റുപതു വയസ്സ് അത്ര വലിയ പ്രായമൊന്നുമല്ലാതായിട്ടുണ്ട് ഇപ്പോള്‍. സാംസ്‌കാരിക കേരളത്തില്‍ ഒരു ന്യൂ ജനറേഷന്‍ പിറവിയെടുത്തു കഴിഞ്ഞു. എങ്കിലും മാധ്യമീകൃതമായ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും എഴുപതുകളുടെയും എണ്‍പതുകളുടെയും ആ സാംസ്‌കാരികവേദിക്കാലത്തിന് പ്രഭാവം കുറഞ്ഞിട്ടില്ല. പഴയ പല പടക്കുതിരകളും ഇപ്പോഴും തെല്ലൊരു ഞരക്കത്തോടെയാണെങ്കിലും കുതിക്കാന്‍ ശ്രമിക്കുന്നുണ്ട്. മിക്കവരും പതുങ്ങുന്നത് തങ്ങള്‍ ഇതാ കുതിക്കാന്‍ പോകുന്നു എന്ന ഭാവത്തില്‍ തന്നെയാണ്.

നമ്മുടെ രാഷ്ട്രീയ ലോകത്താണെങ്കില്‍ തലമുറകളെ ബന്ധിപ്പിച്ച് ഒരു നെടുങ്കന്‍ പാലമായി വി.എസ്. അച്ചുതാനന്ദന്‍ ഇപ്പോഴും പ്രഭാവത്തോടെ തന്നെ നില്‍ക്കുന്നു. കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ കരുത്തുറ്റനായകരായിരുന്ന വയലാര്‍ രവിയും ആന്റണിയുമൊക്കെ എണ്‍പതുകള്‍ ആഘോഷിക്കുകയാണ്. യുവ തുര്‍ക്കികളായിരുന്ന രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ ഇപ്പോഴും സുന്ദരക്കുട്ടപ്പന്മാരായിത്തന്നെ എഴുപതുകളിലേക്ക് എത്തുന്നു.

മുമ്പ് കര്‍ണാടകത്തില്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടു പോയ കാലത്ത് നമ്മുടെ പത്രങ്ങള്‍ എഴുതിയിരുന്നു- നോക്കൂ, ഇതാ കര്‍ണാടകത്തിലെ ഈ സൂപ്പര്‍ ഹീറോ അറുപതു കഴിഞ്ഞ അപ്പൂപ്പനാണ് എന്ന്. ഒരു രോമത്തില്‍ പോലും നര തെളിയാതെ, മുഖ ചര്‍മമൊന്നു ചുളുങ്ങാതെ നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂട്ടി എഴുപതുകളിലേക്കാണ് നടന്നു കയറുന്നത്. മോഹന്‍ലാല്‍ അറുപതുകളിലേക്കും. അതിനിടെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ഇപ്പോള്‍ അറുപതു തികയുന്നതേയുള്ളൂ എന്നതാണ് കൗതുകകരം. മമ്മൂട്ടിയും മോഹന്‍ ലാലും സൂപ്പര്‍ താരങ്ങളാവുന്നതിന് എത്രയോ മുമ്പേ താരമായതാണ് ബാല ചന്ദ്രന്‍ ചുള്ളിക്കാട്! 

സമൂഹത്തിന്റെ വലിയ നന്മ എന്ന ആവേശം ഒരു ലഹരിയായി പടര്‍ന്ന നക്‌സലിസത്തിന്റെ തീക്ഷ്ണ കാലമായിരുന്നു അത്. വീറും വീര്യവുമായിരുന്നു ആ കാലത്തിന്റെ മുദ്രകള്‍. കവിതയായിരുന്നു കൊടിയടയാളം. ഒരാഗ്നേയ ദ്യുതിയിലേക്ക് മലയാള കവിതയെ തട്ടിവീഴ്ത്തിക്കൊണ്ടാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരുപരുത്ത ശബ്ദം നമ്മുടെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ മുഴങ്ങിയത്. കടമ്മനിട്ടയുടെ ആ കറുമുറ ശബ്ദത്തില്‍ കവിത പാടാന്‍ ആ കാലത്തേ അനുമതിയുണ്ടാകുമായിരുന്നുള്ളൂ. കെ.ജി.ജോര്‍ജിനെപ്പോലെ മലയാളത്തെ പുതിയ ദൃശ്യാനുഭവങ്ങളിലേക്കും രാഷ്ട്രീയ ബോധ്യങ്ങളിലേക്കും കൈ പിടിച്ചുയര്‍ത്തിയ ചലച്ചിത്രകാരന്മാര്‍.  

ജീവിതത്തെക്കുറിച്ചുള്ള എല്ലാ മഹത്ത്വാകാംക്ഷകളെയും തട്ടിയുടച്ച് ഇതൊരു സര്‍ഗാത്മകമായ കടന്നു പോക്കു മാത്രം എന്ന പൊള്ളിക്കുന്ന അനുഭവബോധ്യം പകര്‍ന്ന് കാറ്റുപോലെ ജോണ്‍ എബ്രഹാം. എഴുപത് എണ്‍പതുകള്‍ ഒരു കാലഘട്ടത്തിന്റെ യൗവനമായിരുന്നു. ആ യൗവനമലയാളത്തിന് കാവ്യാനുഭൂതിയുടെ ഷോക്ക് ആയിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍. 

