പിച്ച ആശാൻ കരുണാകര മേനോനോടുള്ള സമർപ്പണമായി തനിക്ക് ഏറ്റവും പ്രിയപ്പെട്ട ശ്രീകൃഷ്ണവേഷം കെട്ടി കുഞ്ഞിരാമൻ നായർ അരങ്ങത്ത് വരുന്നത് കാണാനും കളി ആസ്വദിക്കാനും എത്തിയതായിരുന്നു സദസ്സ്. എല്ലാതരം അവശതകളെയും മാറ്റിനിർത്തിക്കൊണ്ടാണ് ഗുരു വേഷമണിഞ്ഞ് മണിക്കൂറുകളോളം ആടിയത്. വാഹനാപകടത്തിൽ മുൻപൊരിക്കൽ തകർന്ന വലതു കൈപ്പത്തി, തുന്നിക്കൂട്ടിയ കൈവിരലുകൾ, പലപ്പോഴായി ഉണ്ടായ അപകടങ്ങളുടെ ഫലമായി തകർന്ന ഇടതു-വലതു കാൽമുട്ടുകളിലെ എല്ലുകളിൽ ഇട്ടിരിക്കുന്ന സ്റ്റീൽ കമ്പികൾ, ഉടുത്തുകെട്ടും കിരീടവുമായി 35 കിലോയിലധികം ഭാരവും...

പക്ഷേ, ആട്ടവിളക്കിന് മുൻപിലെത്തിയതോടെ ഇവയെല്ലാം മറന്ന് തന്റെ ഇഷ്ടവേഷത്തിൽ ഗുരു ചേമഞ്ചേരി മണിക്കൂറുകൾ അരങ്ങുതകർത്തു. ആസ്വാദകമനവും നിറച്ചു. മഹാകവി വൈലോപ്പിള്ളിയുടെ വാക്കുകളിൽ 'ചരിത്രത്തിലെ ചാരുദൃശ്യം'.
ഗിന്നസ് ബുക്ക് അധികൃതർ ഇതറിഞ്ഞിട്ടുണ്ടാവില്ല. എന്നാൽ ഗുരുവിനെ അറിയുകയും ആസ്വദിക്കുകയും ചെയ്യുന്ന കേരളത്തിനകത്തും പുറത്തുമുള്ള കഥകളി ആസ്വാദകർ ഇത് മറക്കാനിടയില്ല. ഇപ്പോഴും കഥകളി അധ്യാപകനായ ഇദ്ദേഹത്തിന്റെ ശിഷ്യരാണ് കഴിഞ്ഞ ഏഴുവർഷത്തിലധികമായി സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ കോഴിക്കോട് ജില്ലയ്ക്കായി ഏറ്റവും കൂടുതൽ പോയന്റുകൾ കരസ്ഥമാക്കുന്നത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ അവസാന കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ആദർശ് എസ്. ഇദ്ദേഹത്തിന്റെ ശിഷ്യരിലൊരാളായിരുന്നു.
ഇവരെല്ലാം ഗുരുവിന്റെ ശിഷ്യരെന്നോ, ചേലിയ കഥകളി വിദ്യാലയത്തിലെ പഠിതാക്കൾ എന്നോ അറിയപ്പെടാത്തത് ഇവരെല്ലാം മത്സരിക്കുന്നത് വിവിധ സ്കൂളുകളെ പ്രതിനിധാനം ചെയ്താണ്. അതിനാൽ ഗുരുവിന്റെ ശിക്ഷണവൈഭവം പരക്കെ അറിയപ്പെടുന്നില്ല. നടന, നൃത്തരംഗത്തെ നിത്യവിസ്മയം എന്ന് ഗുരുവിനെ വിശേഷിപ്പിച്ചവർ ആരായിരുന്നാലും അത് അക്ഷരം പ്രതി ശരിയാണെന്ന് ഇക്കാര്യങ്ങളെല്ലാം വിലയിരുത്താതെതന്നെ അദ്ദേഹത്തെ കാണുമ്പോൾ നമ്മൾ സമ്മതിക്കും. മലബാറിലെ വിവിധ ജില്ലകളിലെ അനവധി സാംസ്കാരിക ചടങ്ങുകളിൽ ഉദ്ഘാടകനായും കലാവേദികളിലാണെങ്കിൽ, വേഷമണിയുന്നില്ലെങ്കിലും ആസ്വാദകനായും നാട്യാചാര്യനെ കാണാം. അത്തരത്തിലൊരു കാഴ്ചയിലേക്ക്...

