അറിഞ്ഞതിൽപ്പാതി പറയാതെ പോയി
പറഞ്ഞതിൽപ്പാതി പതിരായുംപോയി
പകുതി ഹൃത്തിനാൽപ്പൊറുക്കുമ്പോൾ നിങ്ങൾ
പകുതി ഹൃത്തിനാൽ വെറുത്തു കൊള്ളുക.
ഇതെെന്റ രക്തമാണിതെന്റെ 
മാംസമാണെടുത്തുകൊള്ളുക

(ആദ്യ കവിതാസമാഹാരമായ  ‘പതിനെട്ടുകവിതകൾ’ക്ക്‌ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആമുഖക്കുറിപ്പ്‌)

മലയാളകവിതയിലെ ‘ക്ഷുഭിതയൗവനം’ എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ബാലചന്ദ്രൻ ചുള്ളിക്കാടിന്‌  ഇന്ന്‌ (ജൂലായ്‌ 30) 60 വയസ്സ്‌ തികയുകയാണ്‌. ‘ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദംപോലെ പാഞ്ഞ’ തന്റെ ജീവിതം അമ്ളതീക്ഷ്ണമായ ഭാഷയിൽ അദ്ദേഹം കവിതയിൽ ആവിഷ്കരിച്ചു. വികാരതീവ്രമായ ആ വരികൾ സമാനഹൃദയർ സസന്തോഷം സ്വീകരിച്ചു. ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്കുശേഷം ആസ്വാദകരേയും ശത്രുക്കളേയും ഒരുപോലെ സൃഷ്ടിച്ച മറ്റൊരു 'യുവകവി'യായി ചുള്ളിക്കാട്‌.

വടക്കൻ പറവൂരിനടുത്തുള്ള നന്ത്യാട്ടുകുന്നത്ത്‌ ചുള്ളിക്കാട്‌ എന്ന കൂട്ടുകുടുംബത്തിലാണ്‌ ബാലചന്ദ്രൻ ജനിച്ചത്‌. (കാർകൊണ്ടലിൻ തിരതെറുത്തു കറുത്തവാവു/കോൾകൊണ്ട കർക്കിടകരാത്രിയിൽ നീ പിറന്നു. -താതവാക്യം) 1132 കർക്കടകമാസത്തിലെ ഉത്രം നക്ഷത്രത്തിൽ. അമ്മാവന്മാരുടെ ദുർഭരണമായിരുന്നു തറവാട്ടിൽ. അച്ഛൻ പട്ടാളത്തിലായിരുന്നു. കൊല്ലത്തിലൊരിക്കൽ ലീവിൽ വരും. ശാസനയും ശകാരവുംമാത്രമേ പിതാവിൽനിന്ന്‌ ലഭിച്ചിരുന്നുള്ളൂ; ഒപ്പം കഠിനശിക്ഷകളും. ബാല്യത്തിൻ  കുരുത്തക്കേടിന്റെ കൂടായിരുന്നു ബാലൻ. ആരെയും അനുസരിക്കില്ല. തല്ലും ചൊല്ലും കുറുമ്പിനാക്കംകൂട്ടി. വാത്സല്യനിധിയായ അമ്മൂമ്മ മാത്രമായിരുന്നു ഏക ആശ്രയം. അവരുടെ കൂടെയായിരുന്നു ഉറക്കം. അവർ നന്നേ പുലർച്ചെ ഉണരും. വീട്ടിൽ ധാരാളം പശുക്കളുമുണ്ടായിരുന്നു. അമ്മൂമ്മ തൈരുകടയുന്ന ശബ്ദം കേട്ടാണ്‌ ഉണരുക. ഒപ്പം അവർ ഹരിനാമകീർത്തനം ചൊല്ലുന്നുണ്ടാകും. പിന്നെ കുളിച്ച്‌ ഇൗറൻമാറി നാരായണീയം വായിക്കും.

