'വിശുദ്ധ ഴെനെ' എന്നാണ് സാര്‍ത്ര് ആ പുസ്തകത്തിന് പേരിട്ടത്. വിഷാദത്തിന്റെ ഇരുട്ടുമൂലകളിലേക്കും ഉന്മാദത്തിന്റെ പൊള്ളും വെളിച്ചങ്ങളിലേക്കുമുള്ള ആന്ദോളനത്തില്‍ ഉഴറിയ ഴാങ് ഴെനെയെക്കുറിച്ചുള്ള പുസ്തകം. 1910ല്‍ പാരിസില്‍ ജനിച്ച ഴെനെയെ ഏഴാം മാസത്തില്‍ അമ്മ ഒരു മരപ്പണിക്കാരന് ദത്ത് നല്‍കി. പഠിക്കാന്‍ മിടുക്കനായിരുന്ന കൊച്ച് ഴെനെ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ത്തനെ ചെറിയ ചെറിയ മോഷണങ്ങളിലൂടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു.

ഓരോ കുറ്റവും പിടിക്കപ്പെടുമ്പോള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടും. മോഷണം, ഒളിച്ചോട്ടം, പഠനം അങ്ങനെ 15-ാം വയസ്സില്‍ കുട്ടിക്കുറ്റവാളികള്‍ക്കുള്ള ദുര്‍ഗുണപരിഹാര പാഠശാലയിലായി. കുട്ടിജയിലില്‍ നിന്ന് പഠിച്ചത് വേറെയും ശീലങ്ങളായെന്നു മാത്രം. 18 വയസ്സുവരെ കുട്ടിജയിലില്‍ കിടന്നിട്ട് പിന്നീട് നിര്‍ബന്ധിത സൈനിക സേവനത്തിലെത്തി. അവിടെയും അസാന്മാര്‍ഗികനായി. സ്വവര്‍ഗരതി ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷ കിട്ടി. സൈന്യത്തില്‍ നിന്ന് പുറത്തായപ്പോള്‍ ആണ്‍വേശ്യാവൃത്തി, സ്വവര്‍ഗരതി, മോഷണം തുടങ്ങിയ മേഖലകളില്‍ പ്രതിഭ വ്യാപരിപ്പിച്ച് യൂറോപ്പിലാകെ കറങ്ങി. പിടിക്കപ്പെട്ട് ജയിലാലാകുന്ന പ്രശാന്തകാലങ്ങളില്‍ കുത്തിയിരുന്ന് എഴുത്തും.

ഉജ്വലമായ രചനകളായിരുന്നു ഴെനെയുടെ കൃതികളോരോന്നും. വായനക്കാര്‍ നെഞ്ചേറ്റിയ കൃതികള്‍. വീടോ എഴുത്തുമുറിയോ സ്വസ്ഥജീവിതമോ ഇല്ലാതിരുന്ന ഴെനെ 40 വയസ്സ് തികയും മുമ്പ് അഞ്ച് നോവലുകളും മൂന്ന് നാടകങ്ങളും അനവധി കവിതകളും എഴുതിക്കൂട്ടി. സ്വവര്‍ഗരതിയും ക്രിമിനലിസവും എല്ലാം തുറന്നെഴുതിയ ആ കൃതികള്‍ യൂറോപ്പിലെ വായനക്കാരെയാകെ പ്രകോപിപ്പിക്കുന്നവയായിരുന്നു. കൊടുംകറുപ്പില്‍ വരച്ച മനുഷ്യചിത്രങ്ങള്‍.  പക്ഷേ, അവയുടെ തീക്ഷ്ണമായ സംവേദന ശേഷി ഒന്നുവേറെ.