2011 ജനവരിയിലെ ഒരു തണുപ്പുള്ള രാത്രി...
സമയം രാത്രി 11 മണി കഴിഞ്ഞിട്ടുണ്ടാവും...
കോഴിക്കോട്ടെ പത്ര ഓഫീസിൽനിന്നും ജോലി കഴിഞ്ഞ് പതിവുപോലെ മടങ്ങാനൊരുങ്ങുകയാണ് ഞാൻ.
വരുന്ന വഴിയെ കോരപ്പുഴ പാലത്തിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ടില്ലെങ്കിൽ അര മണിക്കൂറിനകം വീട്ടിലെത്താം.
ഈയൊരു കണക്കുകൂട്ടലോടെ ബൈക്കിൽ വിജനമായ റോഡിലൂടെ കുറച്ച് വേഗത്തിൽ തന്നെ.
പാലത്തിനടുത്തെത്തിയതും...
പ്രതീക്ഷിച്ചതുപോലെ തന്നെ...
വാഹനങ്ങളുടെ നീണ്ട നിര...
മാസം തോറും അറ്റകുറ്റപ്പണികൾക്കായി എത്ര ലക്ഷങ്ങളാണീ പാലത്തിനായി മുടക്കുന്നത്...
ഒരു ഫലവുമില്ല.
പൊൻമുട്ടയിടുന്ന താറാവാണ് ഈ പാലം...
മനസ്സിൽ ആരെയൊക്കെയോ പഴിച്ചുകൊണ്ട് അരമണിക്കൂർ പിന്നിട്ടു.
ഗതാഗതക്കുരുക്കിൽനിന്നും മോചിക്കപ്പെട്ട് കുറച്ചു ദൂരം പിന്നിട്ടതും ദേശീയപാതയ്ക്ക് ഇരുവശത്തുമായി ദീപാലങ്കാരങ്ങൾ കാണുന്നു.
ഇന്ന് തിരുവങ്ങൂർ ശ്രീനരസിംഹ പാർഥസാരഥിക്ഷേത്രത്തിലെ പ്രധാന ഉത്സവമാണെന്ന് അപ്പോഴാണ് ഓർത്തത്. തൊഴുത് പെട്ടെന്നുതന്നെ മടങ്ങാമെന്നു കരുതി ക്ഷേത്രത്തിലേക്കു കയറി. മുറ്റത്ത് കഥകളി നടക്കുന്നുണ്ട്.
ഭഗവാൻ ശ്രീകൃഷ്ണന്റെ സമ്പൂർണജീവിതം ആവിഷ്കരിക്കുന്ന കൃഷ്ണായനം ആണ് കഥ. വേദിയിലവതരിപ്പിക്കുന്ന രംഗമാവട്ടേ, കാളിയമർദനവും...
തൊഴുതു വന്ന് സദസ്സിന്റെ പിന്നിലിരുന്നു;
അതിനിടെ കണ്ടു... അതാ... .
സദസ്സിന്റെ മുൻനിരയിലെ കസേരയിൽ ഊന്നുവടിയും പിടിച്ച് ഒരാൾ...
ആരും ശ്രദ്ധിച്ചുപോകും...
നാട്യവേദിയിലെ നിത്യവിസ്മയം...
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ...
അന്ന് പ്രായം 95 കഴിഞ്ഞുവെങ്കിലും, അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ വേദിയിലെ കൃഷ്ണനിലാണ്. ഈയൊരു കാഴ്ചയിൽ അദ്ഭുതത്തോടെ ഞാനവിടെ ഗുരുവിനെ നോക്കിയിരുന്നുപോയി.
കുറച്ചുസമയം കഴിഞ്ഞിരിക്കും. പിന്നിൽനിന്നും ഒരാളെന്നെ വിളിക്കുന്നു.
ശിവദാസേട്ടനാണ്, എന്റെ അയൽവാസി.
റെയിൽവേ സ്റ്റേഷൻ മാസ്റ്ററായ ശിവദാസേട്ടൻ എന്നെപ്പോലെ ജോലിയും കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയാണ്.
സമീപത്തായി ഇരുന്ന ശിവദാസേട്ടനോട് ഈ പ്രായത്തിലും ഗുരു ചേമഞ്ചരിയുടെ കലാതാത്‌പര്യം വ്യക്തമാവുന്ന അപൂർവവും ആശ്ചര്യജനകവുമായ ഈ കാഴ്ച കാണിച്ചു. തുടർന്ന് ശിവദാസേട്ടൻപറഞ്ഞ മറുപടി ചിന്തിപ്പിക്കുന്നതായിരുന്നു:
'രാവിലെ മുതൽ ഉറങ്ങും വരെയും എന്തെല്ലാം ചിന്തകളും ആവലാതികളുമാണ് നമുക്കെല്ലാം. ഇവയുടെ പൂർത്തീകരണത്തിനായി ഓട്ടത്തിലുമാണ്. ഇതിനിടയിൽ വന്നെത്തുന്ന ഇത്തരം കലാപരിപാടികളും ഉത്സവങ്ങളുമാണ് മനസ്സിന് കുറച്ച് ഒരാശ്വാസം. കലാകാരന് മിക്ക ദിവസങ്ങളിലും ഉത്സവപരിപാടികൾ ആയിരിക്കുമല്ലോ. ഗുരു ചേമഞ്ചേരിക്കാവട്ടേ എന്നും കഥകളിയും നൃത്തവുമാണല്ലോ ജീവിതം. ഇതിനിടയിൽ എന്ത് ഓർക്കാനാ... എന്നും ഉത്സവംതന്നെ ഉത്സവം.'
വേദിയിൽ ഭഗവാൻ കൃഷ്ണന്റെ ജീവിതമുഹൂർത്തങ്ങൾ ഓരോന്നായി കഴിയുന്നതിനനുസരിച്ച് സദസ്യരിൽ മിക്കവരും ഉറക്കത്തിലേക്ക് വഴുതുന്നുണ്ട്.