മൂന്നാംവയസ്സിൽ ബാലനെ എഴുത്തിനിരുത്തി. വിദ്വാൻ കരുമത്ത്‌ കുട്ടക്കുറുപ്പ്‌ ആയിരുന്നു ഗുരുനാഥൻ. മണലിലാണെഴുത്ത്‌. വലിയ ജന്മിയായിരുന്ന കുറുപ്പ്‌, പ്രതിഫലത്തിനല്ല, സേവനമായിട്ടായിരുന്നു തറവാട്ടിന്റെ ഉമ്മറത്തിണ്ണയിലിരുത്തി കുട്ടികളെ പഠിപ്പിച്ചിരുന്നത്‌. അക്ഷരം എഴുതാനും വായിക്കാനും ഉച്ചരിക്കാനും പഠിച്ചുകഴിഞ്ഞപ്പോൾ കുറുപ്പാശാൻ, കുഞ്ചൻനമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളം, അധ്യാത്മരാമായണത്തിലെ സുന്ദരകാണ്ഡം എന്നിവ പഠിപ്പിച്ചു. ചെറിയകുട്ടിയല്ലേ, മൂന്നാലുമാസത്തെ കഠിനപരിശ്രമംകൊണ്ട്‌ സുന്ദരകാണ്ഡം തെറ്റുകൂടാതെ ആശാനെ ചൊല്ലിക്കേൾപ്പിച്ചു. അതോടെ, ആശാൻ അധ്യയനം അവസാനിപ്പിച്ചു. സങ്കടത്തോടെയാണ്‌ ബാലൻ അന്ന്‌ വീട്ടിലേക്കുമടങ്ങിയത്‌. ‘‘അത്രേ അവിടെ പഠിപ്പിക്കൂ, ഇനി നീ തനിയേ പഠിക്കണം’’ -അമ്മൂമ്മ ആശ്വസിപ്പിച്ചു. ചില കീർത്തനങ്ങളും ശ്ലോകങ്ങളും അവർ പഠിപ്പിച്ചു. അങ്ങനെ ഭാഷയിലെ അപാരമായ പദസ്വാധീനത്തിന്റെ ആധാരശില, നന്നേ ചെറുപ്പത്തിലേ ബാലചന്ദ്രൻ ഉറപ്പിച്ചു.

പറവൂർ ഗവ. ബോയ്‌സ്‌ സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർക്കൊപ്പംകൂടി ഉഴപ്പുതുടങ്ങി. എട്ടാംക്ളാസിൽവെച്ച്‌ വിദ്യാർഥിസമരത്തിനിടെ കുട്ടികൾ ഒരു ബസുകത്തിച്ചു. കത്തിച്ചവർ ഓടി രക്ഷപ്പെട്ടു. ഓടാൻ ശ്രമിക്കാത്ത ബാലചന്ദ്രൻ പോലീസ്‌ പിടിയിലായി.
ബാലചന്ദ്രനെ സ്കൂളിൽനിന്ന്‌ പുറത്താക്കി. പിന്നീട്‌ സമൂഹം സ്കൂളിൽ ചേർന്നു. അത്‌ മിക്സഡ്‌ സ്കൂളായിരുന്നു. അവിടെവെച്ച്‌ ഒരു തീവ്രപ്രണയം തലയ്ക്കുപിടിച്ചു. പ്രണയം പക്ഷേ, ഏകപക്ഷീയമായിരുന്നു. അതോടെ ഉള്ളിൽ കലിയും കവിതയും ബാധിച്ചു. കാമുകിക്കുവേണ്ടി ആത്മരക്തംകൊണ്ടെഴുതിയ വാക്കുകൾ കവിതയായി പരിണമിച്ചു. കവിതയ്ക്ക്‌ ആ പെൺകുട്ടിയോട്‌ ജീവിതാവസാനംവരെ കടപ്പെട്ടിരിക്കുന്നു.

