'ങ്ങനെ എനിക്ക് ഒരു ശത്രുകൂടി ഉണ്ടായി!'

വല്ലപ്പോഴുമുള്ള ഫോണ്‍വിളികളില്‍, അടുത്തകാലത്ത് തനിക്കുണ്ടായ ഏതെങ്കിലും ഒരനുഭവം പറഞ്ഞതിനുശേഷം ബാലചന്ദ്രന്‍ തന്റെ മുഴങ്ങുന്ന ശബ്ദത്തില്‍ ഈ വാചകം പറഞ്ഞ് ഹ്! എന്നു ചിരിക്കും. 

നേരേ നില്‍ക്കുന്നവര്‍ക്ക്, മറ്റുള്ളവരെ ഓച്ഛാനിക്കാന്‍ മടികാണിക്കുന്നവര്‍ക്ക്, എല്ലാ ദിവസവും ശത്രുക്കളെ ഉണ്ടാക്കാതെ തരമില്ലല്ലോ. ബാലചന്ദ്രനാണെങ്കില്‍ ഒരുപടികൂടി കടന്ന്, കപടനാട്യക്കാരെ കയറി അക്രമിക്കാന്‍ മടിക്കാത്തവനുമാണ്. എങ്കിലും ഞാന്‍ വിചാരിക്കും: നമ്മുടെ കാലഘട്ടത്തിലെ ഒന്നാന്തരമൊരു കവിയോട് എന്തിനാവും ആളുകള്‍ക്ക് ഇത്ര അസഹിഷ്ണുത?

കവിയെന്ന നിലയില്‍ ചുള്ളിക്കാടിനെ മാനിച്ചുകൊണ്ട് വളരെ വിദഗ്ധമായി അദ്ദേഹത്തിനെതിരെ സംസാരിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം സീരിയലുകളില്‍ അഭിനയിക്കുന്നതിനെ പരിഹസിച്ച് അരമണിക്കൂര്‍ സംസാരിച്ച ഒരു മിടുക്കനോട് ഞാന്‍ ചോദിച്ചു: 'അതു പോട്ടെ, അദ്ദേഹം എഴുതിയ ഏതെങ്കിലും ഒരു കവിത എട്ടുവരി കാണാതെ ചൊല്ലാമോ താങ്കള്‍ക്ക്?'

അതുപിന്നെ ഏതു കുട്ടിക്കാണ് കഴിയാത്തത് എന്ന പരിഹാസച്ചിരിയോടെ അയാള്‍ പിന്തിരിയാന്‍ തുടങ്ങിയപ്പോള്‍, മദ്യം നല്‍കിയ ലഹരിയില്‍ ഞാനയാളുടെ കോളറിനു പിടിച്ചു: 'ഇല്ല, ചുള്ളിക്കാടിന്റെ ഏതെങ്കിലും എട്ടുവരി ഇപ്പോള്‍ മന:പ്പാഠം ചൊല്ലിയില്ലെങ്കില്‍ അയാളെക്കുറിച്ച് ഇത്രയും നേരം അപവാദം പറഞ്ഞ കുറ്റത്തിന് ഒറ്റയടിക്ക് നിന്നെ ഞാന്‍ കൊല്ലും!' അയാള്‍ ഊച്ചാളിച്ചിരിയോടെ മാപ്പപേക്ഷിച്ചു. പുഴുത്തപട്ടിയെ എന്നപോലെ അയാളെ തൊടാന്‍ അറച്ച് ഞാന്‍ പിടിവിട്ടു.

ബാലചന്ദ്രന്‍ ഒരിക്കല്‍ ഒരാളെക്കുറിച്ചു പറഞ്ഞു. മുമ്പ് കവിതകള്‍ എഴുതിയും അരങ്ങിലും തെരുവിലും ചൊല്ലിയും സാംസ്‌കാരിക കേരളത്തില്‍ ചുള്ളിക്കാട് എന്ന വാക്ക് കത്തിപ്പടര്‍ന്ന കാലം. അതിനിടിയിലാണ് അരവിന്ദന്റെ പോക്കുവെയിലില്‍ അദ്ദേഹം നായകനായി അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു കവിതപോലും വായിച്ചിട്ടില്ലാത്ത, പോക്കുവെയില്‍ എന്ന ചിത്രം കാണാന്‍ ഒരു നിലയ്ക്കും സാധ്യതയില്ലാത്ത ഒരുത്തന്‍ അക്കാലത്തൊരിക്കല്‍ കവിയെ കണ്ടപ്പോള്‍ പരദൂഷണത്തിന്റെ ക്‌ളാവടിഞ്ഞ വാ കൊണ്ട് ചോദിച്ചു: 'അല്ലാ, ബാലന് പിന്നെ സിനിമയൊന്നും കിട്ടിയില്ല അല്ലേ?'