മറ്റുചിലരാകട്ടേ, കട്ടൻകാപ്പിയെ ശരണം പ്രാപിച്ച് ഉറക്കത്തിനെ തടയാനുള്ള ശ്രമത്തിലുമാണ്. എനിക്കും ഉറക്കം വരുന്നുവെങ്കിലും ഗുരു ചേമഞ്ചേരിയുടെ പ്രായത്തെയും എന്റെ പ്രായത്തിനെയും പിന്നെ ശിവദാസേട്ടന്റെ വാക്കുകളും താരതമ്യം ചെയ്ത് ചിന്തിച്ചിരുന്നുപോയി.
ഗുരു ചേമഞ്ചേരിയാകട്ടെ കണ്ണിമ ചിമ്മാതെ കഥകളിയിൽ ലയിച്ചിരിക്കുകയാണ്.
ക്ഷേത്രഭാരവാഹികളിൽ ആരോ, കട്ടൻ കാപ്പി കൊണ്ടുക്കൊടുത്തുവെങ്കിലും സ്വതഃസിദ്ധമായ ചിരിയോടെ അദ്ദേഹമത് സ്വീകരിച്ചുവെന്നല്ലാതെ കുടിച്ചില്ല, സമീപത്ത് ഇരുന്ന് ഉറക്കം തൂങ്ങുകയായിരുന്ന യുവാവിന് പിന്നീട് ഈ കാപ്പി കൈമാറുന്നതും ഞാൻ കണ്ടു.
കളി കഴിയുമ്പോൾ വാച്ചിൽ സമയം പുലർച്ചെ രണ്ട് മണി.
സദസ്യരെയാണെങ്കിൽ വിരലിലെണ്ണി കണക്കാക്കാം. അവരാകട്ടേ, പല തവണ കാപ്പി കുടിച്ച് ഉറക്കമകറ്റാൻ ശ്രമിച്ചെങ്കിലും മയക്കത്തിലുമാണ്.
പക്ഷേ ... ഇല്ല...
ഗുരു ചേമഞ്ചേരിയുടെ ഇരിപ്പിലോ, ശ്രദ്ധയിലോ മാറ്റമൊന്നുമില്ല. അതുവരെയും അദ്ദേഹം കസേരയിലിരുന്ന് കഥകളി ആസ്വദിക്കുക തന്നെയായിരുന്നു. വാർധ്യക്യത്തിന്റെ ഔന്നത്യത്തിലും യുവതയെപ്പോലും തോല്പിക്കുന്ന ഊർജസ്വലതയുടെ കാരണമെന്തെന്ന് ആലോചിച്ചാണ് ഞാനന്ന് ഉറങ്ങിയത്.

ചേലിയ എന്ന നാട്ടിൻപുറമാണ ് ഗുരു ചേമഞ്ചേരിയുടെ സ്വദേശം. ഏകമകൻ പവിത്രൻ ജോലിസംബന്ധമായി മുംബൈയിൽ ആണ്. ഇതിനാൽ അനന്തിരവൻ ശങ്കരൻമാഷിനോടൊപ്പമാണ് ഗുരുവിന്റെ താമസം.
രാവിലെ അവിടെയെത്തി ഗുരു ചേമഞ്ചേരിയെ അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി വീണ്ടും ചിന്തിപ്പിക്കുന്നതായിരുന്നു.
രാവിലെ ഏഴു മണിക്കു മുൻപേ തന്നെ ഇവിടെനിന്നും പോയി. സമീപത്തുതന്നെയുള്ള കഥകളിവിദ്യാലയത്തിലുണ്ടാവും.സ്കൂൾ കലോത്സവങ്ങൾ അടുത്തിരിക്കയല്ലേ. വിദ്യാർഥികൾ പരിശീലനത്തിനായി വന്നിരിക്കും. ഇനി 11 മണി കഴിയും മടങ്ങിയെത്താൻ.'
ഈ മറുപടി കേട്ടതും ഞാൻ ഓർത്തുപോയത് എന്നെക്കുറിച്ചു തന്നെയായിരുന്നു.
പുലർച്ചെ വൈകി ഉറങ്ങിയതിനാൽ ഉണരാൻ വളരെ വൈകിപ്പോയിരുന്നു. രാത്രി മുഴുവൻ കഥകളി കണ്ടവരിൽ ആരുണ്ടാവും വൈകി ഉണരാത്തവരായി.

Content Highlights: Excerpts fron Jeevitharasangal biography of Guru Chemancheri written by Aneesh kuttan published by mathrubhumi Books