മാല്യങ്കര എസ്‌.എൻ.എം. കോളേജിലായിരുന്നു പ്രീഡിഗ്രി. സെക്കൻഡ്‌ഗ്രൂപ്പാണ്‌ എടുത്തത്‌. അന്തസ്സായി തോറ്റു. അച്ഛൻ 
ജോലിസ്ഥലമായ അലഹബാദിലേക്ക്‌ കൊണ്ടുപോകാൻ നിർബന്ധിച്ചു. ധീരമായി നിരസിച്ചു. ‘‘എന്നെ അനുസരിക്കാത്തവന്‌ ഈ വീട്ടിൽ സ്ഥാനമില്ല!’’- അച്ഛൻ അന്ത്യശാസനം നൽകി. അന്ന്‌ ഇടങ്കാലുവെച്ച്‌ പടിയിറങ്ങിയതാണ്‌. വീടിനോട്‌ വിടപറഞ്ഞതിന്റെ ശേഷപത്രമാണ്‌ ‘യാത്രാമൊഴി’. ഇന്ന്‌ ആ വീടില്ല. അച്ഛനും അമ്മയുമില്ല. ഒരു സഹോദരനും സഹോദരിയും എവിടെയാണെന്നറിയില്ല. ബന്ധുക്കളാരുമായും സമ്പർക്കമില്ല. ഇതാണ്‌ കവിയുടെ ജീവചരിത്രം. ബാക്കി കാവ്യചരിത്രം.

ആലുവ യു.സി.കോളേജിൽ ഞാൻ പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ കവിയെ ആദ്യം കാണുന്നത്‌. രണ്ടാംകൊല്ലം യു.സി.യിലെ കോളേജ്‌ ഡേക്ക്‌ ഒരു സുഹൃത്തിനൊപ്പം ബാലചന്ദ്രൻ വന്നു. മെലിഞ്ഞുനീണ്ട ഒരു പേക്കോലം. അലഞ്ഞ കുപ്പായം, മുഷിഞ്ഞമുണ്ട്‌. വളർന്ന്‌ കാടുപിടിച്ച തലമുടി. ബീഡിപ്പുകയിൽ കലങ്ങിയ കണ്ണുകൾ, നഗ്നപാദൻ. മുഴങ്ങുന്ന ശബ്ദം. പൊടിപ്പും തൊങ്ങലുംവെച്ച്‌ ചമൽക്കാരം നിറഞ്ഞ വാക്‌ചാതുരി. പ്രഥമദൃഷ്ടിയിൽത്തന്നെ മനസ്സാ ബന്ധിതരായി, പ്രായേണ ആത്മമിത്രങ്ങളും.

പറവൂർ പട്ടണം എന്ന തട്ടകത്തിന്റെ കിഴക്കും തെക്കുമാണ്‌ ഞങ്ങളുടെ വീടുകൾ. അധികംദൂരമില്ല. അടിയന്തരാവസ്ഥക്കാലം. ഞാൻ ബാലന്റെ വീട്ടിൽപോകും. അവൻ എന്റെ വീട്ടിൽ വരും. സന്ധ്യക്ക്‌ ഞങ്ങൾ പറവൂർ കച്ചേരിവളപ്പിലുള്ള പുരാതനകെട്ടിടത്തിന്റെ വിജനമായ വരാന്തയിലെ തൂണിൽ ചാരിയിരുന്ന്‌ കവിതചൊല്ലും. പകൽ ഗുമസ്തന്മാർ തുള്ളിക്കളമൊഴിഞ്ഞുപോയ ഓഫീസുമുറികളുടെ വാതിലുകളിൽത്തട്ടി അവ പ്രതിധ്വനിക്കും. വിശാലമായ മുറ്റത്ത്‌ ഉറക്കംതൂങ്ങിനിൽക്കുന്ന വൃദ്ധവൃക്ഷങ്ങൾ അതുകേട്ട്‌ ചില്ലകളാട്ടും. അങ്ങനെയൊരിരുണ്ട സന്ധ്യക്കാണ്‌ ഞാൻ ‘യാത്രാമൊഴി’ ആദ്യം കേട്ടത്‌. പതുക്കെ ബാലന്റെ പല കവിതകളുടെയും ആദ്യ ശ്രോതാവായി ഞാൻ.