ഴെനെയുടെ രചനകള്‍ വായിച്ച് തേടിച്ചെന്നെത്തിയ സാര്‍ത്രിന്റെ സൗഹൃദം മറ്റൊരു മഹാനായ മനുഷ്യപുത്രന്റെ ഉയിര്‍ത്തെഴുന്നേല്പിനു വഴിയൊരുക്കി. ഴെനെ ഫ്രഞ്ചുസാഹിത്യത്തിലൊരു സാര്‍വ ഭൗമനായി. ഴെെനയുടെ തീക്ഷ്ണമായ രാജസ താമസ തേജസ്സുകളാകെ മനുഷ്യവംശത്തിനായുള്ള പ്രതിരോധപ്രവാഹങ്ങളിലേക്ക് ചാലിട്ടൊഴുകി.

സാര്‍ത്രിന്റെയും മിഷേല്‍ ഫൂക്കോയുടെയും ഒപ്പം സര്‍ഗാത്മകമായ നിരവധി ബൗദ്ധിക പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ഴെനെ ഫ്രാന്‍സിലെ അള്‍ജീരിയന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള സമരങ്ങളിലും പങ്കാളിയായി. അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഴെനെ അവിടെ നിന്ന് പാലസ്തീനിലെത്തി രഹസ്യമായി യാസര്‍ അരാഫത്തിനെ സന്ദര്‍ശിക്കുകയും ഇസ്രയേലിനെതിരായ പാലസ്തീനിയന്‍ സമരങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ഇതൊക്കെ ഴെനെയുടെ കഥ. ഴെനെയെ ലോകം അറിഞ്ഞാദരിച്ചത് അദ്ദേഹത്തെക്കുറിച്ച് സാക്ഷാല്‍ സാര്‍ത്ര് എഴുതിയ ദ സെയിന്റ് ഴെനെ എന്ന പുസ്തകത്തിലൂടെയാണ്. 

തനിക്കൊപ്പമോ തൊട്ടുമുമ്പോ ഉള്ള എഴുത്തുകാരെക്കുറിച്ച് മറ്റ് എഴുത്തുകാര്‍ സര്‍ഗാത്മക രചന നടത്തുന്നത് അത്ര സാധാരണമല്ല. പല വലിയ എഴുത്തുകാരുടെയും ജീവചരിത്രനോവലുകള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയല്ലാതെ, ഒരെഴുത്തുകാരനോടുള്ള ആദരം അറിയിക്കാനായി സര്‍ഗാത്മക രചന നടത്തുന്നത് ഒരു സവിശേഷ സംഗതിയാണ്. അക്കൂട്ടത്തില്‍ ലോകത്തിലെ ക്ലാസ്സിക്കുകളിലൊന്നാണ് ദ സെയിന്റ് ഴെനെ. മലയാളത്തില്‍ അത്തരം രചനകളുടെ സവിശേഷമായൊരു പാരമ്പര്യമുണ്ട്. വിശേഷിച്ച് കവിതയില്‍.

2017 ഏപ്രിലില്‍ റഫീക്ക് അഹമ്മദ് ബാലചന്ദ്രന്‍ ചുള്ളിക്കാടിനായി എഴുതി സമര്‍പ്പിച്ച ഒരു കവിതയുണ്ട്- ആഗ്നേയം. 

അകലങ്ങളില്‍ പണ്ടൊരിടിമിന്നലില്‍ കത്തി
യെരിയും കാടിന്‍ പൊരി പേറി വന്നൊരു കാറ്റില്‍ 
ലോലമെന്‍ മനം പോലും നാളമായൊരു കാലം
അന്നു നീ കനല്‍ തിന്നും പക്ഷിയോ, ജ്വാലാഞ്ചിത
ക്രുദ്ധപക്ഷങ്ങള്‍ വീശും തെരുവിന്‍ മാലാഖയോ
പൊട്ടിയ തുടലിന്‍ തുണ്ടെന്റെ മസ്തിഷ്‌കത്തിന്‍ 
മച്ചറകളില്‍ ഒച്ച വെച്ചതു നിന്‍ ശബ്ദത്തില്‍...

