ഥകളിയുടെ രംഗത്തും അഭിനയ രംഗത്തും ഒരു ലോകാത്ഭുതമാണ് ഈ നൂറ്റിയഞ്ചാം വയസ്സിൽ അരങ്ങൊഴിഞ്ഞ ഗുരു. ഒരു ഇതിഹാസം പോലെ അരങ്ങിനെ ഭരിച്ചയാളാണ് ഗുരു ചേമഞ്ചേരി. ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയുമായി എങ്ങനെയാണ് ഈ മനുഷ്യൻ ഇത്രയേറെ വേദികൾ കീഴടക്കിയതെന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. വളരെ നിഷ്കളങ്കമായ ആ മുഖം കൃഷ്ണനായി മാറുമ്പോൾ കൃഷ്ണന്റെ സകലമാന സൗന്ദര്യവും ആ മുഖത്ത് തെൡയും. അദ്ദേഹത്തിന് നൂറ് തികഞ്ഞപ്പോൾ ആദരിച്ച ഒരു ചടങ്ങിൽ ഞാൻ പങ്കെടുക്കുകയുണ്ടായി. കലയുടെ നിഷ്കളങ്ക വിശുദ്ധി ഇത്രമേൽ മുഖത്ത് സ്‌ഫുരിക്കപ്പെടുന്ന കലാകാരന്മാർ വളരെ വിരളമാണ്. അകളങ്കമായ സത്യത്തിന്റെയും കലയുടെയും ഉടലെടുത്ത രൂപം പോലെ ഒരു വലിയ കലാകാരൻ. വടക്കൻ കേരളത്തിൽ കഥകളിയരങ്ങിൽ ഇത്ര പേരെടുക്കുകയും ഇത്രയും കാലം നിലനിൽക്കുകയും ചെയ്ത കലാകാരൻ ഗുരു തന്നെയാണ്. അദ്ദേഹം ആടാത്ത വേഷങ്ങളില്ല. വേദിയിൽ തന്നെ ആടി അവസാനിക്കുമെന്ന് സ്വയം പറയുമായിരുന്നു അദ്ദേഹം.

കഥകളിപോലുള്ള കലാരൂപത്തിന്റെ പൂർണസത്തയും ഉൾക്കൊണ്ട് ജീവിക്കുന്ന, അരങ്ങിനായി സ്വയമർപ്പിച്ച കലാകാരന്മാരെ നമ്മുടെ നാട് മതിയായ രീതിയിൽ മനസ്സിലാക്കിയിട്ടില്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമാ നടന്മാരുടെയും മിമിക്രി കലാകാരന്മാരുടയും ലോകമാണ് അഭിനയം എന്നു തെറ്റിധരിക്കുന്ന തലമുറയ്ക്ക് ഗുരു ചേമഞ്ചേരിയെപ്പോലെയുള്ള ആളുകൾ സൃഷ്ടിച്ച അഭിനയകലയുടെ സമാനതകളില്ലാത്ത വിശ്വഭൂപടം മനസ്സിലാക്കാൻ പ്രയാസമാണ്. ആ ആട്ടമായിരുന്നു അദ്ദേഹത്തിന്റ ശക്തി. ആ ആട്ടമായിരുന്നു അദ്ദേഹത്തിന്റ ഊർജം. അതുകൊണ്ടുമാത്രമാണ് ആ ചിരി ഒരുകാലത്തും മായാതിരുന്നത്.മുതിർന്ന ഒരു കലാകാരനിലെ ഒട്ടും മുതിരാത്ത ഒരു കുട്ടി. അതായിരുന്നു ഗുരു. അങ്ങനെ മലയാളകഥകളി എന്ന ദൃശ്യവിസ്മയത്തെ തന്റെ അഭിനയശേഷികൊണ്ട് നിലനിർത്തി, അവസാനംശ്വാസം വരെയും അരങ്ങിന്റെ സൗരഭ്യം നിലനിർത്തി നൂറ്റിയഞ്ചാം വയസ്സിൽ പടിയിറങ്ങിയ ഗുരു ചേമഞ്ചേരി തീർച്ചയായും കലയുടെ മഹേതിഹാസം തന്നെയാണ്.

Content Highlights : Alankode leelakrishnan shares his condolences for the Demise of Guru Chemancheri