പറവൂർ മുനിസിപ്പൽപാർക്കിൽചില സുഹൃത്തുക്കൾ കാണും. ചിലപ്പോൾ അവിടെയിരിക്കും. ഇല്ലെങ്കിൽ വീണ്ടും നടന്ന്‌ പൊട്ടൻതെരുവിലെ ചെട്ടിയുടെ പ്രാചീനമായ കടയിലെത്തും, ദോശതിന്നും. ദോശയ്ക്ക്‌ പത്തുപൈസയാണ്‌ വില, സാമ്പാർ ഫ്രീ. അതൊരു പട്ടിണിക്കാലം. മുനിസിപ്പൽ പാർക്കിലെ വാട്ടർടാങ്കിനടിയിലെ വാച്ച്‌മാന്റെ മുറിയിലായിരുന്നു, ബാലചന്ദ്രൻ വീടുവിട്ടിറങ്ങിയിട്ട്‌ ആദ്യമുറങ്ങിയത്‌. അതിന്റെ സൂക്ഷിപ്പുകാരൻ ആന്റണി അവന്റെ ചങ്ങാതിയായിരുന്നു. അക്കാലത്തെ ഏകവരുമാനം മൈക്ക്‌ അനൗൺസ്‌മെന്റാണ്‌. ആദ്യതൊഴിലെന്നുപറയാം. ‘ഇന്നുമുതൽ രാധാതിയേറ്ററിന്റെ നയനമനോഹരമായ വെള്ളിത്തിരയിൽ നടികർതിലകം ശിവാജി ഗണേശൻ അഭിനയിച്ച 

പുതുപുത്തൻ തിരൈപ്പടം തങ്കപ്പതക്കം’ എന്ന്‌ ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞ്‌ ഉൗരുചുറ്റൽ. വളരെക്കാലം കഴിഞ്ഞ്‌ ശിവാജിയുടെ മദിരാശിയിലെ കൊട്ടാരംപോലുള്ള വീട്ടിൽച്ചെന്നുള്ള അനുഭവം ബാലചന്ദ്രൻ ‘ചിദംബരസ്മരണ’യിൽ  അനുസ്മരിച്ചിട്ടുണ്ട്‌. പണ്ട്‌ ഞങ്ങളെ പറഞ്ഞുകേൾപ്പിച്ച്‌ അമ്പരപ്പിച്ചിരുന്ന തമിഴ്‌പ്പേച്ചുകൾ മഹാനടന്റെ മുമ്പിൽ കാച്ചിയപ്പോൾ അദ്ദേഹം അനുേമാദിച്ച്‌ കവിഞ്ജരെ ആശ്ലേഷിച്ചു.

പിറ്റേക്കൊല്ലം ഞാൻ യു.സി.യിൽ ഡിഗ്രിക്ക്‌ ചേർന്നു. ഇടയ്ക്കിടെ ബാലചന്ദ്രൻ കോളേജിൽവരും. ‘79ൽ ബാലചന്ദ്രൻ യു.സി.യിൽ ചേരുമ്പോഴേക്കും ഞാൻ ഡിഗ്രി പൂർത്തിയാക്കിയിരുന്നു. അന്നെനിക്ക്‌ എറണാകുളം നഗരത്തിൽ ഒരു വാടകമുറിയുണ്ട്‌. എത്രയോ രാത്രികൾ ബാലനും ഞാനും കവിതചൊല്ലലും ചർച്ചയുമായി കഴിച്ചുകൂട്ടിയിരിക്കുന്നു. പകൽ മഹാരാജാസിൽപ്പോകും. അവിടെ വലിയൊരാകർഷണം ടി.ആറായിരുന്നു. ആധുനികതയുടെ അത്യുന്നത ശിഖരമായിരുന്ന അദ്ദേഹം പ്രതിഭാശാലിയായ കഥാകൃത്ത്‌ മാത്രമല്ല, പ്രഗല്‌ഭനായ ഒരു ഇംഗ്ലീഷ്‌ അധ്യാപകൻ കൂടിയായിരുന്നു. 
യു.സി.യിൽനിന്ന്‌ അടുത്തകൊല്ലം ബാലചന്ദ്രൻ  മഹാരാജാസിലേക്ക്‌ മാറി. ടി.ആറിന്റെ ശിഷ്യനായി. പഠനം കഴിഞ്ഞപ്പോൾ വീക്ഷണം ദിനപത്രത്തിന്റെ പത്രാധിപരായിരുന്ന സി.പി. ശ്രീധരൻ, ബാലചന്ദ്രന്‌ അവിടെ ജോലിനൽകി. ടി.ആറിന്റെ അയൽവാസിയായ വിജയലക്ഷ്മിയോടൊത്താണ്‌ ബാലൻ ദാമ്പത്യജീവിതം ആരംഭിക്കുന്നത്‌. അവർക്കൊരു ആൺകുട്ടിയുണ്ടായി-അപ്പു.

