കുഞ്ചുക്കുറുപ്പിനുശേഷം ഗുരു എന്ന വിശേഷണത്തിൽ അറിയപ്പെട്ട ഏക കഥകളി നടനായിരുന്നു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. ഏറ്റവും അധികം കാലം ജീവിച്ച കഥകളി നടൻ. കഥകളിയിലെ മഹാനടന്മാർ പോലും ആദരിച്ച വ്യക്തിത്വം. ഇതെല്ലാമായിരുന്നിട്ടും മുഖ്യധാരയിൽ സജീവമായ കഥകളി വേഷക്കാരനുമായിരുന്നില്ല ചേമഞ്ചേരി. വടക്കേ മലബാറിന്റെ സദ്സന്താനമായി കലാമണ്ഡലം കൃഷ്ണൻനായർക്കു ശേഷം കുഞ്ഞിരാമൻ നായർ തിളങ്ങി; വിളങ്ങി. കൃഷ്ണൻനായരെപ്പോലെ സർവ്വവേഷാധിപത്യമോ അരങ്ങിലെ സജീവസാന്നിധ്യമോ ആവാതിരുന്നിട്ടുകൂടി ചേമഞ്ചേരി കഥകളി മേഖലയിൽ ആദരപുരുഷനായി. ദുര്യോധനവധം, കുചേലവൃത്തം, സന്താനഗോപാലം, രുക്മീണി സ്വയംവരം കഥകളിയിൽ കൃഷ്ണനായിട്ടാണ് അദ്ദേഹം ശ്രദ്ധേയനായത്. അഥവാ കൃഷ്ണവേഷത്തിനു പാകപ്പെട്ട മനസ്സും വപുസ്സുമായിരുന്നു ചേമഞ്ചേരിയുടേത്. ഈ കഥകളിൽ നയതന്ത്രശാലിയും സതീർത്ഥ്യനും ബന്ധുവുമൊക്കെയായി പല നിലകളിൽ ആടാനുള്ള അർത്ഥതലങ്ങളിലൂടെ സഞ്ചരിയ്ക്കാനുള്ള സാധ്യതകൾ ചേമഞ്ചേരി വിനിയോഗിച്ചു. ദുര്യോധനവധത്തിൽ പാഞ്ചാലിയുടെ 'പരിപാഹിമാം ഹരേ' എന്ന കൃഷ്ണനോടുള്ള പദം ആടുന്ന ഏത് വേഷക്കാരനും കൃഷ്ണൻ കുഞ്ഞിരാമൻനായരാണെങ്കിൽ വൈകാരികതയുടെ പരമപദത്തിലെത്തും. കൃഷ്ണന് പാഞ്ചാലിയോടുള്ള 'പാർഷതി മമ സഖി' എന്ന പദം ചേമഞ്ചേരി അനോപമമാക്കി. കുചേലവൃത്തത്തിൽ സതീർത്ഥ്യ സമാഗമവും ബാല്യകാല സ്മരണകളും പുതുക്കുന്ന കുചേലനും കൃഷ്ണനും. ഇവിടെ ചേമഞ്ചേരിയുടെ കൃഷ്ണൻ, ബാലലീലകളാടുന്നതും, പാഠശാല വിവരിയ്ക്കുന്നതും കുചേലനോടുള്ള സ്നേഹത്തിന്റെ വൈവിധ്യമനോനിലകൾ പകർന്നാടുന്നതും മറ്റു കൃഷ്ണവേഷക്കാരിൽ നിന്നും വ്യത്യസ്തമാവുന്നു. കൃഷ്ണവേഷത്തിൽ സ്വയം സായൂജ്യം കണ്ടെത്തിയതു കൊണ്ടാവാം മറ്റു വേഷങ്ങളിൽ അത്രമേൽ അദ്ദേഹം ശ്രദ്ധിക്കാതിരുന്നതും.

