ഊരിപ്പിടിച്ച വാളുമായി രാത്രി
എന്റെ  ശരീരം ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു.
ഓര്‍മയുടെ വനാന്തരങ്ങളിലെങ്ങോ 
വഴിതെറ്റിപ്പോയ ചോര ചിന്നംവിളിക്കുന്നു. 
വംശനാശം വന്ന മൃഗങ്ങളുടെ 
അദൃശ്യമായ പലായനംപോലെ 
കാറ്റ് എന്നിലൂടെ പലവട്ടം പാഞ്ഞുപോയി. 
ഭൂമിയില്‍ അവശേഷിച്ച രണ്ടേരണ്ടു പ്രാണികള്‍ 
സൃഷ്ടി മുടങ്ങാതിരിക്കാന്‍വേണ്ടി മാത്രം 
ദുഃഖിച്ചും പ്രാര്‍ഥിച്ചും ഇണചേരുന്നതുപോലെ
എന്റെ ഉള്ളില്‍ വാക്കും മൗനവും പുണരുന്നു.