1978-ൽ എറണാകുളത്തുനടന്ന സാഹിത്യപരിഷത്ത്‌ ജൂബിലി ആഘോഷമാണ്‌ ബാലചന്ദ്രനെ മലയാളികളുടെ ശ്രദ്ധയിൽക്കൊണ്ടുവരുന്നത്‌. ‘യാത്രാമൊഴി’ സദസ്യർ വീർപ്പടക്കിയിരുന്നുകേട്ടു. മാത്രമല്ല, ബാലചന്ദ്രൻ അന്നൊരു ബോംബിട്ടു.  ‘എന്റെ അസ്ഥികൾ ഊരി മുനകൂർപ്പിച്ച്‌ ആത്മരക്തത്തിൽ മുക്കി കവിതയെഴുതാൻ  കഴിയുന്നില്ലല്ലോ എന്നാണെന്റെ സങ്കടം’ -കവി പരിതപിച്ചു. കേൾവിക്കാർ അക്ഷരാർഥത്തിൽ ഞെട്ടി.   അന്ന്‌ യുവാക്കളുടെ ഹരമായിരുന്ന കലാകൗമുദി പത്രാധിപർ എൻ.ആർ.എസ്‌.ബാബു സദസ്സിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ കൗമുദി പ്രതിനിധിയായിരുന്ന നെടുമുടി വേണു ഗംഭീരമായി സമ്മേളനം റിപ്പോർട്ടുചെയ്തു.  വമ്പിച്ച പ്രാധാന്യത്തോടെ ബാലചന്ദ്രന്റെ പ്രസംഗം അതിൽ ഉദ്ധരിച്ചിരുന്നു. അതോടെ നെടുമുടി വേണു ബാലന്റെ ആത്മസുഹൃത്തായി.

അക്കാലത്താണ്‌ ഞങ്ങൾ മഹാകവി പി. കുഞ്ഞിരാമൻനായരെ ആദ്യമായി കാണുന്നത്‌.ആരെയും തന്നിലേക്കാകർഷിക്കുന്ന വിചിത്ര വ്യക്തിത്വം. മഹാകവിയോടൊപ്പം നഗരത്തിൽ അലയുന്നതിനിടെ 'ദീപം' എന്ന സായാഹ്നപത്രത്തിന്റെ ഓഫീസിൽ പോയി. ദീപത്തിന്റെ വാർഷികപ്പതിപ്പിലേക്ക്‌ പത്രാധിപർ പിയുടെ കവിത ചോദിച്ചു. ഒരു പേനയും കടലാസും തരൂ, പി. ആവശ്യപ്പെട്ടു. അവിടെയിരുന്ന്‌ അപ്പോൾത്തന്നെ ഒരു കവിതയെഴുതി ഏല്പിച്ചു. പത്രാധിപർ കൊടുത്ത പ്രതിഫലം വാങ്ങി രണ്ടുകണ്ണിലുംവെച്ച്‌ അദ്ദേഹത്തിന്റെ കാൽതൊട്ടുതൊഴുത്‌ കവി പുറത്തിറങ്ങി. കൂടെയുണ്ടായിരുന്ന യുവകവി അമ്പരന്ന്‌ സംശയമുന്നയിച്ചു: ‘‘രണ്ടാമതൊന്ന്‌ വായിച്ചുനോക്കുകകൂടി ചെയ്തില്ലല്ലോ?’’ 

