ഒരു സമസൃഷ്ടിയേയും ഒരു ജീവജാലത്തെയും നോവിക്കാൻ കഴിയുന്ന മനസ്സിനുടമയായിരുന്നില്ല മഹാകവി അക്കിത്തമെന്ന് കഥാകൃത്ത് ടി.പത്മനാഭൻ അനുസ്മരിച്ചു. ഒരിക്കലും ഒരാളെയും ദ്രോഹിക്കാൻ കഴിയുന്നയാളല്ല അക്കിത്തമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'ഏറെ സങ്കടമുണ്ട്. അദ്ദേഹവുമായി നല്ല പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ഭക്ഷണം കഴിച്ച് ഏറെ സമയം ചെലവഴിച്ചിട്ടുണ്ട്. ഞാൻ എഫ്.എ.സി.ടിയിൽ ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹം കുടുംബസമേതം എന്റെ വീട്ടിൽ വന്നിട്ടുണ്ട്. ഒരു കാലത്ത് അദ്ദേഹവും ഞാനുമൊക്കെ പത്രമാസികകളിൽ ധാരാളം എഴുതിയിരുന്നു. ജ്ഞാനപീഠലബ്ധിക്കു ശേഷം ഇത്രവേഗം അദ്ദേഹം പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

അദ്ദേഹത്തെകുറിച്ച് പലതരം ആരോപണങ്ങൾ ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. അതൊന്നും ശരിയല്ലെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. ഒരിക്കലും ഒരാളെയും ദ്രോഹിക്കാൻ കഴിയുന്നയാളല്ല അക്കിത്തം. ഒരു സമസൃഷ്ടിയേയും ഒരു ജീവജാലത്തെയും നോവിക്കാൻ കഴിയുന്ന മനസ്സിനുടമയായിരുന്നില്ല അക്കിത്തം എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. 'ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയായി എന്നാത്മാവിൽ ആയിരം സൗരമണ്ഡലം' എന്നെഴുതിയ കവിക്ക് ഒരിക്കലും തന്റെ സഹജാതരെ, അവരുടെ ജാതിയോ മതമോ ദേശമോ നോക്കി ദ്രോഹിക്കാൻ കഴിയില്ലെന്നെനിക്ക് ഉറപ്പാണ്. അദ്ദേഹത്തിന്റെ വേർപാടിൽ ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഖേദിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.'-ടി.പത്മനാഭൻ അനുസ്മരിച്ചു

Content Highlights:T padmanabhan shares memories about Akkitham Achuthan Namboothiri