ഒരെഴുത്തുകാരന്‍ മറ്റൊരാള്‍ക്ക് ആദരം കുറിച്ച് രചന നടത്തുമ്പോള്‍ അത് സ്വര്‍ണത്തിനു സുഗന്ധം ചേരുന്ന അനുഭവമാണുണ്ടാക്കുക. എഴുതുന്നയാളുടെയും ആദരിക്കപ്പെടുന്നയാളുടെയും രചനാ സൗകുമാര്യങ്ങളും കരുത്തും ഒന്നിച്ചിണങ്ങിയ വിശിഷ്ടരചനകളായി മാറും അത്തരം സൃഷ്ടികള്‍. 

എഴുത്തുകാരെക്കുറിച്ച് പലപ്പോഴുമുള്ള അനുഭവം അവര്‍ ഞാന്‍പാന പാടുന്നവരാണെന്നതാണല്ലോ. ആരെക്കുറിച്ചു പറഞ്ഞാലും എന്തിനെക്കുറിച്ചു പറഞ്ഞാലും അവര്‍ പറഞ്ഞു പറഞ്ഞ് ഞാനിലേക്ക് വരും. ഞാന്‍ ആണ് അവര്‍ക്ക് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സംഭവം. അത്തരം ഞാനിമങ്ങളില്‍ അഭിരമിക്കുന്നവര്‍ മറ്റൊരാളെക്കുറിച്ച് എഴുതുന്നത് അത്രമേല്‍ ആഴസ്വാധീനമായി മറ്റൊരെഴുത്തുകാരന്‍ നിറയുന്നതിനാലാണ്. അത് ബൗദ്ധികവും വൈകാരികവുമായി നവീകരിക്കപ്പെട്ട ഒരു പാരമ്പര്യ പ്രവാഹമായിത്തീരുന്നു. അത്തരം രചനകള്‍ക്ക് വേറിട്ടൊരു ചൈതന്യം കൈവരുന്നത് അങ്ങനെയാണ്. പൂന്താനം ജ്ഞാനപ്പാന പാടിയ പുംസ്‌കോകിലം എന്ന് വള്ളത്തോള്‍ എഴുതി. 

ആയിരം സുസംസ്‌കൃത ശ്ലോക പുഷ്പത്താല്‍ 
ഗുരുവായു മന്ദിരേശനെ പൂജിച്ചു വഴിപോലെ 
ആയുരാരോഗ്യ സൗഖ്യം നേടിയ കവീന്ദ്രനാം 
ശ്രീയതു നാരായണ ഭട്ടപാദരെക്കുറിച്ച് വള്ളത്തോള്‍ പാടുന്നത് 'അതുക്കും മേലെയാണ്' നമ്മുടെ ഈ പൂന്താനം എന്ന് സൗമ്യസുന്ദരനായി പറയാന്‍ വേണ്ടിയാണല്ലോ.

കുമാരനാശാന്‍ എ.ആര്‍.രാജരാജവര്‍മയ്ക്ക് ആദരമര്‍പ്പിച്ച് പ്രരോദനം എഴുതി. അവരുടെ സ്‌നേഹവും ആദരവും അനിതരസാധാരണമാം വിധം ഹൃദ്യവും ദൃഢവുമായിരുന്നു. അത്രമേല്‍ പരസ്പരബഹുമാന പൂരിതവും. അത്ര മഹാന്മാര്‍ക്കേ ഉണ്ടാവൂ ഇത്തരം സൗഹൃദം. 

ഇടശ്ശേരിയുടെ കവിതകളില്‍ പലതു കൊണ്ടും വേറിട്ടു നില്‍ക്കുന്ന ഒന്നാണ് 'ഹനുമത് സേവ തുഞ്ചന്‍ പറമ്പില്‍'. അധ്യാത്മരാമായണത്തിന്റെ പ്രഭാപ്രസരമുള്ള ഇടശ്ശേരിക്കവിത. ഇടശ്ശേരി ഒരു ഹനുമാനായി തുഞ്ചത്താചാര്യന്റെ  ശ്രീരാമപാദാന്തികത്തില്‍ പ്രണമിക്കുന്ന ഒരപര രാമായണം.