പല്ലില്ലാത്ത മോണകാട്ടി പി. പൊട്ടിച്ചിരിച്ചു: ‘‘വസന്തകാലത്ത്‌ അരയന്നങ്ങൾ മാനസസരസ്സിലേക്ക്‌ പറന്നുപോകും. പോകുന്ന പോക്കിൽ അവയുടെ തൂവലുകൾ പൊഴിഞ്ഞുതാഴെവീഴും. അരയന്നങ്ങൾ പിന്തിരിഞ്ഞുനോക്കാറില്ല’’. ഞങ്ങൾ പി.യെ നമസ്കരിച്ചു.

ബാലൻ പത്തിൽ പഠിക്കുമ്പോഴാണ്‌ (1973) മഹാകവി കുമാരനാശാന്റെ ജന്മശതാബ്ദി. എറണാകുളത്തുനടന്ന പ്രസംഗമത്സരത്തിൽ ഒന്നാംസമ്മാനം ബാലചന്ദ്രനായിരുന്നു. ആശാൻ കവിതകളെക്കുറിച്ചുള്ളതായിരുന്നു പ്രസംഗം. ജി. ശങ്കരക്കുറുപ്പായിരുന്നു ജഡ്‌ജിമാരിലൊരാൾ. മത്സരം കഴിഞ്ഞപ്പോൾ ജി അടുത്തുവിളിച്ച്‌ പേരും ഊരും ചോദിച്ചു. ‘‘കുട്ടിയുടെ മുഖമെന്താ വാടിയിരിക്കുന്നത്‌? ഒന്നും കഴിച്ചില്ലേ?’’ ജി വാത്സല്യപൂർവം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്തു. ‘വിശ്വദർശനം’ എന്ന കവിതാസമാഹാരം ഒപ്പിട്ടുകൊടുത്തു. നഗരത്തിലെത്തിയാൽ ബാലചന്ദ്രൻ ‘ഭദ്രാലയ’ത്തിൽ പോകും. കവിയുടെ ‘ശിവതാണ്ഡവം’ ഈണത്തിൽ ചൊല്ലിക്കേൾപ്പിക്കും. അതിഷ്ടമായതുകൊണ്ട്‌ കാണുമ്പോഴെല്ലാം ജി പറയും: ‘‘ ബാലചന്ദ്രാ, ആ ശിവതാണ്ഡവമൊന്ന്‌ ചൊല്ലൂ!’’

മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ വല്ലപ്പോഴും എറണാകുളത്ത്‌ കലൂരിലുള്ള തറവാട്ടിൽവരും. കവിയുടെ ജ്യേഷ്ഠപുത്രനായ കൃഷ്ണനാണ്‌ കാരണവരെ പരിചയപ്പെടുത്തുന്നത്‌. തൃശ്ശൂരിൽ പോകുമ്പോഴെല്ലാം കവിയുടെ ദേവസ്വം ക്വാർട്ടേഴ്‌സിലെ വീട്ടിലും പോകും. ഒരിക്കൽ പോയ കഥയാണ്‌ ‘അന്നം’ എന്ന കവിതയ്ക്ക്‌ ആധാരം. 

