ആത്മസുഹൃത്തിനെപ്പറ്റി കവി വിഷ്ണുനാരായണന്‍ നമ്പൂതിരി എഴുതിയ കുറിപ്പ്

ദൂരദര്‍ശനില്‍ പഴയ കവിസമ്മേളനം. പൂക്കളത്തെയും മഹാബലിയെയും പൂഴ്ത്തിവെപ്പിനെയും നല്ല നാളെയെയും പറ്റി തുടുത്ത കവിതകള്‍ വിരിയുന്ന അരങ്ങത്ത് വെറ്റിലത്തരി നുണയ്ക്കുന്ന ഒരുമുഖം തെളിയുന്നു - അക്കിത്തം. കൗതുകവും കുട്ടിക്കുസൃതിയും കൂമ്പിനില്‍ക്കുന്ന നരച്ച മുഖം.

മൈക്കിന്റെ മുന്നില്‍ അദ്ദേഹം നില്‍ക്കുന്നു. അടിയൊഴുക്കുകളെ ഉള്ളിലടക്കുന്ന സ്വച്ഛചിന്തയുടെ ശാന്തവിചീകള്‍ ആ മുഖത്തെ വലയംചെയ്യുന്നു. കളിമ്പം വിട്ടൊഴിയുന്നു. മുഴങ്ങുന്ന പരുഷശബ്ദത്തില്‍ സ്ഫുടമായി അദ്ദേഹം കവിത ഊന്നിയും നിര്‍ത്തിയും ചൊല്ലി നീങ്ങവേ, ഇടയ്ക്കിടെ ആ കണ്ണുകള്‍ പാതിയടയുന്നു. മുകളില്‍ നമുക്കദൃശ്യമായ ഏതോ വിതാനത്തിലേക്ക് നോട്ടം ഉയരുന്നു; വീണ്ടും നമ്മിലേക്ക്, വര്‍ത്തമാനത്തിലേക്ക് മടങ്ങുന്നു.

എന്താണ് കവിതയുടെ വിഷയം?

ഗൊര്‍ബച്ചേവ്. ത്രിവത്സര ഭഗീരഥനായ ആ റഷ്യന്‍ നായകനിലൂടെ മുക്തിയുടെ സരളസന്ദേശം, സ്വച്ഛന്ദതയുടെ മാധുര്യം, ഒരുനിമിഷം നാമറിയുന്നു. എന്നാല്‍ അരത്തോട് അരം ഏറ്റാല്‍ തീയ് മാത്രമാണ് ഫലം എന്ന സത്യം ഗൊര്‍ബച്ചേവ് ഉള്‍ക്കൊണ്ടുവോ? ശമത്തിന്റെ മഹാരഹസ്യം ആ മസ്തിഷ്‌കപത്മത്തില്‍ തേന്‍തുള്ളിയായി ഉറന്നുവോ? കവിക്ക് സംശയമുണ്ട്. അവിടെച്ചെന്ന് കലാശിച്ചാലേ ഏത് പരിണാമവും സാര്‍ഥകമാകൂ എന്നതില്‍ ശങ്കയൊട്ടില്ലതാനും. ആകയാല്‍,

'വെള്ളരിക്ക കണക്കുണ്ണീ!
ബന്ധമുക്തി വരിക്ക നീ.'

എന്ന് ത്ര്യംബക ചൈതന്യം ഉണര്‍ത്തിക്കൊണ്ടേ കവിത മുഴുമിക്കാന്‍ തനിക്കാവൂ. അതാണ് അക്കിത്തം. അതാണ് അച്യുതകാവ്യം.

ആര്‍ഷജ്ഞാനമെന്നാല്‍, ഏമ്പക്കംവിട്ട് മെത്തയില്‍ ചായുന്നവര്‍ക്കുള്ള തലയണയല്ല. ഉയരങ്ങളിലേക്ക് കടന്നെത്തുന്ന കാലടിയിലെ കുതിപ്പാണ്. അക്കിത്തത്തെ സംബന്ധിച്ചിടത്തോളം ഈ മഹാപ്രപഞ്ചത്തില്‍ തനിക്ക് കാവ്യവിഷയമല്ലാത്ത ഒന്നുമില്ല. അണുതൊട്ട് അണ്ഡമണ്ഡലംവരെ പ്രസരിച്ചുചെല്ലുകയും തൊട്ടതൊക്കെ തിളയ്ക്കുകയും ചെയ്യുന്ന തന്റെ പ്രതിഭാവ്യാപാരത്തിന് കേവലം ഊര്‍ജസംഭരണമത്രേ ആര്‍ഷജ്ഞാനം.

ഈ ഒരവസ്ഥ അദ്ദേഹം ആര്‍ജിച്ചതെങ്ങനെ? മരമൂട്ടിലിരുന്ന് മൂക്കടച്ചു ജപിച്ച് കിനാവുകണ്ടിട്ടല്ല. വ്യക്തിപരവും സാമൂഹികവുമായ സമസ്ത ജീവിതാനുഭവങ്ങളെയും ഉള്‍ക്കൊണ്ട്, സ്ഫുടപാകം ചെയ്തു സംഭരിച്ച പ്രാണബലം ആണ് തന്നെ ഇത്തരം പവിത്രമായ രചനാസ്വാസ്ഥ്യങ്ങള്‍ക്ക് അധികാരിയാക്കിയത്. കോളേജില്‍ പഠിച്ചല്ല ആഴമേറിയ മനനങ്ങളുടെ സര്‍വകലാശാലയില്‍നിന്നാണ് ഈ കവി ഗ്രാജ്വേറ്റ് ചെയ്തത്.

