മ്മറച്ചുവരിമ്പേല്‍ മങ്ങിയ ചിത്രം വീണു 
പിന്നിലെ,ക്കുമ്മായവും ഉണ്മയുമടര്‍ന്നപ്പോള്‍
പിന്നതിന്നില്ലായ്മയും മറ്റൊരു ചിത്രംപോലെ. 
ചിന്നിയ കാലംപോലെ തെന്നിയ സ്വപ്നംപോലെ. 
അങ്ങയെ ഓര്‍മ്മിച്ചുപോയെന്തിനോ നമ്മള്‍ തമ്മി-
ലെന്തു ബന്ധമെന്നോര്‍ക്കാ,മെങ്കിലും ക്ഷമിച്ചാലും.

അകലങ്ങളില്‍ പണ്ടൊരിടിമിന്നലില്‍ കത്തി 
യെരിയും കാടിന്‍ പൊരി പേറിവന്നൊരു കാറ്റില്‍ 
ലോലമെന്‍ മനംപോലും നാളമായൊരു കാലം 
അന്നു നീ കനല്‍ തിന്നും പക്ഷിയോ, ജ്വാലാഞ്ചിത

ക്രദ്ധപക്ഷങ്ങള്‍ വീശും തെരുവിന്‍ മാലാഖയോ 
പൊട്ടിയ തുടലിന്റെ തുണ്ടെന്റെ മസ്തിഷ്‌ക്കത്തില്‍
മച്ചറകളില്‍ ഒച്ചവെച്ചതു നിന്‍ശബ്ദത്തില്‍ 
രാത്രിയില്‍ നക്ഷത്രങ്ങള്‍ നിന്റെ കണ്‍വെളിച്ചത്തിന്‍

വിത്തുകളായി, നിന്റെ വിഹ്വലമൂശസ്സുള്ളില്‍
വെന്തുവാര്‍ന്നതാം പദബിംബങ്ങള്‍

ബന്ധുക്കളായ് കുട്ടികളരത്തൊരു പാളങ്ങള്‍ പൊടുന്നനെ 
ഞെട്ടിടുന്നതായ് പാലപുത്തതിന്‍ മണം തല്ലി-
പാതയില്‍ വിളക്കുകള്‍ കെട്ടിടുന്നതായ് നിന്റെ 
വാക്കുകളെന്നുള്‍ക്കിടാരങ്ങളില്‍ ചിലമ്പിച്ചു. 
നിന്നശാന്തമാം വെളിപാടുകള്‍ നിറകൊണ്ട പാതിരസ്സുമെന്നിടവഴിയില്‍ പൊട്ടിച്ചുട്ടായ് 
ഭ്രാന്തിന്റെ വിളുമ്പിലൂടത്രയും സസൂക്ഷ്മമായ് 
പോന്നുവന്നു ഞാനെത്തിയഴുക്കിന്‍ സ്വാസ്ഥ്യങ്ങളില്‍.

കെട്ടതെങ്ങനെ ശോണദീപ്തമാം നക്ഷത്രങ്ങള്‍?  കെട്ടഴിഞ്ഞൊരു മരച്ചങ്ങാടമായി കാലം. 
നീ മരിച്ചിട്ടുണ്ടാവാമെത്രയോ പരീക്ഷയില്‍ 
പക്ഷെ നീ ജീവിക്കുന്നുണ്ടിത്തിരി വരികളില്‍ 
ഇപ്പൊഴും ദുഃസ്വപ്നത്തിന്‍ ദുഃഖഗര്‍ത്തത്തില്‍ ഭ്രഷ്ട
ഗന്ധര്‍വ്വാ, ഭയക്കുന്നേന്‍ വര്‍ത്തുള്ള ചരിത്രത്തെ.

ശിവമൂലികാ ധൂളീപടലങ്ങളില്‍ വാറ്റു 
ചാരായവെളിച്ചത്തിന്‍ തെരുവില്‍, ജ്വാലാമുഖീ 
ശൃംഗത്തില്‍, വൈതാളിക നൃത്തമ്മെത്താനങ്ങളില്‍
ഇരുളിനൊടുക്കത്തെത്തുള്ളിയും കുടിച്ചാടി 
മറിയും നവോന്മാദ നഗരക്കളങ്ങളില്‍
വാക്കുകള്‍ തുണിയുരിഞ്ഞന്തിക്ക് വില്‍ക്കാന്‍ വെച്ച മന്ദിരങ്ങളില്‍, പുത്തന്‍ മാന്ത്രികക്കളങ്ങളില്‍ 
എവിടം കടന്നു നീ പോകിലും നിന്നില്‍ പറ്റി 
പ്പിടിക്കില്ലൊന്നും, എന്നും അഗ്‌നിയാണല്ലോ താങ്കള്‍.


 

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.