തികച്ചും ഭാരതീയമായിരുന്നു മഹാകവി അക്കിത്തത്തിന്റെ കവിതളെന്ന് ശ്രീകുമാരന്‍ തമ്പി. ത്യാഗം ചെയ്യുക എന്നതാണ് മഹത്തരം എന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചു. ഗാനങ്ങളെ പാട്ട് എന്ന് പറഞ്ഞ് താഴ്ത്തിക്കെട്ടാതെ കവിതകളായി അംഗീകരിച്ച എഴുത്തുകാരനായിരുന്നു അക്കിത്തമെന്നും ശ്രീകുമാരന്‍ തമ്പി മാതൃഭൂമി ഡോട്ട് കോമിനോട് അനുസ്മരിച്ചു.

ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍

തികച്ചും ഭാരതീയമായിരുന്നു മഹാകവി അക്കിത്തത്തിന്റെ കവിതകള്‍. 'ഇദം ന മമ' എന്നാണ് ഭാരതീയ സംസ്‌കാരം പറയുന്നത്. 'ഇതൊന്നും എന്റേതല്ല' എന്നാണ് അതിന്റെ അര്‍ത്ഥം. അതാണ് അക്കിത്തം 'എന്റെയല്ലന്റെയല്ലയീ കൊമ്പനാനകള്‍ എന്റെയല്ലയി മഹാക്ഷേത്രവും മക്കളെ...' എന്ന വരികളില്‍ എഴുതിയത്. ഒന്നും നമ്മുടേതല്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ആത്മീയതയായിരുന്നു അദ്ദേഹത്തിന്റെ കവിതകളുടെ അടിത്തറ. പ്രണയത്തെ ആത്മീയത നിഷേധിക്കുന്നില്ലല്ലോ. പ്രണയം എന്ന് പറയുന്നത് ഏറ്റവും വലിയ ഭക്തിയാണ്. അതാണ് അദ്ദേഹത്തിന്റെ കവിതകളെ മറ്റുള്ളവരുടെ കവിതകളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നത്. 'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' എന്ന അക്കിത്തത്തിന്റെ വരികളിലും നമുക്ക് ഭാരതീയ സംസ്‌കാരത്തിന്റെ സ്വാധീനം കാണാനാകും. വെളിച്ചത്തില്‍ തെറ്റ് ചെയ്താല്‍ അത് എല്ലാവരാലും കണ്ടുപിടിക്കപ്പെടും. അതിനാല്‍ ഇരുട്ടാണ് സുഖപ്രദം. മനുഷ്യന്റെ ഹിപ്പോക്രസിയാണ് ആ രണ്ടു വരികളില്‍ അദ്ദേഹം ഒതുക്കിയത്.

ത്യാഗം ചെയ്യുക എന്നതാണ് മഹത്തരം എന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചു. ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളിലും ഈശ്വരന്‍ വസിക്കുന്നു, ഈശ്വരനില്ലാത്ത ഒരിടവുമില്ല; 'അഹം ബ്രഹ്മാസ്മി' എന്ന തത്വം തന്നെയാണത്. അദ്ദേഹത്തിന്റെ കവിതകളില്‍ നമുക്കത് കാണാം. ഏത് സമയത്തും ത്യാഗം ചെയ്യാന്‍ തയ്യാറായിരിക്കണമെന്ന് അദ്ദേഹം മനുഷ്യരെ ഓര്‍മിപ്പിച്ചു. ഈ ഭാരതീയ ദര്‍ശനം ഉള്‍ക്കൊള്ളുന്നതില്‍ സമാനതകളില്ലാത്ത കവിയാണ് അദ്ദേഹം.

ഈശാ വാസ്യമിദം സര്‍വം യക്തിംഗ ജഗത്യാം/ തേന ത്യക്തേന ഭുഞ്ജിതാ മാ ഗൃഹകസ്യസ്വിദ്വാനം-ഈശാവാസ്യോപനിഷത്തിലെ ആദ്യത്തെ ശ്ലോകമാണിത്. എന്തും ത്യാഗബുദ്ധിയോടുകൂടി ഉപയോഗിക്കണം. ലോകത്ത് നിനക്കായി ഒന്നുമില്ല, അതുകൊണ്ട് തന്നെ എന്തും എല്ലായ്പ്പോഴും ത്യജിക്കാന്‍ തയ്യാറായിരിക്കണം. അതാണ് 'എന്റെയല്ലന്റെയല്ലീ കൊമ്പനാനകള്‍' എന്ന് അദ്ദേഹം എഴുതിയത്.

ആകാശവാണിയില്‍ ജോലിചെയ്യവേ രാഘവന്‍ മാസ്റ്ററുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ധാരാളം ലളിതഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ആ ഗാനങ്ങളെ പാട്ട് എന്ന് പറഞ്ഞ് താഴ്ത്തിക്കെട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികളുടെ കൂട്ടത്തില്‍ ആ ലളിതഗാനങ്ങള്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തി. പാട്ടുകളെയും കവിതകളായി അംഗീകരിച്ച എഴുത്തുകാരനാണ് അക്കിത്തം. ജ്ഞാനപീഠം ലഭിച്ചതിനുശേഷം അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ ഞാനായിരുന്നു മുഖ്യപ്രഭാഷകന്‍. ആ പരിപാടിയില്‍ അദ്ദേഹത്തിന്റെ രണ്ട് ലളിതഗാനങ്ങള്‍ ഞാന്‍ എന്റെ ഈണത്തില്‍ പാടി. പരിപാടി കഴിഞ്ഞ ശേഷം എന്റെ കയ്യില്‍ പിടിച്ച് അദ്ദേഹം എല്ലാം അസ്സലായി എന്ന് പറഞ്ഞു. അക്കിത്തത്തെ അവസാനമായി കണ്ടത് അന്നാണ്. അമ്മയ്ക്ക് ഒരു താരാട്ട് എന്ന എന്റെ കൃതിയ്ക്ക് അവതാരിക എഴുതിയത് അക്കിത്തമാണ്. വളരെ മനോഹരമായ അവതാരികയായിരുന്നു അത്. ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹവുമൊത്ത് ഒരു ഫോട്ടോ എടുത്തിരുന്നു. പിന്നീട് അദ്ദേഹം ആ ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചത് കണ്ടു. അദ്ദേഹത്തിന് എന്നെ ഏറെ ഇഷ്ടമായിരുന്നെന്നതിന് ഏറ്റവും വലിയ അടയാളമായിരുന്നു ആ ഫോട്ടോ.

അദ്ദേഹം തികഞ്ഞ സമാധാനത്തോടെയാണ് മരിച്ചിരിക്കുന്നത്. തനിക്കൊന്നും നേടാനില്ല എന്ന ഉത്തമബോധ്യമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കൊണ്ടുനടന്നിരുന്നത്. ഒന്നും തന്റേതല്ല എന്ന ബോധ്യത്തോടെയുള്ള ആ വിടവാങ്ങല്‍ അത്യധികം ആദരവോടെ ഞാനുള്‍ക്കൊള്ളുന്നു.

Content Highlights: Sreekumaran Thampi about Akkitham Achuthan Namboothiri