രുമിച്ച് വായിച്ചും കളിച്ചും തര്‍ക്കിച്ചും വളര്‍ന്നവരാണ് എം.ടി. വാസുദേവന്‍ നായരും മഹാകവി അക്കിത്തവും. ഒരേ സ്‌കൂളില്‍ നിന്ന് സാഹിത്യത്തിന്റെ ഔന്നത്യങ്ങളിലേക്ക് നടന്നുചെല്ലുകയും ജ്ഞാനപീഠം വരെ കയറുകയും ചെയ്ത മഹാരഥന്മാര്‍. സ്വപ്നങ്ങളും അക്ഷരങ്ങളും തേടിനടന്ന കുമരനെല്ലൂരിലെ ആ സര്‍ക്കാര്‍ സ്‌കൂള്‍ മുറ്റത്ത് 2020 ഫെബ്രുവരി പത്തിന് ഇരുവരുമെത്തിയിരുന്നു. 'അക്കിത്തം അച്യുതം' എന്ന പേരില്‍ ഒരു നാടുമുഴുവനും ഒന്നുചേര്‍ന്ന ആഘോഷത്തില്‍ ആദരമേറ്റുവാങ്ങാന്‍. എം.ടി. യുമൊത്ത് മഹാകവിയുടെ അവസാനത്തെ പൊതുപരിപാടിയായിരുന്നു സ്‌കൂള്‍ മുറ്റത്തെ അന്നത്തെ സന്ധ്യ.

മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ആ ധന്യനിമിഷങ്ങള്‍ക്ക് 'അക്കിത്തം അച്യുതം' പരിപാടി വേദിയായപ്പോള്‍ ഒരുനാട് മുഴുവന്‍ ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു. അന്നത്തെ എ. അച്യുതന്‍ നമ്പൂതിരിയും എം.ടി. വാസുദേവനും പഴയ സ്‌കൂള്‍ ഹാജര്‍ പുസ്തകത്തിലെ പേരുകാരായി ഒരിക്കല്‍ക്കൂടി മാറി. അക്കിത്തം 1943-'44 വര്‍ഷത്തില്‍ സ്‌കൂളിലെ അഞ്ചാം ഫോറത്തില്‍ നാലാം നമ്പറുകാരനായിരുന്നതിന്റെ ഓര്‍മപ്പെടുത്തലായി ഇന്നും നിധിപോലെ സ്‌കൂളില്‍ അന്നത്തെ ഹാജര്‍പുസ്തകം സൂക്ഷിക്കുന്നുണ്ട്. 1944-'45-ല്‍ മൂന്നാം ഫോറത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ പഠിച്ചിരുന്ന കാലത്തെ ഹാജര്‍ പുസ്തകവും സ്‌കൂളിലുണ്ട്.

കുമരനല്ലൂരിലെ ഇടവഴികളില്‍നിന്ന് പുസ്തകത്താളുകളിലൂടെ വളര്‍ന്നതായിരുന്നു ഇരുവരുടെയും സൗഹൃദം. നമ്മോട് സംസാരിക്കുമ്പോഴും മഹാകവി അക്കിത്തത്തിന്റെ ഹൃദയം കവിതയെഴുതുകയാണെന്നായിരുന്നു ആ പരിപാടിയില്‍ എം.ടി. പറഞ്ഞത്.

സ്വന്തം വീട്ടില്‍നിന്ന് കുന്നുകള്‍ കയറിയിറങ്ങി അക്കിത്തത്തിന്റെ തറവാട്ടു വീട്ടിലേക്കുള്ള യാത്രകളും അവിടത്തെ പത്തായപ്പുരയിലെ അമൂല്യമായ പുസ്തകശേഖരങ്ങളും എം.ടി. യുടെ ഓര്‍മകളില്‍ മിന്നിമറഞ്ഞപ്പോള്‍ മഹാകവിയുടെ മനസ്സും തരളിതമായി.

Content Highlights: MT Vasudevan Nair and Akkitham Achuthan Namboothiri