പാരമ്പര്യവാദികളുടെ നട്ടെല്ലു തരിക്കും വിധമുള്ള പദയോജനകള്‍, ഛന്ദോബദ്ധവും ദ്രാക്ഷാരസപാകത്തിലുള്ളതുമായ പുത്തന്‍ കാവ്യാനുഭൂതി. തീക്ഷ്ണമായ അനുഭവങ്ങളുടെ ലഹരിപിടിപ്പിക്കുന്ന കാവ്യാവിഷ്‌കാരം പുത്തന്‍ പുതുമയുടെ കാവ്യമോഹങ്ങളെയാകെ വശീകരിച്ചു കളഞ്ഞു. വര്‍ണ വര്‍ഗ ഭേദമില്ലാതെ മലയാളികളെ ഒന്നാകെ കവിതയിലേക്കു വലിച്ചടുപ്പിക്കുന്ന കാന്തിക പ്രസരമായിരുന്നു അത്. 

പിന്നീട് ഏറെക്കാലം, മലയാളകവിതയുടെ കൂമ്പടഞ്ഞേ എന്ന വിലാപം നാം കേട്ടു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തീക്ഷണമായ കാവ്യപ്രഭയെ മറി കടക്കുക അത്രയെളുപ്പമായിരുന്നില്ല പില്‍ക്കാല കവികള്‍ക്ക്. അവര്‍ എന്നത്തേയും പോലെ പുതിയ കാലത്തെയും പുതിയ ലോകത്തെയും കവിതയില്‍ ആവിഷ്‌കരിക്കുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ പൊടിമുളകളെ തോട്ടിറമ്പിലെ കൈതച്ചെടികളെ നാട്ടുകുളത്തിലെ ചേറുമീനുകളെ കല്ലുകയ്യാലകളെ പച്ചക്കറിച്ചന്തകളിലെ വിലപേശലുകളെ... ജീവിതത്തിന്റെ സത്യസാധാരണത്വങ്ങളില്‍ നിന്ന് കവിതയിലേക്ക് കയറി വന്നവരായിരുന്നു പുതുകാല കവികളേറെയും. 

പിന്നീട് നേരംകൊല്ലി സീരിയലുകളിലെ ചെറു വേഷങ്ങളില്‍ വന്ന് ഒട്ടും വഴക്കമില്ലാത്ത അഭിനയം പ്രകടിപ്പിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് മലയാളത്തിന് മറ്റൊരു സേവനം കൂടി ചെയ്തു. കവി അല്ലെങ്കില്‍ എഴുത്തുകാരന്‍ എന്നത് ഘനഗംഭീരമായ ഒരു ഉപരിവര്‍ഗ മൗനത്താല്‍ പരിപൂതനായിരിക്കേണ്ട എലൈറ്റ്‌നെസാണ് എന്ന ധാരണയെ തകര്‍ത്തേ കളഞ്ഞു. 

നൂറില്‍ താഴെ കവിതകളേ എഴുതിയിട്ടൂള്ളൂ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ദേവതകള്‍ മുപ്പത്തിമുക്കോടിയുണ്ടെങ്കിലും ത്രിമൂര്‍ത്തികള്‍ മൂന്നേ മൂന്ന് എന്നു പറയാറുണ്ടല്ലോ. കാവ്യമലയാളത്തിന് പുതിയൊരു ചാരുത പകര്‍ന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് പലപ്പോഴും ഒരേകാന്ത പഥികനായിരുന്നു. ആ ഏകാന്തതയാകട്ടെ അക്കാലത്ത് ഏറെ പ്രീയമുള്ള ഒരു സാംസ്‌കാരിക വിഭവമായിരുന്നു താനും.

വീടു വിട്ടു പോയ പരിത്യക്തനായും തീവ്രപ്രണയിയായ കാമുകനായും പട്ടിണികൊണ്ട ദരിദ്രനാരായണനായും അലഞ്ഞുലഞ്ഞ ബാലചന്ദ്രന്‍ ചുള്ളിക്കാട് പി.എസ്.സി. പരീക്ഷയെഴുതി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി നല്ല അച്ഛനും വീട്ടച്ഛനുമായി പിന്നെ സിനിമാ ഭ്രമമുള്ള ഇടത്തരം സമ്പന്നമധ്യവര്‍ഗക്കാരനായി... ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാല്‍ ഒരു കാലഘട്ടത്തിലെ മലയാളിപ്പുരുഷന്റെ പരിണാമദശകള്‍ തന്നെയല്ലേ ഇത്. അതേ, ആ പഴയ മലയാളി പുരുഷന്‍ ഷഷ്ടിപൂര്‍ത്തിയിലേക്ക് എത്തിയിരിക്കുന്നു. ഷഷ്ടി പൂര്‍ത്തി ഇന്ന് വാര്‍ധക്യത്തിന്റെ കവാടമല്ല. മധ്യവയസ്സിന്റെ ഒരങ്കം മാത്രം. 

പുതിയ മലയാളി യൗവനം തിടം വെച്ചു വളര്‍ന്നു കഴിഞ്ഞു ഇന്ന്. ബൊഹീമിയന്‍ ജോണിനെക്കുറിച്ചു പാടുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഒരു നൊസ്റ്റാള്‍ജിയയായി കൊണ്ടു നടക്കുന്നവര്‍ വാര്‍ധക്യത്തിലായിക്കഴിഞ്ഞു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ  ഷഷ്ടിപൂര്‍ത്തി ഒരു വ്യക്തിയുടെ ജീവിതത്തിലെ മറ്റൊരു ദിനം മാത്രമല്ല. കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിലെ ഒരു കടന്നു നില്പിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്.