പണ്ട് 'മധുവിധു'വിലും 'മധുവിധുവിന്ശേഷ'വും സുന്ധിയായ യൗവനരതി ഉച്ഛ്വസിക്കുന്ന കവിയുടെ പിഴയ്ക്കാത്ത കണ്ണ് ആകാശത്തേക്ക് ഉന്നീതമായ നിമിഷം ഇങ്ങനെ വെളിപ്പെട്ടു:

അറിഞ്ഞൂര്‍ജസ്സേല്‍പ്പൂ ഞങ്ങള്‍-
ഒന്നേ താങ്കളുമെങ്ങളും,
പാലിലെ പതയെപ്പോലെ
തീയിലെ ജ്വാല പോലെയും!

പില്‍ക്കാലത്ത് ഈ ഊര്‍ജസ്സാണ് 'വാടാത്ത താമരയെയും കെടാത്ത സൂര്യ'നെയും നമുക്ക് വിടര്‍ത്തിക്കാട്ടിയത്. ബലിഷ്ഠമായ പദശൈലിയില്‍ അക്കിത്തത്തിന് ഗുരുവായിരുന്ന ഇടശ്ശേരി ഇക്കവിത ആഴത്തില്‍ തന്നെ സ്പര്‍ശിച്ചുവെന്ന് രേഖപ്പെടുത്തുന്നു. മനുഷ്യ ഭാഗധേയത്തെ അതിന്റെ എല്ലാ പരുഷസൗന്ദര്യത്തോടും കൂടി എടുത്തു പെരുമാറാനുള്ള തന്റേടം അന്നേ അക്കിത്തം ആര്‍ജിച്ചുകഴിഞ്ഞിരുന്നു.

'ഇടിഞ്ഞുപൊളിഞ്ഞ ലോകം', 'വെണ്ണക്കല്ലിന്റെ കഥ' തുടങ്ങിയ കൃതികളിലേക്കെത്തുമ്പോള്‍ നവീനയുഗ മനുഷ്യന്റെ അന്തര്‍ദ്വന്ദ്വത്തെയും ഭയവിഹ്വലതകളെയും വിരല്‍വിറയ്ക്കാതെ കൈകാര്യം ചെയ്യാനുള്ള കരുത്ത് മലയാള കാവ്യഭാഷ കൈവരിക്കുന്നത് നാം ആദ്യമായി കണ്ടറിയുന്നു. പാരമ്പര്യത്തിന്റെ വിഴുപ്പ് വര്‍ജിക്കുകയും അതിന്റെ ജൈവസത്തയെ വീര്യമായി ഉള്‍ക്കൊള്ളുകയും ചെയ്ത കവി ആധുനിക സമസ്യകളോട് പുരുഷമര്യാദയില്‍ ഇടയുകയും പിടിച്ചുനില്‍ക്കാനുള്ള ചുവടുറപ്പ് മനുഷ്യാത്മാവിന്ന് നേടിക്കൊടുക്കുകയും ചെയ്യുന്നു.

മതമെന്താകിലുമാട്ടേ-
മനുജാത്മാവേ!
കരഞ്ഞിരക്കുന്നേന്‍:
നിരുപാധികമാം സ്നേഹം
നിന്നില്‍ പൊട്ടിക്കിളര്‍ന്നു
പൊന്തട്ടേ!

എന്ന സരളമായ പ്രാര്‍ഥനയില്‍ തന്റെ ദര്‍ശനസാരം ഋഷിനിര്‍വിശേഷമായ ഗൗരവത്തോടേ അക്കിത്തം നിവേദിച്ചിരിക്കുന്നു.

നിരുപാധികമായ ആ സ്നേഹത്തിലേക്കുള്ള വഴി, പക്ഷേ, എളുപ്പമായിരുന്നില്ല. അത് ബലമാണെന്നറിഞ്ഞത് ഒറ്റരാത്രികൊണ്ടായിരുന്നില്ല. യോഗക്ഷേമസഭയിലും സ്വാതന്ത്ര്യസമരത്തിലും ഇടതുപക്ഷ പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ച്, അവയെല്ലാം എപ്രകാരം മനുഷ്യനെ അവന്റെ ആത്യന്തികവും യഥാര്‍ഥവുമായ സമസ്യയില്‍നിന്ന് വഴിതെറ്റിക്കുന്നുവെന്ന് ഈ കവി ഉഷ്ണിച്ചറിഞ്ഞിട്ടുണ്ട്. ക്ലിഷ്ടവും ഭീഷണവുമായ ആ അറിവിന്റെ യാത്രയാണ് ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യന്റെ 'ഇതിഹാസം' എന്ന് പേരിട്ട് അക്കിത്തം അവതരിപ്പിച്ചത്.

കരഞ്ഞുചൊന്നേന്‍ ഞാനന്ന്
ഭാവിപൗരനോടിങ്ങനെ-
വെളിച്ചം ദുഃഖമാണുണ്ണീ!
തമസ്സല്ലോ സുഖപ്രദം

ഈ മരവിപ്പിക്കുന്ന അവബോധത്തില്‍നിന്ന് തപസ്സിലൂടെ അക്കിത്തം ഉണര്‍ന്നെണീറ്റത് ഋഷിവിവേകത്തിന്റെ പ്രസാദമധുരമായ പ്രഭാതകാന്തിയിലേക്കാണ്. പിന്നീട് അദ്ദേഹത്തെ ഒരിക്കലും നമ്പൂരിശ്ശങ്ക തീണ്ടിയിട്ടില്ല.

Content Highlights: Vishnu Narayanan Namboothiri about Akkitham