ആദര കാവ്യങ്ങളുടെ കൂട്ടത്തില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ് ആറ്റൂരിന്റെ 'മേഘരൂപന്‍'. പി കുഞ്ഞിരാമന്‍ നായര്‍ എന്ന കവിയുടെ സാംസ്‌കാരിക സാന്നിധ്യത്തെക്കുറിച്ചുള്ള മികച്ച സര്‍ഗാത്മക നിരൂപണം കൂടിയായിത്തീര്‍ന്നു 'മേഘരൂപന്‍'.  പി.യെ പിന്നീട് കേരളം വായിച്ചത് മേഘരൂപന്‍ സൃഷ്ടിച്ച നിഴല്‍ച്ചിത്രം കൂടി ചേര്‍ത്താണ്. പിന്നീട് അതേ പേരില്‍ അതേ കവിയുടെ ജീവിതം സിനിമയായത് മറ്റൊരു കാവ്യഗാഥ. 

ഡി.വിനയചന്ദ്രന്‍ രചിച്ച 'കായിക്കരയിലെ കടല്‍' എന്ന കവിതയില്‍ കുമാരനാശാന്റെ കാവ്യസാഗരമൊന്നാകെ തിരയടിച്ചിരമ്പുന്നുണ്ട്. വിനയചന്ദ്രന്റെ ആ കവിതാ സമാഹാരത്തിലെ മറ്റു കവിതകളില്‍ നിന്നൊക്കെ വ്യത്യസ്തമായി എന്തൊരു വലിപ്പവും എന്തൊരാഴവും എന്തു തിരയിളക്കവുമാണ് ഈ കടലിലെന്നോ!

സച്ചിദാനന്ദനാണ് ആദരകവിതകള്‍ പലതെഴുതിയിട്ടുള്ളത്. ഒട്ടേറെ വിദേശ കവികള്‍ക്കും സച്ചിദാന്ദന്റെ കാവ്യസമര്‍പ്പണമുണ്ടായി. എന്നാല്‍,
എഴുത്തച്ഛനെഴുതുമ്പോള്‍ സംഭവിപ്പതെന്തെന്ന് ഞാനറിയുന്നു
പറക്കുന്നൂ കുതിരകളെഴുത്താണിത്തുമ്പിലൂടെ,
പൊളിക്കുന്നൂ കുളമ്പടി പനയോലടത്തടിപ്പാലം...
എന്ന് തുടങ്ങി ഭാഷാപിതാവിന്റെ കാവ്യാശ്വമേധം അനുഭവിപ്പിക്കുന്നു എഴുത്തച്ഛനെഴുതുമ്പോള്‍.

'ഇറക്കിക്കിടത്തിയതെന്റെ യൗവനമല്ലോ' എന്ന് അതേ സച്ചിദാനന്ദന്‍ ഇവനെക്കൂടി എന്ന കവിതയില്‍ വൈലോപ്പിള്ളിയെക്കുറിച്ച് എഴുതുമ്പോള്‍ മലയാള കാവ്യലോകത്തെ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ് ആവിഷ്‌കരിക്കുന്നത്. കയ്പവല്ലരിയില്‍ വൈലോപ്പിള്ളി ജി.ശങ്കരക്കുറുപ്പിന് സ്‌നേഹാദരമര്‍പ്പിക്കുന്നു. 

അങ്ങ തന്നുള്ളിലുണര്‍ന്നില്ലേ, 
ജഗദ്ഭക്ഷകനാകും കാലം എന്ന് 'അന്നം' എന്ന കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതുന്നത്  വൈലോപ്പിള്ളിയെക്കുറിച്ചുള്ള മഹിതമായൊരു കാവ്യാനുഭവ വിവരണമാണ്. പരിത്യക്തനായ കവി പരിത്യക്തനായ മറ്റൊരു കവിയുടെ പൈതൃകം ഏറ്റുവാങ്ങുക കൂടിയാണ് അന്നത്തില്‍. വൈലോപ്പിള്ളിയുടെ ഇത്തിരി ചോറും മോരുമുപ്പിലിട്ടതുമാണ് തന്റെ അന്നം എന്ന കാവ്യപ്രഖ്യാപനത്തില്‍ മഹിതമായൊരു പൈതൃകബോധമുണ്ട്. ഏറ്റവുമൊടുവിലിതാ റഫീക്ക് അഹമ്മദ്.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ തന്നെ ഉണ്ടായിട്ടുണ്ട്.എന്നാല്‍, 