ചുള്ളിക്കാടിന്റെ ആദ്യകവിതാസമാഹാരമായ ‘പതിനെട്ടുകവിതകൾ’ പ്രകാശനം ചെയ്യാമെന്നേറ്റിരുന്നത്‌ വൈലോപ്പിള്ളിയാണ്‌. എന്തുകൊണ്ടോ അദ്ദേഹത്തിന്‌ ചടങ്ങിൽ സംബന്ധിക്കാൻ സാധിച്ചില്ല. പക്ഷേ, തലേന്നുരാത്രിതന്നെ ഒരാമുഖമെഴുതി പ്രസാധകനെ ഏല്പിച്ചു: ‘ഇന്നത്തെ ചെറുപ്പക്കാരന്റെ സംവേദനക്ഷമമായ ഹൃദയത്തിന്റെ അഗാധദുഃഖവും അശരണതയും അമ്പരപ്പും ഇടിമുഴക്കംപോലെയുള്ള ദീർഘവിലാപമായി അദ്ദേഹത്തിന്റെ കവിതയിൽനിന്ന്‌ പൊട്ടിവിടരുമ്പോൾ, ശ്ലഥബിംബങ്ങളിലൂടെ സംക്രമിക്കുമ്പോൾ, ആ ലാവാദ്രവം അത്‌ നമ്മെ എത്രതന്നെ പൊള്ളിച്ചാലും ഏറെ നാളത്തെ പ്രതീക്ഷയോടെ നാം ഏറ്റുവാങ്ങുന്നു.’’ -ആ ചെറുകുറിപ്പിൽ അദ്ദേഹം ആശംസിച്ചു. ‘ദൈവജ്ഞനായ’ ഈ കവിയുടെ ദീർഘദർശനം ബാലചന്ദ്രന്റെ ശിരസ്സിൽ ആശിസ്സുകളായി ഉതിർന്നുവീണു. 

1980-ലായിരുന്നു അത്‌. 37 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ജീവിച്ചവർഷങ്ങളല്ല, വർഷിച്ച ജീവിതമാണ്‌ പ്രസക്തമെന്ന്‌ കവി തെളിയിച്ചു. ഇക്കാലയളവിൽ അധികമൊന്നും ബാലചന്ദ്രൻ എഴുതിയിട്ടില്ല. അഞ്ച്‌ കവിതാസമാഹാരങ്ങളിലായി ആകപ്പാടെ നൂറോളം കവിതകൾ.  അത്രമാത്രം. പക്ഷേ, എഴുതിയതൊന്നും പാഴായില്ല. വായനക്കാരന്റെ ഹൃദയത്തിൽ അത്‌ ചിരപ്രതിഷ്ഠനേടി. 

ബാലചന്ദ്രൻ കവിതയിൽ ചില പുതിയ പ്രയോഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്‌. അനുവാചകനെ സ്തബ്ധരാക്കുന്ന ചില സമസ്തപദങ്ങൾ. ജീവിതതമോവൃക്ഷം, നരകതീർഥം, വൈദ്യുതാലിംഗനം, ദിഗംബരജ്വലനം, മൃത്യുഞ്ജയസ്പന്ദം ഇങ്ങനെ. വായനക്കാരെ വിസ്മയിപ്പിക്കുന്ന പദസംഘാതങ്ങൾ! നല്ല മലയാളപദം സമൃദ്ധമായിടത്ത്‌ സമാനമായ സംസ്കൃതപദമേ ബാലചന്ദ്രൻ ഉപയോഗിക്കൂ. എന്താണിങ്ങനെ? ഞാനൊരിക്കൽ ചോദിച്ചു. കവിയുടെ മറുപടി: ‘കുഞ്ചൻനമ്പ്യാർ പച്ചമലയാളത്തിൽ കവിതയെഴുതാൻ വിദഗ്ധനാണ്‌. ‘തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ/പിള്ളയെടുത്തു തടുക്കുംഭോഷി’ എന്നെഴുതിയ കവി, എന്നാൽ കല്യാണസൗഗന്ധികത്തിൽ പാഞ്ചാലിയെ വർണിക്കുമ്പോൾ ‘ആനനടപ്പതുപോലെ നടപ്പവൾ’ എന്നല്ല പ്രയോഗിച്ചത്‌.  അങ്ങനെ പ്രയോഗിച്ചാൽ വൃത്തഭംഗംപോലും വരില്ല. എങ്കിലും, ‘ഗന്ധദ്വിപപ്രൗഢ മന്ദസഞ്ചാരിണി’ എന്നാണ്‌ നമ്പ്യാർ പ്രയോഗിച്ചത്‌. ആ ഭാവം ആദ്യത്തേതിന്‌ കിട്ടില്ല. മഹാകവി കുമാരനാശാൻ ‘സിംഹപ്രസവ’ത്തിൽ പിടിയാനയുടെ ഗർഭം കലക്കുന്ന സിംഹക്കുട്ടിയുടെ കരച്ചിൽ വർണിച്ചത്‌ ഇങ്ങനെയാണ്‌: ‘ഗഹനത്തിൽ ഗജഗർഭഭേദനം’. ഇതാണ്‌ വ്യത്യാസം, ഇതാണ്‌ കവിത.

