കോഴിക്കോട്: ഭാരതീയ ദര്‍ശനങ്ങളെ സ്വന്തം കാലത്തോട് ചേര്‍ത്തു വച്ച കവിയായിരുന്നു അക്കിത്തം അച്യുതന്‍ നമ്പൂതിരിയെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ എം.പി അനുസ്മരിച്ചു. മനുഷ്യന്റെ വിയര്‍പ്പും കണ്ണീരും പുഞ്ചിരിയും എന്നും അദ്ദേഹം ഹൃദയത്തില്‍ നിറച്ചു. സ്വന്തം വിശ്വാസങ്ങളെ മുറുകിപ്പിടിച്ച് രണ്ടു നൂറ്റാണ്ടുകളെ അക്കിത്തം കൂട്ടിച്ചേര്‍ത്തു. നിരന്തരമായ നവോത്ഥാനമായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

മാതൃഭൂമിയുമായി എക്കാലവും ഈഷ്മളമായ ബന്ധം അദ്ദേഹം കാത്തു സൂക്ഷിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് അദ്ദേഹത്തിന്റെ വിശിഷ്ഠ രചനകള്‍ പ്രസിദ്ധീകരിച്ചത്. അക്കിത്തത്തിന്റെ മികച്ച കൃതികളും മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്. അന്തരിച്ച ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറുമായി ഗാഢമായ ആത്മബന്ധം എന്നും അക്കിത്തം നിലനിര്‍ത്തി. കവിതയും സാഹിത്യവും ദര്‍ശനങ്ങളുമായി ഇരുവരും ദീര്‍ഘനേരം ചെലവഴിച്ചിരുന്നു. 

കഴിഞ്ഞയാഴ്ച പുതൂര്‍ സ്മാരക പുരസ്‌കാരച്ചടങ്ങിനിടെയാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. പരിക്ഷീണനെങ്കിലും അതീവ സന്തുഷ്ടനായിരുന്നു കൂടിക്കാഴ്ചയില്‍ അദ്ദേഹം. അനശ്വരമായ കവിതകളെ മലയാളത്തിന് സമ്മാനിച്ച ഋഷിതുല്യനായ കവിശ്രേഷ്ഠന് ഹൃദയപൂര്‍വം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും എം.വി ശ്രേയാംസ്‌കുമാര്‍ എം.പി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

Content Highlights: MV Shreyams Kumar MP about Akkitham Achuthan Namboothiri