ഗുരു കുഞ്ഞിരാമനാശാന്റെ ഏറ്റവും മഹത്തായ സംഭാവന എന്നത് ഉത്തരമലബാറിൽ ശാസ്ത്രീയ നൃത്തം, നൃത്തനാടകങ്ങൾ തുടങ്ങിയവ പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു എന്നതാണ്. നാൽപതുകളിലും അമ്പതുകളിലും നൃത്തത്തെ ജനകീയവൽക്കരിക്കുക എന്ന ദുഷ്കരമായ ടാസ്ക് ഏറ്റെടുത്തു അദ്ദേഹം. അതിൽ അദ്ദേഹം അനുഗ്രഹീതനായിരിക്കുന്നത് വളരെ വലുതായ ശിഷ്യസമ്പത്തിലാണ്. പ്രമുഖരായ കലാകാരന്മാരെല്ലാം മലബാറിൽ നിന്നാണ് അക്കാലത്ത് ഉയർന്നു വന്നത്. അവരെല്ലാം തന്നെ കുഞ്ഞിരാമനാശാന്റെ ശിഷ്യന്മാരായിരുന്നു. കഥകളിയോടൊപ്പം തന്നെ അദ്ദേഹം ഭരതനാട്യവും ജനകീയമാക്കി. വടക്കേ മലാറിൽ കഥകളിയൊന്നും അത്രപ്രചാരത്തിലില്ലാത്ത കാലത്താണെന്നോർക്കണം. കലാലയം എന്ന ആശയം ചേലിയയിൽ, സ്വന്തം നാട്ടിൽതന്നെ പടുത്തുയർത്തി അദ്ദേഹം.

കൊയിലാണ്ടി സർക്കാർ ആശുപത്രിയിലായിരുന്നു എന്റെ അമ്മ ഡോ. ശാന്തകുമാരി ജോലിചെയ്തിരുന്നത്. അക്കാലത്ത് ഒരു ബസ്സും ലോറിയും തമ്മിലുണ്ടായ അപകടത്തിൽ ആശാനും അപകടം പറ്റിയിരുന്നു. അമ്മയുൾപ്പെടുന്ന വൈദ്യസംഘമാണ് പരിക്കേറ്റവരെ ചികിത്സിച്ചത്. അദ്ദേഹത്തിന്റെ വിരൽ അറ്റുപോകാനായ അവസ്ഥയിൽ തൂങ്ങിനിൽക്കുന്നു. മുറിച്ചുകളയാനാണ് തീരുമാനം. അമ്മ സഹപവർത്തകരോട് പറഞ്ഞു; ഇദ്ദേഹം ഒരു കലാകാരനാണ്. എന്തു റിസ്കെടുത്തും ആ വിരൽ പഴയതുപോലെ തന്നെ സംരക്ഷിക്കേണ്ടതുണ്ട്. ആശാൻ തന്റെ പുസ്തകത്തിൽ അതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. പൂർണമായിട്ടും കൈകൾകൊണ്ട് മുദ്രകൾ പിടിക്കുന്നുണ്ടെങ്കിൽ ആ വൈദ്യസംഘത്തിന്റെ കരുതൽ കൊണ്ടാണ് എന്ന്. അമ്മയെ അദ്ദേഹം അതിൽ എടുത്തു പറയുന്നുണ്ട്. അമ്മയോട് ഒരു പ്രത്യേക ഇഷ്ടം അന്നുമുതൽ അദ്ദേഹം സൂക്ഷിച്ചിരുന്നു. അങ്ങനെയാണ് എന്റെ നൃത്തപഠനം ആശാന്റെ മുന്നിലെത്തുന്നത്. എന്നെ നൃത്തം പഠിപ്പിക്കണം എന്ന ആവശ്യവുമായി നാലാം വയസ്സിലാണ് കൊയിലാണ്ടി ആശാന്റെ സ്കൂളിലേക്ക് കൊണ്ടുവരുന്നത്. നൃത്തത്തിന്റെ ആദ്യപടവുകൾ അവിടെനിന്നാണ് കയറിത്തുടങ്ങിയത്. വളരെ കുറച്ചുകാലമേ അവിടെയുണ്ടായിരുന്നുള്ളൂ. പക്ഷേ അന്നുമുതൽ തുടങ്ങിയ ബന്ധം ഈ നിമിഷം വരെയും തുടർന്നു.