ചിരകാലം ഒരുമിച്ച്‌ ചെലവഴിച്ച ഒരു മിത്ര​ത്തിന്റെ ഷഷ്ടിപൂർത്തിവേളിൽകുറിക്കുന്ന ചില ശിഥിലമായ ഒാർമകൾ മാത്രമാണിത്‌. എത്രയോ സംഭവങ്ങൾ മറവിയിൽ മാഞ്ഞുപോയി. ചിലത്‌ മങ്ങി. പക്ഷേ, ചിലത്‌ ഉജ്ജ്വലിച്ചുനിൽക്കുന്നു. പ്രിയസുഹൃത്തിനും ആ കാലത്തിനും നന്ദി.
സ്വന്തം കവിതയെക്കുറിച്ച്‌ ബാലചന്ദ്രൻ എഴുതിയ വരികൾ ഇപ്പോൾ ആ ശബ്ദത്തിൽത്തന്നെ ഉള്ളിൽ മുഴങ്ങുന്നു: ‘‘എന്റെ ആന്തരികജീവിതത്തിന്‌ കവിതാരൂപം നൽകുക എന്ന തികച്ചും പരിമിതമായ ലക്ഷ്യംമാത്രമേ എന്നും എന്റെ കവിതാരചനയ്ക്കുള്ളൂ.  എനിക്ക്‌ തോന്നുമ്പോൾ, തോന്നുന്നത്‌ തോന്നുന്നതുപോലെ എഴുതുന്നു. അത്രമാത്രം. സമാനഹൃദയരായ ആരെങ്കിലും ആസ്വദിക്കണമെന്നതിനപ്പുറം എന്തെങ്കിലും പ്രതീക്ഷ ഒരിക്കലുമില്ല.

ചില മനുഷ്യർ എന്റെ കവിതകളിൽ അവരുടെ ജീവിതം കണ്ടെത്തി. അവരാണ്‌ എന്നെ കവിയായി ആദ്യം അംഗീകരിച്ചത്‌. അവർ പണ്ഡിതരോ ബുദ്ധിജീവികളോ സൈദ്ധാന്തികരോ ആയിരുന്നില്ല. എന്നെപ്പോലെ മനസ്സുതകർന്ന  വെറും മനുഷ്യരായിരുന്നു. ഉറക്കം നഷ്ടപ്പെട്ട പാതിരകളിൽ ഉന്മാദത്തിന്റെ അതിരുകളിലൂടെ അലഞ്ഞുനടന്ന ആ അറിയപ്പെടാത്ത മനുഷ്യരാണ്‌ അവരുടെ സ്വന്തം മുറിവിൽ വിരൽമുക്കി മലയാളകവിതയുടെ മതിലിനുപുറത്ത്‌ എന്റെ പേര്‌ എഴുതിയിട്ടത്‌. എന്റെ കവിത അവരോടൊപ്പം ആരംഭിച്ചു. അവരോടൊപ്പം അവസാനിക്കുകയും ചെയ്യും. അവരുടെ നശ്വരതയിലാണ്‌ എന്റെ കവിതയുടെ അന്ത്യനിദ്ര.’’


വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.