നീ മരിച്ചിട്ടുണ്ടാവാമെത്രയോ പരീക്ഷയില്‍,
പക്ഷേ,നീ ജീവിക്കുന്നുണ്ടിത്തിരി വരികളില്‍
ഇപ്പൊഴും സ്വപ്‌നത്തിന്‍ ദുഃഖഗര്‍ത്തത്തില്‍ ഭ്രഷ്ട
ഗന്ധര്‍വാ, ഭയക്കുന്നേന്‍ വര്‍ത്തുള ചരിത്രത്തെ...

എന്ന റഫീക്ക് അഹമ്മദിന്റെ വരികള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കാവ്യസാന്നിധ്യത്തിന് സ്‌നേഹാദരങ്ങളുടെ ചിരഞ്ജീവിത്വമേകുന്നു. രണ്ടു കവികളും സവിശേഷമായൊരു കാവ്യഗരിമയുടെ ഉന്നത വിതാനങ്ങളിലേക്ക് കടന്നു നില്‍ക്കുന്നു.

ഏതോ തുലാവരിഷ രാവിന്റെ മച്ചറയില്‍
ഒരാഗ്നേയ നിര്‍വൃതി നുണഞ്ഞതിനു ശിക്ഷയായ്
പെങ്ങളേ, അന്നു നീ ഉള്ളില്‍ മുളകൊള്ളും തുടിപ്പും
ഞരമ്പുകളിലുന്നിദ്രമാളുന്ന നോവുമായ്
ആറിന്റെ നെഞ്ചകം കീറിപ്പിളര്‍ന്നു മറ കൊണ്ടതും...

എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയപ്പോള്‍ മലയാള കവിതയും മലയാളി ഭാവുകത്വവും ഒരാഗ്നേയ നിര്‍വൃതിയിലേക്കാണ് ഞെട്ടിത്തരിച്ചത്. കാവ്യാനന്ദം ബ്രഹ്മാനന്ദസോഹദരമാണെന്നും രതി നൈമിഷിക ബ്രഹ്മാനന്ദമാണെന്നുമൊക്കെ പറയാറുള്ള ആനന്ദാതിശയങ്ങളുടെ ഒരു കുത്തൊഴുക്കാണിവിടെ. ഓരോ കവിതയിലും ബാലചന്ദ്രന്‍ ചുള്ളിക്കാട് മലയാള കവിതയ്ക്കു പകര്‍ന്നു ഇതേ ആനന്ദ മൂര്‍ഛ. 

ലഹരിയും പ്രണയവും പട്ടിണിയും പരിത്യക്തതയെന്ന ശിരോഭൂഷണവുമായി കവിതയുടെ യാഗാശ്വമായി അലഞ്ഞ ഒരു ബാലചന്ദ്രന്‍ ചുള്ളിക്കാടുണ്ടായിരുന്നു പണ്ടു പണ്ട്. അന്ന് ദൈവമേ! ഇവന് എന്റെ മുഖഛായയാണല്ലോ എന്ന് നൂറുനൂറ് അശ്വത്ഥാത്മാക്കള്‍ ആ കുളമ്പടിയൊച്ചകള്‍ക്കു പിന്നാലെ പാഞ്ഞു. അത് ഒരു കാലഘട്ടത്തിന്റെ കഥയാണ്, കവിതയാണ്. ആ ആഗ്നേയനിര്‍വൃതിയുടെ തീത്തിണര്‍പ്പുകള്‍ക്കുള്ള സ്‌നേഹോദകമാണ് റഫീക്ക് അഹമ്മദിന്റെ ആഗ്നേയം. ഒരു പിതൃതര്‍പ്പണം.