ചേമഞ്ചേരി വഴി പോകുമ്പോളെല്ലാം ആശാന്റെയടുക്കൽ കയറി അനുഗ്രഹം വാങ്ങും. അദ്ദേഹത്തിന്റെയടുക്കൽ നിന്നും ലഭിക്കുന്ന വല്ലാത്തൊരു പോസിറ്റീവ് എനർജിയുണ്ട്. വളരെ ചിട്ടയോടുകൂടിയുള്ള ജീവിതശൈലി, ആളുകളോടുള്ള സ്നേഹം,ഹൃദ്യമായ പെരുമാറ്റം...ഋഷിതുല്യമായ ഒരു വ്യക്തിത്വവും ഓറയും അദ്ദേഹം പ്രസരിപ്പിച്ചിരുന്നു. കലയോടുള്ള തപസ്യയോടൊപ്പം മനുഷ്യത്വവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ഒരിക്കൽ പോലും വിഷണ്ണനായി അദ്ദേഹത്തെ ആർക്കും കാണാൻ കഴിയില്ല. എപ്പോഴും സന്തോഷം പ്രസരിച്ചുകൊണ്ടിരിക്കുന്ന മുഖം,ഐശ്വര്യവും. ആ ജീവിതശൈലി കണ്ടുപഠിക്കേണ്ടതുതന്നെയാണ്.

അദ്ദേഹത്തിന് നൂറ് തികഞ്ഞപ്പോൾ ഡോ. പദ്മാസുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയിൽ ചെന്നൈയിൽ നൃത്യോദയയും കലാക്ഷേത്രയും ഗുരുവിനെ ആദരിച്ചു. പെർഫോമിങ് ആചാര്യൻ എന്ന വിശേഷണമാണ് അന്ന് അദ്ദേഹത്തിന് ചാർത്തിക്കൊടുത്തത്. ആശാൻ വന്നതുപ്രമാണിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി അന്ന്. മൂന്നു മണിക്കൂർ നീണ്ടുനിന്നു അത്. ആ മൂന്നുമണിക്കൂറും അദ്ദേഹം വടിയും പിടിച്ച് നടുനിവർത്തി ഇരിക്കുന്നത് കണ്ടിട്ട് ഡോ. പദ്മാസുബ്രഹ്മണ്യം അത്ഭുതപ്പെട്ടുപോയി. അവർ വേദിയിലേക്ക് കയറി വന്ന് എല്ലാവരോടുമായി പറഞ്ഞു; ''നോക്കൂ, ഈ ആചാര്യന്റെ തപസ്യ ഇതാണ്. മൂന്നുമണിക്കൂറായിട്ടും ഒരേ സ്ഥാനത്ത് അതേ ഭാവത്തിൽ ഇരിക്കുന്നു. അണുവിട അനങ്ങാതെ.'' എല്ലാവരും എഴുന്നേറ്റ് കൈകൂപ്പി. ആശാന്റെ അർപ്പണം പോലെയാണ് മരണവും സംഭവിച്ചിരിക്കുന്നത്. നിശബ്ദമായി പോയിരിക്കുന്നു. കൃഷ്ണനെ അരങ്ങിലറിഞ്ഞാടിയ ഗുരു സ്വർഗം പുൽകിയിരിക്കുന്നു. ഭഗവാൻ കൃഷ്ണന് സ്വർഗാരോഹണമാണ്, മരണമല്ല.

Content Highlighs: Actor Vineeth condolences for the death of guru Chemancheri