രു നൂറ്റാണ്ടിന്റെ ഉദയാസ്തമയങ്ങളും ഋതുഭേദങ്ങളും വൃദ്ധിക്ഷയങ്ങളും സുതാര്യമായ മനസ്സോടെ സ്വീകരിച്ച ധന്യജീവിതമാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടേത്. കലയുടെ വിശുദ്ധരശ്മികൾ ഈ മഹാമനുഷ്യനിലൂടെ പരന്നപ്പോൾ കേരളം വിശിഷ്യാ, മലബാർപ്രദേശം നടനകലയുടെ ആചാര്യനിലൂടെ അറിയപ്പെട്ടു. ഉത്സവപ്പറമ്പുകളിലെ തിറയാട്ടങ്ങളും നൃത്തനൃത്ത്യങ്ങളും പഠിച്ച് നാടിന്റെ ഗുരുവായി, പദ്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായരായി അദ്ദേഹം വളർന്നു. സ്കൂൾ വാർഷികാഘോഷത്തിൽ സഹപാഠികൾ അവതരിപ്പിച്ച സോളമന്റെ നീതി എന്ന നാടകം പകർന്ന കലാവീക്ഷണവും നീതിബോധവും ബാലമനസ്സിലുണ്ടാക്കിയ സ്വാധീനം വലുതായിരുന്നു. അതോടെ കുട്ടികളെക്കൂട്ടി നാടകം കളിക്കൽ ഒരു വിനോദമായി മാറി.

വീടിനടുത്ത് നാട്ടുപ്രമാണിയായ വാര്യംവീട്ടിൽ കുഞ്ഞിരാമൻ കിടാവിന്റെ നേതൃത്വത്തിൽ നടക്കുന്ന നാടകപരിശീലനം കാണുക ശീലമാക്കി. 'വള്ളിത്തിരുമണ'ത്തിൽ തോഴിയുടെ വേഷമിടാൻ അവസരം കിട്ടി. കലാരംഗത്തേക്കുളള ചുവടുവെപ്പിനെ എല്ലാവരും പ്രശംസിച്ചു. നാടകത്തിനു രംഗപടമൊരുക്കിയ പാലക്കാട്ടുകാരൻ ഗോവിന്ദമേനോന്റെ ഒരു ചോദ്യം. കഥകളി പഠിക്കാൻ ആർക്കെങ്കിലും താത്‌പര്യമുണ്ടോ? സന്നദ്ധത അറിയിച്ചു കുഞ്ഞിരാമൻ. വിവാഹിതയായ മൂത്ത പെങ്ങളുടെ വീട്ടിൽപ്പോയി പെങ്ങളമ്മയോട് കാലണ വാങ്ങി വിശദാംശങ്ങൾ പറയാതെ മടങ്ങി. കൊയിലാണ്ടിയിൽനിന്ന് വണ്ടികയറി തിക്കോടി സ്റ്റേഷനിൽ ഇറങ്ങി. മേനോൻ കാത്തുനിന്നിരുന്നു. അന്ന് രാത്രി ഗോവിന്ദമേനോന്റെ വീട്ടിൽ. തീരാത്ത നടത്തതിനൊടുവിൽ കീഴ്പയ്യൂർ ചെറുവട്ടത്ത് സി.സി. അപ്പുക്കുട്ടി നമ്പ്യാരുടെ വീട്ടിലെത്തി. നമ്പ്യാരുടെ കൂടെ തൊട്ടടുത്ത കുനിയിൽ വീട്ടിലെ രാധാകൃഷ്ണ കഥകളി വിദ്യാലയത്തിലെത്തി.

കരുണാകരമേനോനെന്ന മഹാഗുരുവിന് ശിഷ്യനായും മകനായും കുഞ്ഞിരാമൻ സമർപ്പിക്കപ്പെട്ടു. ഏതാനും സഹപാഠികളോടൊപ്പം പിറ്റേന്നുമുതൽ പരിശീലനവും തുടങ്ങി. പുലർച്ചെ മൂന്നുമണി മുതൽ രാത്രി പത്തുമണി വരെ. കുളിക്കും ഭക്ഷണത്തിനും മാത്രം ഇടവേള. എല്ല് വെള്ളമാക്കുന്ന ചവിട്ടിയുഴിച്ചിൽ, വിവിധ സാധകക്രിയകൾ, കഥകളിപദപഠനം തുടങ്ങിയ അതികണിശമായ ഗുരുകുലജീവിതം. ഗുരുനാഥൻ പകർന്ന പ്രത്യേകശ്രദ്ധയിലൂടെ കുഞ്ഞിരാമൻ രൂപപ്പെടുകയായിരുന്നു. കുനിയിൽ ക്ഷേത്രത്തിലെ അഗ്രശാലയിൽനിന്ന് അരങ്ങിന്റെ അനന്തസാധ്യതകളിലേക്ക്. ക്ഷേത്ര പരിസരത്ത് ഏതാനും മാസങ്ങൾക്കുശേഷം കിരാതത്തിലെ പാഞ്ചാലിയായി അരങ്ങേറി. പ്രേക്ഷകർ അദിനന്ദനങ്ങൾ ചൊരിഞ്ഞു. തുടർന്ന് വർഷങ്ങൾ നീണ്ട മഹായാത്ര.

guru chemancheri

കുചേലൻ, കീചകൻ, ദുര്യോധനൻ തുടങ്ങി വ്യത്യസ്ത വേഷങ്ങളിൽ നിറഞ്ഞാടിയെങ്കിലും ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായരുടെ കൃഷ്ണവേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒട്ടേറെ വേദികളിൽ ഗുരു കരുണാകരമേനോന്റെ കുചേലനോടൊപ്പമുള്ള ശ്രീകൃഷ്ണനായി അരങ്ങുവാണു.

Content highlights :chemancheri kunhiraman nair's growth and development in theatrical art