ഇല്ല എന്ന കവിയുടെ നിസ്സംഗമായ മറുപടി കേട്ട് വിജിഗീഷുവിനെപ്പോലെ അല്പന്‍ നടന്നുനീങ്ങും. പില്‍ക്കാലത്തെ ബാലചന്ദ്രന്‍ സിനിമയിലും സീരിയലിലുമൊക്കെ സജീവമായപ്പോള്‍ വീണ്ടും ഈ പഴയ അസഹിഷ്ണുവിനെ കണ്ട കഥ കവി കൂട്ടിച്ചേര്‍ത്തു: 'അയാള്‍ ഇത്തവണ വന്നപ്പോള്‍ എനിക്കു സമാധാനമായി!', കവി പറഞ്ഞു: 'കുറേ സിനിമകള്‍ ഓടുന്നുണ്ട്. ടിവിയിലാണെങ്കില്‍ മിക്കവാറും സീരിയലുകളിലൊക്കെ എന്നെ കാണാം. പക്ഷേ ഇത്തവണ ദുഷ്ടന്‍ മറ്റൊന്നാണ് ചോദിച്ചത്. 'അല്ലാ തനിക്കിപ്പോ പഴയ പോലെ കവിതയെഴുത്തൊന്നും ഇല്ലാ അല്ലേ?' 

subhash
ചുള്ളിക്കാട് സുഭാഷ് ചന്ദ്രന്റെ വീട്ടില്‍. ഫോട്ടോ: സേതുലക്ഷ്മി

അതു പറഞ്ഞ് ബാലചന്ദ്രന്‍ എന്നെ നോക്കി കവികളുടെ ചിരി ചിരിച്ചു.
എന്തു മറുപടി പറഞ്ഞു?, ഞാന്‍ ചോദിച്ചു.
'ഇല്ല, എന്റെ പ്രതിഭാശക്തിയൊക്കെ വറ്റിപ്പോയി, എന്നു പറഞ്ഞു. അതുകേട്ട് സന്തോഷത്തോടെ ആ പാവം നടന്നുപോയി'
ചുള്ളിക്കാട് വീണ്ടും ഹ്! എന്നു ചിരിച്ചു.
  
മൂന്നാലു മാസം മുമ്പ് ഏതോ സിനിമയുടെ ഷൂട്ടിങ്ങിന് കോഴിക്കോട്ടുവന്നപ്പോള്‍ അദ്ദേഹം എന്റെ വീട്ടില്‍ വന്നു. വൈകുന്നേരം വന്ന് രാത്രി അത്താഴം കഴിഞ്ഞ് മടങ്ങും വരെ ഞങ്ങള്‍ പലതും സംസാരിച്ചിരുന്നു. കൂട്ടത്തില്‍ തനിക്ക് അറുപതുവയസ്സാകുന്നു എന്ന കാര്യം പറഞ്ഞപ്പോള്‍ ആ മുഴങ്ങുന്ന സത്യം പിടിച്ചെടുത്ത് അകത്തേ മുറിയില്‍ നിന്ന് ഭാര്യയുടെ അമ്മ അദ്ദേഹത്തിന്റെ മുന്നിലേക്ക് വന്നു. 

തന്നേക്കാള്‍ മുതിര്‍ന്നയാളെ കണ്ടപ്പോള്‍ ഇരിപ്പിടത്തില്‍നിന്നെഴുന്നേറ്റ് ചുള്ളിക്കാട് തൊഴുതു. അദ്ദേഹം മടങ്ങിയശേഷം അവര്‍ പറഞ്ഞു. എന്നാലും അതുവേണ്ടായിരുന്നു, എന്നെ കണ്ടപ്പോള്‍ അദ്ദേഹം എഴുന്നേറ്റുനിന്നു തൊഴുതു! അന്നു രാത്രി ഞാന്‍ അമ്മയ്ക്ക് ചിദംബരസ്മരണ വായിക്കാന്‍ കൊടുത്തു. ചിദംബരം മഹാക്ഷേത്രത്തില്‍ അന്ത്യകാലം ചെലവഴിക്കാനെത്തിയ വൃദ്ധന്റേയും വൃദ്ധയുടേയും വാങ്മയചിത്രം വായിച്ചിരുന്ന് അവര്‍ കരയുന്നത് ഞാന്‍ കണ്ടു.

ബാലചന്ദ്രന്‍, അറുപതാം പിറന്നാള്‍ ദിനത്തില്‍ അങ്ങേയ്ക്ക് എന്റെ നമസ്‌കാരം. ഞാനങ്ങനെ ആരേയും തൊഴുന്ന ആളല്ല. പക്ഷേ തൊഴാന്‍ മാത്രം മഹത്വമുള്ള ഒരാളെ മുന്നില്‍ കിട്ടിയാല്‍ അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് ഒരു മടിയുമില്ല. മഹാരഥന്മാരായ പല എഴുത്തുകാരേയും നേരില്‍ കാണാന്‍ ഭാഗ്യമില്ലാതെ പോയ ഒരുവനാണ് ഞാന്‍. പക്ഷേ താങ്കള്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍, താങ്കളെ കാണാന്‍, താങ്കളോടൊപ്പം എന്റെ ഭക്ഷണമേശയിലിരുന്ന് അത്താഴം കഴിക്കാന്‍ കഴിഞ്ഞതില്‍, അതിനേക്കാളുപരി താങ്കളുടെ കവിതകളെ അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വായിച്ചാസ്വദിക്കാന്‍ കഴിഞ്ഞതില്‍, ഞാന്‍ ആനന്ദിക്കുന്നു. താങ്കള്‍ക്കുമുന്നില്‍ ധന്യവാദത്തോടെ തലകുനിക്കുകയും ചെയ്യുന്നു.