മാങ്കുളത്തിന്റെ കൃഷ്ണനുശേഷം കൃഷ്ണവേഷത്തിന്റെ ചാരുത ചേമഞ്ചേരിയിലാണ് കഥകളി പ്രേമികൾ കണ്ടത്. കല്ലുവഴിച്ചിട്ടയിലെ തികഞ്ഞ കൃഷ്ണന്മാർ അരങ്ങ് ഭരിയ്ക്കുമ്പോഴും ചേമഞ്ചേരിയുടെ കൃഷ്ണമുടിയുടെ ആകർഷണീയത ശ്രദ്ധിയ്ക്കപ്പെട്ടു. കപ്ലിങ്ങാടൻ ചിട്ടയുടെ സൗന്ദര്യം അദ്ദേഹത്തിന്റെ നിലകളിൽ കാണാമായിരുന്നു. കൃഷ്ണവേഷം സദാ ചടുലമാണ് പലപ്പോഴും. ചില വേളകളിൽ ചേമഞ്ചേരിയുടെ കൃഷ്ണന്റെ ചലനസൗന്ദര്യം കാണുമ്പോൾ ഈ ഉടലിൽ കൃഷ്ണാനുഗ്രഹം കവിഞ്ഞ അളവിൽ കൈവന്നതായി തോന്നും. കൂട്ടുവേഷക്കാരെ വിഭ്രമിപ്പിയ്ക്കാത്ത, ആട്ടക്കഥയോട് നീതിയാവുന്ന സംഗീതത്തെയും മേളത്തെയും അനുനയിപ്പിക്കുന്ന സ്വാഭാവികതയായിരുന്നു ചേമഞ്ചേരിയുടെ കളിയരങ്ങുകൾ. അദ്ദേഹത്തിന്റെ ശരീര ഉയരത്തിന്റെ പാകത, ദുർമേദസ്സില്ലാത്ത ശാരീരിക ക്ഷമത, സദാപ്രസന്നമായ മുഖം, കണ്ണുകളിലെ നാട്യദീപ്തി എന്നിവ കൃഷ്ണപക്ഷത്തോടുള്ള കൂറിനെ ന്യായീകരിക്കുന്നതായിരുന്നു. അമിതമായ ആട്ടങ്ങളിലേക്ക് ഒരിക്കലും ചേമഞ്ചേരിയുടെ മനസ്സ് ചെന്നില്ല.

നൂറ്റിഅഞ്ചാം വയസ്സിലും കലോപാസകനായി, പ്രാർത്ഥനാപൂർവ്വം ആത്മകലയെ ഉപാസിച്ചതിന്റെ ഊർജ്ജമായിരുന്നു ചേമഞ്ചേരിയുടെ മൂലധനം. അദ്ദേഹം സദാ നൃത്ത അധ്യാപകനായിരുന്നു. അനവധി തലമുറയെ സൃഷ്ടിച്ചു. കുഞ്ഞിരാമൻ നായരുടെ ആകാരക്ഷമതയും മനോവ്യാപാരവും നൃത്തത്തിനു മാത്രം പാകപ്പെട്ടതായിരുന്നു. അപൂർവ്വമായി മാത്രം പിറക്കുന്ന ജന്മങ്ങൾക്കിടയിലാണ് അദ്ദേഹത്തിന് സ്ഥാനം. നർത്തനകലയുടെ കുലീനശാലീനതയായിരുന്നു ചേമഞ്ചേരിയിൽ വിന്യസിച്ചത്.

നർത്തകരുടെ വിഭാഗത്തിലാണ് യഥാർത്ഥത്തിൽ കഥകളി നടന്മാരെ പരിഗണിയ്ക്കേണ്ടത്. മലയാളികൾ മാത്രം അങ്ങനെ പരിഗണിക്കാൻ ശീലിച്ചിട്ടില്ല. ചൊല്ലിയാട്ടശിക്ഷണത്തിന്റെ ആധിക്യമൊന്നും ചേമഞ്ചേരിയുടെ വേഷത്തിൽ ദൃശ്യമല്ല. എങ്കിലും കളിയരങ്ങിൽ ഈ കൃഷ്ണന്റെ നിറവിനും തികവിനും കാരണം എന്ത് എന്ന വിസ്മയത്തിന് ഒറ്റ ഉത്തരമേയുള്ളൂ. കുഞ്ഞിരാമൻ നായർ കേശാദിപാദം നർത്തകനായിരുന്നു. നൃത്തത്തിലെ പുതുഭാഷ്യങ്ങൾക്കുനേരെ മുഖം തിരിക്കാതെ പാരമ്പര്യവാദിയായല്ല അദ്ദേഹം ജീവിച്ചതും, സ്വയമൊരു നൃത്തശാല തന്നെയായിരുന്നു ആ ശരീരം. എളിമയും വിനയവും കലാകാരന്റെ വളർച്ചയുടെയും ഉയർച്ചയുടെയും ആരൂഢമാണെന്ന് സ്വജീവിതം കൊണ്ട് തെളിയിക്കാനും അദ്ദേഹത്തിന് സാധിച്ചു. ചേമഞ്ചേരി അരങ്ങൊഴിയുമ്പോൾ മൗലിക കലാകാരന്മാരുടെ നിരയിൽ പകരക്കാരില്ലാത്ത ശൂന്യത അനുഭവപ്പെടുന്ന പ്രതീതി. ഈ കൃഷ്ണവേഷത്തിന്റെ ധനാശി കണ്ടവർ, അദ്ദേഹത്തിന്റെ കലാജീവിത ധനാശി വിഷാദമായി അനുഭവിക്കുന്നു. ഒരു കുലീനന്റെ വിടവാങ്ങലിനു കൂടി കേരളം സാക്ഷിയാവുന്നു.

Content Highlights:Dr NP Vijayakrishnan Shares his deep Condolences on the demise of Guru Chemancheri